സംയോജിത കൃഷി കാർഷിക സമൃദ്ധിക്ക് അനുയോജ്യം: ഡോ.തോമസ് ഐസക്ക്.

WhatsApp-Image-2021-09-09-at-5.54.20-PM-4

Image 1 of 26

സംയോജിത കൃഷി കാട്ടാക്കട മണ്ഡലത്തിലെ കാർഷിക പുനരുജ്ജീവനത്തിന് അനുയോജ്യ മാതൃകയാണെന്ന് ഡോ.തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പദ്ധതിരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മാറനല്ലൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സംയോജിത കൃഷിയുടെ മാതൃകകൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉണ്ട്. ഇത് കൂടുതൽ വ്യാപകമാക്കണം. ഒറ്റയ്ക്ക് ഇത് സാധ്യമല്ലാത്തവർക്ക് സംഘം ചേർന്നും സംയോജിത കൃഷി ലാഭകരമായ ഉപജീവന മാർഗ്ഗമാക്കാനാകും. കാർഷിക സമൃദ്ധി സാധ്യമാക്കുന്നതിന് കൂടുതൽ ആൾക്കാരെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്നതിനും പ്രചോദനമാകുന്നതിനും സംയോജിത കൃഷി രീതിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൈവ പച്ചക്കറി കൃഷി, മത്സ്യകൃഷി, തേൻകൃഷി, പശു, ആട്, പോത്ത്, കോഴി, താറാവ് വളർത്തൽ എന്നിവയെല്ലാം സംയോജിത കൃഷിയിൽ ഉൾപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. ജലസമൃദ്ധിയിലൂടെ കാർഷികസമൃദ്ധി കൈവരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 3 ദിവസങ്ങളിലായി കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും എല്ലാ പഞ്ചായത്തിലെയും ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സംയോജിത കൃഷി രീതി മികച്ച നിലയിൽ പ്രാവർത്തികമാക്കി വരുന്ന തണൽ അഗ്രോഫാം സന്ദർശിച്ചു കൊണ്ടായിരുന്നു ഇന്നലത്തെ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് മാറനല്ലൂർ പഞ്ചായത്തിലെ പൂവൻവിളയിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച റോഡ് സൈഡ് റീച്ചാർജ്ജിംഗും വെളിയംകോട് നിർമ്മിച്ച കാർഷിക കുളവും സന്ദർശിച്ചു. പള്ളിച്ചൽ പഞ്ചായത്തിലെ പാറക്വാറി റീച്ചാർജ്ജിംഗ്, സർക്കാർ സ്ഥാപനങ്ങളിലെ കിണർ റീച്ചാർജ്ജിംഗ് എന്നിവയും സന്ദർശിച്ചു. മാറനല്ലൂർ കണ്ടല സ്കൂളിലും പള്ളിച്ചൽ പൂങ്കോട് സ്വിമ്മിംഗ് പൂൾ അങ്കണത്തിലും വച്ച് ചേർന്ന യോഗങ്ങളിൽ ജനപ്രതിനിധികളുമായി സംവദിച്ചു. ഐ.ബി.സതീഷ് എം.എൽ.എ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എ.സുരേഷ് കുമാർ, റ്റി.മല്ലിക, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ഇതോടെ മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലേയും സംവാദങ്ങൾ പൂർത്തിയായി. ജനപ്രതിനിധികളുമായി സംവദിച്ചതിൽ നിന്ന് ലഭ്യമായ വിവരങ്ങളും വിദ്ധഗ്ധരുടെ അഭിപ്രായങ്ങളും ആരാഞ്ഞ് വിശദമായ പദ്ധതി രൂപരേഖ ഉടൻ തയ്യാറാക്കുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.