കാട്ടാക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളിൽ നിന്നുള്ള ഡാറ്റകൾ (വിവരങ്ങൾ) പൊതുജനങ്ങൾക്ക് കാണാനാവുന്ന ഡിസ്പ്ലേ (സ്ക്രീൻ) സംവിധാനം ഇന്നു കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥാപിച്ചു. വായുമലിനീകരണ തോത് തൽസമയം, ജലനിരപ്പ് തൽസമയം, ഊർജ്ജ ഉപഭോഗം തൽസമയം, മഴ, ഈർപ്പം, കാറ്റ്, താപനില എന്നിവയും തൽസമയം ഇതുവഴി അറിയാനാകും. കേരളത്തിലെ ആദ്യ IoT അധിഷ്ടിത പഞ്ചായത്തായി കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാട്ടാക്കട പഞ്ചായത്ത് മാറി. വിവര സാങ്കേതിക മേഖല അനുദിനം വളരുകയാണ്. വികസനത്തിന്റെ അവിഭാജ്യ ഘടകമാണ് വിവരങ്ങള്‍. ഒരു പഞ്ചായത്ത് സ്മാർട്ട് പഞ്ചായത്താകണമെങ്കിൽ ഭരണ നിർവ്വഹണത്തിന് വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടൊപ്പം പദ്ധതി നിർവ്വഹണവും സ്മാർട്ടാകണം. ഈ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. പദ്ധതി നിർവ്വഹണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളാണ് കൃത്യമായ വിവരങ്ങളുടെ അഭാവവും സമയനഷ്ടവും. IoT അധിഷ്ടിത പഞ്ചായത്തുകള്‍ ആകുന്നതോടു കൂടി ഇവയ്ക്ക് പരിഹാരമുണ്ടാകും. കൃത്യമായ വിവരങ്ങൾ വിരൽതുമ്പിൽ തന്നെ ലഭ്യമാക്കാൻ സഹായകരമാകുന്ന ഉപകരണങ്ങളുടെ വിന്യാസവും കമ്മ്യൂണിക്കേഷനുമാണ് IoT അധിഷ്ടിത മണ്ഡലത്തിന്റെ കാതൽ. ഈ സംവിധാനങ്ങൾ സജ്ജമാക്കിയതിലൂടെ പഞ്ചായത്തിലെ കുളങ്ങളിലെ ജലനിരപ്പ്, ഊർജ്ജ ഉപഭോഗം, മഴയുടെ തോത്, താപനില, ഈർപ്പം, കാറ്റിന്റെ ഗതി, വായു മലിനീകരണത്തിന്റെ തോത്, മണ്ണിലെ എൻ.പി.കെ, പി.എച്ച് എന്നിവ കൃത്യതയോടെ പഞ്ചായത്തടിസ്ഥാനത്തിൽ തൽസമയം പൊതുജനങ്ങൾക്കും ഭരണ നിർവ്വഹണ ഏജൻസികൾക്കും പദ്ധതി നിർവ്വഹണ ഏജൻസികൾക്കും ലഭ്യമാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ഊർജ്ജ വകുപ്പ്, മലിനീകരണ നിയന്ത്രണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകൾക്ക് അവരുടെ പദ്ധതി നിർവ്വഹണം കൂടുതൽ മെച്ചപ്പെടുത്താൻ നിലവിൽ സജ്ജമാക്കിയിട്ടുള്ള ഈ സംവിധാനം വഴി കഴിയും. വിവിധ വകുപ്പുകളുടെ പദ്ധതി നിർവ്വഹണത്തിനായി ആവശ്യമായ കൂടുതൽ കൂടുതൽ IoT ഉപകരണങ്ങൾ ഭാവിയിൽ വിന്യസിക്കാനും അവയുടെ നിയന്ത്രണത്തിനും ആശയ വിനിമയത്തിനുമുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള ഐസിഫോസ് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. എല്ലാ വിഭാഗം ജനങ്ങളുടെയും ദൈനംദിന ജീവിതത്തിന് സഹായകരമാകുന്ന കൂടുതൽ IoT ഉപകരണങ്ങൾ ഇതുമായി ബന്ധപ്പെടുത്തി വിന്യസിക്കും. അടുത്ത ഘട്ടമായി കാട്ടാക്കട മണ്ഡലത്തിലെ ബാക്കി 5 പഞ്ചായത്തുകളെ കൂടി പൂര്‍ണ്ണമായും IoT അധിഷ്ഠിത സ്മാർട്ട് പഞ്ചായത്താക്കി ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂർണ്ണ IoT അധിഷ്ഠിത മണ്ഡലമാകുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.