കുളത്തുമ്മല്‍ തോട് നീര്‍ത്തട പദ്ധതിക്ക് തുടക്കമായി.

IMG_20190805_161710

Image 13 of 15

2019-20 സാമ്പത്തിക വർഷത്തിൽ അനുമതി ലഭിച്ച കേരള സർക്കാരിന്റെ പദ്ധതിയായ സൂക്ഷമ നീർത്തടങ്ങളുടെ വികസനത്തിൽ ഉൾപ്പെടുത്തി കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ബഹു. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു. കാട്ടാക്കട പഞ്ചായത്തിലെ കിള്ളി, കുളത്തുമ്മൽ, കാട്ടാക്കട, ചെട്ടി കോണം, കാനക്കോട്, പാറച്ചൽ, കൊമ്പാടിക്കൽ, അമ്പലത്തിൻകാല, എട്ടുരുത്തി, തൂങ്ങാംപാറ, പൊന്നറ, വാർഡുകളിലൂടെ ഒഴുക്കുന്ന കുളത്തുമ്മൽ തോടിന്റെ ഇരുവശവുമായി വരുന്ന കൃഷിഭൂമി ഉൾപ്പടെയുള്ള 425 ഹെക്ടർ പ്രദേശമാണ് പദ്ധതി പ്രദേശം. ശാസ്ത്രീയമായി മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക വഴി രൂക്ഷമായ മണ്ണൊലിപ്പ് തടയുക, ഭൂഗർഭ ജലവിതാനം ഉയർത്തുക, തോടും അനുബന്ധ ജലസ്രോതസ്സുകളും സംരക്ഷിക്കുക, ജൈവ വൈവിധ്യം നിലനിർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ ഐ.ബി.സതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാട്ടാക്കട ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത സ്വാഗതം ആശംസിക്കുകയും മണ്ണുപര്യവേഷണ മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടർ ജെ.ജസ്റ്റിൻ മോഹൻ IFS പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ.റ്റി.എൻ.സീമ പദ്ധതിരേഖ പ്രകാശനം നിർവ്വഹിച്ചു. കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്‌ കമ്മീഷണർ എ.നിസാമുദ്ദീൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. കാട്ടാക്കട പഞ്ചായത്തിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. മണ്ണ് സംരക്ഷണ അസി.ഡയറക്ടർ സി.എ.അനിത കൃതജ്ഞത രേഖപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി തോടിൽ ജലം ശേഖരിച്ച് നിലനിർത്തുന്നതിനുള്ള തടയണ നിർമ്മാണം, പാർശ്വഭിത്തി സംരക്ഷണം, റാമ്പ്, തോടിന്റെ കരകളിൽ മണ്ണൊലിപ്പ് തടയുന്നതിനായി പുല്ലു വച്ച് പിടിപ്പിക്കൽ, ഫലവൃക്ഷത്തൈ നടീൽ, ജൈവ വേലി, തെങ്ങിൻ തടം, റബ്ബർ തടം, കല്ലു കൈയ്യാല, കിണർ റീച്ചാർജജിംഗ്‌, പുതിയ കിണർ നിർമ്മാണം, ചെറുകുളങ്ങളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി പ്രദേശത്തെ കാർഷിക ഭൂമിയിൽ നടപ്പിലാക്കുന്ന പ്രവൃത്തികൾ, പ്രദേശത്തെ ഗുണഭോക്താക്കളിൽ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്തൃ കമ്മിറ്റി മുഖേനയും, കുളങ്ങളുടെയും തോടുകളുടേയും സംരക്ഷണ പ്രവൃത്തികൾ ടെന്റർ മുഖേനയുമാണ് നടപ്പിലാക്കുന്നത്. മണ്ണ് സംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്ക് 100% സബ്സിഡി ഉണ്ടായിരിക്കും.