കാട്ടാക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളിൽ നിന്നുള്ള ഡാറ്റകൾ (വിവരങ്ങൾ) പൊതുജനങ്ങൾക്ക് കാണാനാവുന്ന ഡിസ്പ്ലേ (സ്ക്രീൻ) സംവിധാനം ഇന്നു കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥാപിച്ചു. വായുമലിനീകരണ തോത് തൽസമയം, ജലനിരപ്പ് തൽസമയം, ഊർജ്ജ ഉപഭോഗം തൽസമയം, മഴ, ഈർപ്പം, കാറ്റ്, താപനില എന്നിവയും തൽസമയം ഇതുവഴി അറിയാനാകും. കേരളത്തിലെ ആദ്യ IoT അധിഷ്ടിത പഞ്ചായത്തായി കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാട്ടാക്കട പഞ്ചായത്ത് മാറി. വിവര സാങ്കേതിക മേഖല അനുദിനം വളരുകയാണ്. വികസനത്തിന്റെ അവിഭാജ്യ ഘടകമാണ് വിവരങ്ങള്‍. ഒരു പഞ്ചായത്ത് സ്മാർട്ട് പഞ്ചായത്താകണമെങ്കിൽ ഭരണ നിർവ്വഹണത്തിന് വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടൊപ്പം പദ്ധതി നിർവ്വഹണവും സ്മാർട്ടാകണം. ഈ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. പദ്ധതി നിർവ്വഹണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളാണ് കൃത്യമായ വിവരങ്ങളുടെ അഭാവവും സമയനഷ്ടവും. IoT അധിഷ്ടിത പഞ്ചായത്തുകള്‍ ആകുന്നതോടു കൂടി ഇവയ്ക്ക് പരിഹാരമുണ്ടാകും. കൃത്യമായ വിവരങ്ങൾ വിരൽതുമ്പിൽ തന്നെ ലഭ്യമാക്കാൻ സഹായകരമാകുന്ന ഉപകരണങ്ങളുടെ വിന്യാസവും കമ്മ്യൂണിക്കേഷനുമാണ് IoT അധിഷ്ടിത മണ്ഡലത്തിന്റെ കാതൽ. ഈ സംവിധാനങ്ങൾ സജ്ജമാക്കിയതിലൂടെ പഞ്ചായത്തിലെ കുളങ്ങളിലെ ജലനിരപ്പ്, ഊർജ്ജ ഉപഭോഗം, മഴയുടെ തോത്, താപനില, ഈർപ്പം, കാറ്റിന്റെ ഗതി, വായു മലിനീകരണത്തിന്റെ തോത്, മണ്ണിലെ എൻ.പി.കെ, പി.എച്ച് എന്നിവ കൃത്യതയോടെ പഞ്ചായത്തടിസ്ഥാനത്തിൽ തൽസമയം പൊതുജനങ്ങൾക്കും ഭരണ നിർവ്വഹണ ഏജൻസികൾക്കും പദ്ധതി നിർവ്വഹണ ഏജൻസികൾക്കും ലഭ്യമാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ഊർജ്ജ വകുപ്പ്, മലിനീകരണ നിയന്ത്രണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകൾക്ക് അവരുടെ പദ്ധതി നിർവ്വഹണം കൂടുതൽ മെച്ചപ്പെടുത്താൻ നിലവിൽ സജ്ജമാക്കിയിട്ടുള്ള ഈ സംവിധാനം വഴി കഴിയും. വിവിധ വകുപ്പുകളുടെ പദ്ധതി നിർവ്വഹണത്തിനായി ആവശ്യമായ കൂടുതൽ കൂടുതൽ IoT ഉപകരണങ്ങൾ ഭാവിയിൽ വിന്യസിക്കാനും അവയുടെ നിയന്ത്രണത്തിനും ആശയ വിനിമയത്തിനുമുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള ഐസിഫോസ് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. എല്ലാ വിഭാഗം ജനങ്ങളുടെയും ദൈനംദിന ജീവിതത്തിന് സഹായകരമാകുന്ന കൂടുതൽ IoT ഉപകരണങ്ങൾ ഇതുമായി ബന്ധപ്പെടുത്തി വിന്യസിക്കും. അടുത്ത ഘട്ടമായി കാട്ടാക്കട മണ്ഡലത്തിലെ ബാക്കി 5 പഞ്ചായത്തുകളെ കൂടി പൂര്‍ണ്ണമായും IoT അധിഷ്ഠിത സ്മാർട്ട് പഞ്ചായത്താക്കി ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂർണ്ണ IoT അധിഷ്ഠിത മണ്ഡലമാകുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
കാട്ടാക്കട ഠൗണിലൂടെയാണ് കുളത്തുമ്മൽ തോട് ഒഴുകുന്നത്. 11.5 കി.മീറ്റർ ഒഴുകി കീഴാറൂർ വച്ച് നെയ്യാറിൽ അലിയുന്നു. ജലസമൃദ്ധിയുടെ ഭാഗമായി കളക്ടർ കൂടി പങ്കെടുത്ത നീർതട യാത്ര തുടർന്ന് നടന്ന നവീകരണ പ്രവർത്തനങ്ങൾ. അന്നുതന്നെ ഓർമ്മപ്പെടുത്തിയതാണ് ഈ നീർചാലിനെ പരിപാലിക്കാനുള്ള ഉത്തരവാദിത്വത്തെ കുറിച്ച്. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റെ അനിൽകുമാറും ഗ്രാമ പഞ്ചായത്തംഗങ്ങളുമായി കുളത്തുമ്മൽ തോടൊഴുകും വഴിയിലൂടെ കുറച്ചു നടന്നു. പൗരബോധത്തെ കുറിച്ചോർത്ത് ലജ്ജ കൊണ്ട് തല താഴ്ത്താതിരിക്കുന്നതെങ്ങനെ? മാലിന്യ വാഹിയായി മാറിയിരിക്കുന്നു ഒരു നീർച്ചാൽ. ഹോട്ടൽ മാലിന്യമുൾപ്പെടെ നിക്ഷേപിക്കാനുള്ള ഇടമെന്ന് കരുതുന്ന മനുഷ്യരെ കുറിച്ചെന്ത് പറയാനാണ്. റോഡിന് മറുപുറം സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും റോഡിനു വശത്തുള്ള ഓടയിലേക്ക് തുറന്നു വിടുന്ന മലിന ജലം കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കർശന നടപടികളിലേക്ക് നീങ്ങുകയാണന്ന് പ്രസിഡൻ്റും എല്ലാ രാഷ്ട്രീപാർട്ടികളിലെയും അംഗങ്ങളും ഒരുമിച്ച് പറഞ്ഞു. ഒരു നാടിനെ സിരയായ നീർച്ചാലിനെ മാലിന്യ വാഹിനിയാക്കുന്നവർക്കെതിരെ ശക്തിയായി ബഹു: ജനങ്ങൾ രംഗത്തുവരണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടത്തുന്ന കൃഷി. ഇത്തവണ പലയിടത്തും പച്ചക്കറിയുമുണ്ട്. വിളപ്പിൽശാല സരസ്വതി കോളേജ് ഇന്ന് പുതിയ തുടക്കം കുറിച്ചു. മുറ്റത്തൊരു പൂന്തോട്ടം ഒരു മുറം പച്ചക്കറി. വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ ഒരുക്കുന്നത്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൂടി അണിനിരക്കുന്നതോടെ ഓണക്കാലം വർണാഭമാകും നമ്മുടെ കാട്ടാക്കടയിൽ.
മറ്റൊരു യാത്രക്ക് ഒരുങ്ങുകയാണ് കാട്ടാക്കട മണ്ഡലം…
ജലസമൃദ്ധിയിൽ നിന്നും ജൈവസമൃദ്ധിയിലേക്ക്…
ഇന്ന് ആദ്യ കൂടിയിരിക്കൽ…
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ,ഭൂവിനിയോഗ കമ്മീഷണർ, തഹസിൽദാർ, ബിഡിഒ, കൃഷി ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ, MKSP പ്രതിനിധികൾ തുടങ്ങിയവരായിരുന്നു ഒരുമിച്ചുണ്ടായിരുന്നവർ…
കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 122 വാർഡുകളിലുമായി കൃഷി യോഗ്യമായ ഭൂമി കണ്ടെത്തി കാർഷികോത്പാദനം വർദ്ധിപ്പിച്ച് സുരക്ഷിത കാർഷിക വിളകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, അവയുടെ വിപണനം… ഇവയെ സംബന്ധിച്ചായിരുന്നു ഇന്നത്തെ ആലോചന…
കാട്ടാക്കട നിയോജകമണ്ഡലത്തിലെ മുഴുവൻ തരിശു ഭൂമിയും കൃഷിക്ക് അനുയോജ്യമായതും ആയ സ്ഥലങ്ങൾ (സർക്കാർ, സ്വകാര്യ) റവന്യൂ, കൃഷി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ കണ്ടെത്തുകയും 22 ഓളം സർക്കാർ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയും വിവിധ പദ്ധതികളായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്, PMKSY, MKSP എന്നിവയുടെ സഹായത്തോടെ കണ്ടെത്തിയ സ്ഥലങ്ങളിൽ കൃഷിയും അതിനോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് തൊഴിൽ, വരുമാനം എന്നിവ ലക്ഷ്യം വച്ചുള്ള മറ്റു കാർഷികേതര സംരംഭങ്ങൾ തുടങ്ങുക എന്നതാണ് പദ്ധതി ലക്ഷ്യം.
കൃഷി, റവന്യൂ എന്നീ വകുപ്പുകൾ സംയുക്തമായി നിലവിലെ തരിശു ഭൂമിയുടെ ആഡിറ്റ് റിപ്പോർട്ട് ജൂലൈ 25 ന് ലഭ്യമാക്കും…
കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ഇതിനകം നാൽപത്തിയഞ്ച് ഏക്കർ ഭൂമി കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്…
മണ്ഡലത്തിൽ സ്വന്തമായി ഭൂമിയുള്ളവർ പക്ഷെ നാട്ടിൽ താമസമില്ലാത്തതിനാൽ കൃഷി ചെയ്യാത്ത ഭൂമിയുള്ളവർ അവരുടെ പങ്കാളിത്തം എങ്ങനെ ഉറപ്പുവരുത്താം?
വിവിധ കാലയളവുകളിലേക്ക് ലഭ്യമാകുന്ന ഭൂമിയിൽ കാലഘടന അനുസരിച്ച് ഏതൊക്കെ വിളകൾ കൃഷി ചെയ്യാം?
കൃഷിയിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ളവരുടെ പങ്കാളിത്തം എങ്ങനെ സാധ്യമാക്കാം?
GAP (Good Agricultural Practise) നിലവാരമുള്ള കൃഷിയിടങ്ങളാക്കി മണ്ഡലത്തെ മാറ്റിയെടുക്കാനാവുമോ?
ഈ ആശയം സാക്ഷാത്കരിക്കാൻ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളാഗ്രഹിക്കുന്നു…
ചിങ്ങമാസം വരവായി…
ഓണപൂക്കൾ വിരിയാറായി…
നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതിക്ക് തുടക്കമായി…
ചെറിയ തുടക്കത്തിൽ നിന്നു തുടങ്ങിയ വലിയ മുന്നേറ്റം…
ഇത്തവണയും പള്ളിച്ചൽ പഞ്ചായത്തിൽ മാത്രം 25 ഏക്കറിലധികം. പഞ്ചായത്തിലെ കൊറണ്ടിവിളയിലെ ആറ് ഏക്കർ ഭൂമിയിൽ പൂകൃഷിക്ക് തുടക്കമായി.
കാട്ടാക്കടയിൽ രണ്ടര ഏക്കറിലെ പൂകൃഷിക്കും തുടക്കമായി.
വിളവൂർക്കൽ പഞ്ചായത്തിലും രണ്ട് ഹെക്ടറിൽ തുടക്കമായി.
കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി ചത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിൽ നടപ്പാക്കുമെന്ന് ദണ്ഡേവാഡ എം.എൽ.എ.
ഛത്തീസ്ഗഡിലെ ദണ്ഡേവാഡ നിയോജകമണ്ഡലം എം.എൽ.എ ചൈത്രം അതാമിയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങിയ 10 അംഗ സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ത്രിദിന സന്ദർശനത്തിൻ്റെ ആദ്യ ദിവസമായ ശനിയാഴ്ച്ച തിരുവനന്തപുരം ഐ.എം.ജിയിൽ എത്തിയ സംഘത്തെ ഐ.ബി.സതീഷ് എം.എൽ.എയും ഐ.എം.ജി ഡയറക്ടർ ഡോ. കെ.ജയകുമാർ ഐ.എ.എസും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഡോ.കെ.ജയകുമാർ ആമുഖ പ്രഭാഷണവും ഐ.ബി.സതീഷ് എം.എൽ.എ പദ്ധതി വിശദീകരണവും നിർവ്വഹിച്ചു. ജലസമൃദ്ധി പദ്ധതിയുടെ കഴിഞ്ഞ 7 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ സാങ്കേതിക വിവരണം മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ നിസാമുദ്ദീൻ ഐ.എ.എസ് അവതരിപ്പിച്ചു. ഭൂവിനിയോഗ ബോർഡ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ഞായറാഴ്ച്ച പള്ളിച്ചൽ പഞ്ചായത്തിലെ വെട്ടുബലിക്കോണം കുളത്തിൽ നിന്ന് സംഘം സന്ദർശനം ആരംഭിച്ചു. തുടർന്ന് പള്ളിച്ചൽ പഞ്ചായത്തിലെ പാറ ക്വാറി റീചാർജിംഗ്, അണപ്പാട് മലയം തോടിൽ വിളവൂർക്കൽ പഞ്ചായത്തിൽ നിർമ്മിച്ച വലിയ തടയണകൾ, മലയിൻകീഴ് പഞ്ചായത്തിൽ അണപ്പാട് ഭാഗത്ത് നിർമ്മിച്ച താത്കാലിക തടയണകൾ, മാറനല്ലൂർ പഞ്ചായത്തിലെ വലിയ കാർഷിക കുളം, കാട്ടാക്കട പഞ്ചായത്തിൽ നിർമ്മിച്ച നെയ്യാറിലെ തടയണ, നാഞ്ചല്ലൂർ ലിഫ്റ്റ് ഇറിഗഷൻ, പായിപ്പാട് കുളം എന്നിവ സന്ദർശിച്ചു.
ഉച്ചക്ക് ശേഷം വിളപ്പിൽ പഞ്ചായത്തിലെ ജോർദാൻ ഓർഗാനിക് ഫാം, തുടർന്ന് കാട്ടാക്കടയിലെ കുളത്തുമ്മൽ ഹയർ സെക്കൻ്ററി സ്കൂളിലെ കൃത്രിമ ഭൂജലപോഷണം, മൈലാടി കുളത്തിലെ മത്സ്യകൃഷി, മാറനല്ലൂർ പഞ്ചായത്തിലെ പെരുംകുളം, കാട്ടാക്കട പഞ്ചായത്തിലെ ഇലഞ്ഞിമൂട്ടിൽ അണപ്പാട് തോടിൽ നിർമ്മിച്ചിട്ടുള്ള താത്കാലിക തടയണകൾ, ഇറിഗഷൻ വകുപ്പ് നിർമ്മിച്ച ചെറിയ വി.സി.ബി കൾ എന്നിവയും സന്ദർശിച്ചു.
തിങ്കളാഴ്ച്ച രാവിലെ പേയാട് സെന്റ് സേവിയേഴ്സ് സ്കൂൾ, വിളവൂർക്കൽ കുരിശുമുട്ടം ഏല, മലയിൻകീഴ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മലയിൻകീഴ് തെങ്ങ് നഴ്സറി, എന്നിവ സന്ദർശിച്ചു ബ്ലോക്ക് ഓഫീസിൽ ജനപ്രതിനിധികളുമായി സംവദിച്ചു.
തൊഴിലുറപ്പ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ ഐ.എ.എസ്, നേമം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ അജയഘോഷ് എന്നിവർ സംഘത്തെ അനുഗമിച്ചു. അതാത് വകുപ്പിലെ ഉദ്യോസ്ഥരും ഓരോ സ്ഥലത്തും എത്തി നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ സംഘത്തിന് വിശദീകരിച്ചു നൽകി. ഐ.ബി.സതീഷ് എം.എൽ.എ യുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സാന്നിധ്യവും സ്വീകരണവും ഫീൽഡ് സന്ദർശനം മികവുറ്റത്താക്കി.
ഈ പദ്ധതിയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ മികച്ചതാണെന്നും വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം മാതൃകാപരമാണെന്നും ഇവ അതേപടി ജലദൗർലഭ്യം രൂക്ഷമായി നേരിടുന്ന തന്റെ നിയോജക മണ്ഡലത്തിൽ നടപ്പാക്കുമെന്ന് ദണ്ഡേവാഡ എംഎൽഎ അറിയിച്ചു. തൻ്റെ മണ്ഡലത്തിൽ മാത്രമല്ല ചത്തീസ്ഗഡിലെ എല്ലാ മണ്ഡലത്തിലും കുഴൽ കിണറിനെക്കാൾ ആഴത്തിലാണ് ഭൂഗർഭജലവിതാനമെന്നും, അത് ഉയർത്തുന്നതിന് കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി മാതൃക തീർച്ചയായും ഉപകാരപ്പെടുമെന്ന് ബോധ്യമായതായും എം.എൽ.എ പറഞ്ഞു. ഫീൽഡ് സന്ദർശന ശേഷം ബ്ലോക്ക് ഓഫീസിലെത്തിയ എംഎൽഎയും സംഘത്തെയും ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് എസ് കെ പ്രീജയും ഭരണ സമിതിയും ചേർന്ന് സ്വീകരിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തിൽ നടത്തിവരുന്ന വിവിധ ജലസമൃദ്ധി പദ്ധതികളെ കുറിച്ച് പ്രസിഡൻ്റ് സംഘത്തോടു വിശദീകരിച്ചു. കാട്ടാക്കട ജലസമൃദ്ധി മാതൃക കേരളമൊട്ടാകെ നടപ്പിലാക്കാൻ കേരള സർക്കാർ തീരുമാനിച്ചത് പോലെ ആ കേരള മോഡൽ ചത്തീസ്ഗഡിലെ എല്ലാ മണ്ഡലത്തിലും നടപ്പിലാക്കാൻ സാധ്യമായ ഇടപെടൽ നടത്തുമെന്നും അതിൻ്റെ ഭാഗമായി കേരളത്തിൻ്റെയും ടീം ജലസമൃദ്ധിയുടെയും സഹായ സഹകരണങ്ങളും അഭ്യർത്ഥിച്ചാണ് ത്രിദിന സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.
കുളത്തുമ്മൽ ഹയർ സെക്കണ്ടറി സ്കൂളിലെ അമ്മക്കിണർ മുതൽ ജലസമൃദ്ധി പദ്ധതിയുടെ ജീവിക്കുന്ന സ്വയം സംസാരിക്കുന്ന ഇടങ്ങളിലൂടെ ഛത്തീസ്ഗഢ് സംഘം സഞ്ചരിച്ചു. ഇവിടം അവർക്ക് വല്ലാത്തൊരു അനുഭൂതിയെന്ന് വെറുതെ പറയുന്നതല്ലെന്ന് മുഖശരീരഭാഷകൾ പറയുന്നുണ്ടായിരുന്നു അവരുടെ നാട്ടിലെ നീരോഴുക്കുകളിൽ കെട്ടിയുയർത്തുന്ന വലിയ തടയണകളെക്കാൾ എത്രമാത്രം ശാസ്ത്രീയവും പ്രയോജനപ്രദവുമാണ് നമ്മൾ നിർമ്മിച്ച ചെറു തടയണകൾ. ഉപേക്ഷിക്കപ്പെട്ട പാറക്വാറിയിലെ വെള്ളം ഉപയോഗിച്ചുള്ള റീചാർജിംഗ് മറ്റൊരു അത്ഭുതമെന്നവർ.’
സ്കുളുകളിലെയും സർക്കാർ ഓഫീസുകളിലെയും അംഗനവാടികളിലെയും കിണർ റീചാർജ് ഉണ്ടാക്കുന്ന മാറ്റങ്ങൾ അവരെ അതിശയിപ്പിച്ചു. കഴിഞ്ഞ കുറിപ്പിൽ പറഞ്ഞതുപോലെ കുഴൽ കിണറിൻ്റെ ആഴത്തിനുമപ്പുറം അകന്നുപോയ ഭൂഗർഭ ജലനിരപ്പിനെ ഉയർത്തിയെടുക്കാൻ കാട്ടാക്കട മാതൃക മാത്രമേയുള്ളുവെന്ന് ദന്തേവാതയിൽ നിന്നുള്ള നിയമസഭാംഗം ചായിട്ട് റാം അതാമി ഉറപ്പിച്ചു പറയുമ്പോൾ നമ്മൾ അഭിമാനം കൊള്ളാതിരിക്കുന്നതെങ്ങനെ?
ചത്തീസ്ഗഢിലെ ദന്തെവാദ മണ്ഡലം കാട്ടാക്കട പോലെയാണന്നാണ് എം.എൽ.എ ചായിട്ട് റാം അതാമി പറയുന്നത്. വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സംബന്ധിച്ചു ശ്രീ.നിസാമുദീൻ ഐ.എ.എസ് പവർപോയിൻ്റെ അവതരണത്തിലൂടെ വിശദീകരിച്ചപ്പോൾ ഒരു വഴി തുറന്നുകിട്ടിയ സന്തോഷത്തിലായിരുന്നു പ്രതിനിധി സംഘം.മഴക്കാലം കഴിഞ്ഞാൽ പിന്നെ വറുതിക്കാലം നെൽകൃഷിയാണ് പ്രധാനം. മഴക്കാലത്ത് അസാധ്യം. വേനൽക്കാലത്ത് ജലക്ഷാമം. കുഴൽ കിണറുകളുടെ പരമാവധി ആഴത്തിനുമപ്പുറമത്രെ ഭൂഗർഭ ജലനിരപ്പ്. അതിജീവിക്കാൻ ഉപായങ്ങളന്വേഷിച്ച് അലഞ്ഞ ഒടുവിൽ നമ്മുടെ കാട്ടാക്കടയെ കുറിച്ചറിയാനവർ ഇവിടെത്തി. ഇന്ന് ഐ.എം.ജിയിൽ ഡയറക്ടർ കെ.ജയകുമാർ ഐ.എ.എസും എ.നിസാമുദീൻ ഐഎഎസും ഐക്യരാഷ്ട്ര സഭയിലുൾപ്പെടെ പരാമർശിക്കപ്പെട്ട പദ്ധതിയെ പരിചയപ്പെടുത്തി. ഇനി രണ്ടു ദിവസമവർ കാട്ടാക്കട മണ്ഡലത്തിലുണ്ട്. കേട്ടറിഞ്ഞത് കണ്ടും അനുഭവിച്ചു മറിയാൻ.
കൊറ്റംപള്ളി…
ഇവിടെ നിന്നാണ് എല്ലാ യാത്രകളും തുടങ്ങിയത്…
ഇവിടെ “ജലസമൃദ്ധി” യുടെ മറ്റൊരു അദ്ധ്യായത്തിന് തുടക്കമാകുന്നു…
ആകെ വീടുകൾ 480. അതിൽ കിണറുള്ള വീടുകൾ 292.
കിണറുള്ള എല്ലാ വീടുകളും റീചാർജ് ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക്…
(പുരപ്പുറത്ത് പെയ്യുന്ന മഴവെള്ളത്തെ പൈപ്പ് വച്ചും പാത്തി വച്ചും ഒഴുക്കി കിണറിനരുകിലെ കുഞ്ഞു കിണറിൽ എത്തിക്കുക ക്രമേണ മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ഭൂഗർഭ അറകളിൽ ശേഖരിക്കപ്പെടുക എന്നതാണ് Recharging)
ഇതോടൊപ്പം ആയിരം മഴക്കുഴികൾ…
(1 മീറ്റർ നീളം 1 മീറ്റർ താഴ്ചയുള്ള കുഴിയിൽ960 ലിറ്റർ വെള്ളം സംഭരിക്കപ്പെടുകയും മണ്ണിലേക്ക് ഊഴ്ന്നിറങ്ങുകയും ചെയ്യും)
അന്തരീക്ഷ ഊക്ഷ്മാവ് അനിയന്ത്രിതമായി ഉയരുന്നു. കുളങ്ങൾ കിണറുകൾ മാത്രമല്ല അണക്കെട്ടുകൾ പോലും വരണ്ടു തുടങ്ങി. സൂര്യാഘാത മരണങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിക്കപ്പെട്ട് തുടങ്ങി. ഇനി വരും തലമുറകളുടെ ചുട്ടുപൊള്ളുന്ന തീ ഭാവികാലം ആശങ്ക ജനിപ്പിക്കുന്നതാണ്. ഇനിയും വരുന്ന ഉഷ്ണവ്യാപന കാലത്തേക്ക് കരുതലോടെ കടന്നുപോകാൻ തയ്യാറാകുക എന്നത് മനുഷ്യരാശിക്കായുള്ള പ്രവർത്തനമാണ്. ദേശീയ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിക്കുന്ന ഈ കൊച്ചു കേരളത്തിൽ പെയ്യുന്ന മഴ ഒഴുകി പാഴായി കടലിലൊടുങ്ങാതെ മണ്ണിലാഴ്ത്തുക എന്നത് അനിവാര്യമായ ഒരു പ്രവർത്തിയാണ്. ഈ വേനൽ കാലത്തെ ഒരുക്കങ്ങൾ വരാൻ പോകുന്ന മഴക്കാലത്തെ ലക്ഷ്യം വച്ചാകും. അതിന് പിന്നാലെ ഇനിയും വരുന്ന ഉഷ്ണവ്യാപന കാലത്തെ പ്രതിരോധിക്കാനത് വഴി കഴിഞ്ഞേക്കും.
കൊറ്റം പള്ളി ഒരു സന്ദേശമായേക്കും.
മേഘവിസ്ഘോടനം, ഉഷ്ണതരംഗം… ഈ അടുത്ത കാലത്തായി നമ്മൾ അനുഭവിച്ചറിഞ്ഞ പ്രതിഭാസങ്ങളാണവ. ആദ്യത്തേത് കുറഞ്ഞ സമയത്തിനുള്ള അളവില്ലാത്ത വിധമുള്ള മഴ, രണ്ടാമത്തേത് മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിനും അപ്പുറമുള്ള കൊടും ചൂട്. ഇതെല്ലാം ഭൂമിയിൽ മനുഷ്യകുലം നേരിടുന്ന ആഗോളതാപനത്തിൻ്റെയും, കാലാവസ്ഥാ വ്യത്യാനത്തിൻ്റെയും വകഭേദങ്ങൾ തന്നെ. മരങ്ങൾ നട്ട് പിടിപ്പിച്ച് ഭൂമിയെ ഹരിതാഭമാക്കുക എന്നതാണ് ഏറ്റവും ലളിതമായ പ്രതിരോധം. നമ്മുടെ വീടുകളിൽ ഓരോ കുഞ്ഞുമക്കൾ പിറക്കുമ്പോഴും അവർക്കൊപ്പം ഓരോ വൃക്ഷച്ചെടികൾ നട്ട് പരിപാലിക്കുന്നൊരു ആശയം പദ്ധതി രൂപത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
ഒരു അഭ്യർത്ഥന മുന്നിൽ വക്കട്ടെ…..
നമ്മുടെ വീടുകളിലെ കുഞ്ഞുങ്ങളുടെ പേരിൽ ഇന്നൊരു ഫലവൃക്ഷ ചെടി നട്ട് പിടിപ്പിക്കാമോ. നമ്മുടെ കുഞ്ഞുങ്ങളെ വളർത്തുന്നതോടൊപ്പം ആ ചെടികളെയും പരിപാലിക്കാമോ.
കുഞ്ഞുങ്ങൾക്കൊപ്പം മരങ്ങളും വളരട്ടെ…
ആ കുഞ്ഞുങ്ങൾ സമൂഹത്തിനും, കുടുംബത്തിനും ഉറപ്പായും തണലാകും…
ഒപ്പം ആ മരങ്ങളും…
ഹരിതാശംസകൾ…
ഐ.ബി സതീഷ്
മണ്ഡലത്തിലെ 57 സ്കുകളിൽ ജലക്ലബിൻ്റെയും കാർബൺ ന്യൂട്രൽ കാട്ടാക്കട ക്ലബിൻ്റെയും ഉത്ഘാടനം നടന്നു. മണ്ഡലതല ഉത്ഘാടനം നേമം ഗവ.യുപിഎസിൽ ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു. ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ പുനർനിർമ്മാണ സെഷനിൽ ഡച്ച് ഡിസാസ്റ്റർ ഡിഡക്ഷൻ ടീം ലീഡർ ഡോ.പോൾ വാൻ മീൽ അവതരിപ്പിച പ്രബന്ധത്തിൽ പറഞ്ഞതിങ്ങനെയാണ്. “ലോകത്തെ മികച്ച ജലസംരക്ഷണ മാതൃക ഇന്ത്യയിലാണ് കണ്ടത്. ഇന്ത്യയിൽ അത് കേരളത്തിലാണ്, കേരളത്തിൽ തലസ്ഥാന നഗരത്തോട് ചേർന്നു കിടക്കുന്ന കാട്ടാക്കടയിലാണ്” വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിയെയാണ് അദ്ദേഹം പരാമർശിച്ചത്. പദ്ധതിയുടെ വിജയത്തിലെ ഘടകങ്ങളിലൊന്നായി കണ്ടെത്തിയത് സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം, സ്കുകളിലെ റീചാർജിംഗ്, ഇവയാണ്. വിദ്യാർത്ഥികളുടെ ജലപാർലമെന്റ് സൃഷ്ടിച്ചതും വലിയ ചലനമായിരുന്നു. ഫെബ്രുവരിൽ മേഘാലയിലെ ഷില്ലോംഗിൽ നടന്ന ഇന്റർ നാഷണൽ വാട്ടർ കോൺക്ലേവിൽ അവതരിച്ച അഞ്ച് ലോക മാതൃകകളിലൊന്നും ജലസമൃദ്ധിയുടെതായിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ ജലസാക്ഷരതയും പ്രായോഗിക പ്രവർത്തനങ്ങളും ജലക്ലബുകൾ വഴി സംഘടിപ്പിക്കും. മികച്ച പ്രവർത്തനങ്ങൾക്ക് സമ്മാനങ്ങളുമുണ്ടാകും.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ 2024-2025 വർഷത്തെ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി യോഗം ചേർന്നു. ജലസമൃദ്ധി പദ്ധതിയുടെ നിർവ്വഹണ ചുമതലയുള്ള വിവിധ വകുപ്പുകളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു. പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും അടുത്ത ഒരു വർഷ കാലത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു.
“സഹ്യ ഗിരീന്ദ്രപ്പടിക്കൽ വന്നിങ്ങനെ. ശങ്കിച്ചു നിൽക്കൊല്ല മേഘങ്ങളെ ആവിയായാധികളുള്ളിലുയർന്നാലു – മാന മലകൾ നിരന്നു നിൽപ്പൂ.. പ്രീത രായ് കേറിയെഴുന്നള്ളിയാലുടൻ ഭൂതാനുകമ്പത്തിടമ്പുകളേ…”
മഹാകവി പി കുഞ്ഞിരാമൻ എഴുതിയ ഈ വരികളുടെ പ്രസക്തി ഇന്ന് യേറി വരുന്നു….അവരെന്തൊരു ആഹ്ലാദത്തിലായിരുന്നെന്നോ…
ചേറിൻ്റെ മണവും തണുപ്പു മറിഞ്ഞ നിമിഷങ്ങളിലവരുടെ മുഖമൊന്നു കാണേണ്ടതായിരുന്നു.
തലമുറകളിവിടെ ഒരുമിച്ചിറങ്ങി ഞാറു നട്ടു…
അതേ ചൊവ്വള്ളൂർ ഏലായിലെ ഇന്നതെ പ്രഭാതം അവിസ്മരണീയാനുഭവമായിരുന്നു…
ഭൂമി ചുട്ടുപൊള്ളുന്നു… അസഹനീയമാകുന്ന ചൂട്… വരളുന്ന ജലാശയങ്ങൾ നീർചാലുകൾ…
വറ്റാത്ത ഉറവക്കായി ജലസമൃദ്ധി എന്നൊരാശയം 2016 ൽ ഉറവയെടുക്കുമ്പോൾ ഞങ്ങൾ പറഞ്ഞിരുന്നതാണ്… ഓർമ്മിപ്പിച്ചിരുന്നതാണ്, നഷ്ടമായി മാഞ്ഞു മാഞ്ഞുപോകുന്ന നെൽവയലുകൾ നാടിനെ ജല ദാരിദ്യത്തിലെത്തിക്കുമെന്ന് …
നഷ്ടമെന്ന കാരണത്താൽ നെൽകൃഷി ഒഴിവായപ്പോൾ പത്തായങ്ങൾ മാത്രമല്ല ജലസാന്നിദ്ധ്യവുമില്ലാതാകുന്നു. നെൽപാടങ്ങൾ കൃഷിയിടങ്ങൾ മാത്രമല്ല ഭൂമിക്ക് നനവേകുന്ന ജലസംഭരണികൾ കൂടിയാണെന്ന്…
നഷ്ടപ്പെട്ട ഏലാകൾ വീണ്ടെടുക്കുക എന്ന സാഹസത്തിൻ്റെ പിറകെയാണ് ടീം ജലസമൃദ്ധി…
കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ നാഞ്ചല്ലൂർ ഏലായിൽ കൃഷിക്കായി നെയ്യാറിൽ നിന്ന് ലിഫ്റ്റ് ഇറിഗേഷനായി ഒരു കോടി രൂപയും തടയണക്കായി 70 ലക്ഷവും ഒരു വർഷത്തിനിടയിൽ ജലസേചന വകുപ്പ് ചെലവഴിച്ചു…
അമ്പത് ഏക്കറിലെ നെൽകൃഷി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്…
മലയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ മച്ചേൽ ഏലായിൽ രണ്ടാഴ്ച മുമ്പ് 2.5 ഏക്കറിൽ കൃഷി ആരംഭിച്ചു…
വിളപ്പിൽ പഞ്ചായത്തിൽ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ വിളിപ്പാടകലെ ഇന്ന് 2.5 ഏക്കറിൽ ബിജുലാൽ എന്ന ഉത്സാഹിയായ കർഷകനിലുടെ തുടങ്ങുന്നു…
ഞായറാഴ്ച അവധി ആലസ്യമാകാതെ ചൊവ്വ ള്ളൂർ NSS ഹൈസ്കൂളിലെയും മലയിൻകീഴ് VHSCയിലെയും കുട്ടികളും ഹെഡ്മിസ്ട്രസുമാരുടെ നേതൃത്വത്തിൽ അധ്യാപകരും…
തൊഴിലുറപ്പ് തൊഴിലാളികൾക്കും പഴയ തലമുറയിലെ കർഷകതൊഴിലാളികൾക്കുമൊപ്പം…
ചേറിൽ കാലുകളാഴ്ത്തി…
ചോറിൽ കൈകളാഴ്ത്താനും നാടിലെ നീരുറവകൾക്ക് ജീവനേകാനും…
എത്ര മനോഹരമായ അർത്ഥമുള്ളൊരു ഞായറാഴ്ച രാവിലെ…
ബഹു:മന്ത്രി ജി ആർ അനിലുമൊത്ത് ചൊവ്വള്ളൂർ ഏലായിൽ…
2024 ഫെബ്രുവരി 9, 10 തിയതികളിലായി ഷില്ലോങ്ങിൽ നടന്ന ഇന്റർനാഷണൽ വാട്ടർ കോൺക്ലെവിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വിജയഗാഥ അവതരിക്കപ്പെട്ടു. ഷില്ലോങ്ങ് മാരിയാട്ട് ഹോട്ടലിൽ നടക്കുന്ന കോൺക്ലെവ് മേഘാലയ മുഖ്യമന്ത്രി കോൺറാട് കെ സാങ്മ ഉൽഘാടനം ചെയ്തു. കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറി ശ്രീമതി. ദേബശ്രീ മുഖർജി ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ജലസംരക്ഷണത്തിന്റെ മികച്ച മാതൃകകൾ എന്നതായിരുന്നു കോൺക്ലെവിന്റെ പ്ലീനറി സെഷൻ. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, കമ്പോഡിയ, നേപ്പാൾ, കേരളം, ഹിമാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിൽ നടന്ന മികച്ച മാതൃകകളാണ് ഈ സെഷനിൽ അവതരിപ്പിക്കപ്പെട്ടത്. കാട്ടാക്കട മണ്ഡലത്തിൽ കഴിഞ്ഞ 7 വർഷമായി മികച്ച രീതിയിൽ നടന്നു വരുന്ന ജലസമൃദ്ധി പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പങ്കിനെക്കുറിച്ചും, ജനകീയ ബോധവൽകരണ പ്രവർത്തനങ്ങളും, പദ്ധതി പ്രവർത്തനങ്ങളിൽ സംയോജനം സാധ്യമാക്കിയ രീതിശാസ്ത്രം സംബന്ധിച്ചും ഐ.ബി.സതീഷ് എം.എൽ.എ വിശദീകരിച്ചു. പദ്ധതി നടത്തിപ്പിൽ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗം, പദ്ധതിയിൽ നടപ്പാക്കിയ നൂതനവും പ്രാദേശികവുമായ പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകൾ ഏറ്റെടുത്ത പ്രവർത്തികൾ, കൈവരിച്ച നേട്ടങ്ങൾ, വിവിധ ഏജൻസികളുടെ കണ്ടെത്തലുകൾ എന്നിവ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറും പദ്ധതിയുടെ കോർഡിനേറ്ററുമായ എ.നിസാമുദ്ദീൻ ഐ.എ.എസ് അവതരണം നടത്തി. പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഇരുവരും ചേർന്ന് മറുപടി നൽകി. ജലവിഭവ സംരക്ഷണ പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർ ഫീൽഡിൽ നടന്നു കാണുവാൻ ആഗ്രഹിക്കുന്ന ശാസ്ത്രീയ ഇടപെടലുകൾ സാമൂഹിക പങ്കാളിത്തതോടെ നടപ്പാക്കി വിജയിച്ച മാതൃകയാണ് ജലസമൃദ്ധി പദ്ധതിയെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരീക്ഷിക്കാൻ പ്രതിനിധികൾ തയ്യാറാകണമെന്നും സെഷൻ ചെയർ ശ്രീ. എക്‌ലവ്യ പ്രസാദ് അഭിപ്രായപ്പെട്ടു. അവതരണം കണ്ട കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറിയും മറ്റ് രാജ്യങ്ങളിലെ പ്രതിനിധികളും ഈ നേട്ടം കൈവരിക്കുവാൻ എടുത്ത പ്രവർത്തനങ്ങളെ മുക്തകണ്ഠം അഭിനന്ദിച്ചു. തുടർന്ന് നടന്ന സമാന്തര സെഷനുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ലോക സമൂഹത്തിന് മുൻപാകെ കാട്ടാക്കട ജലസമൃദ്ധി പദ്ധതിയുടെ വിജയമാതൃക അവതരിപ്പിക്കാനായതിൽ ഏറെ അഭിമാനം ഉണ്ടെന്നും ടീം കാട്ടാക്കടയുടെ കൂട്ടായ്മയുടെ ഫലമാണ് ഇത് സാധ്യമാക്കിയതെന്നും ഐ. ബി. സതീഷ് എം.എൽ.എ പറഞ്ഞു.
മിയാവാക്കി വനത്തിലൂടവർ നടന്നു…
ചിത്രശലഭങ്ങളെ കണ്ടു. കാടിൻ്റെ സംഗീതം കേട്ടു…
കുളിർമ്മയും തണലുമവരറിഞ്ഞു…
കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകളിലെ ജല ക്ലബുകളിലേയും നേച്വർ ക്ലബുകളിലേയും അൻപത് കൺവീനർമാരാണ് വിളപ്പിൽ പഞ്ചായത്തിലെ പുളിയറകോണത്തെ മിയാവാക്കി വനത്തിലെത്തി.
ഹൃദയത്തിൽ തൊട്ട അനുഭവമായവർ കൂട്ടുകാരോടും വീട്ടുകാരോടും അധ്യാപകരോടും പങ്കുവച്ചു.
പ്രകൃതിയെ വീണ്ടെടുക്കലിന്റെ ലോക മാതൃകകളിലൊന്ന് നമ്മുടെ കേരളത്തിലാണ്…
തിരുവനന്തപുരത്താണ്…
അത് കാട്ടാക്കട മണ്ഡലത്തിലെ പുളിയറ കോണത്തിനടുത്താണ്…
ജപ്പാനിലെ പരിസ്ഥിതി ശാസ്ത്രജ്ഞനെങ്കിലും ലോകമാകെ തണൽ വിരിച്ച വടവൃക്ഷമാണ് അക്കിര മിയ വാക്കി.
അദ്ദേഹത്തിന്റെ ഓർമ്മകളെയും ചിന്തകളെയും ആവിഷ്കരിക്കുന്ന Nature lab…
മൂന്നര ഏക്കറിൽ സൃഷ്ടിച്ച സ്വാഭാവിക വനം.
അതിശയകര കാഴ്ച …
ശ്രീ എം ആർ ഹരിയുടെ സമർപ്പിത ജീവിതത്തിന്റെയും പ്രകൃതി പ്രതിബദ്ധതയുടെയും തണൽ…
കുളിർമ്മ…
മിയാവാക്കി മെമ്മോറിയൽ നാച്വർ ലാബ്.
സ്കൂൾ കോളേജ് കുട്ടികൾക്കായി പ്രത്യേക പാക്കേജുകൾ നാച്വർ ക്ലബ് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്…
വനയാത്രയും പ്രകൃതി പഠനവും ഉൾപ്പെടുന്നതാണ് പാകേജ്.
ചരിത്രം കുറിച്ചൊരു കിണറാണിത്…
ഉത്തരമായൊരു കിണറും…
കുളത്തുമ്മൽ ഹയർ സെക്കണ്ടറി ഹൈ സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള നോട്ടത്തിൽ സുന്ദരിയായ കിണർ…
വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സ്വീകാര്യമായി തുടങ്ങിയത് ഈ കിണറ്റിൻ കരയിലാണ്…
വെള്ളം വെള്ളം എന്ന് നിലവിളിച്ചു നടക്കുന്ന എം എൽ എ എന്ന് പരിഹസിച്ചവർ തന്നെ സുസ്ഥിര വികസന മാതൃകയെന്ന് പാടി പുകഴ്ത്തി തുടങ്ങിയതുമിവിടെ വച്ചു തന്നെ…
സ്കൂളിന്റെ പുരപ്പുറത്തു പെയ്യുന്ന ഏഴ് ലക്ഷം ലിറ്റർ (വാർഷിക ശരാശരി) ഒഴുകി പാഴായി പോകാതെ പാത്തി വച്ച് ഒഴുക്കി രണ്ടു കിണറുകളുണ്ടാക്കി നിക്ഷേപിച്ചു. ഭാവി തലമുറക്കായുള്ള മൂലധനമായി…
അതുവരെ ചിത്രത്തിൽ കാണുന്ന കിണർ (അമ്മ കിണറെന്നു ഞങ്ങൾ വിളിക്കും) ജലസ്പർശമില്ലാത്ത പാറക്കല്ലുകൾ മാത്രം അടിത്തട്ടിൽ കാഴ്ചയാകുന്ന കിണറായി രുന്നു. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ് ഉത്ഘാടന വേദിയിലിരിക്കുമ്പോൾ അന്നത്തെ പ്രിൻസിപ്പൽ രാധാലക്ഷ്മി ടീച്ചർ അനുഭവം പങ്കു വച്ചു .കോഴിക്കോട്ട്കാരി ടീച്ചർ കാട്ടാക്കടയിലെ പള്ളികൂടത്തിൽ ആദ്യം കണ്ട കാഴ്ച ജലസ്പർശമില്ലാത്ത കിണറായിരുന്നു…
ഉത്ഘാടന ചടങ്ങിനു മുമ്പ് മൺചെരാത് തെളിയിക്കാൻ ആ കിണറിൻ കരയിലെത്തുമ്പോൾ…
കരയിൽ നിന്നു കൈകൾ നനക്കാവുന്ന ജലനിരപ്പുള്ള കിണർ…
തൊട്ടടുത്ത വീടുകളിലെ കിണറുകൾക്കും വറ്റി പോയ സമീപത്തെ കുളങ്ങൾക്കും പുനർജനി നൽകി ഈ അമ്മകിണർ…
അവിട് നിന്ന് തുടങ്ങി…
മണ്ഡലത്തിലെ എല്ലാ സ്കൂളുകൾ, കിണറുള്ള സർക്കാരാഫീസുകൾ, അംഗനവാടികൾ എല്ലായിടത്തും ഈ മാതൃക…
ഉപയോഗ ശൂന്യമായ പാറക്വാറികളിലെ വെള്ളം മണ്ണിലേക്കാഴ്ന്നിറങ്ങി…
ഓടുന്ന വെള്ളത്തെ നടത്തിച്ചും പിന്നെ കിടത്തിയും മണ്ണിനടിയിൽ ഉറക്കിയും ആബാലവൃദ്ധം ജനത ജലസമൃദ്ധിയെ ഏറ്റെടുത്തു ജനീവയിലെ ഐക്യരാഷ്ട്ര സഭാ പുനർ നിർമ്മാണ സെഷനിൽ കാട്ടാക്കട മാതൃക പ്രശംസിക്കപ്പെട്ടു…
നെതർലാണ്ട് സന്ദർശനത്തിനെത്തിയ ബഹു: മുഖ്യമന്ത്രിയോട് കാട്ടാക്കട ജലസമൃദ്ധി മാതൃകയെ കുറിച്ച് അന്വേഷണമുണ്ടായതിനെ കുറിച്ച് നിശാഗന്ധിയിലെ നിറഞ്ഞ സദസിൽ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു…
അപകടാവസ്ഥയിൽ നിന്ന് സുരക്ഷിത ഭൂഗർഭ ജലനിരപ്പിലേക്ക് ഒരു നാടുണർന്നതിന്റെ തുടക്കത്തെ ഓർമ്മിപ്പിച്ച് ഈ കിണർ…
ഓർമ്മകളിൽ അഭിമാനവും മനസിൽ ആത്മ സംതൃപ്തിയും നിറക്കുന്ന അമ്മക്കിണർ…
നവകേരള മിങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെന്ന്…
മേഘാലയ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രടറി കൂടിയാണ് ഡോക്ടർ ഷക്കീൽ അഹമദ് ഐ എ എസ് ഇന്നദ്ദേഹം കാട്ടാക്കട മണ്ഡലത്തിലുണ്ടായിരുന്നു…
കേട്ടറിഞ്ഞ ജല സമൃദ്ധി കണ്ടറിയാൻ…
ജലസംരക്ഷണത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും അക്കാദമിക് അറിവുകൾക്കൊപ്പം പ്രായോഗിക പാഠങ്ങളും നാട്ടറിവുകളും ഏറെയുള്ള സവിശേഷ വ്യക്തിത്വമാണ് ഡോക്ടർ ഷക്കീൽ.
അദ്ദേഹം ചൊരിഞ്ഞ വാക്കുകൾ…
അഭിമാനം… ആത്മ സംതൃപ്തി, ചാരിതാർത്ഥ്യം…
നവകേരളം അഭിസംബോധന ചെയ്യേണ്ട ജല പ്രശ്നത്തിന്റെ പ്രായോഗിക മാതൃകയെന്ന് കാട്ടാക്കടയിലെ ജലസമൃദ്ധിയെ അദ്ദേഹം നിസം ശയം പറയുന്നു ചിത്രത്തിൽ പിന്നിൽ കാണുന്ന വലിയ ജലാശയം ഒരു മൈതാനമായിരുന്നു ആദ്യ തെരെഞ്ഞെടുപ്പ് കാലത്ത് തുറന്ന വാഹനത്തിൽ പോകുമ്പോൾ ക്രിക്കറ്റ് കളിച്ചു നിന്നവർ ഓടി വന്ന് സ്വീകരണം നൽകിയതോർത്തു പോയി…
ഇന്ന് വറുതിക്കാലത്തും വറ്റാത്ത ജലാശയം ജലസമൃദ്ധിയുടെ സ്വയം സംസാരിക്കുന്ന മാതൃക…
ഫെബ്രുവരി 9, 10 തീയതികളിൽ ഷില്ലോംഗിൽ നടക്കുന്ന അന്താഷ്ട്ര ജല കോൺഫറൻസിലേക്കുള്ള ക്ഷണം നൽകിയാണ് ഡോ: ഷക്കീൽ യാത്രയായത്…
നവകേരളത്തിലേക്കുള്ള കാട്ടാക്കട വഴി…
വിവിധ സംസ്ഥാനങ്ങളിലെ ഐ എ എസ് ഉദ്യോഗസ്ഥർ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിലെയും നീതി ആയോഗിന്റെയും പ്രതിനിധികൾ ഇന്ന് കാട്ടാക്കടയിലുണ്ടായിരുന്നു. കാട്ടാക്കടയിലെ ജലസമൃദ്ധി അവർ വായിച്ചറിഞ്ഞിട്ടുണ്ട്. കേട്ടും കണ്ടുമറിയാൻ എത്തിയതാണവർ. നൽകിയ അഭിനന്ദനങ്ങൾ കാട്ടാക്കട മണ്ഡലത്തിലെ സ്കൂൾ കുട്ടികൾ മുതൽ വറ്റാത്ത ഉറവക്കായി ജല സമ്യദ്ധി എന്ന ലക്ഷ്യത്തിനായി അണിനിരന്ന എല്ലാവർക്കുമായി …
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി, ഒപ്പം, കൂട്ട്, കാർബൺ ന്യൂട്രൽ കാട്ടാക്കട, കെ.ഐ.ഡി.സി, കാട്ടാൽ എഡ്യൂകേയർ എന്നീ പദ്ധതികളുടെ ഭാഗമായി 2023 ഡിസംബർ 2 ന് മണ്ഡലത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “സ്റ്റുഡന്റ് കോൺക്ലേവ്” സംഘടിപ്പിച്ചു. നിയമസഭാ പ്രവർത്തനത്തിന്റെ മാതൃകയിൽ പൂർണ്ണമായും വിദ്യാർത്ഥികൾ മന്ത്രിമാരും എം.എൽ.എമാരുമായി സഭാ ചുമതല നിർവ്വഹിക്കുന്ന തരത്തിലാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഭാവി കേരളം രൂപപ്പെടുത്തുന്നതിന് സഹായകരമാകുന്ന പദ്ധതികളും അതിന് ശക്തി പകരുന്ന മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളും വിദ്യാർത്ഥി സഭാ പ്രതിനിധികൾ ചർച്ച ചെയ്തു. രാവിലെ 9.30 മണിക്ക് ആരംഭിച്ച കോൺക്ലേവിൽ ആദ്യ അരമണിക്കൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പദ്ധതികളും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശനം നടന്നു. തുടർന്ന് വിദ്യാർത്ഥികളായ ഭാവ്യ.ഡി.എസ് സ്പീക്കറായും, ദീപ്തകീർത്തി മുഖ്യമന്ത്രിയായും, അനില.എൽ പ്രതിപക്ഷ നേതാവായും ചുമതലയെടുത്ത് ആരംഭിച്ച സ്റ്റുഡന്റ്സ് കോൺക്ലേവിൽ ഐ.ബി.സതീഷ് എം.എൽ.എ വിശിഷ്ടാതിഥിയായി. രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്ത് 3 സെഷനുകളായി തിരിച്ച നവകേരള രൂപീകരണ ചോദ്യോത്തരവേളയിൽ 19 വിദ്യാർത്ഥി മന്ത്രിമാർ വിദ്യാർത്ഥി എം.എൽ.എ മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. യഥാർത്ഥ നിയമസഭാ സംവിധാനങ്ങളെ പോലും പിന്നിലാക്കും വിധം ഓരോ ചോദ്യങ്ങളുടെയും ഉത്തരങ്ങൾക്ക് പിൻബലമായി നവകേരളത്തിനായുള്ള പദ്ധതികൾ വിവരിക്കുന്ന ചെറു വീഡിയോകൾ പ്രദർശിപ്പിച്ചത് വിദ്യാർത്ഥികൾക്ക് നവകേരളമെന്ന ആശയത്തെ പറ്റിയും അതിന് കരുത്ത് പകരുന്ന കാട്ടാക്കട മണ്ഡലത്തിലെ വികസന പദ്ധതികളെ പറ്റിയും കൂടുതൽ അറിയുന്നതിന് സഹായകരമായി. വിദ്യാർത്ഥി കോൺക്ലേവിന്റെ സമാപന സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സല കുമാരി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ ഭൂവിനിയോഗ ബോർഡ് കമ്മിഷണർ ടീന ഭാസ്കരൻ സ്വാഗതമാശംസിച്ചു. പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ നവകേരള പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ ഐ.എ.എസ്, വിദ്യാർത്ഥി സഭാ സ്പീക്കർ, വിദ്യാർത്ഥി സഭാ മുഖമന്ത്രി, വിദ്യാർത്ഥി സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. കോൺക്ലേവിനൊടനുബന്ധിച്ച് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനയുടെ സമ്മാന ദാനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജയും സ്കൂൾ തലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലികയും നിർവ്വഹിച്ചു. ബി.ആർ.സി കോർഡിനേറ്റർ ശ്രീകുമാർ സമാപന സമ്മേളനത്തിന് കൃതജ്ഞത രേഖപ്പെടുത്തി. ശാസ്ത്രോത്സവത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ സംഘടിപ്പിച്ചക്കുന്ന ശാസ്ത്ര എക്സിബിഷനും ഫോട്ടോ പ്രദർശനവും മിക്കവുറ്റതായി. നവകേരള രൂപീകരണത്തിൽ പുതു തലമുറയുടെ പങ്കാളിത്തവും ആശയങ്ങളും ഉൾപ്പെടുത്തുന്നതിനും, മണ്ഡലത്തിലും കേരളത്തിലാകെയും നടന്നു വരുന്ന പദ്ധതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുന്നതിനും സ്റ്റുഡന്റ് കോൺക്ലേവിന് കഴിഞ്ഞു എന്ന വിലയിരുത്തലാണുള്ളതെന്ന് ഐ.ബി.സതീഷ് എംഎൽഎ അറിയിച്ചു.
നവകേരള സൃഷ്ടിക്കായി കാട്ടാക്കടയിൽ വിദ്യാർത്ഥികളുടെ നിയമസഭ ചേരുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി, ഒപ്പം, കൂട്ട്, കാർബൺ ന്യൂട്രൽ കാട്ടാക്കട, കെ.ഐ.ഡി.സി, കാട്ടാൽ എഡ്യൂകേയർ എന്നീ പദ്ധതികളുടെ ഭാഗമായി 2023 ഡിസംബർ 2 ന് മണ്ഡലത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “സ്റ്റുഡന്റ് കോൺക്ലേവ്” സംഘടിപ്പിക്കുന്നു. നിയമസഭാ പ്രവർത്തനത്തിന്റെ മാതൃകയിൽ പൂർണ്ണമായും വിദ്യാർത്ഥികൾ മന്ത്രിമാരും എം.എൽ.എമാരുമായി സഭാ ചുമതല നിർവ്വഹിക്കുന്ന തരത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഭാവി കേരളം രൂപപ്പെടുത്തുന്നതിന് സഹായകരമാകുന്ന പദ്ധതികളും അതിന് ശക്തി പകരുന്ന മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളും വിദ്യാർത്ഥി സഭാ പ്രതിനിധികൾ ചർച്ച ചെയ്യുന്ന തരത്തിലാണ് വിദ്യാർത്ഥി കോൺക്ലേവ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെയാണ് പരിപാടി നടക്കുന്നത്. കോൺക്ലേവിനോടനുബന്ധിച്ച് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. അതൊടൊപ്പം ശാസ്ത്രോത്സവത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ശാസ്ത്ര എക്സിബിഷനും ഫോട്ടോ പ്രദർശനവും ഉണ്ടായിരിക്കും. കൂടാതെ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് നവകേരള സൃഷ്ടിക്ക് മുതൽകൂട്ടാകുന്ന ആശയ സ്വരൂപണം ഉണ്ടാകും. മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവുമുണ്ട്. നവകേരള രൂപീകരണത്തിൽ പുതു തലമുറയുടെ പങ്കാളിത്തവും ആശയങ്ങളും ഉൾപ്പെടുത്തുന്നതിനും, മണ്ഡലത്തിലും കേരളത്തിലാകെയും നടന്നു വരുന്ന പദ്ധതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സ്റ്റുഡന്റ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
കാട്ടാക്കട മണ്ഡലത്തിൽ ഇനി പച്ചക്കറിക്കാലം. ഓണക്കാലത്ത് നമ്മുടെ ഓണം, നമ്മുടെ പൂക്കൾ എന്ന ആശയം നടപ്പിലാക്കിയതിലൂടെ ശ്രദ്ദേയമായ പൂകൃഷിക്ക് ശേഷം “നട്ടുനനച്ച് പച്ചക്കറിയ്ക്കൊപ്പം കാട്ടാക്കട” എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിക്ക് തുടക്കമാകുന്നു. പള്ളിച്ചൽ പഞ്ചായത്തിലെ കൊറണ്ടിവിളയിൽ സംഘടിപ്പിച്ച മണ്ഡലംതല പച്ചക്കറി നടീൽ ഉത്സവം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മണ്ഡലത്തിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതിയും പൂകൃഷി പോലെ കാർഷിക മേഖലയിലെ ശ്രദ്ധേയമായ മറ്റൊരു മാതൃകയാക്കി മാറ്റണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 2022 ൽ 5 ഏക്കറിൽ ആരംഭിച്ച പൂകൃഷി ഇത്തവണത്തെ ഓണക്കാലത്ത് 64 ഏക്കറിലോളം വിപുലപ്പെടുത്തിയിരുന്നു. ഓണക്കാലത്തിന് ശേഷം പൂക്കൾ അരങ്ങൊഴിയുന്ന ഈ പൂപ്പാടങ്ങളെല്ലാം അടുത്ത ഓണക്കാലം വരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനയിൽ നിന്നാണ് സമഗ്ര പച്ചക്കറി കൃഷി എന്ന ആശയത്തിലെത്തിയത്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളായ പള്ളിച്ചൽ, മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, കാട്ടാക്കട എന്നിവിടങ്ങളിലായി പൂകൃഷി ചെയ്തിരുന്ന കൃഷിയിടങ്ങൾ ഉൾപ്പടെ 170 ഏക്കർ ഭൂമി ഗ്രാമ പഞ്ചായത്തുകളുടെയും കൃഷി ഓഫീസർമാരുടെയും നേതൃത്വത്തിൽ കണ്ടെത്തി. അതാത് പ്രദേശത്തെ ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും മനസ്സിലാക്കി എവിടെയൊക്കെ എന്തൊക്കെ പച്ചക്കറി ഇനങ്ങൾ എപ്പോഴൊക്കെ കൃഷി ചെയ്യണമെന്നതിനെ പറ്റിയുള്ള വിശദമായ കാർഷിക കലണ്ടറും ഇതൊടൊപ്പം തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രകാശനവും മന്ത്രി നടീൽ ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ച് നിർവ്വഹിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ യോഗങ്ങൾ സംഘടിപ്പിച്ച് ഒരു മാസ്റ്റർ പ്ലാനും തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിലാകും പച്ചക്കറി കൃഷി നടപ്പിലാക്കുകയെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ ഐ.എ.എസ് എന്നിവർ മുഖ്യാതിഥികളായെത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽകുമാർ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. മണ്ഡലത്തിലെ കൃഷി ഓഫീസർമാർ, തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കാട്ടാക്കട മണ്ഡലത്തിലെ വിവിധ ഏലാകളിൽ ജലസേചന സൗകര്യം വർധിപ്പിക്കുന്നതിനായി നബാർഡ് വഴിയുള്ള 16 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ജലസ്രോതസുകൾ സംരക്ഷിച്ച് അവയുടെ സംഭരണ ശേഷി വർധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. 14 പദ്ധതികൾക്കായി 16.90 കോടിയാണ് വകയിരുത്തിയത്. കൃഷി ആവശ്യത്തിനുള്ള വെള്ളം ലഭ്യമാകുന്നത് കാർഷിക മേഖലക്ക് പുത്തനുണർവ് നൽകും. ജലസമൃദ്ധി, കാർഷിക സമൃദ്ധി പദ്ധതികൾ വേഗത്തിൽ യാഥാർത്ഥ്യമാകുന്നതിന് ഈ സഹായം ഇടയാക്കും കാട്ടാക്കട പഞ്ചായത്തിൽ വാഴൂർ–-ഈരാറ്റുനട ഏലാകളിൽ നെയ്യാർ പദ്ധതി കനാലിൽ നിന്നുള്ള വെള്ളം ലീഡിങ് ചാനൽ വഴി എത്തിക്കും. തോടിൻെറ സംരക്ഷണം, അമ്പലത്തിൻകാല,കൊമ്പാടിക്കൽ ഏലാകളിലേക്ക് വെള്ളം എത്തിക്കുന്നതിന് കുളത്തുമ്മൽ കളവിയോട് തോടിൽ സ്‌റ്റോറേജ് വിയറും ലീഡിങങ് ചാനലും നിർമിക്കും. ചന്ദ്രമംഗലം ഏലായിൽ വെള്ളമെത്തിക്കാൻ വേലഞ്ചിറ കുളം പുനരുദ്ധാരണവും ലീഡിങ് ചാനലും നിർമിക്കും. മലയിൻകീഴിൽ നെപ്പക്കോണം, പെരുമന, വലിയറത്തല ഏലാകളിൽ വെള്ളം എത്തിക്കാൻ നെപ്പക്കോണം കുളം പുനരുദ്ധാരണം, ലീഡിങ് ചാനൽ നിർമാണം, മലയം തോടിൽ വിസിബി നിർമാണം, മണപ്പുറം, വലിയത്തറത്തല, മാടൻപാറ,പൂവന്നൂർ, മുതുകളം കൊംണ്ടാടി ഏലാകളിൽ വെള്ളക്കെട്ട് നിയന്ത്രണം, ട്രാക്‌ടർ ബ്രിഡ്‌ജ് നിർമാണം, മേപ്പൂക്കട കുളം പുരുദ്ധാരണം മാറനല്ലൂരിൽ പെരിയകോട്, മടവിളാകം, കിഴക്കതിൽ കോണം കുളം പുനരുദ്ധാരണം, ലീഡിങ് ചാനൽ നിർമാണം എന്നിവയാണ്. വിളവൂർക്കലിൽ മായിക്കോണം ലീഡിങങ് ചാനൽ നിർമാണം, കോണത്ത് കുളം പുനരുദ്ധാധരണവും ലീഡിങ് ചാനൽ നിർമാണവും കോണത്ത് കുളം–-പ്ലാവറക്കോണം കുളം–-കട്ടച്ചൽകോണം കുളം പുനരുദ്ധാരണം, കോമ്പേറ്റിതോട് വിസിബി നിർമാണം എന്നിവയാണ് 14 പദ്ധതികൾ. ഈ പദ്ധതി പൂർത്തിയാകുന്നതോടെ 450 ഹെക്‌ടർ സ്ഥലത്ത് കാർഷിക സമൃദ്ധിക്ക് തുടക്കം കുറിക്കാനാകും ജലസമൃദ്ധി വഴി കൈവരിച്ച ഭൂഗർഭജല നിരപ്പ് നിലനിർത്തുകയും മെച്ചപ്പെടുത്താനും കഴിയുന്ന നിർണായക പദ്ധതിക്കാണ് തുടക്കമാകുന്നത്.
ഫിലാഡൽഫിയയിലെ ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി വിഭാഗം മേധാവി പ്രൊഫ.പാട്രിക് ഗുറിയന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വിദഗ്ധർ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെത്തി. ഐഐടി ഡൽഹിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫ. ബാബു ജെ ആലപ്പാട്ട്, ഹൈദ്രബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്രുവാൻഷ് സി.ഇ.ഒ ശ്രീമതി. മധുലികാ ചൗദരി, ടിപിഎൽസി, ജിഇസി ബാർട്ടൺ ഹില്ലിലെ അസോസിയേറ്റ് പ്രൊഫസറും കോർഡിനേറ്ററുമായ ഡോ. സുജ നായർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ സർ എന്നിവരുൾപ്പെടുന്ന സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വിളപ്പിൽ പഞ്ചായത്തിലെ ഇരട്ടക്കുളത്തിലെ ജലശുദ്ധീകരണത്തിനായി നിർമ്മിത തണ്ണീർത്തടങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തിയാണ് മടങ്ങിയത്.
യഥാർത്ഥ കാട്ടാക്കടയെ അറിയാൻ . ആറ് പഞ്ചായത്തുകൾ, 122 വാർഡുകൾ. ആറ് വില്ലേജ് പരിധി പ്രദേശങ്ങൾ. എന്തറിയണോ അതൊക്കെ. ത്രിതല പഞ്ചായത്ത് അതിർത്തികൾ, ജനപ്രതിനിധികളുടെ വിവരങ്ങൾ, ഭൂരേഖ വിവരങ്ങൾ, സ്ഥാപന വിവരങ്ങ, ഭൂമിശാസ്ത്രപരമായ സമ്പൂർണ്ണ വിവരങ്ങൾ, പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ, ജലസമൃദ്ധി പദ്ധതി പ്രവർത്തന വിവരങ്ങൾ, നെൽകൃഷി വിവരങ്ങൾ, ഇങ്ങനെ കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ സമഗ്രമായ ഡിജിറ്റൽ പ്രതിച്ഛായയാണ് “അറിയാം കാട്ടാക്കട”. ഇത് തുടർച്ചയായ പ്രവർത്തനമാണ്. മൂന്ന് ഘട്ടങ്ങളിലൂടെ. ആദ്യ ഘട്ടത്തിൽ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു അറിയാം കാട്ടാക്കട വെബ്സൈറ്റ് പുറത്തിറക്കിയത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ വിവരങ്ങളും മൊബൈൽ ആപ്പും. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ഇനി മൂന്നാം ഘട്ടത്തിലേക്ക്.മണ്ഡലത്തിന്റെ ദൈനംദിന വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനാരംഭം. IoT അധിഷ്ഠിത മണ്ഡലമാകുന്നതിന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങളുൾപ്പടെ ആപ്പിലേക്കും ലഭ്യമാകുന്ന തരത്തിൽ. അങ്ങനെ ആദ്യമായി ഒരു നിയമസഭാ മണ്ഡലം വിരൽ തുമ്പിൽ. നമ്മുടെ കാട്ടാക്കട മണ്ഡലം. Kattakada @ Fingertips…
ജലജീവൻ മിഷൻ പദ്ധതി പ്രകാരം കേരള റൂറൽ വാട്ടർ സപ്ലൈആൻറ് സാനിറ്റേഷൻ ഏജൻസി മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 5 ഹയർ സെക്കൻഡറി സ്കൂളുകളിലെ 25 വിദ്യാർത്ഥികൾക്കും 5 ടീച്ചർ ട്രെയിനിങ് കോ ഓർഡിനേറ്റർമാർക്കും ജല ഗുണനിലവാര പരിശോധന ശില്പശാല കാട്ടാക്കട ബി ആർ സി യിൽ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത ശില്പശാലയുടെ ഉദ്ഘാടനം എംഎൽഎ അഡ്വ.ഐ ബി സതീഷ് നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിപിസി ശ്രീ എൻ ശ്രീകുമാർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ഡെപ്യൂട്ടി ഡയറക്ടർ ശ്രീ പി കെ ജോണി പദ്ധതി വിശദീകരണവും നടത്തി. ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന ശില്പശാലയ്ക്ക് ശ്രീ ഹാഷിം നേതൃത്വം നൽകി. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ശ്രീ നിസാമുദ്ദീൻ ഐഎഎസ് പരിശീലന കേന്ദ്രം സന്ദർശിക്കുകയും കുട്ടികളുടെ ജലപരിശോധനാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ജല പരിശോധന ഫലം കേന്ദ്രസർക്കാരിൻറെ വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു. കുട്ടി പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഈ ശില്പശാല തികച്ചും ഒരു ശാസ്ത്രലാബിന്റെ അനുഭവമാണ് കുട്ടികൾക്ക് സമ്മാനിച്ചത്.
ജല ഗുണനിലവാര പരിശോധന ലാബ് . മലയിൻകീഴ് ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ . ജലസമൃദ്ധി പദ്ധതിയുടെ അടുത്ത ചുവട് . ഭൂഗർഭജല വകുപ്പിന്റെ നിർണായക സംഭാവനകളാണ് ജല സമൃദ്ധിയുടെ മികവുകൾക്ക് കാരണങ്ങളിലൊന്ന്. സ്കൂളിലെ പരിശോധനാ ലാബിൽ നിശ്ചിത ദിവസങ്ങളിലെ തീരുമാനിക്കുന്ന ദിവസങ്ങളിൽ ജല ഗുണനിലവാര പരിശോധന . പരിശീലനം സിദ്ധിച്ച വിദ്യാർത്ഥിനികൾ നടത്തും. ശുദ്ധമായ കുടിവെള്ളം നമ്മളുപയോഗിക്കുന്നുവെന്ന് നമ്മളോട് പറയാൻ .
‘വിഷൻ കാട്ടാക്കട’ കേരളത്തിനാകെ മാതൃകയാകണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന വിവിധ ജനകീയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും, സമയബന്ധിതമായി പൂർത്തികരിക്കുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ‘വിഷൻ കാട്ടാക്കട’ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥരുമാണ് കില സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുത്തത്. വിഷൻ കാട്ടാക്കടയുടെ പ്രത്യേകത, പദ്ധതിയുടെ സമഗ്രതയാണെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ വികസനം ലക്ഷ്യമിട്ട് എല്ലാ മേഖലകളിലുമുള്ള പുരോഗതിയാണ് പദ്ധതിയെ വേറിട്ട് നിർത്തുന്നതെന്നും മറ്റ് മണ്ഡലങ്ങളിലെ സവിശേഷതകൾക്കനുസരിച്ച് ജനപ്രതിനിധികൾ വിഷൻ കാട്ടാക്കട മാതൃകയാക്കി അവിടങ്ങളിൽ നടപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശുചിത്വമെന്നത് നാടിന്റെ അനിവാര്യതയാണെന്നും മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് സമഗ്ര നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യസംസ്‌കാരണത്തിലും ശുചിത്വത്തിലും കാട്ടാക്കടയ്ക്ക് മാതൃക സൃഷ്ടിക്കാൻ കഴിയുമെന്നും ശില്പശാലയിൽ പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെടുമെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കടയിൽ നടപ്പാക്കുന്ന ലഹരി രഹിത മണ്ഡലത്തിനായുള്ള ‘കൂട്ട് ‘പദ്ധതിയെ മന്ത്രി പ്രശംസിച്ചു. ജനകീയ ജലസംരക്ഷണ പദ്ധതി ജലസമൃദ്ധി, സ്ത്രീ സൗഹൃദ മണ്ഡലത്തിനായുള്ള ഒപ്പം, മയക്കുമരുന്ന രഹിത മണ്ഡലത്തിനായുള്ള കൂട്ട്, കാർബൺ തുലിതത്തിനായുള്ള കാർബൺ ന്യൂട്രൽ കാട്ടാക്കട, സംരംഭക സൗഹൃദമണ്ഡലത്തിനായുള്ള കെ.ഐ.ഡി.സി, സമഗ്രവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള കാട്ടാൽ എഡ്യൂകെയർ തുടങ്ങിയ പദ്ധതികളുടെ അവലോകനവും അടുത്ത മൂന്ന് വർഷത്തെ പദ്ധതികളുടെ നടത്തിപ്പുമാണ് ശില്പശാലയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ചർച്ചയിൽ ഉരുതിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ‘വിഷൻ കാട്ടാക്കട ‘ എന്ന പേരിൽ പദ്ധതി രേഖ തയാറാക്കും. വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ശില്പശാലയിൽ ജലസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് തയാറാക്കിയ റിപ്പോർട്ടിന്റെയും കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് സി-ഡിറ്റിന്റെ സഹായത്തോടെ തയാറാക്കിയ വീഡിയോ സി.ഡിയുടെയും പ്രകാശനവും നടന്നു. ‘ജലസമൃദ്ധി വിലയിരുത്തൽ’ റിപ്പോർട്ട് സിഡിസി ഡയറക്ടർ സി.വീരമണിക്ക് നൽകിയും ‘ജലസമൃദ്ധി ഏഴ് വർഷങ്ങൾ ‘ വീഡിയോ സി.ഡി, സി-ഡിറ്റ് ഡയറക്ടർ ജി.ജയരാജിന് നൽകിയും മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. മനസിലാണ് വികസനം ആദ്യ ഉണ്ടാകേണ്ടതെന്ന് അധ്യക്ഷനായിരുന്ന ഐ.ബി സതീഷ് എം.എൽ.എ പറഞ്ഞു. കാർബൺ ന്യൂട്രൽ കാട്ടാക്കട ഉൾപ്പെടെയുള്ള പദ്ധതികൾ വിജയത്തിലെത്തിക്കാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. വിഷൻ കാട്ടാക്കട ലക്ഷ്യമിടുന്നത് വിദ്യാർത്ഥി സമൂഹത്തെയാണെന്നും വിദ്യാർത്ഥികളിലെത്തുന്ന ആശയങ്ങളാണ് നാളത്തെ യാഥാർത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, കാട്ടാക്കട, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ, മലയിൻകീഴ്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ, വിവിധ വകുപ്പുകളുടെ നിർവഹണ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അത്തപ്പൂക്കളത്തിന് നിറച്ചാർത്തേകാൻ ഇത്തവണയും കാട്ടാക്കട മണ്ഡലത്തിൽ നിന്ന് പൂക്കളെത്തും. ഓണത്തിന് മുന്നോടിയായി കാട്ടാക്കട മണ്ഡലത്തിൽ നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി ആരംഭിച്ചു. തുടക്കമെന്ന നിലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ നാലര ഏക്കറിൽ ആരംഭിച്ച പുഷ്പ കൃഷി ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത് മണ്ഡലത്തിൽ ആരംഭിച്ച നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി വിജയകരമായിരുന്നു. കാട്ടാക്കട മണ്ഡലത്തിൽ വിളയിച്ച പൂക്കൾക്ക് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരുണ്ടായിരുന്നു. കർഷകർക്കും മികച്ച വരുമാനമാണ് ഇതിൽ നിന്നും ലഭിച്ചത്. പള്ളിച്ചൽ പഞ്ചായത്തിൽ മാത്രം ഇത്തവണ 25 ഏക്കറിൽ പുഷ്പകൃഷി നടത്താനാണ് ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച്ചകളിൽ തന്നെ മറ്റു പഞ്ചായത്തുകളിലും പുഷ്പകൃഷി ആരംഭിക്കും. കുറഞ്ഞത് 50 ഏക്കറിലെങ്കിലും ഇത്തവണ പുഷ്പകൃഷി ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. ഇതിനായി കൃഷി വകുപ്പിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വിത്തുകളും തൈകളും ലഭ്യമാക്കും. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ PMKSY പദ്ധതിയിലൂടെ 50000 തൈകൾ ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, കൃഷിവകുപ്പ്, നേമം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ ഇവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജല സമൃദ്ധി മുതൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടക്കുന്ന പദ്ധതികളുടെ തുടർച്ച കൂടിയാണിതെന്നും എം.എൽ.എ അറിയിച്ചു.
കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം പ്ലാവിൻ തൈകൾ നട്ടു തുടങ്ങുന്ന പ്രവർത്തനത്തിന് തുടക്കമായി. നാടാകെ പ്ലാവ് എന്ന് പേരിട്ട പദ്ധതി മാറനല്ലൂർ കൊറ്റംപള്ളിയിൽ പ്ലാവിൻ തൈ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 110000 പ്ലാവിൻ തൈകൾ ഇതിനായി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലേക്കായി എത്തിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വീടുകളിലുമായി കുടുംബശ്രീയുടെയും കൃഷി ഭവനുകളുടെയും നേതൃത്വത്തിൽ ഇവ നട്ടുപിടിപ്പിക്കും. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ ഐ.എ.എസ് മുഖ്യാതിഥിയായി. നമ്മുടെ നാട്ടിൽ സുലഭമായ ചക്ക വേണ്ടത്ര ഉപയോഗിക്കുന്നില്ല. ഭക്ഷ്യ സുരക്ഷയിൽ നിർണായക സ്ഥാനമുള്ള ചക്കയുടെ ഔഷധഗുണം പലരും മനസ്സിലാക്കുന്നുമില്ല. ഫലപ്രദമായി വിനിയോഗിച്ചാല്‍ ധാരാളം വരുമാനം നേടിത്തരാന്‍ പ്‌ളാവിന് കഴിയും. പ്‌ളാവിന്റെ പാരിസ്ഥിതിക പ്രാധാന്യവും ചക്കയുടെ മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ വ്യാവസായിക സാധ്യതയും നാം വേണ്ടത്ര ഉപയോഗിക്കാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ പ്ലാവ് കൃഷിയുടെ സാധ്യത തേടുന്നത്. ചില പ്രത്യേക കാലയളവില്‍ മാത്രം ലഭിക്കുന്നതും സൂക്ഷിച്ചു വയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്നതിലെ തടസങ്ങള്‍. കീടനാശിനി പ്രയോഗിച്ചു അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു എത്തിക്കുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനു പകരം ശാസ്ത്രീയമായി സംസ്കരിച്ചാൽ ഭക്ഷണാവശ്യത്തിന് എന്നും ചക്ക ഉപയോഗിക്കാൻ കഴിയും. കയറ്റുമതിക്ക് കഴിയുന്ന വിധത്തിൽ സംരഭമായി വികസിപ്പിക്കാൻ സർക്കാർ സഹായങ്ങളും ലഭിക്കും.
ചക്കയിൽ നിന്ന് മൂല്യ വർദ്ധിത ഉൽപനങ്ങൾ ഉൽപാദിപ്പിക്കുന്ന സംരംഭങ്ങള്‍ ആരംഭിച്ചു വ്യാവസായികമായി ചക്ക ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നൽകും. പരമ്പരാഗത അറിവുകളും ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി ചക്കയുടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ തൊഴിൽ സംരംഭമായി ആരംഭിക്കാൻ കാട്ടാൽ ഇൻഡസ്ട്രീയൽ കൗൺസിൽ സഹായം നൽകുമെന്നും ഐ ബി സതീഷ് എം എൽ എ അറിയിച്ചു.
ജൂൺ 5: ലോക പരിസ്ഥിതി ദിനം. ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ആവാസവ്യവസ്ഥ പുന:സ്ഥാപിക്കുക എന്നതാണ്. ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി കാട്ടാക്കട മണ്ഡലത്തെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടത് . രണ്ടു വ്യത്യസ്‍തവും സന്തോഷവുമുള്ള പ്രവർത്തനങ്ങളിൽ എനിക്കും പങ്കാളിയാകാനായി. മണ്ഡലത്തിൽ 100 മിയാവാക്കി വനങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് രാവിലെ മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കരയിൽ 3 സെന്റിൽ പ്ലാവ്, റമ്പൂട്ടാൻ, താന്നി, കുരങ്ങൻ മൈലാഞ്ചി, അശോകം എന്നിവയുടെ തൈകൾ നട്ടു കൊണ്ട് ശ്രീ. ഐ.ബി.സതീഷ് എം.എൽ.എ തുടക്കം കുറിച്ചു. സംസ്ഥാന എനർജി മാനേജെന്റ് സെന്റർ തയ്യാറാക്കിയ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ മുഴുവൻ സ്കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് . റിപ്പോർട്ടുകളുടെ പ്രകാശനം ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി നിർവഹിച്ചു.
ത്സാർഖണ്ഡിൽ നിന്നുള്ള എംഎൽഎ പ്രതിനിധിസംഘം കേരളത്തിലുണ്ട്. ഇന്നലെ തിരുവനന്തപുരത്തായിരുന്നു അവർ. കാട്ടാക്കട മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അറിയണമെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റിനോട് പറഞ്ഞത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ എങ്ങനെയാണ് ജലസമൃദ്ധിയുടെ വിജയത്തിന് കാരണമായത് എന്നതായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയംഭരണാവകാശം ഉപയോഗിച്ചാൽ നിയമസഭാംഗങ്ങൾക്ക് പ്രസക്തി നഷ്ടമാകില്ലേ എന്ന ആശങ്ക കലർന്ന സംശയമാണവർക്കുണ്ടായതെന്ന് തോന്നി. ആമുഖ പ്രസംഗത്തിലൂടെ ഞാനും സ്വാഗത പ്രസംഗത്തിലൂടെ ഭൂവിനിയോഗ കമ്മീഷണർ നിസാമുദീൻ സാറും ഏകോപനത്തിന്റെയും സഹകരണത്തിന്റെയും വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു. സംശയങ്ങൾക്ക് മറുപടി പറഞ്ഞിരിക്കവേയാണ് ശ്രീ.തോമസ് ഐസക് എത്തിയത്. പിന്നീട് ജനകീയ ആസൂത്രണത്തിന്റെ നാൾവഴികളിലൂടെ ത്സാർഖണ്ഡ് സംഘം യാത്ര തുടങ്ങി. ജീവനുള്ള ചോദ്യങ്ങളും കൃത്യതയാർന്ന ഉത്തരങ്ങളുമായി സമയം പോയതറിഞ്ഞില്ല. കാട്ടാക്കട മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്കൊപ്പം ടീം കാട്ടാക്കട അഭിമാനപൂർവം ഝാർഖണ്ഡ് സംഘത്തിന്റെ മുന്നിൽ ജലസമൃദ്ധി മുതൽ നടക്കാൻ പോകുന്ന നിക്ഷേപക സംഗമം വരെയുള്ള പ്രവർത്തനങ്ങൾ വരച്ചുകാട്ടി.
കേരള വാട്ടർ അതോറിറ്റി, ജലനിധി, Kwrsa കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മണ്ഡലത്തിലെ 40000 കിണറുകൾ ജല ഗുണ പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ന് പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ 20000 കിണറുകളിൽ നിന്നുള്ള ജലം പരിശോധിക്കും. ഇതിന് മുമ്പ് 2017 ലാണ് ജല ഗുണനിലവാര പരിശോധന നടന്നത്.
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2019 ജൂലൈ 11ന് വിളപ്പിൽ പഞ്ചായത്തിലെ ചെക്കിട്ടപ്പാറ മുതൽ വിട്ടിയം വരെയുള്ള കൊല്ലകോണം തോടിൽ ജലസേചന വകുപ്പിലേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലേയും ഉദ്യോഗസ്ഥർക്കും, നാട്ടുകാർക്കുമൊപ്പംഒരു നീർത്തടയാത്ര സംഘടിപ്പിച്ചിരുന്നു…
അന്ന് നീർത്തടയാത്ര കാവുനട വൈപ്പറമ്പ് എന്ന സ്ഥലത്ത് എത്തുബോൾ ഭിന്നശേഷിക്കാരായ രണ്ടു പേരെ കാണാനിടയായി…
തോടിന്റെ മറുകരയിൽ താമസിക്കുന്ന അവർ തോടിനിപ്പുറമുള്ള റോഡിൽ പ്രവേശിക്കുന്നത് നൂൽപാലം എന്നൊക്കെ പറയാറുള്ള പോലെ രണ്ട് ചെറിയ തെങ്ങിൻതടികൾ കൂട്ടിക്കെട്ടിയ പാലത്തിലൂടെയാണ്…
കഴിയുമെങ്കിൽ ഒരു ചെറു പാലം തോടിന് കുറുകേ സാധ്യമാക്കണം… അതായിരുന്നു അന്ന് കണ്ടപ്പോൾ അവർ ആവശ്യപ്പെട്ടിരുന്നത്…
തുടർന്ന് നടത്തിയ ഇടപെടലുകളുടെ ഫലമായി ജലസേചന വകുപ്പ് മുഖേന അവിടെ ഒരു ചെറു പാലം നിർമ്മിക്കുക എന്നത് സാധ്യമായി വരുന്നു…
നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ഇന്ന് സ്ഥലം സന്ദർശിച്ചു…
ജലസമൃദ്ധി സുപ്രധാനമായ അടുത്ത ഘട്ടങ്ങളിലേക്ക്…
സ്വാഭാവിക പ്രയാണത്തിലേക്ക്…
അപ്രതീക്ഷിത വേഗത്തിലാണ് ഭൂഗർഭ ജലനിരപ്പും ജനങ്ങളുടെ പ്രതികരണവും ആവേശകരമായൂർന്നത്…
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം വഴി ഉണ്ടായ ഉണർവാണത്…
സ്കൂൾ വിദ്യാർത്ഥികൾ മുതൽ വയോജനങ്ങൾ വരെ അറിവും പ്രയോഗവും കൊണ്ടൊരുമിച്ചു…
സമ്പൂർണ കിണർ റീചാർജിംഗ് ഉയർത്തിക്കാട്ടിയ ലക്ഷ്യമായിരുന്നു…
എന്നാൽ പ്രായോഗിക തടസങ്ങൾ…
ഓരോ വ്യക്തികളും അവരുടെ കിണറുകൾ റീചാർജ് ചെയ്യുന്നതിന്റെ പരിമിതി പ്രായോഗിക ബുദ്ധിമുട്ടുകൾ… എന്നാലിപ്പോൾ അതിനൊരു പരിഹാരമായിരിക്കുന്നു…
ഒരു വാർഡ് യൂണിറ്റായി പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി സമ്പൂർണ കിണർ റീചാർജ് ലക്ഷ്യം കൈവരിക്കാൻ തുടങുന്നു…
ആദ്യ ഘട്ടം മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്റ്മാർ പ്രതിനിധാനം ചെയ്യുന്ന വാർഡുകളിൽ 2021 കഴിയുമ്പോഴേക്കും പൂർണമായി റീചാർജിംഗ്…
തുടർന്ന് എല്ലാ വാർഡുകളും…
കോയിക്കൽ കുളത്തിന് 76 സെന്റ് വിസ്തീർണമുണ്ടായിരുന്നു… ആമ്പൽ പൂക്കൾ പറിക്കാൻ കുളത്തിലിറങ്ങിയ പഴയ കാലമോർത് കൊണ്ടാണ് പലരും ഗൃഹാതുരത്വമുണർത്തി വർത്തമാനം പറഞ്ഞത്. കാലാന്തരത്തിൽ കളവാഴ കൊണ്ടും എങ്ങനെയോക്കെയോ നികന്നു പോയ കുളമാണ്… ആ കുളം പുനർജനിക്കാൻ പോകയാണ്… ജില്ലാ കളക്റുമൊത്ത് കുളം നിർമ്മാണത്തിന് തുടക്കം കുറിച്ചു… ഒപ്പം ആയിരം വീടുകൾ കിണർ റീചാർജു ചെയ്യുന്നു… വറ്റാത്ത ഉറവക്കായി ജല സമൃദ്ധി പദ്ധതി കൂടുതൽ കൂടുതൽ സ്വീകാര്യമാകയും … കൂടുതൽ പദ്ധതികൾക്ക് തുടക്കം കുറിക്കയും ചെയ്യുന്നു.
കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ലോക തണ്ണീർത്തട ദിനത്തിൽ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു. പേയാട് സെന്റ് സേവിയേഴ്സ് സ്കൂളിൽ വച്ച് ജലക്ലബുകളുടെ മണ്ഡലംതല ഉദ്ഘാടനം എം.എൽ.എ ഐ.ബി സതീഷ് നിർവ്വഹിച്ചു. ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ്ജ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് വിദ്യാർത്ഥികൾ ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടിലെ ആബാലവൃത്തം ജനങ്ങൾക്കുമൊപ്പം വിദ്യാർത്ഥികളുടെ പങ്കാളത്തവും ശ്രദ്ദേയമായിരുന്നു. പുഴ നടത്തം, ജലസ്രോതസ്സുകളെ അടുത്തറിയൽ, മരങ്ങൾ നടൽ തുടങ്ങിയവയോടൊപ്പം ക്രിസ്തുമസ് അവധിക്കാല എൻ.എസ്.എസ്. ക്യാമ്പുകളെ ജലസമൃദ്ധി പദ്ധതിയുമായി ബന്ധിപ്പിച്ചപ്പോൾ കുട്ടികൾക്ക് പുതിയൊരു അനുഭവമാണ് പകർന്നു നൽകിയത്. ഇതിന്റെ ചുവടുപിടിച്ചു സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി ജലപാർലമെന്റ്, പഞ്ചായത്തുകളിൽ ജലഅസംബ്ലികൾ, സാഹിത്യ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു. ജനീവയിൽ നടന്ന ലോക പുനർനിർമ്മാണ കോൺഫറൻസ്സിൽ ജലസമൃദ്ധി പദ്ധതിയിൽ വിദ്യാർത്ഥികൾ വഹിക്കുന്ന പങ്കിനെ പ്രത്യേകം പരാമർശിക്കപ്പെട്ടത് വിദ്യാർഥി സമൂഹത്തിനുള്ള അംഗീകാരമാണ്. വിദ്യാർത്ഥികളെ ജല സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി നമുക്കും വരുംതലമുറയ്ക്കും ആവശ്യമായ ജീവജലം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടുതൽ മെച്ചപ്പെട്ട നിലയിൽ സംഘടിപ്പിക്കുന്നതിനാണ് സ്കൂളുകളിൽ ജലക്ലബുകൾ രൂപീകരിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു. ഓരോ സ്കൂളിലും ഒരു ടീച്ചർ കോർഡിനേറ്റർ, നാല് വിദ്യാർത്ഥി കോർഡിനേറ്റർമാർ, ഒരു ഡിവിഷനിൽ നിന്ന് ഒരു വിദ്യാർതിഥി പ്രതിനിധി എന്ന തരത്തിലാണ് ജലക്ലബുകൾ രൂപീകരിച്ചത്. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ കലണ്ടർ തയ്യാറാക്കുക, നിയോജക മണ്ഡലത്തെ ഹരിതാഭമാക്കുന്നതിന് പരമാവധി മരങ്ങൾ വെച്ച് പിടിപ്പിക്കുക. എല്ലാ സ്കൂളുകളിലും ഒരു വിദ്യാവനം നിർമ്മിക്കുക, നിലവിലുള്ള പച്ചത്തുരുത്തുകളുടെയും കാവുകളുടെയും സ്ഥിതി വിശകലനം ചെയ്തു അവയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക, എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തം പറമ്പിൽ വീഴുന്ന മഴവെള്ളം ശേഖരിക്കുക, ഇതിനായി മഴക്കുഴികൾ, തെങ്ങിന് തടമെടുക്കൽ, തട്ടുതിരിക്കൽ എന്നിവ അവലംബിക്കും. എല്ലാ വീടുകളും കിണർ റീചാർജിങ് നടത്തുന്നതിന് വിദ്യാർത്ഥികൾ മുൻകൈ എടുക്കുക, സ്കൂളിൽ സ്ഥലം ലഭ്യമാണെങ്കിൽ ജൈവ പച്ചക്കറി തോട്ടം ഔഷധ തോട്ടം പൂന്തോട്ടം എന്നിവ നിർമ്മിക്കുക, സ്കൂളുകൾ ഹരിത വിദ്യാലയങ്ങളാക്കുക, മാലിന്യ സംസ്കരണം, പച്ചക്കറി കൃഷി, ജല സംരക്ഷണം എന്നിവ നടപ്പാക്കുക, ആദ്യഘട്ടമായി എല്ലാ സ്കൂളുകളും പ്ലാസ്റ്റിക് വിമുക്തമാക്കുക, ജലക്ലബ്ബുകളുടെ സഹായത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുക, ഒരു മാസം ഒരു പ്രവർത്തനം എന്ന രീതിയിൽ വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക, കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവയൊക്കെയാണ് ജല ക്ലബുകളുടെ പ്രധാന പ്രവർത്തന ലക്ഷ്യങ്ങളാക്കേണ്ടതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നേമം വിക്ടറി വി.എച്ച്.എസ്.എസിലെ ജലക്ലബ് ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മറ്റ് സ്കൂളുകളിൽ ജനപ്രതിനിധികൾ, റിസോഴ്സ് പേഴ്സൺമാർ, സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽമാർ എന്നിവർ ജല ക്ലബുകൾ ഉദ്ഘാടനം ചെയ്തു.
അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നവീകരിക്കപ്പെട്ട കുളങ്ങളിലെ ജലഗുണനിലവാര പരിശോധന നടത്തുന്നതിന്റെ ജില്ലാതല ഉൽഘാടനം കാട്ടാക്കട മൈലാടി കുളത്തിന്റെ പരിസരത്ത് വച്ച് ഇന്ന് നിർവ്വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ശ്രീ.ജെറോമിക് ജോർജ് ഐ.എ.എസ് മുഖ്യാതിഥി ആയിരുന്നു. ജല ഗുണനിലവാര പരിശോധനയ്ക്കുള്ള ജലം ജില്ലാ കളക്ടർ ഏറ്റുവാങ്ങി CWRDM ലെ സയന്റിസ്റ്റ് ഡോ.ശ്രുതിക്ക് കൈമാറി.
ജലസമൃദ്ധി നിന്ന് ജൈവസമൃദ്ധി എന്ന ലക്ഷ്യവുമായി രണ്ട് വർഷം മുൻപ് ആമച്ചൽ നാഞ്ചലൂർ ഏലായിലെ 50 ഹെക്ർ പ്രദേശത്ത് നെൽകൃഷി ആരംഭിക്കുന്നതിന് തീരുമാനിച്ചപ്പോൾ കർഷകർ പങ്ക് വച്ച പ്രധാന ആശങ്ക നെൽകൃഷിക്കുള്ള ജല ലഭ്യതയില്ലായ്മയെ പറ്റിയായിരുന്നു. ഒരു കാലത്ത് നാഞ്ചല്ലൂർ ഏലായെ നനവണിയിച്ചിരുന്നത് നെയ്യാറിനടുത്തുള്ള പായിത്തല കുളമായിരുന്നു. പക്ഷേ ക്രമേണ വേനലിൽ കുളം വറ്റുന്ന സ്ഥിതിയുണ്ടായി. നാഞ്ചല്ലൂർ ഏലായിലെ നെൽകൃഷിയും അന്യമായി. നെൽകൃഷി വീണ്ടെടുക്കാനുള്ള ആലോചനകൾ. പായിത്തല കുളത്തിൽ വെള്ളം ഉറപ്പിക്കാമെങ്കിൽ കൃഷിക്ക് തയ്യാറെന്ന് കർഷകർ. അങ്ങനെ നെയ്യാറിൽ നിന്ന് ലിഫ്റ്റ് ഇറിഗേഷൻ സംവിധാനം വഴി പായിത്തല കുളത്തിൽ വെള്ളമെത്തിക്കുക എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ. കഴിഞ്ഞ വർഷം അത് യാഥാർത്ഥ്യമായി. അന്ന് ഉദ്ഘാടനത്തിനെത്തിയ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിനോട് കർഷകർ പങ്കു വച്ച മറ്റൊരു ആശങ്ക, ഒഴുകി പരക്കുന്ന നെയ്യാറിൽ വേനലിൽ ജല ലഭ്യതക്കുറവുണ്ടായാലോ എന്നതായിരുന്നു. അന്ന് മന്ത്രി അവിടെ വച്ച് തന്നെ അതിന് പരിഹാരം നിർദ്ദേശിച്ചു. നെയ്യാറിൽ ഒരു ചെക്ക്ഡാം. ഒഴുകിപരക്കുന്ന വെള്ളത്തെ തടഞ്ഞു നിർത്താം ചെക്ക്ഡാമിലൂടെ. ആ നിർദ്ദേശത്തെ കർഷകർ അന്ന് ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിച്ചത്. നിർദ്ദേശം മാത്രമല്ല ചെക്ക്ഡാം നിർമ്മിക്കുമെന്ന ഉറപ്പും നൽകിയാണ് മന്ത്രി അന്ന് മടങ്ങിയത്. ഇന്ന് ആ ചെക്ക്ഡാമിന്റെ നിർമ്മാണോദ്ഘാടനമായിരുന്നു. ലോക ജലദിനമായ മാർച്ച് 22 ന് ചെക്ക് ഡാം പൂർത്തീകരിക്കാനാകുമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ കർഷകർക്ക് ഉറപ്പു നൽകി. ഇനി നാഞ്ചല്ലൂർ ഏലായിലെ കർഷകർക്ക് ധൈര്യമായി നെൽകൃഷിയിലേക്കിറങ്ങാം. വേനലായാലും മഴക്കാലമായാലും കൃഷിക്കുള്ള ജലം ഉറപ്പ്. ജലസമൃദ്ധിയിൽ നിന്ന് ജൈവസമൃദ്ധിയിലേക്കുള്ള ഒരു ചുവട് കൂടി.
2018 ലെ മികച്ച ഇ-ഗവേണൻസ് വെബ്സൈറ്റുകൾക്കുള്ള കേരള സർക്കാരിന്റെ അവാർഡ് കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റിനായിരുന്നു. ജലസമൃദ്ധി പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും പദ്ധതി വിവരങ്ങളും ഭൂവിനിയോഗ – ജലപരിപാലന രേഖകളും അനുബന്ധ വിവരങ്ങളും ഉൾപ്പെടുന്ന ജലസമൃദ്ധി വെബ്സൈറ്റ് മണ്ഡലത്തിലെ ജലവിഭവ പരിപാലന പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്നതാണ്. ഇന്ന് ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.ശിവൻകുട്ടിയിൽ നിന്ന് ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ സാറും സംഘവും അവാർഡ് ഏറ്റുവാങ്ങി.
കേരളത്തിൽ ആദ്യമായി ഒരു മണ്ഡലത്തിലെ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് കാലാവസ്ഥാ കേന്ദ്രങ്ങൾ സജ്ജമാക്കിയത് നമ്മുടെ കാട്ടാക്കട നിയോജക മണ്ഡലത്തിലാണ്. ജലസമൃദ്ധി പദ്ധതിക്ക് പൊതുജന സേവന രംഗത്തെ നവീന ആശയങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡിനൊപ്പം ലഭിച്ച ക്യാഷ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലേയും ഓരോ സ്കൂളിൽ വീതം 2020 ൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്…
താപനില, ഈർപ്പം, മർദ്ദം, കാറ്റിന്റെ ദിശ, വേഗത, മഴ എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾക്കൊപ്പം ഒരു റെയിൻ ഗേജ്, സെൻസർ ഡാറ്റ വായിക്കുകയും ടെലിമെട്രി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കൺട്രോളർ ഹബ്, ഡാറ്റ മാനേജുമെന്റിനും ദൃശ്യവൽക്കരണത്തിനുമുള്ള ഒരു ക്ലൗഡ്/വെബ് പ്ലാറ്റ്ഫോം എന്നിവയാണ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ളത്. ഇത്തരത്തിൽ സജ്ജമാക്കിയ ആറ് സ്റ്റേഷനുകളുടെയും ഏകോപനത്തിനായി 4 ജി ബാക്ക്ഹോളിൽ പ്രവർത്തിക്കുന്നതും 20 കിലോമീറ്റർ വരെ ആകാശ ദൂരം കണക്ടിവിറ്റിയുള്ളതുമായ ഒരു ലോറവാൻ ഗേറ്റ് വേ ശാസ്താംപാറയിൽ താൽകാലികമായി സ്ഥാപിച്ചിട്ടുണ്ട്. ലോറവാൻ വഴി സെർവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഗ്രാഫിക് ഡിസ്പ്ലേ ലഭ്യമാക്കുന്ന ഒരു ഓൺലൈൻ ഡാറ്റ വിഷ്വലൈസേഷൻ വെബ്സൈറ്റും ഇതിനോടകം തയ്യാറാക്കിയിരുന്നു. ലഭ്യമായ ഡാറ്റ കാണാനും റെക്കോർഡു ചെയ്ത ഡാറ്റയുടെ വിശകലനം നടത്താനും ഓരോ 15 മിനിറ്റ് ഇടവേളകളിലും ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധ്യമാകും. ഇന്നിതാ ലോറവാൻ ഗേറ്റ് വേകൾ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിന് തീരുമാനമുണ്ടായിരിക്കുന്നു. ഒരു ജില്ലയിൽ ഒരു സ്ഥിരം ലോറവാൻ ഗേറ്റ് വേ. എല്ലാ ജില്ലകളുടെയും പ്രാദേശിക കാലാവസ്ഥ ഇനി വിരൽതുമ്പിൽ ലഭ്യമാകും. സംസ്ഥാനത്തെ ആദ്യ സ്ഥിരം ഗേറ്റ് വേ കാട്ടാക്കട മണ്ഡലത്തിൽ.വിളപ്പിൽശാല ശാസ്താംപാറയിൽ.
കരമനയാറും നെയ്യാറും അതിർത്തി പങ്കിടുന്ന ആറ് പഞ്ചായത്തുകൾ. കാട്ടാക്കട മണ്ഡലം. ഡോ.വേണു രാജാമണിയുടെ സന്ദർശനം കൂടി കഴിഞ്ഞപ്പോ,ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അന്വേഷണങ്ങൾ. ജലസമൃദ്ധിയെ സംബന്ധിച്ച്.
അതൊരു മിഷനാണ്. അതിന്റെ പിന്നിൽ നീണ്ടു നിന്ന ശാസ്ത്രീയ പഠനങ്ങളും തയ്യാറെടുപ്പുമുണ്ട്. കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ അടിസ്ഥാന രേഖയായി വർത്തിക്കുന്നത് ജലവിഭവ പരിപാലന രേഖയാണ്. ഉപഗ്രഹ ചിത്രങ്ങളുടെ അപഗ്രഥനത്തിലൂടെയും ഫീൽഡ് പരിശോധനകളുടെയും അടിസ്ഥാനത്തിൽ മണ്ഡലത്തിലെ ജലവിഭവങ്ങളെ സംബന്ധിച്ച സ്ഥലപരമായ വിവര ശേഖരണമാണ് ഇതിൽ ലഭ്യമായിട്ടുള്ളത്. പദ്ധതി പ്രവർത്തനങ്ങൾ ശാസ്ത്രീയമായി തിരഞ്ഞെടുത്ത് നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളുടെ സംയോജനം സാധ്യമാക്കുന്നതിനും ഇത് വലിയ സഹായകമായി മാറിയിട്ടുണ്ട്. കൂടാതെ നടത്തിയ മുഴുവൻ പ്രവർത്തനങ്ങളും സ്ഥലപരമായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ സ്ഥല സന്ദർശനത്തിന് എത്തുന്നവർക്ക് ഈ ഭൂപടം സ്വയം സംസാരിക്കുന്ന രേഖയായും പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനുള്ള വഴികാട്ടിയായും പ്രവർത്തിക്കുന്നു. സ്ഥലപര ആസൂത്രണത്തിന്റെയും പുരോഗതി നിരീക്ഷിക്കുന്നതിന്റെയും ഡോക്യൂമെന്റഷന്റെയും മികച്ച മാതൃകയായി കൂടി കാട്ടാക്കട മാറിയിരിക്കുന്നു.സംസ്ഥാന ഭൂവിനിയോഗ ബോർഡ് സാങ്കേതിക പിൻബലം നൽകി മാതൃകയാകുന്നുവെന്നതും പദ്ധതിയുടെ പ്രത്യേകത.
ഡോ.വേണു രാജാമണി നെതർലാന്റിലെ ഇന്ത്യൻ അമ്പാസിഡറായിരിക്കെയാണ് ജല സംരക്ഷണ മേഖലയിലെ വിദഗ്ധർ വഴി കാട്ടാക്കടയെ അറിയുന്നത്. ജലസമൃദ്ധിയെ അറിയുന്നത്. പ്രളയങ്ങളെ അതിജീവിച്ചുയർന്ന ജനത. ജലസാക്ഷരതയെ ജീവപാഠമാക്കിയ നാട്ടിലെ ഒരു അക്കാദമിക് സെഷനിൽ വച്ച് ഡോ.പോൾവാൻമീൽ എന്ന ഡച്ച് ഡിസാസ്റ്റർ ഡിഡക്ഷൻ ടീം ലീഡർന്റെ വാക്കുകൾ അദ്ദേഹത്തെ അതിശയിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകത്തിലൊരു അധ്യായം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധിയായി. കുറെ കാലത്തെ പാഴായ പ്ലാനിംഗിനൊടുവിൽ അദ്ദേഹം ഇന്ന് മണ്ഡലത്തിലെത്തി.കേട്ടറിഞ്ഞതിന്റെ സാംഗത്യം കണ്ടറിയാൻ…
കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ അടുത്തറിയാൻ…
കില UNEP സഹായത്തോടെ നടപ്പിലാക്കി വരുന്ന ecoDRR പദ്ധതി ദേശവ്യാപകമായി നടപ്പിലാക്കുന്നതിനായി സംഘടിപ്പിച്ച ദ്വിദിന പരിശീലനത്തിൽ പങ്കെടുക്കുന്ന ചത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഒഡിഷ, കർണാടക, തമിഴ്നാട്, തെലുങ്കാനാ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ പദ്ധതിയുടെ UNEP പ്രോജക്ട് കോർഡിനേറ്റർ ആയ ലഡാക്ക് സ്വദേശി ശ്രീ. മുഹമ്മദ് ഹസ്നേയിന്റെ നേതൃത്വത്തിൽ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കുറച്ച് നേരം അവർക്കൊപ്പം ഇന്ന് ചിലവഴിക്കാനായി…
കില ഫാക്കൽറ്റികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്നദ്ധ സംഘടന പ്രതിനിധികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഓരോ സ്ഥലത്തും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സംഘത്തിന് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു…
രാവിലെ നടന്ന സെഷനിൽ പദ്ധതിയുടെ വിവിധ ഘട്ടങ്ങളും കൈവരിച്ച നേട്ടങ്ങളും സ്ഥലപര സാങ്കേതിക വിദ്യകളുടെ സാധ്യതയുമെല്ലാം ഭൂവിനിയോഗ ബോർഡ് കമ്മിഷണർ നിസാമുദീൻ സാറും സംഘവും അവതരിപ്പിച്ചു…
രാവിലത്തെ സെഷനും തുടർന്നുള്ള ഫീൽഡ് സന്ദർശനവും പദ്ധതിയെ വളരെ അടുത്തറിയാൻ കഴിഞ്ഞുവെന്ന സന്ദർശക ടീമിന്റെ വിലയിരുത്തൽ ടീം ജലസമൃദ്ധിയുടെ കൂട്ടായ്മയുടെ വിജയമായി കാണുന്നു…
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടായ്മയുടെ, സംയോജനത്തിന്റെ, ജനകീയതയുടെ ഈ മാതൃക നടപ്പിലാക്കാൻ കഴിയട്ടെ…
ഒപ്പം ജലസമൃദ്ധിയുടെ അടുത്ത ഘട്ടത്തിനായുള്ള പ്രായോഗിക പ്രവർത്തനങ്ങളുമായി നമുക്കും മുന്നേറാം…
നമുക്കായ്… നാളെക്കായ്…
വരുംതലമുറയ്ക്കായ്…
ജലസമൃദ്ധി…
കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമുദ്ധി പദ്ധതിയുടെ അടുത്തഘട്ട പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് കളക്ടറേറ്റിൽ യോഗം ചേർന്നു. ജലവിഭവ വകുപ്പ്, ഭൂജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ജൈവ വൈവിധ്യ ബോർഡ്, സാമൂഹിക വനവത്കരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ശുചിത്വ മിഷൻ, കൃഷി വകുപ്പ്, സാമ്പതിക സ്ഥിതി വിവര കണക്ക് വകുപ്പ് എന്നീ വകുപ്പുകൾ പദ്ധതിയുമായി ബന്ധപ്പെട്ട കഴിഞ്ഞകാല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടര്‍ന്ന് ഏറ്റെടുക്കാനുള്ള പ്രവര്‍ത്തികളെ സംബന്ധിച്ച് രൂപം നൽക്കുകയും ചെയ്തു. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നെയ്യാറിൽ നിർമ്മിക്കുന്ന തടയണയുടെ ടെണ്ടര്‍ നടപടികള്‍ അടുത്ത മാസം ആരംഭിക്കും. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ വിഴവൂരില്‍ അണപ്പാട് തോടില്‍ നിര്‍മ്മിച്ച തടയണയുടെയും നവീകരിച്ച വേങ്കൂര്‍ കുളത്തിന്റെയും ഉദ്ഘാടനം അടുത്ത മാസം നടത്തുന്നതിന് തീരുമാനിച്ചു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തീരം ഇടിഞ്ഞ നെയ്യാറിന്റെ ഭാഗം സ്ഥലം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂജല വകുപ്പിന്റെ നേതൃത്വത്തില്‍ ശാസ്താംപാറയിലെ സൈറ്റിൽ വെള്ളം ലഭ്യമാക്കുന്നതിന് ഇന്നൊവേറ്റീവ് പ്രൊപോസൽ തയ്യാറാക്കുന്നതിനും മുകളിൽ നിന്നും വെള്ളം കോൺക്രീറ്റ് ചാൽ വഴി താഴെ കളക്ഷൻ ടാങ്കിൽ എത്തിക്കുന്നതിനും ഹാർവെസ്റ്റിംഗ് സ്ട്രക്ചർ നിർമ്മിക്കുന്നതിന്റെയും സാദ്ധ്യതകൾ പരിശോധിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. മലയിൻകീഴ് സ്കൂളില്‍ സജ്ജീകരിച്ചിട്ടുള്ള വാട്ടർ ടെസ്റ്റിംഗ് ലാബിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റി തയ്യാറാക്കിയ കണക്കുകൾ പ്രകാരം ഭൂഗർഭജല നിരപ്പ് 2017 മുതൽ ക്രമാനുഗതമായി ഉയർത്തിക്കൊണ്ട് വരാൻ കഴിഞ്ഞിട്ടുള്ളതായി യോഗം വിലയിരുത്തി. മണ്ണ് സംരക്ഷ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന 5 ചെറു നീര്‍ത്തട പദ്ധതികള്‍ ഡിസംബര്‍ മാസം കൊണ്ട് പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ ആരംഭിക്കുന്ന 100 ചെറുവനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 5 ചെറുവനങ്ങള്‍ സാമൂഹിക വനവത്കരണ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പിറവി ദിനത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു. ജലസമൃദ്ധി പദ്ധതിയുടെ രണ്ടംഘട്ടത്തിന് തുടക്കം കുറിച്ച് കൊണ്ട് നീര്‍ത്തട യാത്ര നടത്തുന്നതിനും മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും വീടുകളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടുകൂടി കൃത്രിമ ഭൂജല സംപോഷണം നടപ്പിലാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. കാട്ടാക്കട മണ്ഡലം സമ്പൂർണ്ണ കിണർ റീച്ചാർജ്ജിംഗ് നടപ്പിലാക്കിയ മണ്ഡലമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ പ്രചാരണ – പ്രായോഗിക പ്രവർത്തനങ്ങൾ നടത്തും. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കിയ ആമച്ചൽ ഏലയിൽ കൂടുതൽ സ്ഥലം നെൽ കൃഷിയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും ആമച്ചൽ ഏലയിലെ 50 ഏക്കർ പാടത്തേക്കുള്ള സ്പെഷ്യൽ പാക്കേജ് തയ്യാറാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഓണത്തിനോടനുബന്ധിച്ചു തുടങ്ങിയ പൂകൃഷി സ്ഥിരമായി തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചു. മണ്ഡലത്തില്‍ സമ്പൂർണ മാലിന്യ ശുചീകരണ പ്രവർത്തികൾ ഓക്ടോബർ 2 ന് ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇതിനുവേണ്ടിയുള്ള ലഖുലേഖകൾ തയ്യാറാക്കുന്നതിന് ശുചിത്വ മിഷനെ ചുമതലപ്പെടുത്തി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് എന്നിവ ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
അത്തം മുതൽ തിരുവോണം വരെ പൂക്കളമിടാൻ തമിഴ്‌നാടൻ ഗ്രാമങങളെ ആശ്രയിക്കുന്ന പതിവു രീതി തിരുത്തുകയാണ് ഇത്തവണ കാട്ടാക്കട മണ്ഡലം. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ഓണവിപണി ലക്ഷ്യമിട്ട് പൂക്കൾ വിരിഞ്ഞു. പൂക്കളമിടാൻ സ്വയം പര്യാപ്‌തതയുടെ ഓണക്കാലമാണ് ഇത്തവണ കാട്ടാക്കട ലക്ഷ്യമിടുന്നത്. ഇത്തവണ ഓണക്കാലത്ത് കാട്ടാക്കടയിൽ നിന്നും ആരും പൂക്കൾ വാങങാനായി തമിഴ്‌നാട്ടിലെ തോവാളയിലേക്ക് പോകില്ല. ഇത്തവണ കോവിഡ് പ്രതിസന്ധി ബാധിക്കാത്ത ഓണമാകട്ടെയെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. അതു കൊണ്ടു തന്നെ പഴയ രീതിയിൽ ഓണാഘോഷവും പൊടിപൊടിക്കും. അതിനായി മാസങങൾക്കു മുമ്പേ ഐ ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽത്തന്നെ പൂകൃഷി ആരംഭിക്കാൻ തീരുമാനമെടുത്തിരുന്നു. മണ്ഡലത്തിൽ ആറ് പഞ്ചായത്തുകളിലായി പൂകൃഷി പരീക്ഷണമായി ആരംഭിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ ഭൂവിനിയോഗ ബോർഡ് കമീഷണർ എ നിസാമുദീനും മണ്ഡലത്തിലെ കൃഷി ഓഫീസർമാരും സഹകരിച്ചു. ആദ്യഘട്ടമായി 8.5 ഹെക്ടറിൽ കൃഷി ചെയ്യുന്നതിന് സ്ഥലവും കർഷകരെയും കണ്ടെത്തി. ഇതിനു പുറമെ കുടുംബശ്രീ യൂണിറ്റുകളും സ്വയം സഹായ സംഘങ്ങളും പൂകൃഷിയുടെ ഭാഗമായി. വീട്ടമ്മമാർക്കും കർഷകർക്കും ഓണക്കാലത്ത് പൂകൃഷിയിലൂടെ മികച്ച വരുമാനം നേടാൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്‌തതെന്നും ഐ ബി സതീഷ് എംഎൽഎ അറിയിച്ചു. പൂകൃഷി നടത്തിയ സ്ഥലങങളിൽ കഴിഞ്ഞ ദിവസം എംഎൽഎ സന്ദർശനം നടത്തി. മണ്ഡലത്തിൽ തന്നെ പൂക്കച്ചവടക്കാരുമായി സഹകരിച്ച് വിപണനം നടത്തും. എല്ലാ സീസണിലും കർഷകർക്കും വീട്ടമ്മമാർക്കും സ്ഥിരവരുമാനം ഉറപ്പാക്കുന്ന തരത്തിലാൽ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് എംഎൽഎ അറിയിച്ചു.
അനന്തമായ ഈ പ്രപഞ്ചത്തിൽ ജീവന്റെ സ്പന്ദനങ്ങളുള്ള ഒരേയൊരിടം
“നമ്മുടെ വീടായ” ഈ ഭൂമിയാണ്. ഈ ഭൂമിയിലുള്ള നൂറ് കണക്കിന് ജീവജാലങ്ങളിൽ ബുദ്ധിശക്‌തികൊണ്ടും കഴിവുകൊണ്ടും ഇവിടെ അവിചാരിതം വിഹരിക്കുന്നതും ഭൂമിയുടെ സ്വാഭാവികതക്ക് ഏറ്റവുമധികം പോറലേൽപ്പിക്കുന്നതും നമമൾ മനുഷ്യ സമൂഹം തന്നെയാണ്. എല്ലാ മേഖലയിലും മുന്നോട്ട് കുതിക്കുന്ന മനുഷ്യന്റെ ഈ പ്രയാണവും , അവന്റെ ഇടപെലുകളും ഭൂമിയുടെ നിലനിൽപ്പിന് അനുദിനം വിഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നുമാണ് ലോകത്താദ്യമായി 1970 ൽ ഭൗമദിനം ആചരിക്കുന്നത്. അന്ന് അമേരിക്കയിൽ യുനെസ്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭൗമദിനം പിന്നീട് ലോകത്താകമാനമുള്ള പരിസ്ഥിതി പ്രവർത്തകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. എല്ലാ ലോകരാജ്യങ്ങളും ഈ ദിനത്തിൽ “ദൂമിചിന്തകളുമായി” ഭൂമിക്കുവേണ്ടി ഒരുമിച്ചണിനിരക്കുന്നത് ലോകം ഏറെ പ്രതീക്ഷയേതായാണ് നോക്കിക്കാണുന്നത്. “Restore Our Earth” എന്നതാണ് ഈ വർഷത്തെ ഭൗമദിനത്തിന്റെ മുഖവാചകം.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് നമ്മുടെ ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ ഭൂമിയുടെ ഉപരിതലഊഷ്മാവ് ഏകദേശം 4 ഡിഗ്രി സെൽഷ്യസ് എങ്കിലും വർധിക്കും എന്നാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്. ഇത് ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് തന്നെ അപകടകരമായി വന്നേക്കാം. വ്യവസായ ശാലകളിൽ നിന്നും, വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന കാർബൺ വാതകങ്ങളുടെ അന്തരീക്ഷത്തിലുള്ള വർദ്ധനവും, അതിനെ ചെറുക്കുന്നതിനുള്ള പ്രകൃതിയുടെ തന്നെ സ്വാഭാവിക പ്രതിരോധവുമായ വനങ്ങളുടെയും സസ്യാവരണങ്ങളുടെയും ക്രമാതീതമായ കുറവുമാണ് ആഗോളതാപനത്തിന്റെ പ്രധാനകാരണങ്ങൾ. ഭൂമിയുടെ സ്വാഭാവികതയിൻമേലുള്ള ഈ വ്യത്യാനം അതിലധിവസിക്കുന്ന മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നാശത്തിലേക്ക് നയിക്കുവാതിരിക്കുവാനുള്ള കരുതലിന്റെ ഭാഗമായാണ് ലോകരാഷ്ട്രങ്ങൾ ഭൗമവർഷവും(2008) , ഭൗമഉച്ചകോടികളും , കാലാവസ്ഥാ വ്യത്യാനങ്ങളെ ചെറുക്കുന്നതിനുള്ള കരാറുകളിൽ ഏർപ്പെടുന്നതും ഭൗമദിനവുമൊക്കെ ആചരിക്കുന്നതും. ഹോളിവുഡ് ഇതിഹാസം ലിയനാർഡോ ഡികാപ്രിയോ മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ ഇന്ന്പ രിസ്ഥിതി പ്രവർത്തനങ്ങളിൽ തങ്ങളുടെതായ ഗൗരവതരമായ ഇടപെടലുകൾ നടത്തുന്നു.
വളരെ അഭിമാനത്തോടെ പറയട്ടെ ഭൂമിയുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിൽ നമ്മുടെ കാട്ടാക്കടയും അതിന്റെ ഭാഗധേയം നിർവഹിച്ച നാളുകളാണ് കടന്ന് പോയത്. ഭൂമിയുടെ നീരുറവകൾ കെടാതിരിക്കുവായി നമ്മളാവിഷ്കരിച്ച “ജലസമൃദ്ധി” പദ്ധതി അതിലൊന്നായിരുന്നു. ഭൂമിയുടെ നനവും, ഒഴുക്കുള്ള നീർച്ചാലുകളും നിലനിർത്തുവാനും , ഹരിതസമൃദ്ധമായ നാട്ടിൻപുറങ്ങളൊരുക്കി ചുട്ടുപൊള്ളുന്ന “ഭൂമിക്കൊരു കുട ചൂടുവാനും ” നമുക്കതിലൂടെ സാധിച്ചു. ഭൂമിക്കുവേണ്ടിയുള്ള നമ്മുടെ മറ്റൊരു കുട ചൂടലായിരുന്നു ” ലക്ഷം വൃക്ഷം ലക്ഷ്യം ” എന്ന സംരംഭവം. അനുഗ്രഹീതനടൻ ശ്രീ. ജഗതി ശ്രീകുമാറിന്റെ വീട്ടുമുറ്റത്തുനിന്നും പ്രിയ കവി ശ്രീ. മധുസൂദനൻ നായർ സർ ഒരു അത്തിമരത്തൈ നട്ടാണ് പദ്ധതി തുടങ്ങിയത്.
മാറനെല്ലൂരിലെ ജൈവ വൈവിധ്യ പാർക്ക്, ശലഭോദ്യാനം, സ്ക്കൂൾ കുട്ടികൾ ആറ്റിൻതീരത്ത് മുള തൈകൾ നട്ടുപിടിപ്പിച്ചത്..
ഇതെല്ലാം പ്രകൃതിയുടെ പച്ചപ്പ് നിലനിർത്തുന്നതിനുള്ള ചെറിയ പോരാട്ടങ്ങളായിരുന്നു.
ഒരു കാർഷിക തനിമയുള്ള നമ്മുടെ നാടിന്റെ തണ്ണീർത്തടങ്ങളും ജലാശയങ്ങളും സംരക്ഷിക്കുകയാണ് ഈ ഭൗമദിനത്തിലെ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദത്തങ്ങളിലൊന്നെന്ന് തോന്നുന്നു. പ്രാദേശികമായുണ്ടാകുന്ന കാലാവസ്ഥാഭേദങ്ങളെ ചെറുക്കാനും പ്രകൃതിയെ അതിന്റെ തനിമയോടെ നിലനിർത്തുവാനുള്ള ഇന്നിന്റെ പോരാട്ടങ്ങളിൽ എല്ലാവരും ഒപ്പമുണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ ഈ “ഭൂമിചിന്തകൾ ” ഇവിടെ ചുരുക്കട്ടെ..
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി ഒപ്പം, ജൈവസമൃദ്ധി, കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (KIDC), കാർബൺ ന്യൂട്രൽ കാട്ടാക്കട എന്നീ പദ്ധതികളുടെ അവലോകനവും വരും വർഷങ്ങളിൽ ഈ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കു ന്നതിനെക്കുറിച്ചു കൂടിയാലോചിക്കുന്നതിനുമായി മണ്ഡലത്തിലെ ത്രിതല ജനപ്രതിനിധികളുടെയും വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഒരു ഏകദിന ശില്പശാല തിരുവനന്തപുരം വെള്ളയമ്പലത്തുള്ള പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി
നവീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആശയങ്ങൾ രൂപീകരിക്കാൻ ആവശ്യമായ നിർദേശങ്ങൾ ഉയർന്നു വരണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അധ്വാനിക്കാനുള്ള ശേഷി നിലനിർത്താൻ ഉള്ള സാധന സാമഗ്രികളുടെ വിലയാണ് കൂലി എന്നും ഞാനും നീയും കൂടിയാണ് വീട് നയിക്കുന്നത് എന്നൊരു തീരുമാനം ഏറ്റെടുക്കാൻ കഴിയണമെന്നും മന്ത്രി കൂട്ടിചേർത്തു. കാട്ടാക്കട മണ്ഡലം എംഎൽഎ ഐ.ബി.സതീഷ് അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ സ്വാഗതമാശംസിച്ചു. ശാസ്ത്രീയ മാലിന്യ സംസ്കരണത്തെ അടിസ്ഥാനമാക്കി ശുചിത്വമിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് ഭരത്, ജലസമൃദ്ധി – കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതികളെക്കുറിച്ച് ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദീൻ, ഒപ്പം പദ്ധതിയെക്കുറിച്ച് കില റിസർച്ച് അസോസിയേറ്റ് ഡോ. കെ.പി.എൻ.അമൃത, കൂട്ട് പദ്ധതിയെക്കുറിച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നെയ്യാറ്റിൻകര സർക്കിൾ എ.പി.ഷാജഹാൻ, കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കൗൺസിലിനെ സംബന്ധിച്ച് പദ്ധതിയുടെ കോഡിനേറ്റർ ആയ സി.എസ് നിധിൻ ചന്ദ്രൻ, സൗര പദ്ധതിയെക്കുറിച്ച് കെഎസ്ഇബി സൗര പ്രോജക്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.നൗഷാദ് എന്നിവർ വിഷയ അവതരണങ്ങൾ നടത്തുകയുണ്ടായി. മണ്ഡലത്തിലെ മുഴുവൻ വാർഡുകളെയും ഉൾപ്പെടുത്തി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു. മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, മാറനല്ലൂർ പ്രസിഡന്റ് എ.സുരേഷ് കുമാർ, മലയിൻകീഴ് പ്രസിഡന്റ് എ. വത്സലകുമാരി, പള്ളിച്ചൽ പ്രസിഡന്റ് റ്റി.മല്ലിക, വിളപ്പിൽ പ്രസിഡന്റ് ലില്ലി മോഹൻ എന്നിവർ ഗ്രൂപ്പ് ചർച്ചയുടെ ക്രോഡീകരിച്ചുള്ള അവതരണം നടത്തി. മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വിവിധ ജനകീയ പദ്ധതികളുടെ തുടർന്നുള്ള നിർവ്വഹണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത ചർച്ചയും സംഘടിപ്പിച്ചു. ശില്പശാലയിലെ ചർച്ചകളിലൂടെ ഉയർന്ന് വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് തുടർ പ്രവർത്തനങ്ങൾ വിശദമാക്കുന്ന പദ്ധതി രേഖ തയ്യാറാക്കുമെന്നും അതിന്റെയടിസ്ഥാനത്തിലാകും തുടർ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയെന്നും ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
വിളപ്പിൽ പഞ്ചായത്തിലെ കാരോട് വാർഡിലെ ഉയർന്ന പ്രദേശമാണ് കടമ്പുപാറ. കാട്ടാക്കട മണ്ഡലത്തിലെ പ്രധാന ഗ്രാമീണ ടൂറിസം കേന്ദ്രമായ ശാസ്താംപാറ യ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രകൃതിരമണീയമായ കടമ്പുപ്പാറ. സാഹസിക ടൂറിസം ഉൾപ്പടെ അനേകം ടൂറിസം സാധ്യയുള്ള ഉയർന്ന പ്രദേശം. ഇവിടുത്തെ ജനങ്ങൾ നേരിട്ട പ്രധാന പ്രശ്നം സ്വാഭാവിക ജലസ്രോതസുകളുടെ അഭാവമായിരുന്നു. ഇന്ന് അതിന് പരിഹാരമായി. ഇവിടുത്തെ 10 ലധികം കുടുംബങ്ങൾക്ക് ജല ലഭ്യത ഉറപ്പാക്കുന്നതിനായി ഭൂജലവകുപ്പിന്റെ സഹായത്തോടു കൂടി സ്ഥാപിച്ച ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ഇന്ന് ഉദ്ഘാടനമായിരുന്നു.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭൂജലവകുപ്പിന്റെ ചെറുകിട കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉത്‌ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. ഭൂഗർഭ ജലവിതാനം കുറവുള്ള താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സംസ്ഥന ഭൂജല വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് മിനി കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായി പാറകൾക്കിടയിൽ കണ്ടെത്തിയ കുടിവെള്ള സ്രോതസ്സിൽ നിന്നും മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു 100 മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളിൽ വെള്ളം എത്തിച്ചു നൽകുന്നതാണ് പദ്ധതി. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ വാസുദേവൻ നായർ സ്വാഗതമാശംസിച്ചു. ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ഒ.ജി.ബിന്ദു, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ ചെയർമാനുമായ അനിൽകുമാർ, മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ രജികുമാർ, ഹെഡ്മിസ്ട്രസ് രമ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
2021-22 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ചെമ്പനാകോട് നീർത്തട പദ്ധതിയുടെ നിർമ്മാണോത്ഘാടനം നിർവഹിച്ചു… ശാസ്ത്രീയമായ മണ്ണ് ജലസംരക്ഷണം, ഭൂഗർഭജലനിരപ്പ് ഉയർത്തൽ, ജൈവ വൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും കാത്തുസൂക്ഷിക്കുക, കാർഷികോത്പാദനം വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത ഉത്പനങ്ങൾ വഴി തൊഴിൽ സംരംങ്ങൾക്ക് തുടക്കമിടുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം… 360 ഹെക്ടർ വരുന്ന ഈ സൂക്ഷ്മ നീർത്തട പദ്ധതിയിൽ ഫലവൃക്ഷ തൈ നടീൽ, മൺകുളങ്ങൾ, കിണർ നിർമ്മാണം, കിണർ റീചാർജിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികളുമുണ്ട്. 6 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനുണുദ്ദേശിക്കുന്നത്.
വരും വേനൽ മഴ…. ഒരുക്കാം മഴക്കുഴികൾ….. ഒരു മഴക്കുഴിചലഞ്ച്…
നിങ്ങൾ തയ്യാറാണോ???
ചുട്ടുപൊള്ളുകയാണ് നമ്മുടെ ഭൂമിയും കാലവും… വരും…. വരാതിരിക്കില്ല…..
വേനലിൽ കുളിരായി വേനൽമഴ… വീണു കിട്ടുന്ന വേനൽ മഴ തുള്ളികൾ ഒഴുകി പാഴായി കടലിലൊടുങ്ങാതിരുന്നാൽ അതാണ്… വരും കാലത്തെ ദാഹജലം…
മഴ പെയ്തു കിട്ടുന്ന വെള്ളത്തിന്റെ മുക്കാൽ ഭാഗവും ഉപയോഗിക്കപ്പെടാതെ നമ്മുടെ കൺമുൻപിലൂടെ ഒഴുകി കടലിലേക്ക് പോകുകയാണ്… കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും മറ്റു നിരവധി കാരണങ്ങൾ കൊണ്ടും ലഭിക്കുന്ന മഴവെള്ളത്തെ പരമാവധി മണ്ണിലാഴ്ത്തി ഭൂഗർഭ ജലവിതാനം ഉയർത്താൻ നാം ശ്രമിക്കേണ്ടതാണ്. ഇതിനായി നമ്മുടെ മണ്ഡലത്തിൽ എല്ലാ വർഷവും മഴവെള്ളം കരുതി വയ്ക്കാൻ വിവിധ പ്രവർത്തനങ്ങൾ നാം വിജയകരമായി നടത്താറുള്ളതാണല്ലോ… അത്തരത്തിൽ വ്യത്യസ്തമായൊരു പ്രവർത്തനത്തിന് ഈ പൊള്ളുന്ന കാലത്തെ നമുക്ക് പ്രയോജനപ്പെടുത്താം… വീട്ടിൽ ഒരു #മഴക്കുഴി #Challenge മഴവെള്ളം ഭൂമിയിൽ ആഴ്ത്താൻ ഏറ്റവും ചെലവു കുറഞ്ഞ മാർഗമാണ് മഴക്കുഴികൾ. സ്ഥലസൗകര്യത്തിനും മണ്ണിന്റെ ഘടനയ്ക്കും അനുസരിച്ച് പുരയിടങ്ങളിലും കൃഷിസ്ഥലങ്ങളിലും കുഴികൾ ഉണ്ടാക്കാം. മഴക്കാലത്ത് എപ്പോഴും വെള്ളം കുഴികളിൽ നിറഞ്ഞിരിക്കും. ഇത് ക്രമേണ ഭൂമിയിലേക്ക് ഊർന്നിറങ്ങും… 0.6 മീ x 0.6 മീ x 0.6 മീ അളവിലുള്ള കുഴികളാണ് നല്ലത്. ഓരോ മഴയ്ക്കും വെള്ളം ഈ കുഴികളിൽ നിറയുകയും ക്രമേണ ഭൂമിയിലേക്ക് ഊർന്നിറങ്ങുകയും ചെയ്യും. ഇത്തരത്തിൽ ഓരോ പുരയിടത്തിലും 10 കുഴികൾ വീതം കുഴിച്ചാൽ ഒരു മഴയ്ക്ക് 2160 ലിറ്റർ വെള്ളം മണ്ഡലത്തിലെ അറുപതിനായിരം വരുന്ന വീടുകളിൽ നിന്ന് ഇടവിട്ടിട്ടുള്ള പത്ത് മഴ കൊണ്ട് ഏകദേശം 130 കോടി ലീറ്റർ വെള്ളം ഭൂമിക്കു കൊടുക്കാൻ കഴിയും…
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, തെങ്ങു ഗവേഷണ കേന്ദ്രം ഇവ സംയുക്തമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കമായി. ഒരു വർഷം 20000 തൈകൾ ഉത്പാദിപ്പിക്കുന്നു. മാറനല്ലൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 10,000 തൈകൾ. മണ്ഡലത്തിലുടനീളം 5 വർഷം കൊണ്ട് 1 ലക്ഷം തെങ്ങിൻ തൈകൾ. തൊഴിലുറപ്പ് തൊഴിലാളികൾ പുരയിടങ്ങളിൽ നട്ടുപിടിപ്പിക്കുന്നു. ഒരു ലക്ഷം തെങ്ങുകൾ തലനിവർത്തി നിൽക്കുന്ന നാട്ടിൻപുറങ്ങൾ. ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ് ഇന്ന് മാറനല്ലൂർ കൊറ്റംപള്ളിയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജലസമൃദ്ധിയിൽ നിന്ന് കാർഷിക സമൃദ്ധിയിലേക്ക്. കാർബൺ ന്യൂട്രൽ കാട്ടാക്കട യിലേക്ക്.
കാട്ടാക്കട മണ്ഡലത്തിൽ 15 ഏക്കറിൽ റംമ്പൂട്ടാൻ കൃഷിക്ക് തുടക്കമായി. കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, കാട്ടാക്കട, വിളപ്പിൽ, വിളവൂർക്കൽ എന്നീ 6 പഞ്ചായത്തുകളിലായി 15 ഏക്കറിൽ റംമ്പൂട്ടാൻ കൃഷി ആരംഭിച്ചു. നടീൽ ഉത്സവത്തിന്റെ മണ്ഡലംതല ഉദ്ഘാടനം നവകേരള മിഷൻ കോർഡിനേറ്റർ ഡോ.റ്റി.എൻ.സീമ മലയിൻകീഴിൽ വച്ച് ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളാണ് കാട്ടാക്കട മണ്ഡലത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ #ജലസമൃദ്ധി യിൽ നിന്ന് #കാർഷികസമൃദ്ധി ലക്ഷ്യമാക്കി നടപ്പിലാക്കാനുദ്ദേശിക്കുന്ന നിരവധി പദ്ധതികളുമുണ്ട്. തനത് കൃഷിവിളകൾക്കൊപ്പം വേറിട്ട നാണ്യവിളകളുടെയും ഫലവൃക്ഷങ്ങളുടെയും കൃഷിയും, അവയെ വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർദ്ധിത ഉൽപനങ്ങളാക്കുന്നതിനുമാണ് കാർഷികസമൃദ്ധി ലക്ഷ്യമിടുന്നത്. ഇതിലൊന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഒപ്പംകൂട്ടാം റംമ്പൂട്ടാൻ പദ്ധതി. പദ്ധതിയുടെ ലോഗോ പ്രകാശനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജയ്ക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പത്മം പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശാന്താപ്രഭാകരൻ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, പള്ളിച്ചൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി.വി.ആർ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.ബിന്ദുരാജ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. മലയിൻകീഴ് കൃഷി ഓഫീസർ ശ്രീജ.എസ് കൃതജ്ഞത രേഖപ്പെടുത്തി. വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ എന്നിവർ പങ്കെടുത്തു.
ജൂൺ 5 ലെ പരിസ്ഥിതി ദിനത്തിലേക്കായുള്ള ഒരുക്കം. പതിനായിരം തൈകൾ. അതിനായൊരു നഴ്സറി. സീതപ്പഴം, കാര, പേര മാതളം നാരകം, നെല്ലി, തേക്ക് ഇവയുടെ വിത്തുകൾ മുളപ്പിച്ച് തൈകളാക്കുന്ന നഴ്സറിയുടെ തുടക്കമായിരുന്നു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണിത്. തൈകകൾ മുളപ്പിക്കുന്ന നഴ്സറി മാത്രമല്ല ജൂൺ 5 ന് 10000 തൈകൾ തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ സ്വകാര്യ പുരയിടങ്ങളിലുൾപ്പെടെ നട്ടുപിടിപ്പിക്കുന്നു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതിയുടെ ഭാഗമാണിത്.ഒപ്പം ഹരിത വീടുകൾ എന്ന പദ്ധതിയും. വിഷു കാലത്ത് 5 മലക്കറിയെങ്കിലും ഒരു വീട്ടിൽ എന്ന ലക്ഷ്യത്തോടെ.
കാട്ടാക്കട നിയോജകമണ്ഡലം പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുന്നതിന്റെ ഭാഗമായുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായി എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇ.എം.സി) നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലും ഊര്‍ജ്ജ ആഡിറ്റ് നടത്തിയിരുന്നു. നിലവിലെ ഊര്‍ജ്ജ ഉപഭോഗവും ഊര്‍ജ്ജ നഷ്ടവും പഠിക്കുന്നതിനായാണ് ഇത്തരമൊരു ആഡിറ്റ് നടത്തിയത്. പ്രസ്തുത ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പല പൊതുസ്ഥാപനങ്ങളിലും ഊര്‍ജ്ജ നഷ്ടം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഊര്‍ജ്ജ നഷ്ടത്തിന്റെ വിവിധ കാരണങ്ങളില്‍ ഒരു പ്രധാന കാരണമായി കണ്ടെത്തിയത് ആധുനിക ഊര്‍ജ്ജ സൗഹൃദ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം ഇന്നും വ്യാപകമാകാത്തതാണ്. ഇതിന് പരിഹാരമായി നിലവിലെ ഊര്‍ജ്ജ നഷ്ടം ഉണ്ടാക്കുന്ന വൈദ്യുതോപകരണങ്ങള്‍ മാറ്റി ഊര്‍ജ്ജ ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനുതകുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുത്ത 6 സ്കൂളുകള്‍ ഊര്‍ജ്ജകാര്യക്ഷമം ആക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആദ്യ സ്കൂള്‍ എന്ന നിലയില്‍ ഈഴക്കോട് സെന്റ് ഫ്രാന്‍സിസ് യു.പി സ്കൂളിലെ പഴയ സി.എഫ്.എല്‍ ബള്‍ബുകളും ഫാനുകളും മാറ്റി എല്‍.ഇ.ഡി ബള്‍ബുകളും, എല്‍.ഇ.ഡി ട്യൂബുകളും, ഇലക്ട്രോണിക് റെഗുലേറ്ററും മറ്റും ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് മണ്ഡലത്തിലെ എല്ലാ സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഊര്‍ജ്ജകാര്യക്ഷമ സ്ഥാപനങ്ങള്‍ ആക്കും. പദ്ധതിയുടെ രണ്ടാംഘട്ടമായി സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം ആണ് ലക്ഷ്യമിടുന്നതെന്നും മണ്ഡലത്തിലെ സാധ്യമായ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സൌരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ തുക അനുവദിച്ചിട്ടുള്ളതായും ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു. പരിസ്ഥിതി സൗഹൃദ മണ്ഡലമെന്ന ആശയത്തിലെ പ്രധാന ലക്ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട നിയോജകമണ്ഡലം സാധ്യമാക്കുക എന്നതാണെന്നും അതിന് ഊര്‍ജ്ജസംരക്ഷണവും ഊര്‍ജ്ജ സ്വയംപര്യാപ്തതയും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സംയോജിത കൃഷി കാട്ടാക്കട മണ്ഡലത്തിലെ കാർഷിക പുനരുജ്ജീവനത്തിന് അനുയോജ്യ മാതൃകയാണെന്ന് ഡോ.തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പദ്ധതിരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മാറനല്ലൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സംയോജിത കൃഷിയുടെ മാതൃകകൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉണ്ട്. ഇത് കൂടുതൽ വ്യാപകമാക്കണം. ഒറ്റയ്ക്ക് ഇത് സാധ്യമല്ലാത്തവർക്ക് സംഘം ചേർന്നും സംയോജിത കൃഷി ലാഭകരമായ ഉപജീവന മാർഗ്ഗമാക്കാനാകും. കാർഷിക സമൃദ്ധി സാധ്യമാക്കുന്നതിന് കൂടുതൽ ആൾക്കാരെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്നതിനും പ്രചോദനമാകുന്നതിനും സംയോജിത കൃഷി രീതിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൈവ പച്ചക്കറി കൃഷി, മത്സ്യകൃഷി, തേൻകൃഷി, പശു, ആട്, പോത്ത്, കോഴി, താറാവ് വളർത്തൽ എന്നിവയെല്ലാം സംയോജിത കൃഷിയിൽ ഉൾപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. ജലസമൃദ്ധിയിലൂടെ കാർഷികസമൃദ്ധി കൈവരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 3 ദിവസങ്ങളിലായി കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും എല്ലാ പഞ്ചായത്തിലെയും ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സംയോജിത കൃഷി രീതി മികച്ച നിലയിൽ പ്രാവർത്തികമാക്കി വരുന്ന തണൽ അഗ്രോഫാം സന്ദർശിച്ചു കൊണ്ടായിരുന്നു ഇന്നലത്തെ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് മാറനല്ലൂർ പഞ്ചായത്തിലെ പൂവൻവിളയിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച റോഡ് സൈഡ് റീച്ചാർജ്ജിംഗും വെളിയംകോട് നിർമ്മിച്ച കാർഷിക കുളവും സന്ദർശിച്ചു. പള്ളിച്ചൽ പഞ്ചായത്തിലെ പാറക്വാറി റീച്ചാർജ്ജിംഗ്, സർക്കാർ സ്ഥാപനങ്ങളിലെ കിണർ റീച്ചാർജ്ജിംഗ് എന്നിവയും സന്ദർശിച്ചു. മാറനല്ലൂർ കണ്ടല സ്കൂളിലും പള്ളിച്ചൽ പൂങ്കോട് സ്വിമ്മിംഗ് പൂൾ അങ്കണത്തിലും വച്ച് ചേർന്ന യോഗങ്ങളിൽ ജനപ്രതിനിധികളുമായി സംവദിച്ചു. ഐ.ബി.സതീഷ് എം.എൽ.എ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എ.സുരേഷ് കുമാർ, റ്റി.മല്ലിക, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ഇതോടെ മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലേയും സംവാദങ്ങൾ പൂർത്തിയായി. ജനപ്രതിനിധികളുമായി സംവദിച്ചതിൽ നിന്ന് ലഭ്യമായ വിവരങ്ങളും വിദ്ധഗ്ധരുടെ അഭിപ്രായങ്ങളും ആരാഞ്ഞ് വിശദമായ പദ്ധതി രൂപരേഖ ഉടൻ തയ്യാറാക്കുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
ജലസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ വിളപ്പിൽ പഞ്ചായത്തിലെ പേയാട് സെന്റ് സേവ്യേഴ്സ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ആട്ടോമാറ്റിക്ക് കാലാവസ്ഥാ നിരീക്ഷണ സംവിധാനവും സ്കൂളിലെ കിണർ റീച്ചാർജിംഗ് സംവിധാനവും നേരിൽ കണ്ടു. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച ജൈവ കൃഷിത്തോട്ടവും സംഘം കണ്ടറിഞ്ഞു. തുടർന്ന് അലകുന്നം വാർഡിൽ 30 വർഷത്തിലധികമായി കൈയ്യേറ്റത്താൽ മൂടപ്പെട്ട് റവന്യൂ രേഖകളിൽ മാത്രമായി അവശേഷിച്ചിരുന്ന ചെറുകോട് – കുഞ്ചുകോണം തോട് വീണ്ടെടുത്തതും സംഘം കണ്ടു. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ കാരോട് പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മിനി കുടിവെള്ള പദ്ധതിയും നൂലിയോട് വാർഡിൽ ഒരു കാലത്ത് പ്രദേശത്തെ കാർഷിക അഭിവൃത്തിക്ക് കൈത്താങ്ങായിരുന്ന ഇരട്ട കുളവും കുളത്തിൽ സജ്ജമാക്കിയിട്ടുള്ള ആട്ടോമാറ്റിക്ക് വാട്ടർ ലെവൽ മോണിറ്ററിംഗ് സംവിധാനവും സംഘം സന്ദർശിച്ചു. വിളപ്പിൽശാല ഗവ.യു.പി സ്കൂളിൽ വച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം ചേർന്നു. യോഗത്തിൽ ജലസമൃദ്ധി പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംഘം സംവദിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, വൈസ് പ്രസിഡന്റ് ഷാജി, നേമം ബ്ലോക്ക് പഞ്ചായത്തംഗമായ ബിജുദാസ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം മലയിൻകീഴ് പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംഘം സംവദിച്ചു. സംവാദത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മലയിൻകീഴിലെ വിവിധ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങളും സംഘം സന്ദർശിച്ചു. ഡോ.തോമസ് ഐസക്ക്, ഐ.ബി.സതീഷ് എം.എൽ.എ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ. നിസാമുദീൻ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. ഇന്ന് (09/സെപ്തംബർ/2021) മാറനല്ലൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലെ ജല സമൃദ്ധി പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിക്കും. കാർഷിക പുനരുജ്ജീവനത്തിലൂടെ പഴവർഗ്ഗ ത്തോട്ടങ്ങൾ, തേൻ കൃഷി, ഔഷധ സസ്യ കൃഷി പോലുള്ള വേറിട്ട വിളകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന്റെ സാധ്യതകൾ കൂടി പരീക്ഷിക്കാൻ കർഷകർ തയ്യാറാകണമെന്നും അതിനുള്ള പിന്തുണയും പ്രോത്സാഹനവും കൃഷി വകുപ്പും, ഗ്രാമ പഞ്ചായത്തുകളും നൽകണമെന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു. നൂതനമായ കൃഷി സാധ്യതകൾ ജൈവകൃഷി മാതൃകയിൽ പ്രായോഗികമാക്കി മണ്ണിന്റെ സ്വാഭാവിക വളക്കൂറ് വീണ്ടെടുക്കുക എന്നതും കാർഷിക സമൃദ്ധിയുടെ അഭിവാജ്യ ഘടകമാണെന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു.
കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ജലസമൃദ്ധി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 5 വർഷക്കാലം ജലസംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്ത് നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത് ജലസമൃദ്ധിയിലൂടെ കാർഷിക പുനരുജ്ജീവനമാണ്. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ വിദ്ധഗ്ധ സംഘം മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലേയും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി സംവദിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒരു ദിവസം രണ്ട് പഞ്ചായത്തുകൾ എന്ന നിലയിൽ 3 ദിവസം കൊണ്ട് മണ്ഡലത്തിലെ പ്രധാന പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ച് ജനപ്രതിനിധികളുമായി സംവദിക്കും. ഇതിന്റെ ഭാഗമായി കാട്ടാക്കട, വിളവൂർക്കൽ പഞ്ചായത്തുകളിൽ സംഘം ഇന്നലെ (07/സെപ്തംബർ/2021) സന്ദർശനം നടത്തി. രാവിലെ കാട്ടാക്കട മണ്ഡലത്തിലെ കൊല്ലോട് തോടും അനുബന്ധമായി നിർമ്മിച്ചിട്ടുള്ള തടയണകളും സംഘം സന്ദർശിച്ചു. തുടർന്ന് കാട്ടാക്കട മണ്ഡലത്തെ തിരുവനന്തപുരം ജില്ലയുടെ നെല്ലറയാക്കുക എന്ന ലക്ഷ്യവുമായി വീണ്ടെക്കാനിരിക്കുന്ന നാഞ്ചല്ലൂർ ഏലായും, ഏലായ്ക്ക് ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി വിഭാവനം ചെയ്ത ആമച്ചൽ ലീഫ്റ്റ് ഇറിഗേഷൻ പദ്ധതിയും സംഘം സന്ദർശിച്ചു. തുടർന്ന് കാട്ടാക്കട പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംവദിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെബർ രാധിക ടീച്ചർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ, സുനിത.വി.ജെ, സരള, ശ്രീക്കുട്ടി, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദിൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം വിളവൂർക്കൽ പഞ്ചായത്തിലെ മലയം തോടും അനുബന്ധമായി നിർമ്മിച്ച തടയണകളും സംഘം സന്ദർശിച്ചു. തുടർന്ന് വിളവൂർക്കൽ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരുമായി സംവദിച്ചു. ഐ.ബി.സതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലാലി മുരളി, നേമം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിന കുമാർ, ബിജുദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇന്ന് വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളിൽ സംഘം സന്ദർശനം നടത്തും. സന്ദർശനം നടത്തിയ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് മനസ്സിലാക്കിയ ആവശ്യകതകൾ ഉൾപ്പെടുത്തി വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുമെന്നും അതിന്റെയടിസ്ഥാനത്തിൽ ഇവിടങ്ങളിലെ നീർത്തടാധിഷ്ഠിത കാർഷിക മേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കുന്നതിനുള്ള തുടർപദ്ധതികൾ ആവിഷ്കരിക്കുമെന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു. ഈ 5 വർഷക്കാലയളവിനുള്ളിൽ കാർഷിക സ്വയം പര്യാപ്തത അതിന്റെ പൂർണ്ണ അർത്ഥത്തിൽ കൈവരിക്കുക എന്ന ലക്ഷ്യമാണ് ജലസമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അതിന് മുൻകാലങ്ങളിലെ പോലെ കക്ഷി – രാഷ്ട്രീയ ഭേദമന്യേ മണ്ഡലത്തിലെ ആബാലവൃത്തം ജനങ്ങളും ഒരുമിച്ചിറങ്ങണമെന്നും ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.
കാർഷിക സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യം പേറുന്ന മണ്ണാണ് കാട്ടാക്കടയിലേത്. ഇടയ്ക്കെപ്പഴോ അന്യംനിന്നുപോയ ആ കാർഷികസംസ്കാരം വീണ്ടെടുക്കുന്നതിനായുള്ള ഇടപെടലുകളുടെ ഭാഗമായി മണ്ഡലത്തിൽ കാട്ടാക്കട പഞ്ചായത്തിൽ ഇപ്പോൾ തന്നെ ഏഴരഏക്കറിൽ നെൽകൃഷി നടക്കുന്നുണ്ട്. ഇവിടെ ഉദ്പാദിപ്പിക്കുന്ന നെല്ല് കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച് അരിയാക്കി “കാട്ടാൽ കുത്തരി” എന്നപേരിൽ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഈ നാളുകളിൽ.
മണ്ഡലത്തിലെ നെൽകൃഷിയുടെ അളവ് എങ്ങനെ വർധിപ്പിക്കാം എന്ന അന്വേഷണത്തിലൊടുവിലാണ് കാട്ടാക്കട പഞ്ചായത്തിൽ തന്നെ മുൻപ് നെൽകൃഷി ഉണ്ടായിരുന്ന നാഞ്ചല്ലൂർ ഏലായിൽ 50 ഹെക്ടർ സ്ഥലം തരിശുഭൂമിയായി കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഈ വിഷയം കർഷകരുമായി സംസാരിച്ചു. ജലലഭ്യത ഉറപ്പാക്കിയാൽ നെൽകൃഷി പുനരാരംഭിക്കാം എന്നവർ സമ്മതിച്ചു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപ ചിലവഴിച്ച് സമീപത്തുള്ള പായ്ത്തലക്കൽ കുളത്തിൽ വെള്ളമെത്തിച്ച് അവിടെ നിന്ന് കൃഷിസ്ഥലത്തേക്കുള്ള ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതി ഉടൻ പ്രവർത്തിപഥത്തിലെത്തും.ഇത് യാഥാർത്ഥ്യമാകുന്നതോടുകൂടി കാട്ടാക്കട പഞ്ചായത്തിൽ 50 ഹെക്ടർ സ്ഥലത്ത് കൂടി നെൽകൃഷി ആരംഭിക്കുവാൻ കഴിയും.
ഞങ്ങൾക്കൊരു സ്വപ്നമുണ്ട്. മണ്ഡലത്തെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് എത്തിക്കണം. ഒപ്പം തിരുവനന്തപുരം ജില്ലയുടെ നെല്ലറയായി മണ്ഡലത്തെ മാറ്റണം. ആ സ്വപ്നത്തിലേക്കുള്ള ദൂരം കുറക്കുന്നതാണ് കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാവൂരിൽ ആരംഭിച്ച “ഹരിതഗാഥ” എന്ന നെൽകൃഷി പദ്ധതി.
കോവിഡ് കാലത്തെ പരിസ്ഥിതി ദിനത്തിൽ വരും തലമുറകൾക്ക് തണലും പച്ചപ്പുമൊരുക്കാനായി കാട്ടാക്കട മണ്ഡലത്തിൽ 100 മിയാവാക്കി വനങ്ങൾ രൂപീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. മണ്ഡലത്തിലെ ആറ് പഞ്ചായത്തിലുമായി അഞ്ച് വർഷങ്ങൾക്കിടെയാണ് സൂക്ഷ്മ വനങ്ങൾ നിർമ്മിക്കുക. മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കരയിൽ 3 സെന്റിൽ പ്ലാവ്, റമ്പൂട്ടാൻ, താന്നി, കുരങ്ങൻ മൈലാഞ്ചി, അശോകം എന്നിവയുടെ തൈകൾ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, ഹരിലാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിബു, ബാബു സജയൻ എന്നിവർ പങ്കെടുത്തു. ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി മണ്ഡലത്തെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ഈ വർഷം തുടക്കമിടുന്നത്. ജപ്പാനിലെ യോക്കോഹോമ സർവ്വകലാശാലയിലെ പ്രൊഫസറായ ഡോ: അകിര മിയാവാക്കി എന്ന സസ്യശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത കൃത്രിമ വനവത്കരണ പദ്ധതിയാണ് മിയാവാക്കി വനങ്ങൾ എന്ന പേരിലറിയപ്പെടുന്നത്.
മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും മുഴുവൻ സ്കൂളുകളുടെ ഊർജ്ജ ഓഡിറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കി കാട്ടാക്കട മണ്ഡലം. കൂടാതെ മുഴുവൻ പൊതു സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റ് പ്രഖ്യാപനവും പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ചു. സ്കൂളുകളുടെ ഊർജ്ജ ഓഡിറ്റ് റിപ്പോർട്ടുകളുടെ പ്രകാശനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ഇ.എം.സി ഡയറക്ടർ ഡോ: ആർ.ഹരികുമാർ, ഊർജ്ജ ഓഡിറ്റർ സുരേഷ് ബാബു ബി.വി, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന എനർജി മാനേജെന്റ് സെന്ററുമായി ചേർന്ന് മണ്ഡലത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും ഊർജ്ജ ആഡിറ്റിന് തുടക്കം കുറിക്കുകയാണ്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം കൂടി റിപ്പോർട്ടുകളുടെ പ്രകാശനത്തോടൊപ്പം വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടമായി ജനകീയ പങ്കാളിത്തത്തോടെ നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും ഊർജ്ജ ആഡിറ്റ് നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി 2018 ൽ മണ്ഡലത്തിലെ തിരഞ്ഞെടുത്ത 4 സ്കൂളുകളുടെ ഊർജ്ജ ഓഡിറ്റ് പരീക്ഷണാടിസ്ഥാനത്തിൽ പൂർത്തിയാക്കിയായിരുന്നു. ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കിയ 4 സ്കൂളുകളിൽ സാധാരണ ലൈറ്റുകളും ഫാനുകളും മാറ്റി എൽ.ഇ.ഡി ലൈറ്റുകളും ഫാനുകളും നൽകി. തുടർന്ന് മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളുടെയും ഊർജ്ജ ആഡിറ്റ് എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായത്തോടെ പൂർത്തിയാക്കി. ആറ് പഞ്ചായത്തുകളിലായി 53 സ്കൂളുകളുടെ ഓഡിറ്റ് റിപ്പോർട്ടാണ് ഇന്ന് പ്രകാശനം ചെയ്തത്. സ്കൂളുകളിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്കായി 174.61 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ പ്രതിവർഷം 59.26 ലക്ഷം രൂപ ലാഭിക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഇത് 8.78 ലക്ഷം യൂണിറ്റ് വൈദ്യുതിക്ക് തുല്യമാണ്. ഈ പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ മൊത്തം കാർബൺ ലഘൂകരണ സാധ്യത 728.43 ടൺ ആണെന്ന് റിപ്പോർട്ട് ചൂണിക്കാട്ടുന്നു. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ എല്ലാ സ്കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളുടെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബഡ്ജറ്റിൽ 3 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ ആദ്യഘട്ടമായി സ്കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ്, കെ.എസ്.ഇ.ബി എന്നിവരുമായി സഹകരിച്ച് സോളാർ പാനൽ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചു പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ നിയോജകമണ്ഡലതല ഉൽഘാടനം മാറനല്ലൂർ സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ശ്രീ. ഐ. ബി. സതീഷ് എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. സുരേഷ്‌കുമാർ, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ പ്രോഗ്രാം ഹെഡ് ശ്രീനിവാസ്. ആർ, സ്കൂൾ പ്രിൻസിപ്പൽ ടി. എസ്. മഹേഷ്കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ വി.എസ്. ഹരികുമാർ പങ്കെടുത്തു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ICFOSS) എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് മണ്ഡലത്തിലെ ആറ് ഹയർസെക്കണ്ടറി സ്കൂളുകളിൽ ഈ സംവിധാനം സ്ഥാപിച്ചത്. പൊതുജന സേവന രംഗത്തെ നവീന ആശയആവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡിനൊപ്പം ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണ് കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. താപനില, മഴ, കാറ്റിന്റെ ദിശ, വേഗത, ഈർപ്പം, മർദ്ദം എന്നിവയുടെ വിവരങ്ങൾ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളിലൂടെ ലഭിക്കുന്നതാണ്. താപനില, ഈർപ്പം, മർദ്ദം എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾക്കൊപ്പം ഒരു റെയിൻ ഗേജ്, സെൻസർ ഡാറ്റ വായിക്കുകയും ടെലിമെട്രി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കൺട്രോളർ ഹബ്, ഡാറ്റ മാനേജുമെന്റിനും ദൃശ്യവൽക്കരണത്തിനുമുള്ള ഒരു ക്ലൗഡ്/വെബ് പ്ലാറ്റ്ഫോം എന്നിവയാണ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സ്റ്റേഷൻ മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്ഥാപിച്ചു. തുടർന്ന് മറ്റ് സ്കൂളുകളിൽ സ്റ്റേഷനുകൾ സജ്ജമാക്കി ആറ് സ്റ്റേഷനുകളുടെയും ഏകോപനത്തിനായി 4 ജി ബാക്ക്ഹോളിൽ പ്രവർത്തിക്കുന്നതും 20 കിലോമീറ്റർ വരെ ആകാശ ദൂരം കണക്ടിവിറ്റിയുള്ളതുമായ ഒരു ലോറവാൻ ഗേറ്റ് വേ ശാസ്താംപാറയിൽ സ്ഥാപിച്ചിട്ടുണ്ട്. ലോറവാൻ വഴി സെർവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഗ്രാഫിക് ഡിസ്പ്ലേ ലഭ്യമാക്കുന്ന ഒരു ഓൺലൈൻ ഡാറ്റ വിഷ്വലൈസേഷൻ വെബ്സൈറ്റും ഇതിനോടകം തയ്യാറായിട്ടുണ്ട്. ലഭ്യമായ ഡാറ്റ കാണാനും റെക്കോർഡു ചെയ്ത ഡാറ്റയുടെ വിശകലനം നടത്താനും ഉപഭോക്താക്കൾക്ക് സാധ്യമാകുന്നതാണ്. www.kslub.icfoss.org എന്ന വെബ്സൈറ്റിലൂടെ ഓരോ 15 മിനിറ്റ് ഇടവേളകളിൽ പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ഗവേഷണ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുമെന്ന് ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീൻ അറിയിച്ചു. ഈ സംവിധാനം കൂടി നിലവിൽ വന്നതോടെ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ലഭിക്കുന്ന മഴയുടെ അളവ്, കുളങ്ങളിൽ സ്ഥാപിച്ച സ്കെയിലുകളിലൂടെ ലഭിക്കുന്ന ജലലഭ്യത എന്നിവ പ്രാദേശികമായി മനസ്സിലാക്കാനാകുമെന്നും കൃത്യമായ ജലലഭ്യത, ജലഉപഭോഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ ചെറു നീർത്തടത്തിലും ശാസ്ത്രീയ ജലബഡ്ജറ്റിംഗ് നടത്താന്‍ കഴിയുമെന്ന് ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ആശയ വിനിമയ ശില്പശാല സംഘടിപ്പിച്ചു. മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ ജലസമൃദ്ധി, സ്ത്രീസൗഹൃദ മണ്ഡലത്തിനായുള്ള ഒപ്പം പദ്ധതി, ലഹരിവിമുക്ത മണ്ഡലത്തിനായുള്ള കൂട്ട് പദ്ധതി, കാർഷിക സമൃദ്ധിക്കായുള്ള ജൈവസമൃദ്ധി പദ്ധതി എന്നിവയെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ശിൽപ്പശാല ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ മുഖ്യാതിഥിയായി. ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോക്ടർ റ്റി.എൻ.സീമ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങിനുശേഷം നടന്ന ടെക്നിക്കൽ സെക്ഷനിൽ സുസ്ഥിര വികസന കാഴ്ച്ചപ്പാട് എന്ന വിഷയത്തെ സംബന്ധിച്ച് കേരള സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്ത്, നവകേരള നിർമ്മിതിയും ജനപ്രതിനിധികളും എന്ന വിഷയത്തിൽ കില ഡയറക്ടർ ഡോ.ജോയ് ഇളമൺ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. തുടർന്ന് ജലസമൃദ്ധി, അറിയാം കാട്ടാക്കട എന്നീ പദ്ധതികളെ പറ്റി ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീനും, ഒപ്പം പദ്ധതിയെപ്പറ്റി അസിസ്റ്റന്റ് കോഡിനേറ്റർ ബീന ബഷീർ, കൂട്ട് പദ്ധതിയെപ്പറ്റി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബു എന്നിവർ പരിചയപ്പെടുത്തി. ഈ പദ്ധതികളുടെ നിർവ്വഹണ ചുമതലകൾ ഉള്ള വിവിധ വകുപ്പുകളുടെ മേധാവികളും ചടങ്ങിൽ പങ്കെടുത്ത് വകുപ്പിന്റെ പദ്ധതികളെ ജനപ്രതിനിധികൾക്ക് പരിചയപ്പെടുത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ലാലി, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.അനിൽ കുമാർ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യൻ ഹാളിൽ വച്ച് കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതികളുടെ തുടർ പ്രവർത്തനങ്ങളെ പറ്റി ചർച്ചയും സംഘടിപ്പിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിവരുന്നത് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളാണ്. പദ്ധതികളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിർലോഭമായ സഹകരണം ഉണ്ടാകണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ മംഗലയ്‌ക്കൽ കൊറ്റംമ്പള്ളി ഏലായിൽ ജൈവ നെൽകൃഷിയുടെ വിളവെടുപ്പ് ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിത, സനൽബോസ്, കൃഷി ഓഫീസർ ബീന, അഭിലാഷ് ആൽബർട്ട്, കാർഷിക കർമ്മ സേന പ്രസിഡന്റ് ജയകുമാർ, കർഷകൻ മോഹനൻ എന്നിവർ സംബന്ധിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കാർഷിക കർമ്മസേനയുടെ നേതൃത്വത്തിലാണ് ജൈവ നെൽകൃഷി. ജൈവകൃഷി വഴി വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി കാട്ടാൽ കുത്തരി എന്ന പേരിൽ വിപണിയിലെത്തിക്കുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. അതിനുള്ള പ്രാരംഭ നടപടികൾക്കു തുടക്കം കുറിച്ചതായും എം.എൽ.എ അറിയിച്ചു. പഞ്ചായത്തിലെ ഏറ്റവും വലിയ നെല്ലുൽപാദനമാണ് ഈ വർഷം ഉണ്ടായത്. 7.5 ഏക്കറിലധികം ഏലായിൽ വിത്തിട്ടു. കൊറ്റംമ്പള്ളി ഏലായിൽ 90 സെന്റ് സ്ഥലത്ത് നാലുമാസം മുമ്പാണ് വിത്തിറക്കിയത്. അത്യുൽപാദന ശേഷിയുള്ള ഉമ ഇനം നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യവുമായാണ് നെൽകൃഷിയും മറ്റ് ജൈവകൃഷിയുമെല്ലാം സജീവമാക്കിയത്.
മാറനല്ലൂർ പഞ്ചായത്തിലെ കിളിക്കോട്ടുകോണം നിവാസികൾക്ക് ഇനി കുടിവെള്ളം തേടി അലയേണ്ട. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മാറനല്ലൂർ പഞ്ചായത്തിൽ കിളിക്കോട്ടുകോണത്ത് പൂർത്തിയാക്കിയ മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പുകൾ എത്താത്ത 14 സ്ഥലങ്ങളിലാണ് കാട്ടാക്കട മണ്ഡലത്തിൽ ഭൂഗർഭ ജലവകുപ്പ് കുടിവെള്ള പദ്ധതിക്ക് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ ആറാമത്തെ പദ്ധതിയാണ് കിളിക്കോട്ടുകോണം മിനി വാട്ടർ പ്രൊജക്‌ട്. ഈ പദ്ധതി വഴി 40 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തും. ഈ പദ്ധതി പ്രകാരമുള്ള മറ്റു പദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. കുടിവെള്ളമെത്താത്ത മുഴുവൻ മേഖലയിലും ശുദ്ധജലമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും എം.എൽ.എ അറിയിച്ചു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ അധ്യക്ഷയായ ഉദ്ഘാടന യോഗത്തിൽ എരുത്താവൂർ വാർഡ് മെമ്പർ ഷിബു, കിളിക്കോട്ടുകോണം മുൻ വാർഡ് മെമ്പർ ബിജു, ഭൂജല വകുപ്പ് മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീജേഷ്, അസിസ്റ്റന്റ് എഞ്ചിനിയർ ധർമ്മപ്രകാശ്, കോൺട്രാക്ടർ ഷെെജു എന്നിവർ പങ്കെടുത്തു.
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കൃഷി വകുപ്പിന് കീഴിലുള്ള കർഷകരുടെ കൂട്ടായ്മയായ കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ കാട്ടാൽ കുത്തരി എന്ന ബ്രാൻഡിൽ അരി വിപണിയിലെത്തുന്നു. കാട്ടാക്കട മണ്ഡലത്തിൽ ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ജൈവസമൃദ്ധി പദ്ധതിയുടെയും സുഭിക്ഷ കേരളം പദ്ധതിയുടെയും പ്രവർത്തനഫലമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനിടയായത്. ഒരു കാലത്ത് ജില്ലയിലെ മലയോര മേഖലയുടെ നെല്ലറയായിരുന്ന കാട്ടാക്കടയിൽ പിന്നീട് നെൽകൃഷിയുടെ വ്യാപ്തി അപകടകരമാം വിധം കുറഞ്ഞു വരുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ജലദൗർലഭ്യമായിരുന്നു അതിന് പ്രധാന കാരണമായിരുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതി കർഷകർക്കിടയിൽ സൃഷ്ടിച്ച ആത്മവിശ്വാസം വലുതാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ നെൽകൃഷി വീണ്ടെടുക്കുന്നതിന് സഹായകരമായി. സുഭിക്ഷ കേരളത്തിനായി സ്വയംപര്യാപ്തം എൻ്റെ കാട്ടാക്കട എന്ന പദ്ധതിയിൽ നെൽകൃഷിക്ക് മുന്തിയ പരിഗണനയാണ് നൽകിയത്. അതൊടൊപ്പം കർഷകർക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയുമായി പഞ്ചായത്തും കൃഷി വകുപ്പും ഒത്തുചേർന്നപ്പോൾ നെൽകൃഷി അന്യംനിന്ന പല ഏലാകളിലും നെൽകൃഷി സജ്ജീവമായി. കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 7.5 ഏക്കറിലധികം സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. കാട്ടാക്കട ഠൗൺ പ്രദേശത്ത് മാത്രം 1 ഏക്കറിൽ നെൽകൃഷി വീണ്ടെടുക്കാനായിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നെല്ലുൽപാദനമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അടുത്തയാഴ്ച്ച വിളവെടുക്കും. വിളവെടുക്കുന്ന നെല്ല് തദ്ദേശീയമായി തന്നെ കുത്തി അരിയാക്കി കാട്ടാൽ കുത്തരി എന്ന പേരിൽ വിപണിയിലെത്തിക്കാനാണ് പഞ്ചായത്തും കാർഷിക കർമ്മസേനയും തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ആലോചനാ യോഗം ഇന്നലെ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. ഐ.ബി.സതീഷ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. കാർഷിക കർമ്മസേന പ്രസിഡന്റ് കാട്ടാക്കട രാമു അദ്ധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, കൃഷി ഓഫീസർ ബീന എന്നിവർ സംസാരിച്ചു. കാർഷിക കർമ്മസേന അംഗങ്ങളായ ജയകുമാർ, ജനാർദ്ധനൻ നായർ, സുരേഷ് എന്നിവർ പങ്കെടുത്തു. പണി പൂർത്തിയായി വരുന്ന ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആരംഭിക്കുന്നതോടുകൂടി പഞ്ചായത്ത് പ്രദേശത്തെ 20 ഹെക്ടറോളം വരുന്ന ഏലാകളിൽ നെൽകൃഷി ആരംഭിക്കാനാകുമെന്നും മലയോര മേഖലയുടെ നെല്ലറയാക്കി കാട്ടാക്കടയെ മാറ്റാനാകുമെന്നും ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിനായുള്ള ജൈവസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പള്ളിച്ചൽ പഞ്ചായത്തിൽ ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. മാവ്, പ്ലാവ്, പേര, പപ്പായ, റംബൂട്ടാൻ, മുരിങ്ങ, കുടംപുളി, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷതൈകളാണ് പഞ്ചായത്തിലെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത്. ഇതിനായുള്ള തൈകൾ കൃഷി ഭവൻ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തരിശുഭൂമികളിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ നരുവാംമൂട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, വാർഡ് മെമ്പർമാരായ വിശ്വംഭരൻ, വത്സലകുമാരി, എ.ഡി.സി മെമ്പർമാരായ ജഗദീശൻ, സർവ്വോത്തമൻ നായർ, കൃഷി ഓഫീസർ രമേശ് കുമാർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ മണ്ണിനും ഭൂപ്രകൃതിക്കും ഇണങ്ങുന്ന എല്ലാതരം വിളകളും നട്ടു കൊണ്ട് ജൈവസമൃദ്ധി പദ്ധതിയിലൂടെ സമഗ്ര കാർഷിക സ്വയം പര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിനായുള്ള ജൈവസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം വിളപ്പിൽ പഞ്ചായത്തിൽ ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. മാവ്, പ്ലാവ്, പേര, പപ്പായ, റംബൂട്ടാൻ, മുരിങ്ങ, കുടംപുളി, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷതൈകളാണ് പഞ്ചായത്തിലെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത്. ഇതിനായുള്ള തൈകൾ കൃഷി ഭവൻ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷൈലജ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ആരോഗ്യ – വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജുദാസ്, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, വിളപ്പിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീജ.എസ്.ധരൻ, കൃഷി ഓഫീസർ ചാരുമിത്രൻ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ മണ്ണിനും ഭൂപ്രകൃതിക്കും ഇണങ്ങുന്ന എല്ലാതരം വിളകളും നട്ടു കൊണ്ട് ജൈവസമൃദ്ധി പദ്ധതിയിലൂടെ സമഗ്ര കാർഷിക സ്വയം പര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
സുഭിക്ഷ കേരളത്തിനായി സ്വയംപര്യാപ്ത കാട്ടാക്കട നിയോജക മണ്ഡലം എന്ന ലക്ഷ്യവുമായി ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കാട്ടാക്കട മണ്ഡലത്തിൽ ജൈവസമൃദ്ധി പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ പ്രചരണാർത്ഥമുള്ള ലോഗോ യുടെ പ്രകാശനം ഇന്ന് ബഹു. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ഫെയ്സ്ബുക്ക് ലൈവിലൂടെ നിർവ്വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ഭൂവിനിയോഗ കമ്മിഷണർ എ.നിസാമുദ്ദീൻ എന്നിവർ പ്രകാശനത്തിൽ പങ്കെടുത്തു. പദ്ധതിയുടെ ഏകോപനത്തിന് ചിട്ടയോടെയും അതിവിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മണ്ഡലംതല കമ്മിറ്റിയും ഗ്രാമപഞ്ചായത്ത്‌തല കമ്മിറ്റികളും നിലവിൽ വന്നു. വാർഡ്‌തല യോഗങ്ങളും ആരംഭിച്ചു. മെയ് 18 കൊണ്ട് വാർഡ്തല യോഗങ്ങൾ പൂർത്തിയാക്കി മെയ് 25ന് കൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വാർഡ്‌തല യോഗങ്ങൾ ചേർന്ന് കർഷക ഗ്രൂപ്പുകൾ രൂപീകരിച്ചു മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ സാധ്യമായ എല്ലാ കൃഷി രീതികളും വിളകളും ഉൾപ്പെടുത്തിയുള്ള സമഗ്ര കൃഷി രീതിയാണ് അവലംബിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, വിവിധ വകുപ്പുകൾ, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവരുടെ സംയുക്ത പദ്ധതിയായിട്ടാണ് ജൈവസമൃദ്ധി നടപ്പിലാക്കുന്നത്. എല്ലാ വീട്ടിലും പച്ചക്കറി തോട്ടം സാധ്യമാക്കി കാർഷിക സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
കാലാവസ്ഥാ പ്രവചനങ്ങൾ ശരിയാകുകയാണെങ്കിൽ ഇനി വരാൻ പോകുന്ന കുറച്ചു ദിനങ്ങൾ മഴയുടെതാണ്. ഇടിയോട് കൂടിയ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. പിന്നിടുമ്പോൾ വരാൻ പോകുന്നത് വേനൽ ചൂട് വർദ്ധിക്കുന്ന ദിവസങ്ങളാണ്. കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനായി ലോക്ക്ഡൗൺ കാലത്തു വീട്ടിലിരിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾ ജലസംരക്ഷണത്തിനു കൂടി സമയം കണ്ടെത്തണമെന്ന് ശ്രീ. ഐ. ബി. സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു. അവിചാരിതമായി വീണു കിട്ടുന്ന വേനൽമഴയെ സ്വീകരിക്കുന്നതിന് വീട്ടുവളപ്പിൽ മഴക്കുഴികൾ, തെങ്ങിൻ തടങ്ങൾ തുറക്കൽ, ചെറു തടയണകൾ, കുറഞ്ഞ ചെരിവുള്ള പ്രദേശങ്ങളിൽ ചെറു വരമ്പുകൾ എന്നിവ നിർമ്മിച്ച് പരമാവധി ജലം ശേഖരിക്കുന്നതിന് സമയം കണ്ടത്തെണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾ ഒരുമിച്ചു ഈ പ്രവർത്തനങ്ങളിൽ അണിചേരണമെന്നും വിദ്യാർത്ഥികളിലും യുവജനങ്ങളിലും ജലസംരക്ഷണത്തിന്റെ പ്രാധാന്യം പകർന്നു നൽകുന്നതിന് ഈ അവധിക്കാലം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജലസമൃദ്ധി പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പാക്കിയ ലക്ഷം വൃക്ഷം ലക്ഷ്യം, വീട്ടിൽ ഒരു മഴക്കുഴി തുടങ്ങിയ ജനകീയ ജലസംരക്ഷണ പ്രവർത്തികളുടെ തുടർച്ചയായിട്ടാണ് ഈ പ്രവർത്തനങ്ങൾക്കു നിർദ്ദേശങ്ങൾ നൽകിയത്. തൊഴിലുറപ്പു പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ തോടുകളിൽ നിർമ്മിച്ച തടയണകൾ ശക്തിപ്പെടുത്തിയും ഇതിനോടകം നിർമ്മിച്ച 350 ലധികം കാർഷിക കുളങ്ങൾ വൃത്തിയാക്കി പരമാവധി ജലശേഖരണത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 122 വാർഡുകളിലായി ജലസമൃദ്ധിയിലൂടെ പരിചയപ്പെടുത്തിയ ജനകീയ മാതൃകയുണ്ട്. വരൾച്ചാ കാലത്തെ മറികടക്കാൻ മഴക്കാലത്തിനെ ഫലപ്രദമായി, പ്രായോഗികമായി പരിഗണിക്കുക എന്നതാണത്. വീടിന്റെ പറമ്പിൽ ഒരു മഴക്കുഴി. പറമ്പിലെ തെങ്ങിൻ തടങ്ങൾ തുറക്കുക, ചരിവുളള പ്രദേശങ്ങളിൽ ചെറു ബണ്ടുകൾ നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക, ലഭിക്കുന്ന മഴവെള്ളം തൽസ്ഥലത്തു തന്നെ ഭൂമിയിലേക്ക് നൽകുക തുടങ്ങിയ ജനകീയ ഇടപെടലുകൾ നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, ഗ്രന്ഥശാലകൾ എന്നിവരിലൂടെ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടാതെ നവമാധ്യമങ്ങളി ലൂടെയും ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതാണ്. കിണറുള്ള വീടുകളുടെ പുരപ്പുറത്തു പെയ്യുന്ന ഒരോ തുള്ളി വെള്ളവും നമ്മുടെ അതിർത്തി കടക്കില്ലെന്നൊരു നിശ്ചയദാർഡ്യം. ഇതിനായി കിണർ റീചാർജിംഗ്, മഴവെള്ള ശേഖരണം, കൃതിമ ഭൂജലപോഷണം എന്നിവ അവലംബിക്കാവുന്നതാണ്. ജലസമൃദ്ധിയിൽ എല്ലായിടത്തുമെപ്പോഴും മന്ത്രം പോലെ പറയുന്ന “ഓടുന്ന വെള്ളത്തെ നടത്തിക്കുക, നടക്കുന്ന വെള്ളത്തെ ഇരുത്തുക., ഇരിക്കുന്ന വെള്ളത്തെ കിടത്തുക, കിടക്കുന്ന വെള്ളത്തെ ഭൂമിക്കടിയിൽ ഉറക്കി സൂക്ഷിക്കുക” എന്നതിന് സഹായകമാകുന്ന പ്രവർത്തനങ്ങളാണ് ഈ സമയത്തു നടപ്പാക്കുന്നത്. ഓരോ ചെറിയ നീക്കവും പൊള്ളുന്ന വേനലിലെ ജലക്ഷാമത്തിന് മാത്രമല്ല അപകടകരമായി താഴ്ന്നു കൊണ്ടിരിക്കുന്ന ഭൂഗർഭ ജലനിരപ്പ് എന്ന വിപത്തിനെ നേരിടാനുള്ള ശ്രമവുമാകും ഇത്തരം പ്രവർത്തനങ്ങളെന്നും എം.എൽ.എ. അറിയിച്ചു.
കാട്ടാക്കട മണ്ഡലത്തിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി വിത്ത് വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്നു. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്ത് വിതരണം നടത്തുന്നത്. വീടുകള്‍ തോറും പച്ചക്കറി കൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആറിനം പച്ചക്കറി വിത്തുകളടങ്ങിയ ഒരു പാക്കറ്റ് വീതമാണ് ഒരു വീട്ടിലേക്കായി നൽകുക. ചീര, വെണ്ട, മുളക്, തക്കാളി, പയറ്, വഴുതന എന്നിവയുടെ വിത്തുകളാണ് പാക്കറ്റിലുള്ളത്. സർക്കാർ ഫാമിൽ നിന്നും വി.എഫ് പി.സി.കെ യിൽ നിന്നുമാണ് ഇവ ശേഖരിച്ചിട്ടുള്ളത്. വിത്തുകൾ സൗജന്യമായാണ് നൽകുക. ലോക്ക് ഡൗൺ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കര്‍ശനമായി പാലിച്ചാണ് വിതരണ പ്രവര്‍ത്തനങ്ങള്‍. കൃഷിയെ അവശ്യ സർവ്വീസായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിന് ആളുകൾക്ക് തടസ്സമുണ്ടാകില്ല. കൃഷി ഭവനുകൾ വഴിയാണ് പ്രധാന വിതരണമെങ്കിലും ലോക്ക് ഡൗൺ പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് പഞ്ചായത്ത് അംഗങ്ങള്‍ വഴി അതാത് വാര്‍ഡില്‍ വിത്തുകള്‍ വിതരണം ചെയ്യും. കൃഷി ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികൾ തങ്ങളുടെ വാർഡ് മെമ്പറോട് ഫോൺ മുഖാന്തിരം ആവശ്യപ്പെട്ടാൽ വിത്തുകൾ വീടുകളിൽ എത്തിച്ച് നൽകും. ജീവനി പദ്ധതിയിലൂടെ സംസ്ഥാനമാകെ ആരോഗ്യദായകമായ സുരക്ഷിതപച്ചക്കറി ലഭ്യമാക്കുകയും അതിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത നേടുകയുമാണ് ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ വിത്തുകള്‍ ലഭിക്കാത്തവര്‍ അതാത് വാര്‍ഡ് മെമ്പര്‍മാരുമായി ബന്ധപ്പെട്ട് ആ വിത്തുകളും കൈപ്പറ്റാവുന്നതാണ്. പരമാവധി ആളുകൾ ഈ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യുവാൻ മുന്നോട്ട് വരണമെന്നും കൃഷി വകുപ്പിൽ നിന്നും ലഭിക്കുന്ന വിത്തിനൊപ്പം പ്രാദേശികമായി ലഭിക്കുന്ന വിത്തുകളും ഉപയോഗിച്ച് വിപുലമായി തന്നെ പച്ചക്കറി കൃഷി ആരംഭിക്കണമെന്നും ഐ.ബി.സതീഷ് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.
ഇത് വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ വേങ്കുർ കുളം…
കരമന നദീതടത്തിലെ 2K27a ചെറുനീർത്തടത്തിലെ ഒരു തലക്കുളം…
ഈ കുളത്തിൽ നിന്ന് ആരംഭിക്കുന്ന ഒരു ഒന്നാം നിര തോട് ചൂഴാറ്റുകോട്ടക്കു സമീപത്തു അണപ്പാട് മലയം മച്ചേൽ തോടിൽ ചേരുന്നു…
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലവിഭവ വകുപ്പിന്റെ സഹായത്തോടെ വേങ്കുർ കുളത്തിന്റെ നവീകരണവും മലയം തോടിൽ തടയണയും നിർമ്മിക്കുന്നു…
ഇതിലൂടെ ഈ ചെറുനീർത്തടത്തിലെ ഭൂഗർഭ ജലലഭ്യത ഉയർത്താനാകും…
ഇന്ന് പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു…
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മലയിൻകീഴ് പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാര്‍ത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളിയിൽ വച്ച് മണ്ഡലംതലത്തിൽ വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും വിദ്യാർത്ഥി ജലഅസംബ്ലികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മലയിൻകീഴ് പഞ്ചായത്തിൽ ഇന്നലെ ജലഅസംബ്ലി സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിളവൂർക്കലും, പള്ളിച്ചലും ജലഅസംബ്ലി സംഘടിപ്പിച്ചിരുന്നു. വിളവൂർക്കൽ പഞ്ചായത്തിലായിരുന്നു പഞ്ചായത്തടിസ്ഥാനത്തിലുള്ള ആദ്യത്തെ ജലഅസംബ്ലി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥി ജലഅസംബ്ലിയില്‍ മലയിൻകീഴ് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത 150 കുടുംബശ്രീ ബാലസഭ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന നിയമസഭയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന വിവിധ സെഷനുകളായിട്ടാണ് വിദ്യാർത്ഥി ജല അസംബ്ലി ക്രമീകരിച്ചിരുന്നത്. മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് ഐ.ബി.സതീഷ് എം.എൽ.എയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ജല അസംബ്ലിയിൽ കുമാരി സാന്ദ്ര സതീഷ് സഭാ അധ്യക്ഷനായി. കുമാരി അർച്ചന.വി.എസ് സഭാ നേതാവും കുമാരി.അനുഗ്രഹ പ്രതിപക്ഷ നേതാവുമായി. നയപ്രഖ്യാപനത്തെ തുടർന്ന് 11:30 മുതൽ 12:10 മണിവരെയുള്ള ചോദ്യോത്തരവേളയിൽ “ഹരിതകേരളവും ജല സംരക്ഷണവും” എന്ന വിഷയത്തിലുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള കുമാരി മറുപടി നൽകി. തുടർന്ന് “വറ്റാത്ത ഉറവയ്ക്കായ് ജല സമൃദ്ധി” എന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണനും “ജനപ്രതിനിധികളും ജല സംരക്ഷണവും” എന്ന വിഷയത്തിൽ മലയിൻകീഴ് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാർ.വി യും “വികസനവും സംയോജന സാധ്യതകളും” എന്ന വിഷയത്തിൽ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്തും മറുപടികൾ നൽകി. തുടർന്ന് “കേരളത്തിലെ ഭൂവിനിയോഗവും ജല സംരക്ഷണവും” എന്ന വിഷയത്തിൽ 12.10 മുതൽ 12:45 മണിവരെ ശ്രദ്ധക്ഷണിക്കൽ നടന്നു. ശ്രദ്ധക്ഷണിക്കലിന്റെ ഭാഗമായി “വെള്ളം, വൃത്തി, വിളവ്” എന്ന വിഷയത്തെ സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ടി.പി.സുധാകരൻ, “ബാലസഭ” എന്ന വിഷയത്തിലെ ഉപചോദ്യങ്ങൾക്ക് കുടുംബശ്രീ നേമം ബ്ലോക്ക് കോർഡിനെറ്റർ ആതിര.പി, “മണ്ണ്-ജല സംരക്ഷണം” എന്ന വിഷയത്തെ സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് റിസർച്ച് അസിസ്റ്റന്റ് കെ.ബീനയും മറുപടി നൽകി. “ജലവും ആരോഗ്യവും” എന്ന വിഷയത്തിലുള്ള ഉപചോദ്യങ്ങൾക്ക് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജ് അബ്ദുൽവഹാബും, “ജല ബഡ്ജറ്റിംഗ്” സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ വി.ഹരിലാലും മറുപടികൾ നൽകി. ശ്രദ്ധക്ഷണിക്കലിന് ശേഷം 12:45 മണി മുതൽ 1.15 വരെ “പ്രകൃതിസംരക്ഷണവും ജലപരിപാലനവും” എന്ന വിഷയത്തിൽ സബ്മിഷനുകൾ അവതരിപ്പിക്കപ്പെട്ടു. സബ്മിഷന്റെ ഭാഗമായി “കൃഷിയും ജലവും” എന്ന വിഷയത്തിലുള്ള ചോദ്യങ്ങൾക്ക് മലയിൻകീഴ് പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീജ.എസ്സും, “പ്രകൃതിയും ശാസ്ത്രവും” എന്ന വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി വേണു തോട്ടിൻകരയും, “ശുചിത്വ പരിപാലനം” എന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീകല.എസ്സും മറുപടികൾ നൽകി. “ജലവിഭവ പരിപാലനം” എന്ന വിഷയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ജലവിഭവ വകുപ്പിലെ ഹരിലാലും, “പ്രകൃതി, ജലം, ഭാഷ” എന്ന വിഷയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ഷിബുവും മറുപടികൾ നൽകി. സബ്മിഷനുകൾക്ക് മേലുള്ള ഉപചോദ്യങ്ങളും മറുപടികളും പൂർത്തിയാക്കി ഉച്ചയ്ക്ക് 1:30 ന് സഭാ സമ്മേളന നടപടികൾ അവസാനിച്ചു. വരും തലമുറയുടെ മനസ്സില്‍ ഉണ്ടാകേണ്ട കരുതലിനെ ഓര്‍മ്മപ്പെടുത്തലും, പ്രകൃതി – മണ്ണ് – ജല സംരക്ഷണങ്ങള്‍ക്ക് ചിലതെല്ലാം നമ്മള്‍ ചെയ്യാനുണ്ട് എന്ന തിരിച്ചറിവും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വിദ്യാർത്ഥി ജലഅസംബ്ലിയിൽ ഭൂവിനിയോഗ കമ്മിഷ്ണർ എ.നിസാമുദ്ദീൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. മണ്ഡലത്തിലെ ബാക്കി 3 പഞ്ചായത്തുകളിൽ കൂടി ഇതേ മാതൃകയിൽ വിദ്യാർത്ഥി ജലഅസംബ്ലികൾ സംഘടിപ്പിച്ച് ജലസമൃദ്ധി പദ്ധതിയുടെ ജലസാക്ഷരതാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ജലഅസംബ്ലികൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സഭാസമ്മേളനത്തിന്റെ സമാപനയോഗത്തിൽ ജലസമൃദ്ധി പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദീൻ അറിയിച്ചു.
കാട്ടാക്കട ഗ്രാമ പഞ്ചായത്തില്‍ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കുളത്തുമ്മല്‍ തോടിന്റെ നവീകരണത്തിനായുള്ള കുളത്തുമ്മല്‍ നീര്‍ത്തട പദ്ധതി ഇന്ന് അമ്പലത്തിന്‍കാലയില്‍ ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ചന്ദ്രന്‍ നായര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 49 ലക്ഷം രൂപ ചിലവിട്ടാണ് കുളത്തുമ്മല്‍ നീര്‍ത്തട പദ്ധതി നടപ്പിലാക്കുന്നത്. തോടിനെ വീണ്ടെടുത്ത് ജലസമൃദ്ധമാക്കുന്നതോടൊപ്പം തോടിന്റെ കരകളിലെ കൃഷി ഭൂമികളും വീണ്ടെടുക്കാനുള്ള സമഗ്ര പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാര്‍ത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളിയിൽ വച്ച് മണ്ഡലംതലത്തിൽ വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും വിദ്യാർത്ഥി ജലഅസംബ്ലികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പള്ളിച്ചൽ പഞ്ചായത്തിൽ ഇന്നലെ ജല അസംബ്ലി സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം വിളവൂർക്കൽ പഞ്ചായത്തിലായിരുന്നു പഞ്ചായത്തടിസ്ഥാനത്തിലുള്ള ആദ്യത്തെ ജലഅസംബ്ലി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥി ജലഅസംബ്ലിയില്‍ പള്ളിച്ചൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത 100 കുടുംബശ്രീ ബാലസഭ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന നിയമസഭയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന വിവിധ സെഷനുകളായിട്ടാണ് വിദ്യാർത്ഥി ജല അസംബ്ലി ക്രമീകരിച്ചിരുന്നത്. പള്ളിച്ചൽ സൗപർണിക ആഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് ഐ.ബി.സതീഷ് എം.എൽ.എയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ജല അസംബ്ലിയിൽ മാസ്റ്റർ അമരീഷ് എം.കെ സഭാ അധ്യക്ഷനായി. മാസ്റ്റർ. അദ്വൈത്.എ.എ സഭാ നേതാവും കുമാരി.ഐശ്വര്യ ബി.എസ് പ്രതിപക്ഷ നേതാവുമായി. നയപ്രഖ്യാപനത്തെ തുടർന്ന് 11:30 മുതൽ 12:10 മണിവരെയുള്ള ചോദ്യോത്തരവേളയിൽ “ഹരിതകേരളവും ജല സംരക്ഷണവും” എന്ന വിഷയത്തിലുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള കുമാരി മറുപടി നൽകി. തുടർന്ന് “വറ്റാത്ത ഉറവയ്ക്കായ് ജല സമൃദ്ധി” എന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണനും “ജനപ്രതിനിധികളും ജല സംരക്ഷണവും” എന്ന വിഷയത്തിൽ പള്ളിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷും “വികസനവും സംയോജന സാധ്യതകളും” എന്ന വിഷയത്തിൽ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം അംബികദേവിയും മറുപടികൾ നൽകി. തുടർന്ന് “കേരളത്തിലെ ഭൂവിനിയോഗവും ജല സംരക്ഷണവും” എന്ന വിഷയത്തിൽ 12.10 മുതൽ 12:45 മണിവരെ ശ്രദ്ധക്ഷണിക്കൽ നടന്നു. ശ്രദ്ധക്ഷണിക്കലിന്റെ ഭാഗമായി “വെള്ളം, വൃത്തി, വിളവ്” എന്ന വിഷയത്തെ സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് പി.ആർ.ഡി മുൻ അഡിഷണൽ ഡയറക്ടർ പി.എസ്.രാജശേഖരനും, “ബാലസഭ” എന്ന വിഷയത്തിലെ ഉപചോദ്യങ്ങൾക്ക് കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ശ്രീകലയും, “മണ്ണ്-ജല സംരക്ഷണം” എന്ന വിഷയത്തെ സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് മണ്ണ് സംരക്ഷണ വകുപ്പ് പ്രോജക്ട് ഓഫീസർ ഗോൾഡയും മറുപടി നൽകി. “ജലവും ആരോഗ്യവും” എന്ന വിഷയത്തിലുള്ള ഉപചോദ്യങ്ങൾക്ക് പള്ളിച്ചൽ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ അശ്വതിയും “ജല ബഡ്ജറ്റിംഗ്” സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ വി.ഹരിലാലും മറുപടികൾ നൽകി. ശ്രദ്ധ ക്ഷണിക്കലിന് ശേഷം 12:45 മണി മുതൽ 1.15 വരെ “പ്രകൃതിസംരക്ഷണവും ജലപരിപാലനവും” എന്ന വിഷയത്തിൽ സബ്മിഷനുകൾ അവതരിപ്പിക്കപ്പെട്ടു. സബ്മിഷന്റെ ഭാഗമായി “കൃഷിയും ജലവും” എന്ന വിഷയത്തിലുള്ള ചോദ്യങ്ങൾക്ക് പള്ളിച്ചൽ പഞ്ചായത്ത് കൃഷി ഓഫീസർ രമേഷ് കുമാറും, “പ്രകൃതിയും ശാസ്ത്രവും” എന്ന പി.ആർ.ഡി മുൻ അഡിഷണൽ ഡയറക്ടർ പി.എസ്.രാജശേഖരനും വിഷയത്തിലെ ചോദ്യങ്ങൾക്ക് സംസ്ഥാന യുവജന കമ്മിഷൻ അംഗം ദീപു രാധാകൃഷ്ണനും, “ശുചിത്വ പരിപാലനം” എന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ.ജി.ഹരികൃഷ്ണനും മറുപടികൾ നൽകി. “ജലവിഭവ പരിപാലനം” എന്ന വിഷയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ആർ.സുരേഷും “പ്രകൃതി, ജലം, ഭാഷ” എന്ന വിഷയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ഷിബുവും മറുപടികൾ നൽകി. സബ്മിഷനുകൾക്ക് മേലുള്ള ഉപചോദ്യങ്ങളും മറുപടികളും പൂർത്തിയാക്കി ഉച്ചയ്ക്ക് 1:30 ന് സഭാ സമ്മേളന നടപടികൾ അവസാനിച്ചു. വരും തലമുറയുടെ മനസ്സില്‍ ഉണ്ടാകേണ്ട കരുതലിനെ ഓര്‍മ്മപ്പെടുത്തലും, പ്രകൃതി – മണ്ണ് – ജല സംരക്ഷണങ്ങള്‍ക്ക് ചിലതെല്ലാം നമ്മള്‍ ചെയ്യാനുണ്ട് എന്ന തിരിച്ചറിവും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വിദ്യാർത്ഥി ജലഅസംബ്ലിയിൽ ഭൂവിനിയോഗ കമ്മിഷ്ണർ എ.നിസാമുദ്ദീൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. മണ്ഡലത്തിലെ മറ്റ് 4 പഞ്ചായത്തുകളിൽ കൂടി ഇതേ മാതൃകയിൽ വിദ്യാർത്ഥി ജല അസംബ്ലികൾ സംഘടിപ്പിച്ച് ജലസമൃദ്ധി പദ്ധതിയുടെ ജലസാക്ഷരതാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ജലഅസംബ്ലികൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സഭാ സമ്മേളനത്തിന്റെ സമാപനയോഗത്തിൽ ജല സമൃദ്ധി പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദീൻ അറിയിച്ചു.
കാട്ടാക്കട മണ്ഡലത്തിൽ ശ്രീ.ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിക്ക് ഈ വർഷത്തെ സ്കോച്ച് അവാർഡ് (skoch award) ലഭിച്ചു. ശനിയാഴ്ച ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയർമാൻ (Chairman, Economic Advisory Council) ഡോ.ബിബേക്ക് ദെബ്രോയ് (Dr. Bibek Debroy) യിൽ നിന്നു ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ അവാർഡ് ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവിൽ സംയോജിത ജലവിഭവ പരിപാലനത്തിലൂടെ പദ്ധതി പ്രദേശത്തെ ഭൂഗർഭ ജലവിതാനം ഉയർത്താനായതും പദ്ധതി വിജയകരമായി നടപ്പാക്കാൻ അവലംബിച്ച വ്യത്യസ്തങ്ങളായ ബോധവൽകരണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ജലസമൃദ്ധി പദ്ധതി സ്കോച് പുരസ്കാരങ്ങൾക്കുള്ള ജലം വിഭാഗത്തിൽ രാജ്യത്തെ മികച്ച പദ്ധതികളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതും വെള്ളി മെഡലിന് അർഹമാക്കിയതും. ഒരു സ്വതന്ത്രസംഘടന ഇന്ത്യന്‍ പൗരന്മാര്‍ക്ക്/സ്ഥാപനങ്ങൾക്ക്/പദ്ധതികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്കാരമാണ് ഇത്. 2003 ൽ ആരംഭിച്ചത് മുതൽ ഭരണം, ധനകാര്യം, ബാങ്കിംഗ്, സാങ്കേതികവിദ്യ, കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്പ്, ജലം, സാമ്പത്തികശാസ്ത്രം, സാര്‍വത്രികമായ വളര്‍ച്ച (inclusive growth) എന്നീ തുറകളിലെ അനുകരണീയമായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരത്തിനുള്ള സ്വതന്ത്രമാനദണ്ഡമായി സ്കോച് പുരസ്കാരങ്ങൾ മാറിയിട്ടുണ്ട്. മികവു പുലര്‍ത്തുന്ന വ്യക്തികളെ ആദരിക്കുകയും ഇന്ത്യയെ മെച്ചപ്പെടുത്താന്‍ പ്രയത്നിക്കുന്ന സ്ഥാപനങ്ങളെ അഭിനന്ദിക്കുകയും ചെയത് വരുന്ന സ്വതന്ത്രസംഘടനയാണ് സ്കോച്. അഭിനന്ദനാര്‍ഹാമായ നേതൃത്വപാടവത്തിലൂടെ സമൂഹത്തിലും ഭരണസംവിധാനങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ പ്രയത്നിച്ച വ്യക്തികളുടെ/സ്ഥാപനങ്ങളുടെ/പദ്ധതികളുടെ മികവിനെയും ഇന്ത്യൻ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾക്കു കാരണമാകുന്നവയെയും ആദരിക്കുന്നതിനാണ് ദേശീയ തലത്തിൽ എല്ലാവർഷവും വിവിധ വിഭാഗങ്ങളിലായി സ്കോച് പുരസ്കാരങ്ങൾ നൽകി വരുന്നത്. ഈ വർഷം കേരളത്തിൽ നിന്ന് സ്കോച് അവാർഡ് ലഭിച്ച ഏക പദ്ധതിയാണ് ജലസമൃദ്ധിഓൺലൈനിലൂടെ അപേക്ഷകൾ ക്ഷണിച്ചു അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നോമിനേഷനുകൾ വിദഗ്ദ്ധരടങ്ങുന്ന സ്കോച് ജൂറിയുടെ മുന്നില്‍ ഇക്കഴിഞ്ഞ ഡിസംബറിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ പൊതുജനങ്ങളുടെ ഓൺലൈൻ വോട്ടിങ്ങിന് സൗകര്യമൊരുക്കിയിരുന്നു. അവസാന റൗണ്ടിൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച സ്കോച് സമ്മിറ്റിൽ (skoch summitt) പദ്ധതികളുടെ പ്രദർശനവും തുടർന്ന് പങ്കെടുത്ത പ്രതിനിധികളുടെ വോട്ടുകൾ കൂടി പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്.നാടിന്റെ ജലസമൃദ്ധിക്കായി പ്രവർത്തിക്കുന്ന കാട്ടാക്കട മണ്ഡലത്തിലെ എല്ലാ ജനങ്ങൾക്കും, കക്ഷി രാഷ്ട്രീയത്തിനതീതമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എല്ലാ ജനപ്രതിനിധികൾക്കും, വിവിധ വകുപ്പുകൾക്കും, ഉദ്യോഗസ്ഥർക്കും, ടീം ജലസമൃദ്ധിക്കും അവരുടെ അക്ഷീണ പ്രയത്നത്തിനുള്ള അംഗീകാരമാണിതെന്ന് ശ്രീ.ഐ.ബി.സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. ജലസമൃദ്ധി പദ്ധതിക്ക് പൊതുജനസേവന രംഗത്തെ നവീന ആവിഷ്ക്കാരത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ അവാർഡും ലഭിച്ചിരുന്നു. കൂടാതെ ദേശീയ അന്തർദേശീയ വേദികളിലും പ്രസിദ്ധീകരണങ്ങളിലും ജലസമ്രുദ്ധി പദ്ധതി സംയോജിത ജലവിഭവ പരിപാലനത്തിന്റെ മികച്ച മാതൃകയായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് വാർഡിൽ സ്ഥാപിച്ച ഭൂജലാധിഷ്ടിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. താരതമ്യേന ഉയർന്ന പ്രദേശമായ ഇവിടം ഭൂമിശാസ്ത്രപരമായി ജലലഭ്യത കുറവുള്ള പ്രദേശമാണ്. അതിനാൽ തന്നെ പ്രകൃതിദത്തമായ ജലസ്രോതസുകളും കിണറുകളും ഇവിടെ കുറവാണ്. ദീർഘകാലമായി ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് സ്ഥായിയായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ഇതോടു കൂടി ഇവിടുത്തെ 22 കുടുംബങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ഇത്തരത്തിൽ ജലക്ഷാമമനുഭവിക്കുന്ന മറ്റ് ഏഴ് ഉയർന്ന പ്രദേശങ്ങളിൽ കൂടി ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ഏകദിന പരിശീലന പരിപാടി 28.12.2019 ശനിയാഴ്ച രാവിലെ 10.30 ന് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. ബഹു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു. കാട്ടാക്കട എം.എൽ.എ. ശ്രീ ഐ.ബി.സതീഷ് നിർവഹിച്ചു. മണ്ണുസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ശ്രീമതി. അനിത സ്വാഗതം ആശംസിച്ചു. പദ്ധതിയുടെ കൺവീനർ ശ്രീ ലാസർ ജോസഫ് നാളിതുവരെ പദ്ധതി പ്രദേശത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 1250 വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചു വരുന്നതായും ഏരിയ ട്രീറ്റ്മെന്റിന്റെ ഭാഗമായുള്ള വിവിധ ഇടപെടൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 300 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച് പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതാണെന്നും അറിയിച്ചു. വൃക്ഷത്തടങ്ങൾ, റബ്ബർ തടങ്ങൾ, മൺകയ്യാല, ജൈവ വേലി എന്നീ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും അദ്ദേഹം റിപ്പോർട്ട് ചെയ്തു. തുടർന്നു നടന്ന പരിശീലന ക്ലാസ്സ് ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ നയിച്ചു. തുടർന്ന് ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് ഓവർസിയർ പ്രേംകുമാർ മറുപടി നൽകി. പരിപാടിയിൽ പ്രദേശത്തെ കർഷകർ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളവൂർക്കൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാര്‍ത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളിയിൽ വച്ച് മണ്ഡലംതലത്തിൽ വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും വിദ്യാർത്ഥി ജലഅസംബ്ലികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ആദ്യത്തെ ജലഅസംബ്ലി വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വച്ച് ഇന്നലെ നടന്നത്. വിദ്യാര്‍ത്ഥി ജലഅസംബ്ലിയില്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത 150 കുടുംബശ്രീ ബാലസഭ കുട്ടികൾ പങ്കെടുത്തു.
സംസ്ഥാന നിയമസഭയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന വിവിധ സെഷനുകളായിട്ടാണ് വിദ്യാർത്ഥി ജല അസംബ്ലി ക്രമീകരിച്ചിരുന്നത്. വിളവൂർക്കൽ പൊറ്റയിൽ എസ്.പി ആഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് എം.എൽ.എയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ജല അസംബ്ലിയിൽ കുമാരി.പ്രണയാ മോഹൻ സഭാ അധ്യക്ഷയായി. മാസ്റ്റർ.അഭിനന്ദ് എം.ജെ സഭാ നേതാവും മാസ്റ്റർ.ആദിത്യൻ എസ്.എൽ പ്രതിപക്ഷ നേതാവുമായി. നയപ്രഖ്യാപനത്തെ തുടർന്ന് 11:30 മുതൽ 12:30 വരെയുള്ള ചോദ്യോത്തരവേളയിൽ “ഹരിതകേരളവും ജല സംരക്ഷണവും” എന്ന വിഷയത്തിലുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള കുമാരി മറുപടി നൽകി. തുടർന്ന് “വറ്റാത്ത ഉറവയ്ക്കായ് ജല സമൃദ്ധി” എന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണനും “ജനപ്രതിനിധികളും ജല സംരക്ഷണവും” എന്ന വിഷയത്തിൽ വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറും മറുപടികൾ നൽകി. “വികസനവും സംയോജന സാധ്യതകളും” എന്ന വിഷയത്തിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സജിനകുമാറും “വൃത്തി, വെള്ളം, വിളവ്” എന്ന വിഷയത്തിൽ ഹരിത കേരളം മിഷൻ പ്രതിനിധി ടി.പി സുധാകരനും, “ബാലസഭയും ജല സംരക്ഷണവും” എന്ന വിഷയത്തിൽ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ നിഷ സുകുമാരനും മറുപടികൾ നൽകി. തുടർന്ന് “കേരളത്തിലെ ഭൂവിനിയോഗവും ജല സംരക്ഷണവും” എന്ന വിഷയത്തിൽ 12.30 മുതൽ 1:00 മണിവരെ ശ്രദ്ധക്ഷണിക്കൽ നടന്നു. ശ്രദ്ധക്ഷണിക്കലിന്റെ ഭാഗമായി “മണ്ണ്-ജല സംരക്ഷണം” എന്ന വിഷയത്തെ സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ റോയി മാത്യുവും, “ജലവും ആരോഗ്യവും” എന്ന വിഷയത്തിലുള്ള ഉപചോദ്യങ്ങൾക്ക് വിളവൂർക്കൽ ഹെൽത്ത് ഇൻസ്പെക്ടറും മറുപടികൾ നൽകി. “ശുചിത്വ പരിപാലനം” സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ.ജി.ഹരികൃഷ്ണനും, ജല ബഡ്ജറ്റിംഗും ജല പരിപാലനവും എന്ന വിഷയത്തിലെ ഉപചോദ്യങ്ങൾക്ക് ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അരുണും മറുപടികൾ നൽകി.
ശ്രദ്ധ ക്ഷണിക്കലിന് ശേഷം 1:00 മണി മുതൽ 1.00 വരെ “പ്രകൃതിസംരക്ഷണവും യുവ തലമുറയും” എന്ന വിഷയത്തിൽ സബ്മിഷനുകൾ അവതരിപ്പിക്കപ്പെട്ടു. സബ്മിഷന്റെ ഭാഗമായി “കൃഷിയും ജലവും” എന്ന വിഷയത്തിലുള്ള ചോദ്യങ്ങൾക്ക് വിളവൂർക്കൽ കൃഷി ഓഫീസർ കലാറാണിയും, “ദുരന്ത നിവാരണവും യുവാക്കളും” എന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് സംസ്ഥാന യുവജന കമ്മിഷൻ അംഗം ദീപു രാധാകൃഷ്ണനും, “ജലസാക്ഷരത” യെ സംബന്ധിച്ച ചോദ്യങ്ങൾക്ക് സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ബി.സജീവനും, ഭൂമിയും ശാസ്ത്രവുമെന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് ഷിബുവും മറുപടികൾ നൽകി. സബ്മിഷനുകൾക്ക് മേലുള്ള ഉപചോദ്യങ്ങളും മറുപടികളും പൂർത്തിയാക്കി ഉച്ചയ്ക്ക് 1:30 ന് സഭാ സമ്മേളന നടപടികൾ അവസാനിച്ചു. വരും തലമുറയുടെ മനസ്സില്‍ ഉണ്ടാകേണ്ട കരുതലിനെ ഓര്‍മ്മപ്പെടുത്തലും, പ്രകൃതി – മണ്ണ് – ജല സംരക്ഷണങ്ങള്‍ക്ക് ചിലതെല്ലാം നമ്മള്‍ ചെയ്യാനുണ്ട് എന്ന തിരിച്ചറിവും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വിദ്യാർത്ഥി ജലഅസംബ്ലിയിൽ ഭൂവിനിയോഗ കമ്മിഷ്ണർ എ.നിസാമുദ്ദീൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. മണ്ഡലത്തിലെ മറ്റ് 5 പഞ്ചായത്തുകളിലും ഇതേ മാതൃകയിൽ വിദ്യാർത്ഥി ജല അസംബ്ലികൾ സംഘടിപ്പിച്ച് ജലസമൃദ്ധി പദ്ധതിയുടെ ജലസാക്ഷരതാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ജലഅസംബ്ലികൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സഭാ സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുക്കിരിപ്പാറയില്‍ വൃക്ഷ – ആയുര്‍വേദ മാതൃകയില്‍ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പദ്ധതി പ്രദേശത്തെ ജൈവ വൈവിദ്യ ശേഖരങ്ങളുടെ വിഭവ രൂപരേഖ തയ്യാറാക്കുന്നതിനുള്ള സര്‍വ്വേ ആരംഭിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ബോട്ടണി, സൂവോളജി അദ്ധ്യാപക – വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തെ ജൈവ വിഭവങ്ങളുടെ ഇന്ഡക്സ് റജിസ്റ്റര്‍ തയ്യാറാക്കുന്നതിനായാണ് സര്‍വ്വേ നടത്തുന്നത്. വരുന്ന തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചക്കാലം ഇവരുടെ നേതൃത്വത്തില്‍ ഇവിടുത്തെ ജീവജാലങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് സസ്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമഗ്രമായ പഠനം നടത്തി ഹെര്‍ബേറിയം തയാറാക്കും. തുടര്‍ന്ന് ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പ്രദേശം വൃത്തിയാക്കി ഇവിടത്തെ ജൈവ വൈവിദ്യ വിഭവങ്ങളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പ്രസ്തുത ജൈവ വൈവിധ്യ പാര്‍ക്കിനായുള്ള സര്‍വ്വേയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം ടി.ബി.ജി.ആര്‍.ഐയും ജൈവ വൈവിധ്യ ബോര്‍ഡുമാണ് ലഭ്യമാക്കുന്നത്. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ തയ്യാറാക്കി നൽകിയ പ്ലാന്‍ അനുസരിച്ച് ജൈവ വൈവിധ്യ ബോര്‍ഡിന്റെ സാങ്കേതിക – സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സസ്യോദ്യാനം, ശലഭോദ്യാനം, ഔഷധസസ്യ പാർക്ക്, കുട്ടികൾക്കുള്ള പാർക്ക്, വിശ്രമം കേന്ദ്രം, റോക്ക് ഗാർഡൻ, മാംഗോ പാർക്ക്, ബാംബൂ പാർക്ക്, ക്യാക്റ്റസ് പാർക്ക് എന്നിവ ഉൾപ്പെടുത്തിയുള്ള പ്രസ്തുത പാര്‍ക്ക് ഇവിടെ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള കര്‍മ്മപദ്ധതികളില്‍ ഒന്നാണ് ഇന്ന് ആരംഭിച്ചത്. ഇടംപിരി – വലംപിരി എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ്വ സസ്യത്തിന്റെ വിവരങ്ങള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തി കൊണ്ട് ഐ.ബി.സതീഷ് എം.എല്‍.എ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ അധ്യക്ഷയായി. ഭൂവിനിയോഗ കമ്മിഷണര്‍ എ.നിസാമുദീന്‍, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.അഖില, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ബോട്ടണി വിഭാഗം തലവന്‍ ഡോ.പോള്‍രാജ് എന്നിവര്‍ പങ്കെടുത്തു. തിരിച്ചറിയപ്പെടാതെ നശിച്ചു പോകുന്ന നിരവധി അപൂര്‍വ്വ ഇനത്തിലുള്ള സസ്യങ്ങളും ജീവജാലങ്ങളും ഉള്ള ഈ പ്രദേശത്തെ നിലവിലുള്ള ജൈവ സമ്പത്ത് കണ്ടെത്തി തരംതിരിച്ച് റജിസ്റ്റര്‍ ഉണ്ടാക്കി അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു സര്‍വ്വേ നടത്തുന്നതെന്ന് ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം 2019 നവംബര്‍ 16 ന് എം.എല്‍.എ ഹോസ്റ്റലിലെ നിള കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി തുടര്‍ന്ന്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ പറ്റിയും ജൈവ സമൃദ്ധ മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പൊതുസ്ഥാപനങ്ങളിലും കൃത്രിമ ഭൂജല പരിപോഷണം നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ 73 പൊതുസ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ഭൂജല വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായ ഫീല്‍ഡ് പഠനം നടത്തുകയും 40 സ്ഥാപനങ്ങള്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെയും ഭൂജല വകുപ്പിന്റെയും സഹായത്തോടെ നാല് ഘട്ടങ്ങളിലായി പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിലെ കൃത്രിമ ഭൂജല പരിപോഷണത്തിന് അനുയോജ്യമായ എല്ലാ പൊതുസ്ഥാപനങ്ങളിലും ഇത് പൂര്‍ത്തിയാക്കുന്നത്. ഓരോ സ്ഥാപനത്തിലും 8000 ലിറ്റര്‍ വെള്ളം ശേഖരിക്കുവാന്‍ കഴിയുന്ന രണ്ടും മൂന്നും പിറ്റുകള്‍ നിര്‍മ്മിച്ച് സ്ഥാപനത്തിന്റെ കെട്ടിടത്തിന് മുകളില്‍ പെയ്യുന്ന മഴവെള്ളം ഇതിലേക്ക് എത്തിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ സ്ഥാപനങ്ങളിലെ കിണറുകള്‍ വറ്റാതായി എന്നതിലുപരി പ്രദേശത്തെ ഭൂജല വിതാനം ഉയര്‍ത്താനായി എന്നത് ജലസമൃദ്ധി പദ്ധതിയുടെ വലിയ വിജയമാണ്. പൊതുസ്ഥാപനങ്ങളില്‍ കൃത്രിമ ഭൂജല പരിപോഷണം പൂര്‍ത്തിയാക്കിയ ആദ്യ നിയോജകമണ്ഡലമെന്ന പ്രഖ്യാപനം 2019 നവംബര്‍ 14 ന് വൈകുന്നേരം 4:00 മണിക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ വച്ച് ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു.
കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് അന്താരാഷ്ട്ര ജല ഉപദേശക ഫെർണാൻഡാ വാൻഡെർവെൽഡ് അഭിപ്രായപ്പെട്ടു. കേരളം സന്ദർശിക്കുന്ന നെതർലാൻഡ് രാജാവിനും രാജ്ഞിക്കുമൊപ്പം കേരളത്തിലെത്തിയ അന്താരാഷ്ട്ര ജല ഉപദേശക സംഘം പ്രതിനിധികൾ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശം നേരിൽ കാണുവാനെത്തിയപ്പോഴാണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ട് വച്ചത്. ജനകീയ പങ്കാളിത്തത്തോടെയുള്ള നീർത്തടാധിഷ്ഠിത വികസനത്തിന്റെ ഉത്തമ മാതൃകയായി ജലസമൃദ്ധി പദ്ധതിയെ അന്താരാഷ്ട്ര വേദികളിൽ അവതരിപ്പിക്കുകയും മുൻപ് പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തിരുന്ന ഡച്ച് ദുരന്ത ലഘൂകരണ വിദഗ്ദ്ധരായ പോൾ വാൻ മീൽ, സൈമൺ വാർമർഡാം എന്നിവരും സംഘത്തിലുണ്ടായിരുന്നു. പദ്ധതിയെ പറ്റി കൂടുതലറിയുവാനും നെതർലാൻഡിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണയോടെ ജലസമൃദ്ധി പദ്ധതി കൂടുതൽ പ്രദേശങ്ങളിൽ വ്യാപിപ്പിക്കുന്നതിനുള്ള പഠനങ്ങളുടെ ഭാഗമായാണ് സന്ദർശനം. ഉച്ചയ്ക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിയ സംഘത്തെ ഐ.ബി.സതീഷ് എം.എൽ.എ, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തള കുമാരി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ജലസമൃദ്ധി പദ്ധതിയുടെ പ്രവർത്തന വിവരങ്ങൾ ഭൂവിനിയോഗ കമ്മിഷണർ എ.നിസാമുദ്ദീൻ സംഘത്തിന് വിശദീകരിച്ചു നൽകി. ഇത്തരമൊരു വേറിട്ട പദ്ധതി ആരംഭിക്കാനുണ്ടായ സാഹചര്യത്തെ പറ്റിയും നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഏകോപനത്തെ പറ്റിയും പൊതുജന പങ്കിളത്തം സാധ്യമാക്കിയതിനെ പറ്റിയും സംഘം എം.എൽ.എയോട് വിശദമായി ചോദിച്ചറിഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായതും ചുരുങ്ങിയ ചിലവിൽ സ്ഥായിയായ മണ്ണ് – ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ അനുയോജ്യ ഭൂവിനിയോഗ മാതൃക രൂപപ്പെടുത്തുന്ന ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നതിന് എം.എൽ.എ മുൻകൈയെടുക്കണമെന്ന് സംഘം അഭിപ്രായപ്പെട്ടു. തുടർന്ന് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച സംഘം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിച്ച കിണർ റീചാർജ്ജിംഗ്, കാർഷിക കുളങ്ങൾ, മത്സ്യ കുളങ്ങൾ, പുനരുജ്ജീവിപ്പിച്ച കുളങ്ങളും തോടുകളും, ജലസംരക്ഷണത്തിനായി നിർമ്മിച്ച തടയണകളും മറ്റും നേരിൽ കണ്ടറിഞ്ഞു. സന്ദർശന വേളയിൽ ജലസമൃദ്ധി പദ്ധതി പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന നാട്ടുകാരോടും, തൊഴിലുറപ്പ് തൊഴിലാളികളോടും, കുടുംബശ്രീ പ്രവർത്തകരോടും ജലസമൃദ്ധി അനുഭവങ്ങളും നേട്ടങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്. ജലസമൃദ്ധി മാതൃക ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കുന്നതിനുള്ള പഠനങ്ങൾക്ക് സന്ദർശനം വളരെയധികം ഉപകരിച്ചതായി സംഘത്തിലെ മുതിർന്ന അന്താരാഷ്ട്ര ജല ഉപദേശക ഫെർണാൻഡ വാൻഡെർവെൽഡ് അഭിപ്രായപ്പെട്ടു.
കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡുമായി ചേർന്ന് ജൈവ വൈവിദ്ധ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മാറനല്ലൂർ പഞ്ചായത്തിലെ കുക്കിരി പാറയിൽ ജൈവ വൈവിദ്ധ്യ ഉദ്ധ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ജൈവ വൈവിദ്ധ്യ ബോർഡിന്റെ സങ്കേതിക – സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സസ്യോദ്യാനം, ശലഭോദ്യാനം, ഔഷധസസ്യ പാർക്ക്, കുട്ടികൾക്കുള്ള പാർക്ക്, വിശ്രമം കേന്ദ്രം, റോക്ക് ഗാർഡൻ, മാംഗോ പാർക്ക്, ബാംബൂ പാർക്ക്, ക്യാക്റ്റസ് പാർക്ക് എന്നിവ ഉൾപ്പെടുത്തിയുള്ള പാർക്കാണ് ഇവിടെ സ്ഥാപിക്കുന്നത്. മണ്ഡലത്തിലെ കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് മുന്നോടിയായാണ് സെമിനാർ സംഘടിപ്പിച്ചത്. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ: വി.ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദീൻ മുഖ്യപ്രഭാഷണം നടത്തി. ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ.അഖില പദ്ധതി വിശദീകരണം നിർവഹിച്ചു. ബയോ ഡൈവേഴ്സിറ്റി റിസോർസ് പേർസൺ റ്റി.ബാലചന്ദ്രൻ ക്ലാസുകൾ കൈകാര്യം ചെയ്തു. ജനപ്രധിനിധികൾ, ഉദ്യോഗസ്ഥർ, മണ്ഡലത്തിലെ വിവിധ കോളേജുകളിലെ വിദ്യാർഥികൾ, കുടുബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. തുടർന്ന് ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും പദ്ധതി പ്രദേശം സന്ദർശിച്ച് പദ്ധതി നിർവഹണത്തിനുള്ള പ്രാഥമിക അവലോകനം നടത്തി. കാട്ടാക്കട മണ്ഡലത്തിലെ വിവിധ കോളേജുകളിലെ ബോട്ടണി, സൂവോളജി, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടെ ജൈവ വൈവിദ്ധ്യ വിഭവ സംഭരണ പട്ടിക തയ്യാറാക്കുന്നതാണ് ആദ്യ ചുവടുവയ്പ്പ്. തുടർന്ന് മാറനല്ലൂർ ക്രൈസ്റ്റ്നഗർ കോളേജിലെയും, മലയിൻകീഴ് ഗവണ്മെന്റ് കോളേജിലെയും എൻ.എസ്.എസ് യൂണിറ്റിന്റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്തിന്റെയും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും ജൈവ വൈവിദ്ധ്യ മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നിർവഹണത്തിനാവശ്യാമായ പ്ലാനും അനുബന്ധ സംവിധാനങ്ങളും പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ തയ്യാറാക്കി നൽകും.
ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായാനുള്ള പഠനങ്ങളുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ.രാമചന്ദ്രന്‍, ചീഫ് (അഗ്രികള്‍ച്ചര്‍) എസ്.എസ്.നാഗേഷ് ഉള്‍പ്പെടെയുള്ള സംഘത്തെ ഐ.ബി.സതീഷ് എം.എല്‍.എ, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസ്സാമുദീൻ, പദ്ധതി പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന വിവിധ മണ്ണ്‍ – ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘം കണ്ടറിഞ്ഞു. രാവിലെ വിളപ്പില്‍ പഞ്ചായത്തിലെ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ എത്തിയ സംഘം സ്കൂളില്‍ സ്ഥാപിച്ച കിണര്‍ സംപോഷണ പദ്ധതിയും കിണറുകളിലെ ജല നിരപ്പ് രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച അളവ് കോല്‍ സംവിധാനവും, ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്കൂളില്‍ നടപ്പിലാക്കിയിട്ടുള്ള മറ്റ് മണ്ണ് – ജല – ശുചിത്വ സംരക്ഷണ പ്രവര്‍ത്തനങ്ങളും, ജൈവകൃഷി മാതൃകയും കണ്ടു മനസിലാക്കി. തുടര്‍ന്ന് കാട്ടാക്കട പഞ്ചായത്തില്‍ താല്‍കാലിക തടയണകള്‍ കെട്ടി ജലസംരക്ഷണം ഉറപ്പ് വരുത്തിയ കടുവാക്കുഴി – കൊല്ലോട് – അന്തിയൂര്‍ക്കോണം തോടും, കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിച്ചിട്ടുള്ള ചിറക്കുഴി കുളവും, പ്ലാവൂരില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള കാര്‍ഷിക കുളങ്ങളും, മത്സ്യകൃഷി നടത്തുന്ന മാത്രക്കോണം കുളവും സംഘം സന്ദര്‍ശിച്ചു. മാറനല്ലൂര്‍ പഞ്ചായത്തിൽ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ച പെരുംകുളവും, പുന്നാവൂര്‍ റോഡിന്‍റെ വശങ്ങളിലെ ഓടകളില്‍ തങ്ങി നിന്ന് വെള്ളകെട്ട് ഉണ്ടാക്കുന്ന മഴവെള്ളം ശേഖരിച്ചു മണ്ണിലേക്കിറക്കി റോഡിലെ വെള്ളകെട്ട് ഒഴിവാക്കി ജലം സംരക്ഷിക്കുന്ന വേറിട്ട മാതൃകയും സംഘം നേരില്‍ കണ്ടു. അതോടൊപ്പം ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കാട്ടാക്കട പഞ്ചായത്തിലെ വിവിധ കുളങ്ങളില്‍ സ്ഥാപിച്ച ജലനിരപ്പ് മനസിലാക്കുവാനുള്ള സംവിധാനത്തിന്റെ പ്രവര്‍ത്തനവും സംഘം മനസിലാക്കി. ജലസമൃദ്ധി പദ്ധതിയിലൂടെ ഹരിത കേരളം മിഷന്‍ വിഭാവനം ചെയ്യുന്ന വെള്ളം, വൃത്തി, വിളവ് എന്ന ആശയത്തെ പൂര്‍ണ്ണമായും സാക്ഷാത്കരിക്കുന്ന ഒരുത്തമ മണ്ണ് – ജല സംരക്ഷണ മാതൃകയാണ് കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയെന്നും പദ്ധതി പ്രദേശം നേരില്‍ കാണാനും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും കഴിഞ്ഞതില്‍ സംതൃപ്തരാണെന്നും ഡോ. വി.കെ.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജലസമൃദ്ധി പദ്ധതി മുന്നോട്ട് വയ്ക്കുന്ന അനുയോജ്യ ഭൂവിനിയോഗ മാതൃക നടപ്പിലാക്കുക വഴി പ്രളയാനന്തര കേരളത്തെ വീണ്ടെടുക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഇത്തരം വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥി_ജലപാർലമെന്‍റ് എന്ന ഒരു ആശയം രൂപപ്പെട്ട അന്നുമുതല്‍ മനസ്സില്‍ നിറയെ സംശയങ്ങളും സംഘര്‍ഷങ്ങളും ആയിരുന്നു… എന്തായാലും ഇറങ്ങി തിരിച്ചു ആ ആശയം നടപ്പാക്കാന്‍… പക്ഷെ അത് വിദ്യാര്‍ത്ഥി സമൂഹം എങ്ങനെ ഉള്‍ക്കൊള്ളും, എങ്ങനെ സംഘടിപ്പിക്കാനാകും എന്നൊക്കെയുള്ള സംശയങ്ങള്‍… ഒടുവില്‍ ഇന്ന് ജലപാര്‍ലമെന്‍റ് സംഘടിപ്പിക്കപ്പെട്ടു… രാവിലെ 9 മണി മുതൽ കിള്ളി രാജശ്രീ ആഡിറ്റോറിയത്തിലും സമീപത്തെ പങ്കജകസ്തുരി കോളേജിലുമായി ഒഴുകി എത്തി വിദ്യാർത്ഥി സമൂഹം… ഓണപ്പരീക്ഷയുടെ ടെൻഷന്‍റെ വക്കിലായിരുന്നിട്ട് പോലും 509 വിദ്യാർത്ഥികൾ ജലപാര്‍ലമെന്റിലും 227 വിദ്യാർത്ഥികൾ ചിത്രരചന – ഉപന്യാസ മത്സരത്തിലുമായി പങ്കെടുത്തത്…
രാവിലെ 9:30 മണി മുതല്‍ ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ജലപാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥികളും ജലസംരക്ഷണവും, വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി, ഹരിത കേരളം, വികസനവും സംയോജന സാധ്യതകളും എന്നീ വിഷയങ്ങളില്‍ ചോദ്യോത്തരവേള സംഘടിപ്പിച്ചു… ഉപചോദ്യങ്ങളുമായി വിദ്യാര്‍ത്ഥി പ്രതിനിധികളും… മറുപടികളുമായി ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചേയർപേഴ്സൺ ഡോ.റ്റി.എൻ.സീമ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ൺ lAS… തുടര്‍ന്ന് കേരളത്തിലെ ഭൂവിനിയോഗവും ജലസംരക്ഷണവും എന്ന വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍… അതിന് മറുപടികളുമായി മണ്ണ് സംരക്ഷണ – മണ്ണ് പര്യവേഷണ വകുപ്പ് ഡയറക്ടർ ജസ്റ്റിൻ മോഹൻ IFS, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് കെ.പി.സുധീർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡിംമ്പി.വി.ദിവാകരൻ, കേരള സർക്കാർ വികസന ഉപദേഷ്ടാവ് സി.എസ്.രജ്ഞിത്ത്… പിന്നെ പ്രകൃതി സംരക്ഷണവും യുവതലമുറയും എന്ന വിഷയത്തില്‍ സബ്മിഷൻ… മറുപടികളുമായി വിക്ടേഴ്സ് ചാനൽ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, സാക്ഷരതാ മിഷൻ ഡയറക്ടർ പി.എസ്.ശ്രീകല, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.അനുമേരി ഫിലിപ്പ്, റിട്ട. പ്രിൻസിപ്പൽ ഡോ.സി.പി.അരവിന്ദാക്ഷൻ… ഉച്ചയൂണിന് ശേഷമുള്ള സഭാസമ്മേളനത്തിന്‍റെ ഭാഗമായി നാം എങ്ങനെ അതിജീവിക്കും എന്ന വിഷയത്തിൽ ജി.എസ്.പ്രദീപിന്റെ പ്രത്യേക സെഷന്‍… അങ്ങനെ നിയമനിർമ്മാണ സഭയെ അനുസ്മരിപ്പിക്കും വിധം നിരവധി സഭാനടപടിക്രമങ്ങള്‍… വാച്ച് & വാർഡുകളായി SPC – NCC – NSS – Junior RedCross വിദ്യാർത്ഥികൾ… എല്ലാം വിദ്യാര്‍ത്ഥികളാൽ നിയന്ത്രിതം… കാഴ്ചക്കാരായി അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും…
കവി മുരുകന്‍ കാട്ടാക്കട “പക” യെന്ന കവിത ചൊല്ലി മനുഷ്യന്‍ പ്രകൃതിയോട് കാട്ടുന്ന അതിക്രമങ്ങള്‍ വരുത്തി വയ്ക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തി കടന്നുപൊയി… ജി.എസ്.പ്രദീപിന്‍റെ ആത്മവിശ്വാസം നിറയ്ക്കുന്ന വാക്കുകളിലൂടെ നാം എങ്ങനെ അതിജീവിക്കും എന്ന സെഷനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കിയത്… മനസ്സുകളില്‍ സൃഷ്ടിച്ചത്… ഒരു പുതിയ ആവേഗമാണ്… പ്രൗഡ ഗംഭീരമായ ജലപാർലമെന്റിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടകനും സമ്മാനദാതാവുമായി എം.പിയും എത്തി… വിശിഷ്ടാതിഥികളായി പത്മശ്രീ ഡോ.ജെ.ഹരീന്ദ്രന്‍ നായർ, ശുചിത്വമിഷൻ ഡയറക്ടർ മിർ മുഹമ്മദലി IAS, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ ശംസുദ്ദീൻ.കെ.എച്ച്, ജലസമൃദ്ധി കോർഡിനേറ്റർ റോയ് മാത്യു… ആശംസകളുമായി ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍… ഉദ്യോഗസ്ഥര്‍… സഭാസെക്രട്ടറിയെ പോലെ ജലപാർലമെന്റിന്‍റെ അണിയറ പ്രവർത്തനങ്ങളുമായി ഭൂവിനിയോഗ ബോർഡ് കമ്മിഷണർ നിസാമുദ്ദീനും ടീം ജലസമൃദ്ധിയും… എന്തു കൊണ്ടും ഇന്ന് വൈകുന്നേരം ജലപാര്‍ലമെന്‍റ് കഴിഞ്ഞ് സമാപന യോഗവും പിരിഞ്ഞപ്പോള്‍ മനസ്സില്‍ നിറയെ നിര്‍വൃതിയാണ്… പൊതുപ്രവര്‍ത്തന കാലയളവിലെ ഏറ്റവും തിളക്കമുള്ള ഒരു ദിവസമാണ് ഇന്ന് പിന്നിട്ടത്…
നിയമനിര്‍മ്മാണ സഭകളിലെ നടപടിക്രമങ്ങള്‍ അനായാസേനയാണ് വിദ്യാര്‍ത്ഥികള്‍ സ്വായത്തം ആക്കി അവതരിപ്പിച്ചത്… അവരുടെ ഇടപെടലിലും പെരുമാറ്റത്തിലും പരിചയക്കുറവിന്‍റെ പ്രശ്നങ്ങള്‍ ഒന്നും കാണാനായില്ല…. നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച സഭാനേതാവും ക്രീയാത്മക പ്രതിപക്ഷമാകുമെന്ന് ഉറപ്പു നല്‍കി പ്രതിപക്ഷനേതാവും മുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച വിദ്യാർത്ഥികൾ എല്ലാം നിയമനിര്‍മ്മാണ സഭകളിലെ നടപടി ക്രമങ്ങളെ ഗൃഹപാഠം ചെയ്ത് മനസ്സിലാക്കി എത്തിയവരാണ്… അതോടൊപ്പം വര്‍ത്തമാനകാല പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലം എങ്ങനെയാണ് വിദ്യാര്‍ത്ഥി മനസുകളെ വേട്ടയാടുന്നത് എന്നതും അവരുടെ ചോദ്യങ്ങളില്‍ പ്രതിഭലിച്ചു… പ്രളയവും വരള്‍ച്ചയും, വരള്‍ച്ചയും പ്രളയവും മാറി മാറി വരുന്ന പ്രകൃതി പ്രതിഭാസങ്ങളില്‍ തങ്ങളുടെ ഭാവി മാത്രമല്ല പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പ് തന്നെ എന്താകും എന്നുള്ള ആകുലതകള്‍ പോലും പങ്കുവയ്ക്കപ്പെട്ടു…
ജലപാര്‍ലമെന്‍റ് അനിവാര്യമായിരുന്ന ഒരു ഇടപെടലാണ്… കാട്ടാക്കട മണ്ഡലത്തിലെ എല്ലാ ഹൈസ്കൂള്‍ – ഹയര്‍ സെക്കന്ററി സ്കൂളുകളിലെയും എല്ലാ ഡിവിഷനുകളില്‍ നിന്നും ഒരോ വിദ്യാര്‍ത്ഥി വീതം പങ്കെടുത്തിരുന്നു. സംവാദ മത്സരത്തില്‍ പങ്കാളികളായി ഈ സഭയിലേക്ക് എത്തിയവരുണ്ട്… ഓണ്‍ലൈന്‍ ആപ്പ്ളിക്കേഷന്‍ സംവിധാനം വഴി അപേക്ഷിച്ച് മണ്ഡലത്തിന് അകത്തും പുറത്തും നിന്നുമുള്ള വിവിധ കോളേജുകളില്‍ നിന്ന് എത്തിയവര്‍ ഉണ്ട്… ചിത്രരചന – ഉപന്യാസ രചനാ മത്സരങ്ങളിൽ വീറോടെ പങ്കെടുത്ത കുരുന്നു കൂട്ടുകാർ ഉണ്ട്… ഞങ്ങളെക്കാൾ ഏറെ ആവേശത്തിലായിരുന്നു ജലപാർലമെന്റിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾ…
വരും തലമുറയുടെ മനസ്സില്‍ ഉണ്ടാകേണ്ട കരുതലിനെ ഓര്‍മ്മപ്പെടുത്തലും, പ്രകൃതി – മണ്ണ് – ജല സംരക്ഷണങ്ങള്‍ക്ക് ചിലതെല്ലാം നമ്മള്‍ ചെയ്യാനുണ്ട് എന്ന തിരിച്ചറിവും… അതാണ് ഇന്ന് നടന്ന ജലപാര്‍ലമെന്റിന്‍റെ ബാക്കി പത്രം…
ഐ.ബി.സതീഷ് എം.എല്‍.എ, കാട്ടാക്കട
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ മുഖ്യ പങ്ക് വഹി ച്ചത് അധ്യാപകരും വിദ്യാര്‍ത്ഥികളും, ജലക്ലബ്ബുകളും, എന്‍.എസ്.എസ്, എസ്.പി.സി വോളന്റി യര്‍മാരും ആണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ പിന്‍തുണ ഉറപ്പാക്കേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഹരിത കേരളം മിഷനും മണ്ണ് സംരക്ഷണ വകുപ്പിന്റെ കീഴിൽ ചടയമംഗലത്ത് പ്രവർത്തിക്കുന്നInstitute for Watershed Development and Managementയുമായി ചേർന്ന് ത്രിതല പഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ,സാക്ഷരതാ മിഷൻ, പാർലമെ ന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ 2019ആഗസ്റ്റ് 28ന് കാട്ടാക്കട കിള്ളി രാജശ്രീ ആഡിറ്റോറിയത്തില്‍ വച്ച് രാവിലെ 9മണി മുതല്‍ വിദ്യാർത്ഥി ജലപാർല മെന്റ് സംഘടിപ്പിക്കുന്നു. രാജ്യത്തെ പരമോന്നത നിയമ നിർമ്മാണസഭയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന വിവിധ സെഷനുകളായിട്ടാണ് പാർലമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ബഹു.മുഖ്യമന്ത്രി പിണറായി വിജയന്റെ നയപ്രസംഗത്തോടെ ആരംഭിക്കുന്ന ജലപാര്‍ലമെന്റില്‍ ബഹു.വിദ്യാഭ്യാസ മന്ത്രിയും ബഹു.കളക്ടറും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ജലസംരക്ഷണം, ജലസംഭര ണം,ജലവിനിയോഗം, ഭൂവിനിയോഗം എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകുന്ന ജലസമൃദ്ധി പദ്ധതിയുടെ ജലസാക്ഷരതാ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഇത്തര മൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം വിദ്യാത്ഥികളിൽ അവബോധം സൃഷ്ടിക്കു ന്നതിനായി അന്നേ ദിവസം ചിത്രരചന, ക്വിസ്, ഉപന്യാസ മത്സരങ്ങളും സംഘടിപ്പിക്കുന്നു. കൂടാതെ ജല സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന വകുപ്പുകളുടെയും സ്ഥാപങ്ങളുടെയും എക്സി ബിഷനും ഒരുക്കുന്നതാണ്. ജലപാർലമെന്റിനെ തുടർന്നുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിലേക്കും വാർഡ് തലത്തിലേക്കും വ്യാപിപ്പിക്കുന്നതിന് പഞ്ചായത്ത്തലത്തിൽ ജല അസ്സംബ്ലിയും തുടർന്ന് സ്‌കൂൾ തലത്തിൽ സ്‌കൂൾ ജല അസ്സംബ്ലിയും സംഘടിപ്പിക്കും.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ മത്സരത്തിൽ കൊല്ലം എസ്.എൻ കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കടയിൽ വച്ച് വിദ്യാർത്ഥി ജലപാർലമെന്റ് സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ജലസുരക്ഷ, ഭൂവിനിയോഗം, മണ്ണ് സംരക്ഷണം എന്നിവയെ അടിസ്ഥാനപ്പെടുത്തി സംവാദ മത്സരം സംഘടിപ്പിച്ചത്. സംവാദ മത്സരത്തിന്റെ ഉദ്ഘാടനം ബഹു. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് നിർവ്വഹിച്ചു. ജില്ലയ്ക്കകത്തും പുറത്തുമുള്ള ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, കോളേജ് തലങ്ങളിലെ വിദ്യാര്‍ത്ഥി-വിദ്യാർത്ഥിനികള്‍ സംവാദ മത്സരത്തില്‍ പങ്കെടുത്തു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി/കോളേജ് വിഭാഗങ്ങള്‍ക്ക് പ്രത്യേകമായിട്ടാണ് സംവാദ മത്സരം സംഘടിപ്പിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ 14 സ്കൂളുകളും, ഹയർ സെക്കന്ററി വിഭാഗത്തിൽ 8 സ്കൂളുകളും, കോളേജ് വിഭാഗത്തിൽ 4 കോളേജുകളും പങ്കെടുത്തു. ഒരോ സ്ഥാപനത്തിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ വീതമുള്ള ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ട് റൗണ്ടായി നടന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ ഒരോ ടീം അംഗങ്ങൾ തമ്മിലും, രണ്ടാം റൗണ്ടിൽ ആദ്യ റൗണ്ടിൽ വിജയികളായ ടീമുകളെ ഉൾപ്പെടുത്തി പൊതു സംവാദവുമായിട്ടാണ് സംഘടിപ്പിച്ചത്. കോളേജ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ കൊല്ലം എസ്.എൻ കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയർസെക്കന്ററി വിഭാഗത്തിൽ കാട്ടാക്കട പി.ആർ.വില്ല്യം എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കുളത്തുമ്മൽ ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനവും, കണ്ടല ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനവും, പ്ലാവൂർ ഗവ.ഹൈസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രളയ ദുരന്തം നേരിടുന്ന കേരളത്തിൽ അതിജീവനത്തിന് ഉത്തമ ഭൂവിനിയോഗ മാതൃകകൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പ്രകൃതി സംരക്ഷണവും മണ്ണ് – ജലസുരക്ഷയെ പറ്റിയുമുള്ള നിരവധി ആശയങ്ങളും ചൂടേറിയ ചർച്ചകളും മത്സരത്തിന്റെ ഭാഗമായി ഉണ്ടായി. മുതിർന്നവരെക്കാൾ പക്വതയോടെയും കൃത്യതയോടെയും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കുകയും അവയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ പറ്റി വിദ്യാർത്ഥികൾക്കുള്ള വ്യക്തമായ ധാരണയും അറിവും അതിശയിപ്പിക്കുന്നതായിരുന്നു എന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. 2019 ആഗസ്റ്റ് 28 ന് കാട്ടാക്കടയിൽ വച്ച് ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന വിദ്യാർത്ഥി ജലപാർലമെന്റിന്റെ സംഘാടനവും ഏകോപനവും സംവാദ മത്സരത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളായിരിക്കും കൈകാര്യം ചെയ്യുന്നതെന്നും എം.എൽ.എ അറിയിച്ചു.
കാട്ടാക്കട നിയോജമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ മണ്ണ് സംരക്ഷണ വകുപ്പ് ത്രിതല പഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളി രാജശ്രീ ആഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9:30 മണി മുതല്‍ വിദ്യാർത്ഥി ജലപാർലമെന്റ് സംഘടിപ്പിക്കുന്നു. ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ജലപാർലമെൻറിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, എം.പി, എം.എൽ.എ, ഉന്നത ഉദ്യോഗസ്ഥർ, ജലവിഭവ പരിപാലന രംഗത്തെ വിദഗ്ദ്ധർ എന്നിവർ പാർലമെൻറ്റിൽ പങ്കെടുക്കുന്നതാണ്. രാജ്യത്തെ പരമോന്നത നിയമ നിർമ്മാണസഭയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന വിവിധ സെഷനുകളായിട്ടാണ് പാർലമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ജലപാർലമെന്റിന്റെ ഭാഗമായി സ്കൂള്‍ വിദ്യാർത്ഥികളിൽ അവബോധം സൃഷ്‌ടിക്കുന്നതിനായി ആഗസ്റ്റ് 28 ന് രാവിലെ 9.30 മുതല്‍ കാട്ടാക്കട കിള്ളിയിലുള്ള രാജശ്രീ ആഡിറ്റോറിയത്തിൽ വെച്ച് ചിത്രരചന, മലയാള ഉപന്യാസ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. ചിത്രരചനക്ക് എല്‍.പി വിഭാഗത്തിന് ക്രയോണ്‍സും, യു.പി, എച്.എസ് വിഭാഗത്തിന് വാട്ടര്‍ കളറുമാണ് ഉപയോഗിക്കേണ്ടത്. വരയ്ക്കുന്നതിനുള്ള ഉപകരണങ്ങള്‍ (ക്രയോണ്‍/വാട്ടര്‍ കളര്‍) കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്. ജലസംരക്ഷണം/ശുചിത്വം/ പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങളെ സംബന്ധിച്ചായിരിക്കും മലയാള ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്. ചിത്രരചന, ഉപന്യാസ മത്സരങ്ങൾ എൽ.പി/യു.പി/ ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം സംഘടിപ്പിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾ പേര്, ക്ലാസ്, സ്കൂൾ, ഫോൺ നമ്പർ എന്നീ വിവരങ്ങൾ kattakkada-mla@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 25-08-2019 ന് മുൻപായി അയക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പ്രവീൺ.ബി (8301012237), മഹേഷ് എ.ആർ (9995954993) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രധാന ചെറുനീർത്തടമായ 2K27b യിലെ പ്രധാന തോടായ കടുവക്കുഴി കൊല്ലോട് അണപ്പാട് മചേൽ തോടിന്റെ അണപ്പാട് ഭാഗത്തു നിന്ന് ഇന്ന് പകർത്തിയ ചിത്രങ്ങൾ… ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച തടയണകൾ തോടിനെ ജലസമൃദ്ധമാക്കുന്നതിന്റെ ഒരു നേർക്കാഴ്ച… ഈ വർഷം ജലസേചനവകുപ്പിന്റെ സഹായത്തോടെ അനുയോജ്യമായ സ്ഥലങ്ങളിൽ VCB കൾ കൂടി നിർമ്മിക്കുന്നതോടെ തോട് പഴയ പ്രതാപത്തിലേക്കു മടങ്ങും… ഒപ്പം പ്രദേശത്തെ കിണറുകളിലെ ജലനിരപ്പും…
2019-20 സാമ്പത്തിക വർഷത്തിൽ അനുമതി ലഭിച്ച കേരള സർക്കാരിന്റെ പദ്ധതിയായ സൂക്ഷമ നീർത്തടങ്ങളുടെ വികസനത്തിൽ ഉൾപ്പെടുത്തി കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ബഹു. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു. കാട്ടാക്കട പഞ്ചായത്തിലെ കിള്ളി, കുളത്തുമ്മൽ, കാട്ടാക്കട, ചെട്ടി കോണം, കാനക്കോട്, പാറച്ചൽ, കൊമ്പാടിക്കൽ, അമ്പലത്തിൻകാല, എട്ടുരുത്തി, തൂങ്ങാംപാറ, പൊന്നറ, വാർഡുകളിലൂടെ ഒഴുക്കുന്ന കുളത്തുമ്മൽ തോടിന്റെ ഇരുവശവുമായി വരുന്ന കൃഷിഭൂമി ഉൾപ്പടെയുള്ള 425 ഹെക്ടർ പ്രദേശമാണ് പദ്ധതി പ്രദേശം. ശാസ്ത്രീയമായി മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക വഴി രൂക്ഷമായ മണ്ണൊലിപ്പ് തടയുക, ഭൂഗർഭ ജലവിതാനം ഉയർത്തുക, തോടും അനുബന്ധ ജലസ്രോതസ്സുകളും സംരക്ഷിക്കുക, ജൈവ വൈവിധ്യം നിലനിർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ ഐ.ബി.സതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാട്ടാക്കട ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത സ്വാഗതം ആശംസിക്കുകയും മണ്ണുപര്യവേഷണ മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടർ ജെ.ജസ്റ്റിൻ മോഹൻ IFS പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ.റ്റി.എൻ.സീമ പദ്ധതിരേഖ പ്രകാശനം നിർവ്വഹിച്ചു. കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ.നിസാമുദ്ദീൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. കാട്ടാക്കട പഞ്ചായത്തിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. മണ്ണ് സംരക്ഷണ അസി.ഡയറക്ടർ സി.എ.അനിത കൃതജ്ഞത രേഖപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി തോടിൽ ജലം ശേഖരിച്ച് നിലനിർത്തുന്നതിനുള്ള തടയണ നിർമ്മാണം, പാർശ്വഭിത്തി സംരക്ഷണം, റാമ്പ്, തോടിന്റെ കരകളിൽ മണ്ണൊലിപ്പ് തടയുന്നതിനായി പുല്ലു വച്ച് പിടിപ്പിക്കൽ, ഫലവൃക്ഷത്തൈ നടീൽ, ജൈവ വേലി, തെങ്ങിൻ തടം, റബ്ബർ തടം, കല്ലു കൈയ്യാല, കിണർ റീച്ചാർജജിംഗ്, പുതിയ കിണർ നിർമ്മാണം, ചെറുകുളങ്ങളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി പ്രദേശത്തെ കാർഷിക ഭൂമിയിൽ നടപ്പിലാക്കുന്ന പ്രവൃത്തികൾ, പ്രദേശത്തെ ഗുണഭോക്താക്കളിൽ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്തൃ കമ്മിറ്റി മുഖേനയും, കുളങ്ങളുടെയും തോടുകളുടേയും സംരക്ഷണ പ്രവൃത്തികൾ ടെന്റർ മുഖേനയുമാണ് നടപ്പിലാക്കുന്നത്. മണ്ണ് സംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്ക് 100% സബ്സിഡി ഉണ്ടായിരിക്കും.
ചരിത്രം കുറിച്ചൊരു കിണറാണിത്…
ഉത്തരമായൊരു കിണറും…
കുളത്തുമ്മൽ ഹയർ സെക്കണ്ടറി ഹൈ സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള നോട്ടത്തിൽ സുന്ദരിയായ കിണർ…
വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സ്വീകാര്യമായി തുടങ്ങിയത് ഈ കിണറ്റിൻ കരയിലാണ്…
വെള്ളം വെള്ളം എന്ന് നിലവിളിച്ചു നടക്കുന്ന എം എൽ എ എന്ന് പരിഹസിച്ചവർ തന്നെ സുസ്ഥിര വികസന മാതൃകയെന്ന് പാടി പുകഴ്ത്തി തുടങ്ങിയതുമിവിടെ വച്ചു തന്നെ…
സ്കൂളിന്റെ പുരപ്പുറത്തു പെയ്യുന്ന ഏഴ് ലക്ഷം ലിറ്റർ (വാർഷിക ശരാശരി) ഒഴുകി പാഴായി പോകാതെ പാത്തി വച്ച് ഒഴുക്കി രണ്ടു കിണറുകളുണ്ടാക്കി നിക്ഷേപിച്ചു. ഭാവി തലമുറക്കായുള്ള മൂലധനമായി…
അതുവരെ ചിത്രത്തിൽ കാണുന്ന കിണർ (അമ്മ കിണറെന്നു ഞങ്ങൾ വിളിക്കും) ജലസ്പർശമില്ലാത്ത പാറക്കല്ലുകൾ മാത്രം അടിത്തട്ടിൽ കാഴ്ചയാകുന്ന കിണറായി രുന്നു. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ് ഉത്ഘാടന വേദിയിലിരിക്കുമ്പോൾ അന്നത്തെ പ്രിൻസിപ്പൽ രാധാലക്ഷ്മി ടീച്ചർ അനുഭവം പങ്കു വച്ചു .കോഴിക്കോട്ട്കാരി ടീച്ചർ കാട്ടാക്കടയിലെ പള്ളികൂടത്തിൽ ആദ്യം കണ്ട കാഴ്ച ജലസ്പർശമില്ലാത്ത കിണറായിരുന്നു…
ഉത്ഘാടന ചടങ്ങിനു മുമ്പ് മൺചെരാത് തെളിയിക്കാൻ ആ കിണറിൻ കരയിലെത്തുമ്പോൾ…
കരയിൽ നിന്നു കൈകൾ നനക്കാവുന്ന ജലനിരപ്പുള്ള കിണർ…
തൊട്ടടുത്ത വീടുകളിലെ കിണറുകൾക്കും വറ്റി പോയ സമീപത്തെ കുളങ്ങൾക്കും പുനർജനി നൽകി ഈ അമ്മകിണർ…
അവിട് നിന്ന് തുടങ്ങി…
മണ്ഡലത്തിലെ എല്ലാ സ്കൂളുകൾ, കിണറുള്ള സർക്കാരാഫീസുകൾ, അംഗനവാടികൾ എല്ലായിടത്തും ഈ മാതൃക…
ഉപയോഗ ശൂന്യമായ പാറക്വാറികളിലെ വെള്ളം മണ്ണിലേക്കാഴ്ന്നിറങ്ങി…
ഓടുന്ന വെള്ളത്തെ നടത്തിച്ചും പിന്നെ കിടത്തിയും മണ്ണിനടിയിൽ ഉറക്കിയും ആബാലവൃദ്ധം ജനത ജലസമൃദ്ധിയെ ഏറ്റെടുത്തു ജനീവയിലെ ഐക്യരാഷ്ട്ര സഭാ പുനർ നിർമ്മാണ സെഷനിൽ കാട്ടാക്കട മാതൃക പ്രശംസിക്കപ്പെട്ടു…
നെതർലാണ്ട് സന്ദർശനത്തിനെത്തിയ ബഹു: മുഖ്യമന്ത്രിയോട് കാട്ടാക്കട ജലസമൃദ്ധി മാതൃകയെ കുറിച്ച് അന്വേഷണമുണ്ടായതിനെ കുറിച്ച് നിശാഗന്ധിയിലെ നിറഞ്ഞ സദസിൽ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു…
അപകടാവസ്ഥയിൽ നിന്ന് സുരക്ഷിത ഭൂഗർഭ ജലനിരപ്പിലേക്ക് ഒരു നാടുണർന്നതിന്റെ തുടക്കത്തെ ഓർമ്മിപ്പിച്ച് ഈ കിണർ…
ഓർമ്മകളിൽ അഭിമാനവും മനസിൽ ആത്മ സംതൃപ്തിയും നിറക്കുന്ന അമ്മക്കിണർ…
ജലസമൃദ്ധി സുപ്രധാനമായ അടുത്ത ഘട്ടങ്ങളിലേക്ക്…
സ്വാഭാവിക പ്രയാണത്തിലേക്ക്…
അപ്രതീക്ഷിത വേഗത്തിലാണ് ഭൂഗർഭ ജലനിരപ്പും ജനങ്ങളുടെ പ്രതികരണവും ആവേശകരമായൂർന്നത്…
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം വഴി ഉണ്ടായ ഉണർവാണത്…
സ്കൂൾ വിദ്യാർത്ഥികൾ മുതൽ വയോജനങ്ങൾ വരെ അറിവും പ്രയോഗവും കൊണ്ടൊരുമിച്ചു…
സമ്പൂർണ കിണർ റീചാർജിംഗ് ഉയർത്തിക്കാട്ടിയ ലക്ഷ്യമായിരുന്നു…
എന്നാൽ പ്രായോഗിക തടസങ്ങൾ…
ഓരോ വ്യക്തികളും അവരുടെ കിണറുകൾ റീചാർജ് ചെയ്യുന്നതിന്റെ പരിമിതി പ്രായോഗിക ബുദ്ധിമുട്ടുകൾ… എന്നാലിപ്പോൾ അതിനൊരു പരിഹാരമായിരിക്കുന്നു…
ഒരു വാർഡ് യൂണിറ്റായി പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി സമ്പൂർണ കിണർ റീചാർജ് ലക്ഷ്യം കൈവരിക്കാൻ തുടങുന്നു…
ആദ്യ ഘട്ടം മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്റ്മാർ പ്രതിനിധാനം ചെയ്യുന്ന വാർഡുകളിൽ 2021 കഴിയുമ്പോഴേക്കും പൂർണമായി റീചാർജിംഗ്…
തുടർന്ന് എല്ലാ വാർഡുകളും…
കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ പാറ ക്വാറികളിലെ ജലം ഉപയോഗിച്ച് കിണർ റീ ചാർജിംഗ് എന്ന പദ്ധതി പള്ളിച്ചൽ പഞ്ചായത്തിലെ കണ്ണൻകോട് വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് വിശദമായ ഫീൽഡ് പരിശോധന നടത്തുകയുണ്ടായി. ഇരുപത്തിയഞ്ചിലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കിണറുകളിലെല്ലാം തന്നെ അതിരൂക്ഷമായ ജലദൗർലഭ്യം അനുഭവപ്പെട്ടിരുന്നു ഇതിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പാറക്വാറിയിൽ നിന്നും ഏകദേശം 500 അടി അകലത്തിൽ 200 അടി താഴെ ഭാഗത്തായി 2.10 m X 1.80 m X 1.50 m അളവിൽ ഒരു റീച്ചാർജ് പിറ്റ് മച്ചേൽ കുളങ്ങരക്കോണം പുലരിയോട്ടത്ത്കോണത്ത് വീട്ടിൽ ശ്രീ സി.എൽ ജോർജിന്റെ പുരയിടത്തിൽ നിർമ്മിച്ചത്. തുടർന്ന് ഈ കുഴിയുടെ അടിഭാഗത്തായി മണലും ഗ്രാവലും നിക്ഷേപിച്ചു. തുടർന്ന് ഹൈഡ്രോളിക് ഗ്രേഡിയന്റ് തത്വത്തിന്റെ അടിസ്ഥാനത്തിൽ 1 ഇഞ്ച് വ്യാസമുള്ള ഒരു പി വി സി പൈപ്പിന്റെ സഹായത്തോടെ ക്വാറിയിൽ നിന്ന് ജലം ഈ റീചാർജ് പിറ്റിലേക്കെത്തിച്ചു. പിറ്റിലെത്തുന്ന ജലത്തിന്റെ അളവ് ക്രമീകരിക്കാൻ ഒരു ടാപ്പും ഘടിപ്പിച്ചിട്ടുണ്ട്. 3 ദിവസം കൊണ്ട് ജോർജിന്റെ കിണറിലെ ജലനിരപ്പ് ഉയർന്നതോടൊപ്പം സമീപത്ത് താമസിക്കുന്ന വിൽസൺ, രവി , സുജാത അമ്പിളി, വിജിമോൾ രാധാകൃഷ്ണൻ , ഹരികൃഷ്ണൻ, വേണു, ഗോപാലൻ നായർ , ഗോപൻ , സതികുമാരൻ നായർ എന്നിവരുടെ കിണറുകളിലും ജലനിരപ്പ് ഉയർന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ മോഡലിന്റെ വിജയം നിയോജകമണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലും ഏറ്റെടുക്കുവാനുള്ള നടപടികൾ സ്വീകരിക്കും.
ആദ്യഘത്തില്‍ കാട്ടാക്കട, പളളിച്ചല്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. 18.04.2017 ന് ബഹു. എം.എല്‍.എ യുടെ ഓഫീസില്‍ ആചോലന യോഗം നടന്നു. 27.04.2017 ന് ബ്ലോക്ക് ഓഫീസില്‍ രണ്ട് പഞ്ചായത്തുകളുടെയും പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, MGNREGS ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. എം.എല്‍.എ., ഭൂവിനിയോഗ കമ്മീഷണര്‍, MGNREGS സംസ്ഥാന മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 27.04.2017 ന് രണ്ടാമത്തെ യോഗം ചേര്‍ന്ന് ഓരോ പഞ്ചായത്തിലെയും ഓരോ വാര്‍ഡില്‍ പദ്ധതി ആരംഭിക്കുവാന്‍ തീരുമാനിച്ചു. 13.05.2017 ന് പള്ളിച്ചല്‍ പഞ്ചായത്തിലെ പാമാംകോട് വാര്‍ഡില്‍ ബഹു. എം.എല്‍.എ. പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സി.സി.ഡി.യുമായി ചേര്‍ന്ന് നിയോജക മണ്ഡലത്തിലെ ആറ് സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധന ലാബുകള്‍ ആരംഭിക്കുന്നു. 6 പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (കാട്ടാക്കട), മലയിന്‍കീഴ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (മലയിന്‍കീഴ്), വിളവൂര്‍ക്കല്‍ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (വിളവൂര്‍ക്കല്‍), ഡി.വി.എന്‍.എം ഹൈസ്കൂള്‍ (മാറനല്ലൂര്‍), പേയാട് സെന്റ് സേവിയേഴ്സ് (വിളപ്പില്‍), നേമം വിക്ടറി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (പള്ളിച്ചല്‍) എന്നിവിടങ്ങളിലാണ് ജല ഗുണനിലവാര പരിശോധന ലാബുകള്‍ ആരംഭിക്കുന്നത്. സ്കൂളുകളില്‍ രൂപീകരിച്ചിട്ടുള്ള ജലക്ലബ്ബുകളിലെയും എന്‍.എസ്.എസ് യൂണിറ്റിലെയുംവിദ്യാര്‍ത്ഥികളാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും കിണര്‍ വെള്ളം ശേഖരിച്ച് സ്കൂളുകളില്‍ എത്തിച്ച് പരിശോധിച്ച് ജലശുദ്ധി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്. തുടര്‍ന്ന് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജലപരിശോധന നടത്തുന്നതാണ്. ജല ഗുണനിലവാര പരിശോധന നടത്തുന്നതിനാവശ്യമായ കിറ്റുകള്‍ സി.സി.ഡി.യു ലാബുകള്‍ക്ക് നല്‍കുകയും പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതാണ്. ഒരുകിറ്റ് ഉപയോഗിച്ച് 80 മുതല്‍ 100 സാമ്പിള്‍ വരെ പരിശോധിക്കുവാന്‍ കഴിയുന്നതാണ്. തെരഞ്ഞെടുത്ത സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഏകദിന പരിശീലന പരിപാടി മലയിന്‍കീഴ് ഗവ. ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് ബഹു.എം.എല്‍.എ ഐ.ബി.സതീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിന് ശേഷം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വരള്‍ച്ച അനുഭവിക്കേണ്ടി വന്ന കാലഘട്ടത്തില്‍ ജലസമൃദ്ധി പദ്ധതിയുടെ പ്രസക്തി ഏറിവരികയാണെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ജലപരിശോധന നടത്തുന്നതിനോടൊപ്പം ജലസാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും വരുന്ന നവംബര്‍ 1 ന് നിയോജകമണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളും ഹരിത വിദ്യാലയമാക്കുന്നതിനുള്ള യജ്ഞത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സി.സി.ഡി.യു ഡയറക്ടര്‍ ഡോ.സുനില്‍കുമാര്‍.ജി അദ്ധ്യക്ഷനായിരുന്നു. ഭൂവിനിയോഗ കമ്മീഷണര്‍ എ.നിസ്സാമുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ജീജ.ഐ.ആര്‍, ഹെഡ്മാസ്റ്റര്‍ രാജീവ്.എ.എസ്, ജലക്ലബ്ബ് കോര്‍ഡിനേറ്റര്‍ വേണുതോട്ടുങ്കര, സി.സി.ഡി.യു കണ്‍സള്‍റ്റന്‍റ് ജസ്ന സൈനുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പരിശീലന ക്ലാസ്സുകള്‍ക്ക് ആള്‍സെയ്ന്‍്സ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.ബീനകുമാരി, സി.സി.ഡി.യു റിസോഴ്സ് പേഴ്സണ്‍ മുകേഷ്.ബി.കെ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യംചെയ്തു. ഓരോ സ്കൂളില്‍ നിന്നും എത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമീപത്തെ കിണറുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ജലഗുണ നിലവാര പരിശോധനയുടെ പ്രായോഗിക പരിശീലനം നടത്തി.
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലുമായി നടത്തിയിരുന്ന ജലശുദ്ധി പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചു പരിശോധന നിർവ്വഹിച്ച മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലെ ജല ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാ റസ്സൽ വിതരണം ചെയ്തപ്പോൾ.
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലുമായി നടത്തിയിരുന്ന ജലശുദ്ധി പരിശോധനയുടെ റിപ്പോർട്ട് കാട്ടാക്കട കുളത്തുമ്മൽ ഗവ.എച്ച്.എസ്.എസിൽ ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി തോമസ് പ്രകാശനം ചെയ്തപ്പോൾ…
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആറായിരത്തിലധികം കിണറുകളിലെ ജലശുദ്ധി പരിശോധന പൂർത്തിയാകുന്നു. വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ളത്തിന്റെ ശുദ്ധി പരിശോധിക്കപ്പെടുന്നത്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 21 വാർഡുകളിലും ജൂലൈ 15 രാവിലെ 9.30 മുതൽ ജലപരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. കാട്ടാക്കട മണ്ഡലത്തിലെ ജലമിത്രങ്ങൾ, പി.ആർ. വില്യം ഹയർ സെക്കന്ററി സ്കൂൾ, കുളത്തുമ്മൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച എൻ.എസ്.എസ് വോളന്റിയർമാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്മാർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എന്നിവരാണ് ജലപരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ജലപരിശോധനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉണർന്നു പ്രവർത്തിച്ച നാടിന്റെ നല്ല മനസ്സിന്റെ സഹകരണം ജലസമൃദ്ധി പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിൽ ജലപരിശോധന പൂർത്തിയാകുകയും മലയിൻകീഴ്, മാറനല്ലൂർ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ നടന്നുവരികയുമാണ്.
കാട്ടാക്കട പഞ്ചായത്തില്‍ ജലശുദ്ധി പരിശോധന, 2017 ജൂലൈ 15 ന് 21 വാര്‍ഡുകളിലെ ജലപരിശോധന കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ചു. കാട്ടാക്കട മണ്ഡലത്തിലെ പരിശീലനം ലഭിച്ച ജലമിത്രങ്ങള്‍, പി.ആര്‍.വില്ലൃം എച്ച്.എസ്സ്. എസ്സ്, കുളത്തുമ്മല്‍ എച്ച്.എസ്സ്. എസ്സ് ലെ എന്‍.എസ്സ്.എസ്സ് വോളന്‍റ്റിയര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ജലപരിശോധനക്ക് നേതൃത്വം നല്‍കി. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ജലശുദ്ധി പരിശോധന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., ശാസ്ത്ര സാഹിത്യ പരിഷത്തിലെ വേണു തോട്ടുംങ്കര, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അജിത എസ്, എന്നിവര്‍ ജലശുദ്ധി പരിശോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ ജലശുദ്ധി പരിശോധനയുടെ അവലോകനയോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. അനില്‍കുമാരിന്‍റെ അദ്ധ്യക്ഷതയില്‍ 2017 ജൂണ്‍ 12ന്, 10 മണിക്ക് പതമ്നാഭ ഹാളില്‍ വച്ചു കൂടി. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. റോയി മാത്യു, ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.
മലയിന്‍കീഴ് ദ്വാരക ആഡിറ്റോറിയത്തില്‍ വച്ച് 26 മെയ് 2017-ല്‍ 10 മണിക്ക് ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസാമുദ്ദീന്‍ എ., പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രന്‍ നായര്‍, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സി.സി.ഡി.യു. ലെ ശ്രീ. മുകേഷ് നേതൃത്വം നല്‍കി. മാറനല്ലൂര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും, അടങ്ങുന്ന സംഘത്തിന് പരിശീലനം നല്‍കി. പരിശീലനം ലഭിച്ച ഗ്രൂപ്പുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ വാര്‍ഡിലെയും പ്രധാന സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ജലശുദ്ധി പരിശോധന നടത്തി.
മാറനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് 2017 മെയ് 26-ല്‍ 2 മണിക്ക് മാറനല്ലൂര്‍ DVMNNM സ്കൂളിലെ NSS വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഗ്രൂപ്പിന് പരിശീലനം നല്‍കി. ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസാമുദ്ദീന്‍ എ. യുടെ സാന്നിധ്യത്തില്‍ സി.സി.ഡി.യു. ലെ ശ്രീ. മുകേഷ് നേതൃത്വം നല്‍കി. പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറനല്ലൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടൂത്ത വാര്‍ഡുകളിലെയും പ്രധാന സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ജലശുദ്ധി പരിശോധന നടത്തി.
മാറനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് 2017 മെയ് 24-ല്‍ 10 മണിക്ക് ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസാമുദ്ദീന്‍ എ. യുടെ സാന്നിധ്യത്തില്‍ സി.സി.ഡി.യു. ലെ ശ്രീ. മുകേഷ് നേതൃത്വത്തം നല്‍കി. മാറനല്ലൂര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും അടങ്ങുന്ന ഗ്രൂപ്പിന് പരിശീലനം നല്‍കി. പരിശീലനം ലഭിച്ച ഗ്രൂപ്പുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ വാര്‍ഡിലെയും പ്രധാന സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ജലശുദ്ധി പരിശോധന നടത്തി.
ജലശുദ്ധി പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം ശ്രീ. ഐ.ബി. സതീഷ് എം. എല്‍. എ. നേമം ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ 2017 മെയ് 10 വൈകുന്നേരം 5.00 മണിക്ക് നിര്‍വഹിച്ചു. കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളം വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു വാട്ടര്‍ ക്വാളിറ്റി കാര്‍ഡ് നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റോയി മാത്യു, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രന്‍ നായര്‍, ശാസ്ത്ര സാഹിത്യ പരിഷത്തിലെ വേണു തോട്ടുംങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.
കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകളില്‍ കിണറുകളുടെ ജലലഭ്യത കൂട്ടുന്നതിന്‍റെ ഭാഗമായി കേരള സംസ്ഥാന ഭൂജല വകുപ്പ്, മണ്ഡലത്തിലെ 6 സ്കൂളുകളില്‍ കിണര്‍ റീചാര്‍ജ്ജിംഗിനു വേണ്ടിയുള്ള പ്രവര്‍ത്തികള്‍ തുടങ്ങിയപ്പോള്‍.
കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകളില്‍ കിണറുകളുടെ ജലലഭ്യത കൂട്ടുന്നതിന്‍റെ ഭാഗമായി കേരള സംസ്ഥാന ഭൂജല വകുപ്പ്, മണ്ഡലത്തിലെ 6 സ്കൂളുകളില്‍ കിണര്‍ റീചാര്‍ജ്ജിംഗിനു വേണ്ടിയുള്ള സര്‍വ്വേകള്‍ 2017 മെയ് 5-ല്‍ നടത്തി.
കാട്ടാക്കട നിയോജകമണ്ഡലത്തിലെ കുളങ്ങള്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി വിളപ്പില്‍ പഞ്ചായത്തിലെ മിണ്ണംകോട് കുളത്തില്‍ (തുരുത്തുംമൂല വാര്‍ഡ്) 2017 ജൂണ്‍ 24ന് ശ്രീ. ഐ.ബി. സതീഷ് എം. എല്‍. എ. കയര്‍ ഭൂവസ്ത്രം വിരിച്ചു കൊണ്ട് തുടക്കം കുറിച്ചു. കയര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ. ആര്‍. അനില്‍, ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദ്ദീന്‍ എ, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റോയി മാത്യു, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. വിജയരാജ്, വികസന കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എ. അസീസ്, വാര്‍ഡ് അംഗം സുഷമ തുടങ്ങിയവര്‍ പങ്കെടുത്തു.
സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ മിണ്ണംകോട് കുളവും പരിസരവും വ്യത്തിയാക്കുന്നതിനു വേണ്ടിയുള്ള അവലോകന യോഗം 2017 ജൂണ്‍ 12ന് നടന്നു. ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദ്ദീന്‍ എ, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. വിജയരാജ്, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റോയി മാത്യു, വികസനകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എ. അസീസ്, ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുളങ്ങളുടെ വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം ചെയ്യുന്നതിനുള്ള നടപടികള്‍ അന്തിമ രൂപം നല്‍കുന്നതിനായി നാഷണല്‍ കയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറും, ഭൂവിനിയോഗ കമ്മീഷണറും കാട്ടാക്കട മണ്ഡലത്തിലെ കുളങ്ങള്‍ 2017 മെയ് 9 ന് സന്ദര്‍ശിക്കുന്നു.
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട നിയോജകമണ്ഡലത്തിലെ ആറ് കുളങ്ങളുടെ വശങ്ങള്‍ കയര്‍ ഭൂവസ്ത്രം ചെയ്യുന്നതിനായി, നാഷണല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ 28 ഏപ്രില്‍ 2017ല്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു.
ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ 2017 മെയ് 1-ന് കുരുതംകോട് ഗവ. എല്‍. പി. എസ് ല്‍ രാവിലെ 7 മണിക്ക് മഴക്കുഴി എടുത്തുകൊണ്ട് തുടക്കം കുറിച്ചു. ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ ശ്രീ. നിസ്സാമുദീന്‍. എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ഇ. ബാബു തുടങ്ങിയവര്‍ പങ്കാളികളായി.
29 ഏപ്രില്‍ 2017-ല്‍ വൈകുന്നേരം 4 മണി, അരുവിപ്പാറ എസ്.വി.എസ്.വൈ ഹാള്‍
ശ്രീ.ഐ.ബി.സതീഷ് എം.എല്‍.എ , ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദീന്‍. എ, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യഘട്ടത്തില്‍ നിയോജകമണ്ഡലത്തിലെ ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡ്
സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ വാര്‍ഡുകളില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിന് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലുള്ള റസിഡന്‍സ് അസോസിയേഷനുകളുടെയും, ലൈബ്രറി കൗണ്‍സിലിന്‍റെയും മറ്റു യുവജനസംഘടനകളുടെയൂം പ്രതിനിധികള്‍ 2017 ഏപ്രില്‍ 27 വൈകുന്നേരം 4 മണിക്ക് മലയിന്‍കീഴ് സ്കൂളില്‍ യോഗം ചേര്‍ന്നു. ശ്രീ. ഐ. ബി. സതീഷ് എം.എല്‍.എ., ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദീന്‍. എ, നേമം ബ്ലോക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. അനിത, നെഹ്റു യുവ കേന്ദ്ര പ്രതിനിധി പൂഴനാട് ഗോപന്‍, ശാസ്ത്ര സാഹിത്യ പരിഷത്തിലെ പ്രതിനിധികള്‍, മണ്ണ് സംരക്ഷണ വകുപ്പിലെയും ഭൂവിനിയോഗ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധിയുടെ ഭാഗമാണ് ലക്ഷം വൃക്ഷം ലക്ഷ്യം എന്ന പദ്ധതി. ഇതിനായി കാർഷിക വർഷാരംഭ ദിനമായ ഏപ്രിൽ 14 ന് നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമ പഞ്ചായത്തുകളിൽ ജലസമൃദ്ധിയ്ക്കായ് ഒരു പുതുനാമ്പ് എന്ന പേരിൽ ഫല വൃക്ഷ വിത്തുകൾ പാകുന്ന പ്രവർത്തനത്തിന് തുടക്കമിട്ടിരുന്നു. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഒരു ലക്ഷം ഫലവൃക്ഷ തൈകൾ നടുക എന്നതായിരുന്നു. വാർഡ് അടിസ്ഥാനത്തിൽ നടന്ന പ്രവർത്തനത്തിന്റെ ഭാഗമായി 75,000 വൃക്ഷതൈകൾ മുളപ്പിച്ചെടുത്തിട്ടുണ്ട്. സോഷ്യൽ ഫോറസ്ട്രിയുടെ സഹായത്തോടെ 25,000 വൃക്ഷതൈകൾ ഗ്രാമപഞ്ചായത്തുകൾക്ക് നൽകി. ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കാട്ടാക്കട വാർഡിലെ കഞ്ചിയൂർക്കോണത്ത് നടന്ന ചടങ്ങിൽ ഫല വൃക്ഷത്തൈ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ. പദ്ധതി പ്രഖ്യാപനം നടത്തി. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ്. അജിത, വാർഡ് അംഗം റ്റി.എസ്.ശ്രീരേഖ, കെ.ആർ.എ പ്രസിഡന്റ് ശ്രീ.ബി.സുരേന്ദ്രൻ, കസ്തൂർബാ ഗ്രന്ഥശാല രക്ഷാധികാരി ശ്രീ. കമലാലയം കൃഷ്ണൻ നായർ, ചർച്ചാ വേദി പ്രസിഡന്റ് ശ്രീ.രാമചന്ദ്രൻ നായർ, കുടുംബ ശ്രീ എ.ഡി.എം.സി ശ്രീമതി സിന്ധു.എസ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ദീപ്തി എന്നിവർ വൃക്ഷത്തൈകൾ നട്ടു.
മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ പ്രശസ്ത കവി ശ്രീ. മുരുകന്‍ കാട്ടാക്കട, പ്രൊഫസര്‍. രാജശേഖരന്‍ നായരുടെ വസതിയില്‍ വൃക്ഷത്തിന്‍റെ വിത്ത് പാകിക്കൊണ്ട് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അനിത, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രന്‍ നായര്‍, ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ, തുടങ്ങിയവര്‍ വിത്ത് പാകി ക്കൊണ്ട് പങ്കാളികളായി.
മണ്ഡലതല തുടക്കം 14/04/2017 കര്‍ഷകദിനത്തില്‍ പ്രശസ്ത സിനിമാനടന്‍ ശ്രീ. ജഗതി ശ്രീകുമാറിന്‍റെ വസതിയില്‍ പ്രശസ്ത കവി പ്രൊഫസര്‍. മധുസൂധനന്‍ നായര്‍ വൃക്ഷത്തിന്‍റെ വിത്ത് പാകി ക്കൊണ്ട് തുടക്കം കുറിച്ചു. ശ്രീ. ഐ. ബി. സതീഷ് എം.എല്‍.എ., ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എല്‍. വിജയരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കാളികളായി.
റസിഡന്‍സ് അസോസിയേഷനുകളുടെയും യുവജനസംഘടനകളുടെയൂം പ്രതിനിധികളുമായി ആലോചനാ യോഗം 2017 ഏപ്രില്‍ 12 മലയിന്‍കീഴ് ദ്വാരക ആഡിറ്റോറിയത്തില്‍ വച്ച് ശ്രീ. ഐ. ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതി