ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

WhatsApp Image 2018-09-17 at 12.07.19 PM(1)

Image 2 of 4

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത കുളങ്ങളില്‍ സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് ഉള്‍നാടന്‍ മത്സ്യ കൃഷി വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ 5 കുളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയം കൈവരിച്ച ഉള്‍നാടന്‍ മത്സ്യകൃഷി ഈ വര്‍ഷം 50 കുളങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനാണ് ജലസമൃദ്ധി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ ഉദ്ഘാടനം മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡിലുള്ള പുത്തന്‍കുളത്തില്‍ 200 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ശ്രീ.ഐ.ബി.സതീഷ്.എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസ്സാമുദ്ദീന്‍, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.രമ, പഞ്ചായത്ത് അംഗങ്ങളായ റീജ.എസ്, വിജയകുമാരി.സി, ഫിഷറീസ് പ്രൊമോട്ടര്‍ പ്രസീദ എന്നിവര്‍ സന്നിഹിതരായിരുന്നു. മാറനല്ലൂര്‍ പഞ്ചായത്തിലെ മറ്റു 13 കുളങ്ങളില്‍ കൂടി പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് അംഗങ്ങളും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കട്ള, റോഹു, മൃഗാള്‍ എന്നീ ഇനത്തില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്. കുളങ്ങളുടെ വിസ്തൃതി അനുസരിച്ച് 200 മുതല്‍ 500 കുഞ്ഞുങ്ങളെയാണ് ഓരോ കുളത്തിലും നിക്ഷേപിച്ചിരിക്കുന്നത്. 6 മാസക്കാലം കൊണ്ട് വിളവെടുക്കുവാന്‍ കഴിയുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ഓരോ കുളത്തിന് സമീപത്ത് താമസിക്കുന്ന 5-10 വരെ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സ്വയം സഹായ സംഘങ്ങളാണ് മത്സ്യ കൃഷി നടത്തുന്നത്. പഞ്ചായത്ത് കുളങ്ങള്‍ പാട്ടത്തിന് നല്‍കി പഞ്ചായത്ത് പദ്ധതിക്ക് പിന്തുണ ലഭ്യമാക്കുന്നു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ പരമാവധി കുളങ്ങളില്‍ ഉള്‍നാടന്‍ മത്സ്യകൃഷി ആരംഭിച്ച് നിയോജക മണ്ഡലത്തെ മത്സ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു.