മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും മുഴുവൻ സ്കൂളുകളുടെ ഊർജ്ജ ഓഡിറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കി കാട്ടാക്കട മണ്ഡലം. കൂടാതെ മുഴുവൻ പൊതു സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റ് പ്രഖ്യാപനവും പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ചു. സ്കൂളുകളുടെ ഊർജ്ജ ഓഡിറ്റ് റിപ്പോർട്ടുകളുടെ പ്രകാശനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ഇ.എം.സി ഡയറക്ടർ ഡോ: ആർ.ഹരികുമാർ, ഊർജ്ജ ഓഡിറ്റർ സുരേഷ് ബാബു ബി.വി, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന എനർജി മാനേജെന്റ് സെന്ററുമായി ചേർന്ന് മണ്ഡലത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും ഊർജ്ജ ആഡിറ്റിന് തുടക്കം കുറിക്കുകയാണ്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം കൂടി റിപ്പോർട്ടുകളുടെ പ്രകാശനത്തോടൊപ്പം വിദ്യാഭ്യാസ മന്ത്രി നിർവ്വഹിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടമായി ജനകീയ പങ്കാളിത്തത്തോടെ നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും ഊർജ്ജ ആഡിറ്റ് നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി 2018 ൽ മണ്ഡലത്തിലെ തിരഞ്ഞെടുത്ത 4 സ്കൂളുകളുടെ ഊർജ്ജ ഓഡിറ്റ് പരീക്ഷണാടിസ്ഥാനത്തിൽ പൂർത്തിയാക്കിയായിരുന്നു. ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കിയ 4 സ്കൂളുകളിൽ സാധാരണ ലൈറ്റുകളും ഫാനുകളും മാറ്റി എൽ.ഇ.ഡി ലൈറ്റുകളും ഫാനുകളും നൽകി. തുടർന്ന് മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളുടെയും ഊർജ്ജ ആഡിറ്റ് എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായത്തോടെ പൂർത്തിയാക്കി. ആറ് പഞ്ചായത്തുകളിലായി 53 സ്കൂളുകളുടെ ഓഡിറ്റ് റിപ്പോർട്ടാണ് ഇന്ന് പ്രകാശനം ചെയ്തത്. സ്കൂളുകളിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്കായി 174.61 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ പ്രതിവർഷം 59.26 ലക്ഷം രൂപ ലാഭിക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഇത് 8.78 ലക്ഷം യൂണിറ്റ് വൈദ്യുതിക്ക് തുല്യമാണ്. ഈ പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ മൊത്തം കാർബൺ ലഘൂകരണ സാധ്യത 728.43 ടൺ ആണെന്ന് റിപ്പോർട്ട് ചൂണിക്കാട്ടുന്നു. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ എല്ലാ സ്കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളുടെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബഡ്ജറ്റിൽ 3 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ ആദ്യഘട്ടമായി സ്കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ്, കെ.എസ്.ഇ.ബി എന്നിവരുമായി സഹകരിച്ച് സോളാർ പാനൽ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.