കാട്ടാക്കട നിയോജകമണ്ഡലം പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുന്നതിന്റെ ഭാഗമായുള്ള ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായി എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇ.എം.സി) നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലും ഊര്‍ജ്ജ ആഡിറ്റ് നടത്തിയിരുന്നു. നിലവിലെ ഊര്‍ജ്ജ ഉപഭോഗവും ഊര്‍ജ്ജ നഷ്ടവും പഠിക്കുന്നതിനായാണ് ഇത്തരമൊരു ആഡിറ്റ് നടത്തിയത്. പ്രസ്തുത ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പല പൊതുസ്ഥാപനങ്ങളിലും ഊര്‍ജ്ജ നഷ്ടം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഊര്‍ജ്ജ നഷ്ടത്തിന്റെ വിവിധ കാരണങ്ങളില്‍ ഒരു പ്രധാന കാരണമായി കണ്ടെത്തിയത് ആധുനിക ഊര്‍ജ്ജ സൗഹൃദ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം ഇന്നും വ്യാപകമാകാത്തതാണ്. ഇതിന് പരിഹാരമായി നിലവിലെ ഊര്‍ജ്ജ നഷ്ടം ഉണ്ടാക്കുന്ന വൈദ്യുതോപകരണങ്ങള്‍ മാറ്റി ഊര്‍ജ്ജ ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനുതകുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുത്ത 6 സ്കൂളുകള്‍ ഊര്‍ജ്ജകാര്യക്ഷമം ആക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആദ്യ സ്കൂള്‍ എന്ന നിലയില്‍ ഈഴക്കോട് സെന്റ് ഫ്രാന്‍സിസ് യു.പി സ്കൂളിലെ പഴയ സി.എഫ്.എല്‍ ബള്‍ബുകളും ഫാനുകളും മാറ്റി എല്‍.ഇ.ഡി ബള്‍ബുകളും, എല്‍.ഇ.ഡി ട്യൂബുകളും, ഇലക്ട്രോണിക് റെഗുലേറ്ററും മറ്റും ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് മണ്ഡലത്തിലെ എല്ലാ സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഊര്‍ജ്ജകാര്യക്ഷമ സ്ഥാപനങ്ങള്‍ ആക്കും. പദ്ധതിയുടെ രണ്ടാംഘട്ടമായി സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം ആണ് ലക്ഷ്യമിടുന്നതെന്നും മണ്ഡലത്തിലെ സാധ്യമായ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സൌരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ തുക അനുവദിച്ചിട്ടുള്ളതായും ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു. പരിസ്ഥിതി സൗഹൃദ മണ്ഡലമെന്ന ആശയത്തിലെ പ്രധാന ലക്ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട നിയോജകമണ്ഡലം സാധ്യമാക്കുക എന്നതാണെന്നും അതിന് ഊര്‍ജ്ജസംരക്ഷണവും ഊര്‍ജ്ജ സ്വയംപര്യാപ്തതയും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.