കാട്ടാക്കടയുടെ ജലസമൃദ്ധി നേരിട്ട് മനസ്സിലാക്കി ചത്തീസ്ഗഡ് സംഘം മടങ്ങി.

448977156_1006058504222375_5382442735697785770_n

Image 2 of 6

കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി ചത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിൽ നടപ്പാക്കുമെന്ന് ദണ്ഡേവാഡ എം.എൽ.എ.

ഛത്തീസ്ഗഡിലെ ദണ്ഡേവാഡ നിയോജകമണ്ഡലം എം.എൽ.എ ചൈത്രം അതാമിയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങിയ 10 അംഗ സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ത്രിദിന സന്ദർശനത്തിൻ്റെ ആദ്യ ദിവസമായ ശനിയാഴ്ച്ച തിരുവനന്തപുരം ഐ.എം.ജിയിൽ എത്തിയ സംഘത്തെ ഐ.ബി.സതീഷ് എം.എൽ.എയും ഐ.എം.ജി ഡയറക്ടർ ഡോ. കെ.ജയകുമാർ ഐ.എ.എസും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഡോ.കെ.ജയകുമാർ ആമുഖ പ്രഭാഷണവും ഐ.ബി.സതീഷ് എം.എൽ.എ പദ്ധതി വിശദീകരണവും നിർവ്വഹിച്ചു. ജലസമൃദ്ധി പദ്ധതിയുടെ കഴിഞ്ഞ 7 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ സാങ്കേതിക വിവരണം മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ നിസാമുദ്ദീൻ ഐ.എ.എസ് അവതരിപ്പിച്ചു. ഭൂവിനിയോഗ ബോർഡ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ഞായറാഴ്ച്ച പള്ളിച്ചൽ പഞ്ചായത്തിലെ വെട്ടുബലിക്കോണം കുളത്തിൽ നിന്ന് സംഘം സന്ദർശനം ആരംഭിച്ചു. തുടർന്ന് പള്ളിച്ചൽ പഞ്ചായത്തിലെ പാറ ക്വാറി റീചാർജിംഗ്, അണപ്പാട് മലയം തോടിൽ വിളവൂർക്കൽ പഞ്ചായത്തിൽ നിർമ്മിച്ച വലിയ തടയണകൾ, മലയിൻകീഴ് പഞ്ചായത്തിൽ അണപ്പാട് ഭാഗത്ത് നിർമ്മിച്ച താത്കാലിക തടയണകൾ, മാറനല്ലൂർ പഞ്ചായത്തിലെ വലിയ കാർഷിക കുളം, കാട്ടാക്കട പഞ്ചായത്തിൽ നിർമ്മിച്ച നെയ്യാറിലെ തടയണ, നാഞ്ചല്ലൂർ ലിഫ്റ്റ് ഇറിഗഷൻ, പായിപ്പാട് കുളം എന്നിവ സന്ദർശിച്ചു.
ഉച്ചക്ക് ശേഷം വിളപ്പിൽ പഞ്ചായത്തിലെ ജോർദാൻ ഓർഗാനിക് ഫാം, തുടർന്ന് കാട്ടാക്കടയിലെ കുളത്തുമ്മൽ ഹയർ സെക്കൻ്ററി സ്കൂളിലെ കൃത്രിമ ഭൂജലപോഷണം, മൈലാടി കുളത്തിലെ മത്സ്യകൃഷി, മാറനല്ലൂർ പഞ്ചായത്തിലെ പെരുംകുളം, കാട്ടാക്കട പഞ്ചായത്തിലെ ഇലഞ്ഞിമൂട്ടിൽ അണപ്പാട് തോടിൽ നിർമ്മിച്ചിട്ടുള്ള താത്കാലിക തടയണകൾ, ഇറിഗഷൻ വകുപ്പ് നിർമ്മിച്ച ചെറിയ വി.സി.ബി കൾ എന്നിവയും സന്ദർശിച്ചു. തിങ്കളാഴ്ച്ച രാവിലെ പേയാട് സെന്റ് സേവിയേഴ്സ് സ്കൂൾ, വിളവൂർക്കൽ കുരിശുമുട്ടം ഏല, മലയിൻകീഴ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മലയിൻകീഴ് തെങ്ങ് നഴ്സറി, എന്നിവ സന്ദർശിച്ചു ബ്ലോക്ക് ഓഫീസിൽ ജനപ്രതിനിധികളുമായി സംവദിച്ചു.
തൊഴിലുറപ്പ് മിഷൻ ഡയറക്ടർ നിസാമുദ്ദീൻ ഐ.എ.എസ്‌, നേമം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ അജയഘോഷ് എന്നിവർ സംഘത്തെ അനുഗമിച്ചു. അതാത് വകുപ്പിലെ ഉദ്യോസ്ഥരും ഓരോ സ്ഥലത്തും എത്തി നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ സംഘത്തിന് വിശദീകരിച്ചു നൽകി. ഐ.ബി.സതീഷ് എം.എൽ.എ യുടെയും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സാന്നിധ്യവും സ്വീകരണവും ഫീൽഡ് സന്ദർശനം മികവുറ്റത്താക്കി.
ഈ പദ്ധതിയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ മികച്ചതാണെന്നും വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം മാതൃകാപരമാണെന്നും ഇവ അതേപടി ജലദൗർലഭ്യം രൂക്ഷമായി നേരിടുന്ന തന്റെ നിയോജക മണ്ഡലത്തിൽ നടപ്പാക്കുമെന്ന് ദണ്ഡേവാഡ എംഎൽഎ അറിയിച്ചു. തൻ്റെ മണ്ഡലത്തിൽ മാത്രമല്ല ചത്തീസ്ഗഡിലെ എല്ലാ മണ്ഡലത്തിലും കുഴൽ കിണറിനെക്കാൾ ആഴത്തിലാണ് ഭൂഗർഭജലവിതാനമെന്നും, അത് ഉയർത്തുന്നതിന് കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി മാതൃക തീർച്ചയായും ഉപകാരപ്പെടുമെന്ന് ബോധ്യമായതായും എം.എൽ.എ പറഞ്ഞു. ഫീൽഡ് സന്ദർശന ശേഷം ബ്ലോക്ക് ഓഫീസിലെത്തിയ എംഎൽഎയും സംഘത്തെയും ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് എസ് കെ പ്രീജയും ഭരണ സമിതിയും ചേർന്ന് സ്വീകരിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തിൽ നടത്തിവരുന്ന വിവിധ ജലസമൃദ്ധി പദ്ധതികളെ കുറിച്ച് പ്രസിഡൻ്റ് സംഘത്തോടു വിശദീകരിച്ചു. കാട്ടാക്കട ജലസമൃദ്ധി മാതൃക കേരളമൊട്ടാകെ നടപ്പിലാക്കാൻ കേരള സർക്കാർ തീരുമാനിച്ചത് പോലെ ആ കേരള മോഡൽ ചത്തീസ്ഗഡിലെ എല്ലാ മണ്ഡലത്തിലും നടപ്പിലാക്കാൻ സാധ്യമായ ഇടപെടൽ നടത്തുമെന്നും അതിൻ്റെ ഭാഗമായി കേരളത്തിൻ്റെയും ടീം ജലസമൃദ്ധിയുടെയും സഹായ സഹകരണങ്ങളും അഭ്യർത്ഥിച്ചാണ് ത്രിദിന സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.