തിരുവനന്തപുരം ജില്ലയിലെ തെക്ക് ഭാഗത്തായി തിരുവനന്തപുരം, കാട്ടാക്കട താലൂക്കുകളില്‍ ഉള്‍പ്പെടുന്ന 11380.50 ഹെക്ടറാണ് കാട്ടാക്കട നിയോജക മണ്ഡലം. കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നെയ്യാര്‍ നദീതടത്തിലെ 5 ചെറുനീര്‍ത്തടങ്ങളും കരമന നദീതടത്തിലെ 9 ചെറുനീര്‍ത്തടങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വടക്ക് അരുവിക്കര, പൂവച്ചല്‍ പഞ്ചായത്തുകളും കിഴക്ക് നെയ്യാറും തെക്ക് കല്ലിയൂര്‍, ബാലരാമപുരം പഞ്ചായത്തുകളും നെയ്യാറ്റിന്‍കര നഗരസഭയും പടിഞ്ഞാറ് കരമന നദിയുമാണ് സ്ഥിതി ചെയ്യുന്നത്.
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നേമം ബ്ലോക്കിലെ പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, വിളപ്പില്‍, മാറനെല്ലൂര്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തുകളും വെള്ളനാട് ബ്ലോക്കിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തുമാണ് ഉള്‍പ്പെട്ടിരിക്കു ന്നത്. പദ്ധതി പ്രദേശം 77°0’15” മുതല്‍ 77°7’28” വരെ ഉത്തര രേഖാംശത്തിനും 8°24’45” മുതല്‍ 8°32’50” വരെ കിഴക്ക് അക്ഷാംശത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. കാട്ടാക്കട നിയോജക മണ്ഡലം നിരവധി ചെറു കുന്നുകളും താഴ്വരകളും നിറഞ്ഞ ഒരു സാധാരണ കാര്‍ഷിക ഗ്രാമമാണ്. 113.80 ച.കി.മി വിസ്തീര്‍ണ്ണമുളള കാട്ടാക്കട നിയോജക മണ്ഡലത്തിന്‍റെ ജനസംഖ്യ 2011 കാനേഷുമാരി പ്രകാരം 227540 ആണ്. ഇതില്‍ 116162 (51.05 %) സ്ത്രീകളും 111378 (48.95 %) പുരുഷന്‍മാരുമാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 25093 ജനങ്ങളില്‍ 12875 (51.31 %) സ്ത്രീകളും 12218 (48.69 %) പുരുഷന്‍മാരും ഉണ്ട്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 776 ജനങ്ങളില്‍ 411 (52.96 %) സ്ത്രീകളും 365 (47.04 %) പുരുഷന്‍മാരും ഉണ്ട്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ സ്ത്രീപുരുഷ അനുപാതം 1042:1000 ആണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജനസാന്ദ്രത 1999 ആണ്. ഇടത്തരം കര്‍ഷകരും കര്‍ഷക തൊഴിലാളികളും ചെറുകിട വ്യവസായികളുമാണ് നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം ജനങ്ങളും. പദ്ധതി പ്രദേശത്ത് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകള്‍, വിസ്തീര്‍ണ്ണം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലം – ഗ്രാമപഞ്ചായത്തുകള്‍
നിയോജക മണ്ഡലത്തിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി ദേശീയ പാത യും റെയില്‍വേയും കടന്ന് പോകുന്നു. നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന നിരവധി റോഡുകള്‍ ഉണ്ട്. കാട്ടാക്കട-തിരുവനന്തപുരം, കാട്ടാക്കട-നെയ്യാറ്റിന്‍കര, കാട്ടാക്കട- ബാലരാമപുരം റോഡുകള്‍ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. നിയോജക മണ്ഡല ത്തിലെ പ്രധാന സ്ഥലം കാട്ടാക്കട ആണ്. പദ്ധതി പ്രദേശത്തെ കര്‍ഷകരുടെ പ്രധാന ജീവനോപാധികള്‍ കൃഷി, മൃഗസംരക്ഷണം, ചെറുകിട വ്യവസായങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍ എന്നിവയാണ്.
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉല്‍ഭവിക്കുന്ന നിരവധി ചെറുതോടുകള്‍ ഒഴുകി മണ്ഡലത്തിന്‍റെ കിഴക്ക് അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന നെയ്യാര്‍ നദിയിലും പടിഞ്ഞാറ് അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന കരമന നദിയിലും എത്തിച്ചേരുന്നു. ശരാശരി സമുദ്രനിരപ്പില്‍ ഏകദേശം 260 മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഈ നിയോജക മണ്ഡലത്തില്‍ ഉണ്ട്. കേരളത്തിന്‍റെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഇടനാടിലാണ് ഈ പ്രദേശത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും പടിഞ്ഞാറും തെക്ക് പടിഞ്ഞാറും പ്രദേശങ്ങള്‍ ഉന്നതി അനുസരിച്ച് മലനാട് ഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. തെക്ക് ഇടനാടന്‍ കാര്‍ഷിക കാലാവസ്ഥ മേഖലയില്‍പെടുന്ന കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രധാന കൃഷി തെങ്ങാണ്. നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചെറു നീര്‍ത്തടങ്ങളും അവയുടെ വിശദാംശങ്ങളും ചുവടെ ചേര്‍ക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലം – ചെറുനീര്‍ത്തടങ്ങള്‍
കാട്ടാക്കട നിയോജക മണ്ഡലത്തിന്‍റെ അടിസ്ഥാന വിവരങ്ങള്‍ പട്ടിക ചുവടെ നല്‍കിയിരിക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലം – അടിസ്ഥാന വിവരങ്ങള്‍
അതിരുകള്‍
കേരളത്തിന്‍റെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി കാട്ടാക്കട നിയോജക മണ്ഡലത്തിന്‍റെ സ്ഥാനം ഇടനാട്ടിലാണെങ്കിലും നീര്‍ത്തടത്തിന്‍റെ പടിഞ്ഞാറും തെക്ക് പടിഞ്ഞാറും പ്രദേശങ്ങള്‍ ഉന്നതി അനുസരിച്ച് മലനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്നു. ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വരകളെയും ഉള്‍കൊളളുന്ന മലനാട്, നിമ്നോന്നതമായിക്കിടക്കുന്ന ഇടനാട് എന്നിങ്ങനെയാണ് നിയോജക മണ്ഡലത്തിന്‍റെ ഭൂപ്രകൃതി. വടക്കും, വടക്ക് പടിഞ്ഞാറ് അതിരുകളിലും ഉയരം കൂടിയ കുന്നുകളാണ്. നിയോജക മണ്ഡലത്തിന്‍റെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയില്‍ കാണപ്പെടുന്ന ഇവ വടക്കതിരില്‍ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടര്‍ച്ചയായുളള കുന്നിന്‍ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. നിയോജക മണ്ഡലത്തിന്‍റെ പടിഞ്ഞാറ് അരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തില്‍ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു. ഭൂജലനിക്ഷേപം കുറവുളള ഒരു മേഖലയിലാണ് നിയോജക മണ്ഡലത്തിന്‍റെ കിടപ്പ്. കാര്‍ഷികാവശ്യങ്ങള്‍ക്കും ഇതരോപഭോഗങ്ങള്‍ക്കും ഉതകുന്ന ജലസമൃദ്ധങ്ങളായ കുളങ്ങള്‍ നിയോജക മണ്ഡലത്തിലെമ്പാടും കാണാം. ആറുകളും അവയുടെ വിവിധ കൈവഴികളും, തോടുകളും നിയോജക മണ്ഡലത്തില്‍ സമ്പുഷ്ടമാണ്.
സമസ്ത ജനവിഭാഗങ്ങളും ഐക്യത്തോടും പരസ്പര സഹകരണത്തോടും അധിവസിക്കുന്ന മേഖലയാണ് കാട്ടാക്കട നിയോജക മണ്ഡലം. 2011 സെന്‍സസ് പ്രകാരം പുരുഷന്‍മാരെക്കാള്‍ കൂടുതലായുള്ളത് സ്ത്രീകളാണ്. വയോജന ങ്ങളുടെ എണ്ണത്തിലും പ്രകടമായ വര്‍ദ്ധനവ് കാണാന്‍ കഴിയും. വയോജനങ്ങള്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ഉള്ള പദ്ധതികള്‍ കൂടുതലായി തയ്യാറാക്കേണ്ടതാണ്. കൂടാതെ പൊതുസമൂഹത്തിന്‍റെയും സന്നദ്ധസംഘടനകളുടേയും ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതാണ്. മുന്‍ വാര്‍ഷിക പദ്ധതികളില്‍ക്കൂടിയും ഇ.എം.എസ് ഭവന പദ്ധതി, തണല്‍, മൈത്രി, ഐ.എ.വൈ എന്നീ പദ്ധതികളില്‍ കൂടിയും ഭവനരഹിതരായ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. പട്ടികജാതി കോളനികളില്‍ ബഹുഭൂരിഭാഗം എണ്ണത്തിലും റോഡ്, വൈദ്യുതി തുടങ്ങിയവ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള അവസ്ഥയില്‍ നിന്നും സമൂഹത്തിന്‍റെ മുഖ്യധാര യിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്.
നിയോജക മണ്ഡലത്തിലെ വനിതകളില്‍ കൂടുതലും വീട്ടമ്മമാരും കൂലിപ്പണിക്കാരുമാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വനിതാ സ്വയംസഹായ ഗ്രൂപ്പുകള്‍ രൂപീകരിച്ച് കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്.ജി.എസ്.വൈ പദ്ധതി പ്രകാരം റിവോള്‍വിംഗ് ഫണ്ട്, അവര്‍ക്കുവേണ്ട പരിശീലനം, സ്വയംസഹായ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന ഫണ്ട് ഉപയോഗിച്ചു സ്റ്റാളുകള്‍ എന്നിവ നടപ്പിലാക്കി.
ശിശുക്ഷേമ പരിപാടികള്‍ ബ്ലോക്ക് പഞ്ചായത്തിലെ അംഗന്‍വാടികള്‍ വഴിയാണ് നടപ്പിലാക്കുന്നത്. ആരോഗ്യമേഖലയില്‍ നാം നേടിയ നേട്ടങ്ങള്‍ നില നില്‍ക്കണമെങ്കില്‍ രോഗ പ്രതിരോധത്തിലൂടെയുള്ള ആരോഗ്യനയം രൂപീകരി ക്കണം. നാം തുടച്ചുമാറ്റിയ പല രോഗങ്ങളും ഇപ്പോള്‍ പുതിയ രൂപത്തില്‍ കണ്ടുവരുന്നു. അതിനാല്‍ രോഗ പ്രതിരോധ കേന്ദ്രങ്ങളായി ആരോഗ്യസ്ഥാപന ങ്ങളെ വളര്‍ത്തണം.
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് നിരവധി പ്രോജക്ടുകള്‍ നാം നടപ്പിലാക്കിയെങ്കിലും ഗണ്യമായ ഒരു വിഭാഗം ഇപ്പോഴും പിന്നോക്കാവസ്ഥയും പ്രയാസങ്ങളും നേരിടുകയാണ്.
പരിസ്ഥിതി മലിനീകരണം നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ്. മാര്‍ക്കറ്റ് മാലിന്യങ്ങള്‍, അറവുശാല മാലിന്യങ്ങള്‍ തുടങ്ങിയ പൊതു മാലിന്യങ്ങളും വീടുകളില്‍ നിന്ന് തള്ളുന്ന ജൈവ-അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങളും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്ന തിനു വേണ്ടി ബോധവല്‍കരണ ക്ലാസ്സുകളും, സെമിനാറുകളും സംഘടിപ്പിച്ചു വരുന്നു. പതിനൊന്നാം പഞ്ചവല്‍സര പദ്ധതി കാലയളവില്‍ ബ്ലോക്ക് പഞ്ചായത്തിന് വിട്ടു കിട്ടിയ ഐ.സി.ഡി.എസ് പ്രേജക്ട് ഓഫീസ്, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസ് തുടങ്ങിയവയ്ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാകത്തക്ക നിലയിലുള്ള പദ്ധതി കള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
പ്രദേശത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ സമഗ്രമായ മുന്നേറ്റമെന്ന അടിസ്ഥാന വികസന സങ്കല്‍പത്തിലൂന്നിനിന്നുള്ള വികസന തന്ത്രമാണ് ഏറ്റെടുക്കേണ്ടത്. ഭൂമിയും പ്രകൃതി സമ്പത്തും നെല്‍വയലുകളും പരിസ്ഥിതിയും സംരക്ഷിച്ചുള്ള സമഗ്ര വികസനമാണ് ലക്ഷ്യംവയ്ക്കേണ്ടത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ച് കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തി പച്ചക്കറി സ്വയം പര്യാപ്തതയിലെത്തി ക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായും ജനോപകാര പ്രദമായും നടപ്പില്‍ വരുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതാണ്.
സാംസ്കാരികമായി വളരെയധികം പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് ഇത്. നാനാജാതിമതസ്ഥര്‍ ഐക്യത്തോടെയും പരസ്പര വിശ്വാസ ത്തോടെയും അധിവസിക്കുന്ന ഒരു മേഖലയാണിത്. പുതിയതലമുറ മയക്കു മരുന്നിനു കീഴ്പ്പെടുന്ന കാഴ്ച വേദനയോടെ മാത്രമേ കാണാന്‍ കഴിയൂ. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുവെങ്കിലും അതിന്‍റെ ഫലപ്രാപ്തി എത്രത്തോളമാണെന്ന് വിലയിരു ത്തേണ്ടിയിരിക്കുന്നു. സമ്പൂര്‍ണ്ണമായ മദ്യവര്‍ജ്ജനവും ലഹരിവസ്തുക്കളുടെ നിരോധനവും ആവശ്യമാണെങ്കിലും ഇതിനു വേണ്ടി ശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണ്. കുടുംബത്തേയും സമൂഹത്തെയും വളരെയധികം ശിഥില മാക്കുന്നതിന് ഇവ കാരണമായിട്ടുണ്ടെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്.
തൊഴിലില്ലായ്മ, കാര്‍ഷികമേഖലയുടെ തകര്‍ച്ച എന്നിവയെല്ലാം തന്നെ മേഖലയിലെ പ്രതിശീര്‍ഷ വരുമാനം കുറക്കുന്നതിന് കാരണമായിട്ടുണ്ട്. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് പരിമിതമായ തോതിലെങ്കിലും വരുമാനം ലഭ്യമാകുന്നുണ്ട്. റബ്ബര്‍കൃഷിയുടെ തകര്‍ച്ച കാര്‍ഷികമേഖലയെ ശിഥിലമാക്കുമെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. കൂടാതെ രൂക്ഷമായ വിലക്കയറ്റം കുടുംബങ്ങളുടെ സാമ്പത്തിക നില കൂടുതല്‍ പരിങ്ങലിലാക്കുന്നു. അതിനാല്‍ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരും ആവിഷ്കരിക്കേണ്ടതാണ്. നിര്‍ദ്ധന കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിലൂടെയും ചെറുകിടയൂണിറ്റുകള്‍ ആരംഭിക്കുന്നതിലൂടെയും ഒരു പരിധിവരെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ കഴിയും.
ഒരു പ്രദേശത്തെ വികസനാസൂത്രണത്തില്‍ അവിടുത്തെ ലിംഗം, പ്രായം, തൊഴില്‍, സാക്ഷരത മുതലായവയെ അടിസ്ഥാനമാക്കിയുളള ജനസംഖ്യാ ഘടനയും ഘടനയിലെ മാറ്റങ്ങളും അപഗ്രഥന വിധേയമാക്കേണ്ടതുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആകെയുളള ജനസംഖ്യയായ 227540 പേരില്‍ 116162 പേര്‍ സ്ത്രീകളും 111378 പേര്‍ പുരുഷന്‍ മാരുമാണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ സ്ത്രീപുരുഷ അനുപാതം 1042:1000 ആണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആകെ ജനസംഖ്യയുടെ 84.90 ശതമാനം പേരും സാക്ഷരരാണ്. ആകെ സ്ത്രീകളില്‍ 97060 പേരും പുരുഷന്‍മാരില്‍ 96124 പേരും സാക്ഷരരാണ്. ആറ് വയസിന് താഴെയുളളവരുടെ സംഖ്യ 19848 ആണ്. 2011-ലെ സെന്‍സസ് പ്രകാരമുളള കാട്ടാക്കട നിയോജക മണ്ഡലത്തിന്‍റെ വിശദാംശങ്ങള്‍ പട്ടിക 10.4.1 -ല്‍ നല്‍കിയിരിക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലം - സാമൂഹ്യസാമ്പത്തിക സ്ഥിതി(അവലംബം : കാനേഷുമാരി 2011)
ശരാശരി സമുദ്ര നിരപ്പില്‍ നിന്നുളള ഉയരം, വാര്‍ഷിക വര്‍ഷപാതം, മണ്‍തരങ്ങള്‍, ഭൂപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ കേരളത്തെ 13 കാര്‍ഷിക കാലാവസ്ഥ മേഖലകളാക്കി തരം തിരിച്ചിരിക്കുന്നതില്‍ കാട്ടാക്കട നിയോജക മണ്ഡലം തെക്ക് ഇടനാടന്‍ മേഖല എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കഠിനമായ ചൂടും തുടര്‍ന്നു വരുന്ന മഴക്കാലവും ഉള്‍പ്പെടുന്ന ഉഷ്ണമേഖല ആര്‍ദ്രകാലാവസ്ഥയാണ് ഈ നിയോജക മണ്ഡലത്തില്‍ അനുഭവപ്പെടുന്നത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷവും (ജൂണ്‍, ആഗസ്റ്റ്), വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന തുലാവര്‍ഷവും (സെപ്തംബര്‍, നവംബര്‍) ആണ് നിയോജക മണ്ഡലത്തില്‍ ലഭിക്കുന്ന രണ്ട് പ്രധാന വര്‍ഷകാലങ്ങള്‍. ഇടവപ്പാതിയും തുലാവര്‍ഷവും സാധാരണ നിലയില്‍ ലഭിക്കുന്ന കാട്ടാക്കട നിയോജക മണ്ഡലത്തിലെ ശരാശരി വര്‍ഷപാതം 2400 മി.മി. ആണ്. കാലാവസ്ഥ വിഭാഗത്തില്‍ നിന്നും ലഭിച്ച കണക്കനുസരിച്ച് 2004-2013 കാലയളവില്‍ ലഭിച്ച ശരാശരി വര്‍ഷപാതം 2422.75 മി. മി. ആണ്. നിയോജക മണ്ഡലത്തില്‍ ലഭിക്കുന്ന കൂടിയ ശരാശരി വര്‍ഷപാത മായ 385.50 മി.മി. ജൂണ്‍ മാസത്തിലും കുറഞ്ഞ ശരാശരി വര്‍ഷപാതമായ 14.1 മി.മി. ജനുവരി മാസത്തിലും ലഭിക്കുന്നു. ലഭിക്കുന്ന മഴയുടെ ഭൂരിഭാഗവും കാലവര്‍ഷ ത്തിലാണ്. ജൂണ്‍ - ആഗസ്റ്റ് വരെ ലഭിക്കുന്ന ശരാശരി വര്‍ഷപാതം 1336.00 മി.മി. (48.71 ശതമാനം) ആണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ 2004-2016 കാലയളവിലെ വാര്‍ഷിക വര്‍ഷപാതത്തെക്കുറിച്ചുളള വിവരങ്ങള്‍ പട്ടിക 10.5.1 -ലും 2015, 2016 ല്‍ ഓരോ മാസവും ലഭിച്ച മഴയെക്കുറിച്ചുള്ള വിവരങ്ങള്‍ 10.5.2 ലും 2010-2014 കാലയളവില്‍ ഓരോ മാസവും ലഭിച്ച മഴയും ശരാശരി മഴയില്‍ നിന്നുള്ള വ്യതിയാനവും സംബന്ധിച്ച വിശദാംശങ്ങള്‍ അനുബന്ധം 2- ലും നല്‍കിയിരിക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലം - ശരാശരി വര്‍ഷപാതം(അവലംബം: IMD, Thiruvananthapruam)
മഴ
ഇടവപ്പാതിയും തുലാവര്‍ഷവുമാണ് പ്രധാന മഴക്കാലങ്ങള്‍. ലഭിക്കുന്ന മഴയുടെ ഭൂരിഭാഗവും ഇടവപ്പാതിയില്‍ നിന്നാണ്. ഭൂജലനിരപ്പില്‍ മഴയ്ക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. കിണറുകളിലെയും മറ്റ് ഉപരിതല ജല സ്രോതസ്സു കളിലെ ജലലഭ്യത മഴയെ ആശ്രയിച്ചിരിക്കുന്നു. തിരുവനന്തപുരത്തുളള ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ നിന്നും ലഭ്യമായ 2015, 2016 കാലയളവിലെ മഴ സംബന്ധിച്ച വിവരങ്ങള്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
2016 ല്‍ ഏറ്റവും മഴകുറവുളള ജില്ലകളില്‍ രണ്ടാമത്തേത് തിരുവനന്തപുര മായിരുന്നു. ആകെ ലഭിച്ച മഴയില്‍ 583.7 മി.മീ. ഇടവപ്പാതിയിലും 543.5 മി.മീ. തുലാവര്‍ഷത്തിലുമാണ് ലഭിച്ചത്. ഓരോ മാസത്തിലും ലഭിച്ച മഴയുടെ അളവ് ചുവടെ ചേര്‍ക്കുന്നു.
(അവലംബം: IMD, Thiruvananthapruam)
ശരാശരി മഴലഭ്യതയും 2016 ല്‍ ലഭിച്ച മഴയും - താരതമ്യം
2016 ലെ ഓരോ സീസണിലും ലഭിച്ച മഴയും ദീര്‍ഘകാല ശരാശരിയും താരതമ്യപ്പെടുത്തി ശരാശരിയില്‍ നിന്നുമുളള വ്യതിയാനം പട്ടികപ്പെടുത്തിയിരിക്കുന്നു.
ജനുവരി മുതല്‍ ഫെബ്രുവരി വരെയുളള കാലത്ത് ദീര്‍ഘകാല ശരാശരിയില്‍ നിന്നും 83 % മഴ കുറച്ച് ലഭിച്ചതായി കാണുന്നു. വേനല്‍ക്കാലത്തും ഇടവപ്പാതിക്കാലത്തും യഥാക്രമം 37%, 34% മഴ കുറച്ച് മാത്രമാണ് ലഭിച്ചിട്ടുളളത്. തുലാവര്‍ഷക്കാലത്ത് ശരാശരിയേക്കാള്‍ 79% മഴ കുറച്ച് ലഭിച്ചതായും പട്ടികയില്‍ നിന്നും വ്യക്തമാണ്.
വിവിധ സീസണുകളില്‍ ലഭിച്ച മഴ (2016)
2016 വര്‍ഷത്തിലെ വിവിധ സീസണുകളിലെ മഴ ലഭ്യത ചുവടെ ചേര്‍ക്കുന്നു.
കേരളത്തിന്‍റെ തെക്കന്‍ ജില്ലകളിലെ പൊതുവായ മഴ ലഭ്യതയാണ് ജില്ലയിലും കാണുന്നത്. ആകെ ലഭിച്ച മഴയുടെ 47.79.6% (572.4 മി.മീ.) ഇടവ പ്പാതിയിലൂടെയും 42.25 % വേനല്‍ക്കാലമഴയായും ശേഷിക്കുന്ന 9.38% തുലാ വര്‍ഷത്തിലൂടെയും ലഭിച്ചിരിക്കുന്നു.
മഴലഭ്യത - മുന്‍കാലവുമായുളള താരതമ്യം
2015, 2016 എന്നീ വര്‍ഷത്തിലെ വിവിധ സീസണുകളില്‍ ലഭിച്ച താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യതിയാനമാണ് കാണുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016 ല്‍ തുലാവര്‍ഷത്തില്‍ 86 ശതമാനത്തി ന്‍റെയും ഇടവപ്പാതിയില്‍ 28 ശതമാനത്തിന്‍റെയും കുറവ് വന്നിട്ടുണ്ട്. വേനല്‍ മഴയിലും 22-31 % കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി വാര്‍ഷിക വര്‍ഷപാതത്തില്‍ 46 % കുറവ് കാണുന്നു.
അന്തരീക്ഷ ഊഷ്മാവ്
ജില്ലയിലെ കാലാവസ്ഥ തന്നെയാണ് വലിയ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ നിയോജക മണ്ഡലത്തിലും അനുഭവപ്പെടുന്നത്. തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സുകള്‍. ഇടവം, തുലാം, വൃശ്ചികം മാസങ്ങളിലാണ് നിയോജക മണ്ഡലത്തില്‍ നല്ല മഴ ലഭിക്കുന്നത്. വരള്‍ച്ച അനുഭവപ്പെടുന്നത് മകരം, കുംഭം മാസങ്ങളിലാണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ശരാശരി ഉയര്‍ന്ന ഊഷ്മാവായ 380ഇ മാര്‍ച്ച് മാസത്തിലും ശരാശരി താഴ്ന്ന ഊഷ്മാവായ 19.90ഇ ജനുവരി മാസത്തിലുമാണ് അനുഭവപ്പെടു ന്നത്. 2016 വര്‍ഷത്തിലെ വിവിധ മാസങ്ങളില്‍ നിയോജക മണ്ഡലത്തില്‍ അനുഭവപ്പെട്ട ഊഷ്മാവിന്‍റെ വിവരങ്ങള്‍ ചുവടെ ഉള്‍പ്പെടുന്നു.
ശരാശരി സമുദ്രനിരപ്പില്‍ നിന്നുളള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തെ തീരപ്രദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്ന് ഭൂമിശാസ്ത്ര മേഖലകളായി തരം തിരിച്ചിരിക്കുന്നതില്‍ കാട്ടാക്കട നിയോജക മണ്ഡലം ഇടനാട് വിഭാഗത്തില്‍പ്പെടുന്നു.ഇടവിട്ട കുന്നുകളും താഴ്വരകളും കൊണ്ട് നിബിഡമായ ഒരു നിമ്നോന്നത ഭൂപ്രകൃതിയാണ് നീര്‍ത്തടപ്രദേശത്ത് കണ്ട് വരുന്നത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഭൂപ്രദേശങ്ങള്‍ ശരാശരി സമുദ്ര നിരപ്പില്‍ നിന്നും 260 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ശരാശരി സമുദ്ര നിരപ്പില്‍ നിന്നും 80 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ് ഈ നിയോജക മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍. ഇത് നിയോജക മണ്ഡലത്തിന്‍റെ മൊത്തം വിസ്തൃതിയുടെ 65.50 ശതമാനമാണ് (3554.19 ഹെക്ടര്‍). കാട്ടാക്കട നിയോജക മണ്ഡലത്തിലെ വളരെ കുറച്ച് പ്രദേശങ്ങള്‍ മാത്രമേ സമുദ്രനിരപ്പില്‍ നിന്നും 200 മീറ്ററിന് മുകളില്‍ സ്ഥിതി ചെയ്യുന്നുളളൂ. 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് വടക്ക് ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തുമാണ്. ശരാശരി സമുദ്ര നിരപ്പില്‍ നിന്നും 20 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 649.95 ഹെക്ടര്‍ (5.71 ശതമാനം) പ്രദേശമാണുള്ളത്. 2709.71 ഹെക്ടര്‍ (23.81 ശതമാനം) പ്രദേശം 20-40 വരെ വിഭാഗത്തിലും 3391.37 ഹെക്ടര്‍ (29.80 ശതമാനം) പ്രദേശം 40-60 വരെ വിഭാഗത്തിലും, 2797.63 ഹെക്ടര്‍ (24.58 ശതമാനം) പ്രദേശം 60-80 വരെ വിഭാഗത്തിലും പെടുന്നു. ശരാശരി സമുദ്ര നിരപ്പില്‍ നിന്നും 80-100 വരെ ഉയരമുളള 1123.77 ഹെക്ടര്‍ (9.87 ശതമാനം) പ്രദേശമാണ് നിയോജക മണ്ഡലത്തിലുളളത്. കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ശരാശരി സമുദ്ര നിരപ്പില്‍ നിന്നും ഓരോ 20 മീറ്റര്‍ വ്യത്യാസ ത്തില്‍ കാണപ്പെടുന്ന ഉന്നതി വിവരങ്ങള്‍ പട്ടിക 10.6 ലും ഗ്രാമപഞ്ചായത്തടി സ്ഥാനത്തിലുളള വിശദാംശങ്ങള്‍ അനുബന്ധം 6 ലും നല്‍കിയിരിക്കുന്നു.
ഒരു പ്രദേശത്തിന്‍റെ ചരിവ് സൂചിപ്പിക്കുന്നത് ഉപരിതലത്തിലുളള ഏറ്റക്കുറച്ചിലുകളെയാണ്. ഓരോ സ്ഥലത്തിന്‍റെയും ചരിവ് വിഭാഗങ്ങളെ രേഖപ്പെടുത്തുമ്പോള്‍ അവിടുത്തെ ചരിവിന്‍റെ മാനം, രൂപം, സങ്കീര്‍ണ്ണത, വ്യാപ്തി എന്നിവയെല്ലാം കണക്കിലെടുക്കാറുണ്ട്. ചരിവിന്‍റെ മാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസ്തുത ഉപരിതലം നിരപ്പായ പ്രതലവുമായി പരസ്പരം ഛേദിക്കുമ്പോള്‍ ഉണ്ടാകുന്ന കോണിന്‍റെ ഒരു രൂപമാണ്. രണ്ട് ബിന്ദുക്കള്‍ തമ്മിലുളള ഉയരവ്യത്യാസത്തെ ആ ബിന്ദുക്കള്‍ തമ്മിലുളള അകലത്തിന്‍റെ ശതമാനമായിട്ടാണ് രേഖപ്പെടുത്തുന്നത്. 100 മീറ്റര്‍ അകലത്തിലുളള 2 ബിന്ദുക്കള്‍ തമ്മില്‍ ഒരു മീറ്ററിന്‍റെ ഉയരവ്യത്യാസമുണ്ടെങ്കില്‍ അത് 1 ശതമാനം ചരിവായിട്ടാണ് കണക്കാക്കുന്നത്. ഒരോ പ്രദേശത്തുമുണ്ടാകുന്ന മണ്ണൊലിപ്പ് ചരിവിന്‍റെ സങ്കീര്‍ണ്ണതയുമായി ബന്ധപ്പെട്ടതാണ്. ഉപരിതലത്തില്‍ ഏത് ദിശയിലേയ്ക്കാണ് ചരിവ് എന്നതാണ് ചരിവിന്‍റെ രൂപം കൊണ്ട് ഉദേശിക്കുന്നത്. സാധാരണഗതിയില്‍ ചരിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മണ്ണൊലിപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ 5 ചരിവ് വിഭാഗങ്ങളാണ് വേര്‍തിരിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. ലഘുവായ ചരിവ് വിഭാഗത്തില്‍ 3673.13 ഹെക്ടര്‍ (32.38 ശതമാനം) ഭൂപ്രദേശവും, മിതമായ ചരിവ് വിഭാഗത്തില്‍ (5-15 ശതമാനം) 4776.06 ഹെക്ടര്‍ (41.97 ശതമാനം) ഭൂപ്രദേശവും ഉള്‍പ്പെടുന്നു. ഈ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ശക്തമായ ചരിവ് വിഭാഗത്തില്‍ (15-35 ശതമാനം) 2684.22 ഹെക്ടര്‍ (23.59 ശതമാനം) ഭൂപ്രദേശം ഉള്‍പ്പെടുന്നു. മിതമായ കുത്തനെയുള്ള ചരിവ് വിഭാഗത്തില്‍ (35-70 ശതമാനം) 242.60 ഹെക്ടര്‍ (2.13 ശതമാനം) ഭൂപ്രദേശവും ഉള്‍പ്പെടുന്നു. കുത്തനെയുള്ള ചരിവ് (>70 ശതമാനം) വിഭാഗത്തില്‍ 4.48 ഹെക്ടര്‍ (0.04 ശതമാനം) ഭൂപ്രദേശവും ഉള്‍പ്പെടുന്നു. 5 ശതമാനത്തില്‍ കൂടുതല്‍ ചരിവുള്ള ഭൂപ്രദേശങ്ങളിലാണ് ശരിയായ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കേണ്ടത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ചരിവ് സംബന്ധമായ വിവരങ്ങള്‍ പട്ടിക 10.7-ലും ഗ്രാമപഞ്ചായത്തടിസ്ഥാനത്തിലുളള വിശദാംശങ്ങള്‍ അനുബന്ധം 4 ലും ഇവയുടെ സ്ഥലപരമായ വ്യാപനം വ്യക്തമാക്കുന്ന ചിത്രീകരണം ഭൂപടത്തിലും ചേര്‍ത്തിരിക്കുന്നു.
നീര്‍ച്ചാലുകളുടെ ഒരു വലിയ ശൃംഖലയാല്‍ അനുഗ്രഹീതമാണ് കാട്ടാക്കട നിയോജക മണ്ഡലം. വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും തുടങ്ങി 8 മീ വീതിയിലും 4320 മീ നീളത്തിലും അന്തിയൂര്‍ക്കോണം - കല്ലുവരമ്പ് തോട് അണപ്പാട് ഭാഗത്ത് വച്ച് അണപ്പാട് - മച്ചേല്‍ തോടെന്ന പേരില്‍ മച്ചേല്‍ വരെ ഒഴുകി വിളവൂര്‍ക്കല്‍ പഞ്ചായത്തിലേക്ക് പോകുന്നു. വേനല്‍ക്കാലത്തും ജലലഭ്യതയുളള തോടാണിത്. കാട്ടാക്കട പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകളിലൊന്നാണ് ഒന്നാം വാര്‍ഡിലെ കടുവാക്കുഴിയില്‍ നിന്നും ആരംഭിച്ച് മലയിന്‍കീഴ് പഞ്ചായത്തിലേക്ക് പോകുന്ന തോട്. ചെമ്പകത്തിന്‍മൂട് ആമച്ചല്‍ തോട്, ഉടയന്‍ കുഴി ചെമ്പകത്തിന്‍മൂട് തോട്, വലിയതോട്, കുളത്തുമ്മല്‍ - കീഴാര്‍ തോട്, തൂങ്ങാംപാറ വെട്ടിക്കാട് തോട് എന്നിവയാണ് പഞ്ചായത്തിലെ മറ്റു പ്രധാനപ്പെട്ട തോടുകള്‍. പളളിച്ചല്‍ പഞ്ചായത്തിലെ വെടിവച്ചാന്‍ കോവില്‍ വാര്‍ഡിലെ കിഴക്കു ഭാഗത്തു കൂടി ഒഴുകുന്ന നെയ്യാര്‍ - വിഴിഞ്ഞം ചാനലില്‍ നിന്നും ഉത്ഭവിച്ച് തെക്കു കിഴക്കു ദിശയില്‍ നിന്നും വടക്കു - പടിഞ്ഞാറു ദിശയില്‍ പളളിച്ചല്‍, കല്ലിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകി മധു തോടിലൂടെ കരമനയാറില്‍ പതിക്കുന്നു. മീനംപളളിതോട് വിളപ്പില്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു. വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡിലെ ഇരട്ടക്കുളത്തില്‍ നിന്നും തുടങ്ങിയിരുന്ന ഈ തോടിന്‍റെ ഏറിയ പങ്കും ഇപ്പോള്‍ നികത്തി റോഡാക്കിയിരിക്കുന്നു. കൊമ്പേറ്റി ചെറുനീര്‍ത്തടത്തിലെ പ്രധാന തോടാണ് കൊമ്പേറ്റി തോട്. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വിളവൂര്‍ക്കല്‍ തോട് എന്നാണറിയപ്പെടുന്നത്. ഇരട്ടക്കലുങ്ക് ഭാഗത്തുവച്ച് ഇരട്ടക്കലുങ്ക് - കൊമ്പേറ്റി തോട് എന്നറിയപ്പെടുന്നു. ധാരാളം വലുതും ചെറുതുമായ തോടുകള്‍ കൊമ്പേറ്റി തോടില്‍ വന്നു ചേരുന്നു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഊരുട്ടമ്പലം വാര്‍ഡിലെ മടവിളാകം കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന തോട് ചെറുനീര്‍ത്തടത്തിന്‍റെ വടക്കു പടിഞ്ഞാറ് ദിശയിലൊഴുകി കാവുകുളം തോട്, മാതേരി തോട് എന്നിവയുമായി സംഗമിക്കുന്നു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൂവളശ്ശേരി വാര്‍ഡില്‍ കൂടി ഒഴുകി വരുന്ന കടുക്കറ - വളളൂര്‍ തോട്, കൊങ്ങംകോട് തോട് എന്നീ തോടുകളും മണ്ണടിക്കോണം വാര്‍ഡില്‍ കൂടി ഒഴുകി വരുന്ന തോടും മണ്ണടിക്കോണം മേലാരിയോട് വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ വെച്ച് സംയോജിക്കുമ്പോള്‍ ഈ തോട് വളളുനട - കുറുക്കണ്ണാവൂര്‍ - ചെഞ്ചേരി തോട് എന്ന പേരില്‍ അറിയപ്പെടുന്നു. പ്രസ്തുത തോട് വണ്ടന്നൂര്‍ തോടില്‍ ചേരുന്നു. പടിഞ്ഞാറ് കണ്ടല കൊട്ടയില്‍ കുളത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുല്ലുവരമ്പ് തോട് വടക്കുകിഴക്കു ഭാഗത്തുനിന്നും ഉത്ഭവിക്കുന്ന അച്ചന്‍കോണം തോടും, ഇണ്ടടിക്കോണം തോടുമായി ചേര്‍ന്ന് ജലസമൃദ്ധി കൂട്ടുന്നു. പുല്ലുവരമ്പ് തോട് നെയ്യാര്‍ കനാലിനെ മുറിച്ചു കടന്നു കൊറ്റംപളളിതോടെന്ന് അറിയപ്പെടുന്നു.
നെയ്യാര്‍, കരമന നദികളുടെ കൈതോടുകളാണ് നിയോജക മണ്ഡലത്തിലുളളത്. നിയോജക മണ്ഡലത്തിലെ തോടുകളുടെ ആകെ നീളം 287.81 കി. മീറ്ററാണ്.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ തോടുകളുടെ വിവരങ്ങള്‍ പട്ടിക 10.8.1 ലും സ്ഥലപരമായ വ്യാപനം വ്യക്തമാക്കുന്ന ചിത്രീകരണം ഭൂപടം 12 ലും നല്‍കിയിരിക്കുന്നു.
കാട്ടാക്കട തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ വ്യത്യസ്ത ഭൂവിനിയോഗ രീതികള്‍, അവയുടെ വിന്യാസം എന്നിവ പ്രതിപാദിക്കുന്ന ഭൂപടമാണിത്. ഓരോ ഭൂവിനിയോഗ രീതിയും വ്യത്യസ്ത നിറങ്ങളുടെയും ചിഹ്നങ്ങളുടെയും സഹായത്താല്‍ സര്‍വ്വെ പ്ലോട്ടടി സ്ഥാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വയലുകള്‍, നികത്തിയ പാടങ്ങള്‍, തെങ്ങിന്‍ തോട്ടങ്ങള്‍, മിശ്രിത വിളകള്‍, റബ്ബര്‍, നിര്‍മ്മിതി പ്രദേശങ്ങള്‍, കൃഷിയ്ക്കനുയോജ്യമായ തരിശ് ഭൂമി, റോഡ്, തോട്, കുളങ്ങള്‍ മുതലായവ ഈ ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രധാന ഭൂവിനിയോഗം മിശ്രിത കൃഷിയാണ്. നിയോജക മണ്ഡലത്തിന്‍റെ ഭൂവിസ്തൃതിയുടെ 34.06 ശതമാനമാണ് (3875.95 ഹെക്ടര്‍) ഇത്. ഒരേ വളപ്പില്‍ തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികള്‍, ഫല വൃക്ഷങ്ങള്‍ തുടങ്ങി വ്യത്യസ്ത വിളകള്‍ ഒരുമിച്ച് കൃഷി ചെയ്ത് വരുന്നതിനെയാണ് മിശ്രിത കൃഷിയായി രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമതായി കാണപ്പെടുന്നത് റബ്ബര്‍ കൃഷിയാണ്. റബ്ബര്‍ കൃഷി നിയോജക മണ്ഡലത്തിന്‍റെ ഭൂവിസ്തൃതിയുടെ 25.53 ശതമാനമാണ് (2904.41 ഹെക്ടര്‍). മൂന്നാമതായി കാണപ്പെടുന്നത് തെങ്ങ് കൃഷിയാണ്. നീര്‍ത്തടങ്ങളിലെല്ലാം പ്രധാന വിള ഇതു തന്നെയാണ്. നിയോജക മണ്ഡലത്തിന്‍റെ ഭൂപ്രകൃതി ഈ കൃഷിയ്ക്ക് ഏറെ അനുയോജ്യമായതാണ് ഇതിന് പ്രധാന കാരണം. ഏകവിളയായി ഇത് നിയോജക മണ്ഡലത്തിന്‍റെ ഭൂവിസ്തൃതിയുടെ 7.11 ശതമാനം (809.52 ഹെക്ടര്‍) പ്രദേശത്ത് മാത്രമാണ് കൃഷി ചെയ്തു വരുന്നത്. ഈ തോട്ടങ്ങളില്‍ മറ്റു ഇടവിളകള്‍ കൃഷിചെയ്ത് കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനാകും. കൂടാതെ വാഴ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, കവുങ്ങ്, പച്ചക്കറികള്‍, മിശ്രിത മരങ്ങള്‍, കുരുമുളക്, തീറ്റപ്പുല്ല്, കൈതച്ചക്ക, കശുമാവ് എന്നിവയും കൃഷി ചെയ്തു വരുന്നു.
സര്‍വ്വെയുടെ ഭാഗമായി നടത്തിയ വിവരശേഖരണത്തില്‍ നിന്ന് മനസ്സിലാകുന്നത് നിയോജക മണ്ഡലത്തിന്‍റെ 104.67 ഹെക്ടര്‍ പ്രദേശത്ത് മാത്രമാണ് നെല്‍കൃഷി ചെയ്തു വരുന്നത് എന്നാണ്. ഇത് മൊത്തം ഭൂവിസ്തൃതിയുടെ 0.92 ശതമാനമാണ്. 20.60 ഹെക്ടര്‍ പ്രദേശം നെല്‍കൃഷിയ്ക്ക് അനുയോജ്യമാണെങ്കിലും ജലസേചന സൗകര്യങ്ങളുടെ അഭാവം തൊഴിലാളി ദൗര്‍ലഭ്യം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് കൃഷിയിറക്കാതെ തരിശിട്ടിരിക്കുന്നു. അശാസ്ത്രീയമായ ഭൂപരിവര്‍ത്തനത്തിന്‍റെ ഭാഗമായി കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നേരത്തെ നിലനിന്നിരുന്ന 1291.31 ഹെക്ടര്‍ വയല്‍ പ്രദേശങ്ങള്‍ ഇന്ന് നികത്തപ്പെട്ടിരിക്കുകയാണ്. തെങ്ങ്, കവുങ്ങ്, വാഴ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, കെട്ടിട നിര്‍മ്മാണം, റബ്ബര്‍ എന്നിവയ്ക്കായിട്ടാണ് പ്രധാന മായും പാടങ്ങള്‍ നികത്തപ്പെട്ടത്. വയല്‍ നികത്തി 194.92 ഹെക്ടര്‍ പ്രദേശത്ത് തെങ്ങും, 587.79 ഹെക്ടര്‍ പ്രദേശത്ത് മിശ്രിത വിളയും 123.37 ഹെക്ടര്‍ പ്രദേശത്ത് റബ്ബറും, 353.13 ഹെക്ടര്‍ പ്രദേശത്ത് മരച്ചീനിയും വാഴയും മറ്റ് വിളകളും കൃഷി ചെയ്തു വരുന്നു.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 0.79 ശതമാനം ഭൂപ്രദേശം (90.25 ഹെക്ടര്‍) പ്രധാനപ്പെട്ട റോഡുകളും അവയുടെ പുറം പോക്ക് പ്രദേശങ്ങളും, 127.7 ഹെക്ടര്‍ ഭൂപ്രദേശം പാറക്കെട്ട് പ്രദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാന തോടുകള്‍ക്കും, നീര്‍ച്ചാലുകള്‍ക്കും, കുളങ്ങള്‍ക്കും മറ്റ് ഉപരിതല ജലസ്രോതസ്സുകള്‍ക്കുമായി 68.24 ഹെക്ടര്‍ പ്രദേശം വിനിയോഗിച്ചിരിക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ 450 ഹെക്ടര്‍ പ്രദേശം കൃഷിയ്ക്കനുയോജ്യമാണെങ്കിലും വിവിധ കാരണങ്ങളാല്‍ തരിശിട്ടിരിക്കുന്നു. അനുയോജ്യമായ വിളകളും പരിപാലന മാര്‍ഗ്ഗങ്ങളും അവലംബിച്ചാല്‍ കൃഷി ചെയ്യുവാന്‍ കഴിയുന്നതാണ് ഈ പ്രദേശങ്ങള്‍. കാട്ടാക്കട നിയോജക മണ്ഡലത്തിലെ 1585.86 ഹെക്ടര്‍ (13.93 ശതമാനം) ഭൂപ്രദേശം കെട്ടിട നിര്‍മ്മാണത്തിനും മറ്റു നിര്‍മ്മിതി ആവശ്യങ്ങള്‍ക്കുമായും വിനിയോഗിച്ചിരിക്കുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിലെ 8.32 ഹെക്ടര്‍ പ്രദേശം കൃഷിയ്ക്ക് അനുയോജ്യമല്ലാത്ത തരിശു ഭൂമികളാണ്. 0.19 ഹെക്ടര്‍ പ്രദേശം ചതുപ്പുനിലങ്ങളായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഭൂവിനിയോഗ രീതികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പട്ടിക 10.9 ലും ഇവയുടെ ചിത്രീകരണം ഭൂപടത്തിലും നല്‍കിയിരിക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ പ്രധാനമായും 3 ശിലാവിഭാഗ ങ്ങളാണ് രേഖപ്പെടുത്തിയിട്ടുളളത്. അവ മിഗ്മറ്റെറ്റ്, കോണ്‍ടൊലൈറ്റ്, ചാര്‍നൊ ക്കൈറ്റ്, എന്നിവയാണ്. ഇവയില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടു ന്നത് കോണ്‍ടൊലൈറ്റ് ശിലാവിഭാഗമാണ്. ഇത് കാട്ടാക്കട നിയോജക മണ്ഡലത്തിലെ 9138.76 (80.30 ശതമാനം) ഹെക്ടര്‍ പ്രദേശ ത്തായി വ്യാപിച്ച് കിടക്കുന്നു. എല്ലാ ഗ്രാമപഞ്ചായത്തിലെയും പ്രധാന ശിലാവിഭാഗമാണ് ഇത്. രണ്ടാമതായി കാണപ്പെടുന്നത് 1218.72 ഹെക്ടര്‍ (10.71 ശതമാനം) പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന മിഗ്മറ്റെറ്റ് (ങശഴാശശേലേ രീാുഹലഃ) ശിലാവിഭാഗമാണ്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലൊഴികെ മറ്റ് ഗ്രാമപഞ്ചായത്തു കളില്‍ ഈ വിഭാഗം കാണപ്പെടുന്നു. 983.13 ഹെക്ടര്‍ പ്രദേശത്ത് കാണപ്പെടുന്ന ചാര്‍നൊക്കൈറ്റ് വിഭാഗമാണ് മൂന്നാമത്തേത്. കാട്ടാക്കട നിയോജക മണ്ഡലത്തില്‍ കാണപ്പെടുന്ന ശിലാവിഭാഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പട്ടിക 10.10 ലും ഗ്രാമപഞ്ചായത്തടിസ്ഥാനത്തിലുളള വിശദാംശങ്ങള്‍ അനുബന്ധം 8 ലും നല്‍കിയിരിക്കുന്നു.
ഭൂപ്രകൃതി അനുസരിച്ച് കാട്ടാക്കട നിയോജക മണ്ഡലത്തെ സമാന്തരങ്ങളായ കുന്നിന്‍ നിരകള്‍, ഒറ്റപ്പെട്ടു നില്‍ക്കുന്ന പ്രദേശങ്ങള്‍, ചരിവു പ്രദേശങ്ങള്‍, താഴ്വരകള്‍ എന്നിങ്ങനെ പ്രധാനമായും നാലായി തരംതിരിക്കാം. കാട്ടാക്കട നിയോജക മണ്ഡലത്തില്‍ കാണപ്പെടുന്ന 5 ജിയോമോര്‍ഫോളജി വിഭാഗങ്ങള്‍ താഴ്വരകള്‍, നിമ്നപീഠഭൂമി, മലനിരമുകള്‍, ഒറ്റപ്പെട്ട കുന്നുകള്‍, ഒറ്റപ്പെട്ട മലകള്‍ എന്നിവയാണ്. രണ്ട് ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് മദ്ധ്യേയായി സ്ഥിതി ചെയ്യുന്നതും ഏറ്റവും താഴ്ന്നതും ചരിവിന്‍റെ തോത് കുറഞ്ഞതുമായ പ്രദേശങ്ങളാണ് താഴ്വര എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഭൂഗര്‍ഭ ജലലഭ്യത ഏറെയുളള ഈ പ്രദേശങ്ങളില്‍ എക്കല്‍ മണ്ണാണ് കാണപ്പെടുന്നത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ താഴ്വര പ്രദേശങ്ങളെല്ലാം തന്നെ വയല്‍ പ്രദേശങ്ങളോ, നികത്തിയെടുത്ത വയല്‍ പ്രദേശങ്ങളോ ആണ്. മലനിരമുകള്‍ പ്രദേശങ്ങളെയും താഴ്വരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിമ്ന്നോന്നമായ ഭൂപ്രകൃതിയില്‍ കാണപ്പെടുന്ന നിമ്നപീഠഭൂമി എന്ന ജിയോമോര്‍ഫോളജി വിഭാഗമാണ് നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നത്. ഇത് മൊത്തം ഭൂവിസ്തൃതിയുടെ 84.01 ശതമാനമാണ് (9560.39 ഹെക്ടര്‍). എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും പ്രധാന ജിയോമോര്‍ഫോളജി വിഭാഗം ഇതാണ്. 1156.01 ഹെക്ടര്‍ പ്രദേശത്ത് (10.16 ശതമാനം) വ്യാപിച്ച് കിടക്കുന്ന താഴ്വര വിഭാഗവും, 323.38 ഹെക്ടര്‍ പ്രദേശത്ത് ഒറ്റപ്പെട്ട മലകളും 191.57 ഹെക്ടര്‍ പ്രദേശത്ത് ഒറ്റപ്പെട്ട കുന്നുകളും 81.04 ഹെക്ടര്‍ പ്രദേശത്ത് (0.71 ശതമാനം) മലനിരമുകള്‍ വിഭാഗവുമാണ് മറ്റ് ജിയോമോര്‍ ഫോളജിക്കല്‍ വിഭാഗങ്ങള്‍. നിയോജക മണ്ഡലത്തിലെ ജിയോമോര്‍ഫോളജിക്കല്‍ വിഭാഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പട്ടിക 10.11 ലും ഗ്രാമപഞ്ചായത്തടി സ്ഥാനത്തിലുളള വിശദാംശങ്ങള്‍ അനുബന്ധം 9 ലും നല്‍കിയിരിക്കുന്നു.
അടിസ്ഥാന പ്രകൃതി വിഭവങ്ങളിലൊന്നായ മണ്ണിന്‍റെ ഘടന, രചന, ആഴം, മണ്ണൊലിപ്പ്, ഭൂക്ഷമത, ജലസേചന ക്ഷമത എന്നിവയെക്കുറിച്ചുളള അറിവ് സമഗ്രമായ ജലവിഭവ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിന് ആവശ്യമാണ്. കാട്ടാക്കട നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശത്തെ മണ്ണ് പര്യ വേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം പ്രദേശത്തെയും (6867.35 ഹെക്ടര്‍) മണ്ണ് ആഴത്തിലുളളതാണ്. 3634.81 ഹെക്ടര്‍ പ്രദേശത്തെ മണ്ണ് 50 സെ.മീ. മുകളില്‍ ആഴത്തിലുളള വളരെ ആഴമുളള വിഭാഗത്തില്‍ പ്പെടുന്നു. 90.70 ഹെക്ടര്‍ പ്രദേശത്തെ മണ്ണ് മിതമായ ആഴത്തിലുളളവയാണ്. നിയോജക മണ്ഡലത്തിലെ 60 ശതമാനത്തിലധികം പ്രദേശങ്ങളും (6938.02 ഹെക്ടര്‍) മിതമായ മണ്ണൊലിപ്പിന് വിധേയമാണ്. ഏകദേശം 15 ശതമാനം പ്രദേശങ്ങള്‍ തീവ്രമായ മണ്ണൊലിപ്പിന് വിധേയമായിരിക്കുന്നു. ഈ പ്രദേശങ്ങള്‍ ശരിയായ മണ്ണ് ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് സംരക്ഷിക്കാതിരുന്നാല്‍ സ്ഥിതി അപകടകരമാണ്. നിയോജക മണ്ഡലത്തിലെ 56.78 ശതമാനം പ്രദേശങ്ങളും ലളിതമായ പരിപാലനത്താല്‍ നല്ല രീതിയില്‍ കൃഷി ചെയ്യുവാന്‍ സാധിക്കുന്ന ഭൂക്ഷമത വിഭാഗത്തില്‍പ്പെടുന്നു. വനവല്‍ക്കരണത്തിനും നാണ്യ വിളകള്‍ക്കും മാത്രം അനുയോജ്യമായതും കൂടുതല്‍ കാര്‍ഷിക പ്രവൃത്തികള്‍ അവലംബിക്കു വാന്‍ പാടില്ലാത്തതുമായ 405.02 ഹെക്ടര്‍ പ്രദേശവും ഈ മണ്ഡലത്തിലുണ്ട്. നിയോജകമണ്ഡലത്തിലെ 6462.32 ഹെക്ടര്‍ പ്രദേശത്ത് മിതമായ നിരക്കിലും ബാക്കി പ്രദേശങ്ങളില്‍ കുറഞ്ഞ നിരക്കിലും മാത്രമാണ് വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത്. മണ്ണ് പര്യവേഷണ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ഈ പ്രദേശത്ത് അടിയന്തിരമായ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ പ്രതിവര്‍ഷം ശരാശരി 2400 മി. മി. മഴ ലഭിക്കുന്നുണ്ടെങ്കിലും മിക്ക പ്രദേശങ്ങളിലും രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവപ്പെടുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിലെ നല്ലൊരു ശതമാനം ജനങ്ങളും കുടിവെളളത്തിന് ഭൂഗര്‍ഭ ജലത്തെയാണ് ആശ്രയിക്കുന്നത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഉപരിതല ജലസ്രോതസ്സുകളും ഭൂഗര്‍ഭ ജലവും ആപല്‍കരമാംവണ്ണം കുറയുകയും മലിനമാക്കപ്പെടുകയുമാണ്. അവയെ ശരിയായ വിധത്തില്‍ സംരക്ഷിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ കുടിവെളളത്തി നായി ബുദ്ധിമുട്ടേണ്ടി വരും. വര്‍ഷപാതത്തെ സംബന്ധിച്ചുളള കണക്കുകളില്‍ സൂചിപ്പിക്കുന്നത് പോലെ 2006 മുതല്‍ മഴയുടെ അളവ് ക്രമാതീതമായി കുറഞ്ഞ് വരുന്നത് ഈ പ്രശ്നത്തിന്‍റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. ജലസമ്പത്തിനുളള സാധ്യതകള്‍ ഈ നിയോജക മണ്ഡലത്തില്‍ ധാരാളമുണ്ടെങ്കിലും തണ്ണീര്‍തട ങ്ങളുടെ പരിരക്ഷണത്തിലുളള അലംഭാവം, ഭൂവിനിയോഗത്തില്‍ വന്നിട്ടുളള മാറ്റങ്ങള്‍, രാസവളങ്ങളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട്, ലഭിക്കുന്ന ജലത്തിന്‍റെ ചെറിയ പങ്ക് മാത്രമേ സംരക്ഷിക്കപ്പെടുന്നുളളൂ.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ നിലവിലുളള ഉപരിതല ജലസ്രോത സ്സുകളായ പുഴകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയും ഭൂഗര്‍ഭജല സ്രോതസ്സുകളായ കിണറുകളുമാണ് ഇവിടുത്തെ ജലലഭ്യതയ്ക്ക് ആധാരമായി വര്‍ത്തിക്കുന്നത്. നെയ്യാര്‍, കരമന നദികളുടെ കൈതോടുകളാണ് നിയോജക മണ്ഡലത്തിലുളളത്. അണപ്പാട് - മച്ചേല്‍ തോട്, കൊമ്പേറ്റി തോട്, ആമച്ചല്‍ തോട്, പുല്ലുവരമ്പ് തോട്, കൊറ്റംപളളി തോട്, വണ്ടന്നൂര്‍ തോട്, മീനംപളളി തോട്, പളളിച്ചല്‍ തോട്, എന്നിവയാണ് കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട ഉപരിതല ജലസ്രോതസ്സുകള്‍. കൂടാതെ ധാരാളം തോടുകളും കുളങ്ങളും ചാലുകളും നിയോജക മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. സര്‍വ്വെയുടെ ഭാഗമായി നടത്തിയ പഠനമനുസരിച്ച് നിയോജക മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ തോടുകളും കുളങ്ങളും ചാലുകളും സ്ഥലപരമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗം തോടുകളും കുളങ്ങളും വറ്റുന്നവയുമാണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബഹുഭൂരിഭാഗം തോടുകളും കുളങ്ങളും സംരക്ഷണഭിത്തി ഇല്ലാത്തവയാണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഉപരിതല ജലസ്രോതസ്സുകളായ കുളങ്ങള്‍ (ഊറ്റുകുഴികളും നീര്‍ക്കുളങ്ങളും ഉള്‍പ്പെടെ), കിണറുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പട്ടിക 10.13.1 ല്‍ ചേര്‍ത്തിരിക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഭൂഗര്‍ഭ ജലസമ്പത്തിന്‍റെ ഉറവിടം വര്‍ഷപാതമാണെങ്കിലും ഭൂഗര്‍ഭജല സംഭരണത്തിനുളള ഭൗതിക സാഹചര്യ ങ്ങളുടെ അപര്യാപ്തത മഴവെളളത്തിന്‍റെ നല്ലൊരു പങ്കും ഉപരിതല ജലമായി ഒഴുകിപ്പോകുന്നതിന് കാരണമാകുന്നു. ഭൂഗര്‍ഭ ജല പരിപോഷണത്തിലെ ക്രമാനുഗതമായ കുറവ്, വര്‍ദ്ധിച്ച് വരുന്ന ജലചൂഷണം എന്നിവ മൂലം വേനലാരംഭത്തോടെ ഭൂഗര്‍ഭ ജലവിതാനം താഴ്ന്ന് പോയി ജല ദൗര്‍ലഭ്യതയ്ക്ക് കാരണമാകുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിയോജക മണ്ഡലത്തിന്‍റെ ഭൂഗര്‍ഭ ജല സാധ്യത പഠനം നടത്തിയതില്‍ നിന്നും മനസ്സിലാക്കുന്നത് നിയോജക മണ്ഡലത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭൂഗര്‍ഭ ജല സാധ്യത പരിമിത അളവിലാണ് എന്നാണ്. നേമം ബ്ലോക്ക് പ്രദേശങ്ങള്‍ സെമി ക്രിട്ടിക്കല്‍ വിഭാഗത്തിലായിക്കഴിഞ്ഞു. ഭൂഗര്‍ഭജല പരിപോഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ ഭാവിയില്‍ ഈ പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യം ഉണ്ടായേക്കാം. പൊതു സ്ഥാപനങ്ങളില്‍ കിണര്‍ നിറയ്ക്കല്‍ യാഥാര്‍ഥ്യമാക്കിയും സ്വകാര്യ പറമ്പുകളില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചും ഇതിനൊരു തുടക്കമിടാവുന്ന താണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഭൂഗര്‍ഭജല സാധ്യത വിവരങ്ങള്‍ പട്ടിക 10.13.2 ല്‍ നല്‍കിയിരിക്കുന്നു.
(Source: Central Ground Water Board)
കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഭൂഗര്‍ഭജല ജലനിരപ്പ് വിവരങ്ങള്‍ പട്ടിക 10.13.3 ല്‍ നല്‍കിയിരിക്കുന്നു.
(Source: State Ground Water Department)
കാട്ടാക്കട - പ്രശ്നങ്ങളും സൂചകോപദേശങ്ങളും
കാട്ടാക്കട മണ്ഡലത്തിലെ മണ്ണ്, ജലം, പൊതു ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും അവയ്ക്കുളള പരിഹാര നിര്‍ദ്ദേശങ്ങളും ചുവടെ ചേര്‍ക്കുന്നു.
കാട്ടാക്കട നിയോജക മണ്ഡലം - ജനസംഖ്യാ വിവരങ്ങള്‍
Distribution of Rainfall and Departure from Long Period Averages (Normal RF) of Last 5 Years
(Source: Indian Meteorological Department)
കാട്ടാക്കട നിയോജക മണ്ഡലം - ചരിവ് ഗ്രാമ പഞ്ചായത്തടിസ്ഥാനത്തില്‍
കാട്ടാക്കട നിയോജക മണ്ഡലം - നീര്‍ത്തടങ്ങള്‍ ഗ്രാമ പഞ്ചായത്തടിസ്ഥാനത്തില്‍
കാട്ടാക്കട നിയോജക മണ്ഡലം - ഉന്നതി ഗ്രാമ പഞ്ചായത്തടിസ്ഥാനത്തില്‍
കാട്ടാക്കട നിയോജക മണ്ഡലം - ഭൂവിനിയോഗം ഗ്രാമ പഞ്ചായത്തടിസ്ഥാനത്തില്‍
കാട്ടാക്കട നിയോജക മണ്ഡലം - ശിലാവിഭാഗങ്ങള്‍ ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍
കാട്ടാക്കട നിയോജക മണ്ഡലം - ജിയോമോര്‍ഫോളജി ഗ്രാമ പഞ്ചായത്തടിസ്ഥാനത്തില്‍
കാട്ടാക്കട നിയോജക മണ്ഡലം - തോടുകളുടെ നിര ഗ്രാമ പഞ്ചായത്തടിസ്ഥാനത്തില്‍