2019 മഴക്കാല പൂർവ്വ ശുചീകരണം: കാട്ടാക്കട മണ്ഡലത്തിനിത് സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന യജ്ഞം

60363866_2176852299059111_5726753618317541376_n

Image 1 of 3

2019 മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ചാലോചിക്കുന്നതിന് വേണ്ടിയിട്ടുള്ള മണ്ഡലംതല യോഗം ഇന്ന് നേമം ബ്ലോക്ക് ഓഫീസ് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി അദ്ധ്യക്ഷയായ യോഗം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതകുമാരി, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എ.ഫൈസി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഹിൽക്ക് രാജ്, കാട്ടക്കട തഹസിൽദാർ ബിപിൻകുമാർ, നേമം ബ്ലോക്ക് മെഡിക്കൽ ഓഫീസർ എലിസബത്ത് ചീരൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ലേഖാ തോബ്യാസ്, നേമം ബി.ഡി.ഒ അജികുമാർ, വെള്ളനാട് ബി.ഡി.ഒ രംജിത്ത് ആർ.എസ്, മെഡിക്കൽ ഓഫീസർമാർ, വീ.ഇ.ഒ മാർ എന്നിവർ പങ്കെടുത്തു. സാംക്രമിക രോഗങ്ങൾ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള മുൻകരുതലുകൾ സ്വീകരികരിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെടുകയും, അതനുസരിച്ച് ഈ മാസം 8,9 തീയതികളിൽ കാട്ടാക്കട മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും വിപുലമായ യോഗം ചേരുവാൻ തീരുമാനിച്ചു. 122 വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് വിവിധതലത്തിലുള്ള ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർടികളുടെയും സംയുക്ത നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. യോഗത്തിൽ പ്രധാന ചർച്ചാ വിഷയമായി ഉയർന്നു വന്നത് നീർച്ചാലുകളിലും തോടുകളിലും ജലാശയങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നതിനെ കുറിച്ചാണ്. പല പ്രധാന കവലകളോടനുബന്ധിച്ചും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മലിന ജലവും മാലിന്യവും നിക്ഷേപിക്കാനുള്ള ഇടമാണ് തോടുകൾ എന്ന ഒരു ധാരണ എങ്ങനെയൊ രൂപപ്പെട്ടിരിക്കുന്നതായി യോഗം വിലയിരുത്തി. നൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുൾപ്പടെ അവിടുത്തെ മാലിന്യവും മലിനജലവും യാതൊരു മനസാക്ഷി കൂത്തുമില്ലാതെയാണ് ഈ തോടുകളിലേക്ക് തുറക്കുന്ന പൈപ്പുകളിലൂടെ നിക്ഷേപിക്കുന്നത്. ഇതിന്റെ ചുവട് പിടിച്ച് ചെറുതും വലുതുമായ സ്ഥാപനങ്ങൾക്കൊപ്പം പല വീടുകളും ഇത് പിൻതുടരുന്നു. ഇത് കൂടാതെയാണ് ഇറച്ചി കടകളിൽ നിന്നുള്ള കോഴി വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കി കൊണ്ട് വന്ന് തോടുകളിലും കുളങ്ങളിലും നിക്ഷേപിക്കുന്നത്. ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഈ സാമൂഹ്യ വിപത്തിനെ പ്രതിരോധിച്ചേ മതിയാകു. പഞ്ചായത്തുകൾ ഇത്തരം മാലിന്യമൊഴുക്കിനെ വീഡിയോ ക്യാമറകൾ ഉപയോഗിച്ച് ചിത്രീക്കരിച്ച് രേഖപ്പെടുത്തണം. അതിന് ശേഷം പഞ്ചായത്തുകൾ നിയമപരമായി നോട്ടീസ് നൽകണം. നോട്ടീസ് നൽകപ്പെട്ട സ്ഥാപന ഉടമകളെ വിളിച്ചു വരുത്തി ബോധവത്കരണം നടത്താൻ തയ്യാറാക്കണം. അധികൃതർ തന്നെ ഈ മാലിന്യക്കുഴലുകളെ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ച് അതിനാവശ്യമായി വരുന്ന തുക ഈ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഈടാക്കാൻ തയ്യാറാകണം. ഈ സ്ഥാപനങ്ങൾ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ സ്ഥാപിച്ചേ മതിയാകു. ഒരു സ്ഥാപനത്തിന്റെ ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിലൊന്നായി ഈ സംവിധാനം മാറണം. എന്നിട്ടും അവർ തുടർന്നുവന്ന രീതികളിൽ നിന്ന് പിൻതിരിയുന്നില്ലായെങ്കിൽ കേരള നിയമസഭ പാസാക്കിയ നിയമമനുസരിച്ച് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പരാതി നൽകാൻ പഞ്ചായത്തധികൃതരും ആ നിയമമനുസരിച്ച് കേസുകൾ റജിസ്റ്റർ ചെയ്യാൻ പോലീസും തയ്യാറാകണം. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രതിനിധികളും ഇക്കാര്യത്തിൽ വളരെ ഉറച്ച നിലപാടുകൾ സ്വീകരിക്കണം. ഇത്തരത്തിൽ നീർച്ചാലുകളെയും ജലാശയങ്ങളേയും മലിനപ്പെടുത്തുന്നവരോട് വിട്ടുവീഴ്ച്ച ചെയ്യുന്ന സമീപനം ഉണ്ടാകാനേ പാടില്ല. അതോടൊപ്പം ശക്തമായ ജനകീയ പ്രതിരോധവും ഉയർന്ന് വരണം. എല്ലാ വാർഡുകളിലും മാലിന്യ പ്രതിരോധ സന്നദ്ധ സേനയുണ്ടാകണം. ഉദ്യോഗസ്ഥർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടേയും പ്രതിനിധികൾ, കലാ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, മറ്റ് സന്നദ്ധ സംഘടനകൾ ഇവരെല്ലാം ചേർന്ന് നാട്ടിൻപുറങ്ങളെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നവരെ കൈയോടെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാൻ തയ്യാറാകണമെന്നും യോഗത്തിൽ തീരുമാനിച്ചു. നമ്മുടെ നാട് അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വിപത്താണ് ജലാശയങ്ങളെ മലിനപ്പെടുത്തുന്നതെന്ന ഉത്തമബോധ്യം എല്ലാവർക്കും ഉണ്ടായേ മതിയാകു… 2019ലെ മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതരാകുന്ന പൊതു സമൂഹം ഇക്കാര്യം കൂടി മനസ്സിൽ സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു.