2024 ഫെബ്രുവരി 9, 10 തിയതികളിലായി ഷില്ലോങ്ങിൽ നടന്ന ഇന്റർനാഷണൽ വാട്ടർ കോൺക്ലെവിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വിജയഗാഥ അവതരിക്കപ്പെട്ടു. ഷില്ലോങ്ങ് മാരിയാട്ട് ഹോട്ടലിൽ നടക്കുന്ന കോൺക്ലെവ് മേഘാലയ മുഖ്യമന്ത്രി കോൺറാട് കെ സാങ്മ ഉൽഘാടനം ചെയ്തു. കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറി ശ്രീമതി. ദേബശ്രീ മുഖർജി ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ജലസംരക്ഷണത്തിന്റെ മികച്ച മാതൃകകൾ എന്നതായിരുന്നു കോൺക്ലെവിന്റെ പ്ലീനറി സെഷൻ. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, കമ്പോഡിയ, നേപ്പാൾ, കേരളം, ഹിമാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിൽ നടന്ന മികച്ച മാതൃകകളാണ് ഈ സെഷനിൽ അവതരിപ്പിക്കപ്പെട്ടത്. കാട്ടാക്കട മണ്ഡലത്തിൽ കഴിഞ്ഞ 7 വർഷമായി മികച്ച രീതിയിൽ നടന്നു വരുന്ന ജലസമൃദ്ധി പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പങ്കിനെക്കുറിച്ചും, ജനകീയ ബോധവൽകരണ പ്രവർത്തനങ്ങളും, പദ്ധതി പ്രവർത്തനങ്ങളിൽ സംയോജനം സാധ്യമാക്കിയ രീതിശാസ്ത്രം സംബന്ധിച്ചും ഐ.ബി.സതീഷ് എം.എൽ.എ വിശദീകരിച്ചു. പദ്ധതി നടത്തിപ്പിൽ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗം, പദ്ധതിയിൽ നടപ്പാക്കിയ നൂതനവും പ്രാദേശികവുമായ പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകൾ ഏറ്റെടുത്ത പ്രവർത്തികൾ, കൈവരിച്ച നേട്ടങ്ങൾ, വിവിധ ഏജൻസികളുടെ കണ്ടെത്തലുകൾ എന്നിവ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറും പദ്ധതിയുടെ കോർഡിനേറ്ററുമായ എ.നിസാമുദ്ദീൻ ഐ.എ.എസ് അവതരണം നടത്തി. പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഇരുവരും ചേർന്ന് മറുപടി നൽകി. ജലവിഭവ സംരക്ഷണ പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർ ഫീൽഡിൽ നടന്നു കാണുവാൻ ആഗ്രഹിക്കുന്ന ശാസ്ത്രീയ ഇടപെടലുകൾ സാമൂഹിക പങ്കാളിത്തതോടെ നടപ്പാക്കി വിജയിച്ച മാതൃകയാണ് ജലസമൃദ്ധി പദ്ധതിയെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരീക്ഷിക്കാൻ പ്രതിനിധികൾ തയ്യാറാകണമെന്നും സെഷൻ ചെയർ ശ്രീ. എക്‌ലവ്യ പ്രസാദ് അഭിപ്രായപ്പെട്ടു. അവതരണം കണ്ട കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറിയും മറ്റ് രാജ്യങ്ങളിലെ പ്രതിനിധികളും ഈ നേട്ടം കൈവരിക്കുവാൻ എടുത്ത പ്രവർത്തനങ്ങളെ മുക്തകണ്ഠം അഭിനന്ദിച്ചു. തുടർന്ന് നടന്ന സമാന്തര സെഷനുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ലോക സമൂഹത്തിന് മുൻപാകെ കാട്ടാക്കട ജലസമൃദ്ധി പദ്ധതിയുടെ വിജയമാതൃക അവതരിപ്പിക്കാനായതിൽ ഏറെ അഭിമാനം ഉണ്ടെന്നും ടീം കാട്ടാക്കടയുടെ കൂട്ടായ്മയുടെ ഫലമാണ് ഇത് സാധ്യമാക്കിയതെന്നും ഐ. ബി. സതീഷ് എം.എൽ.എ പറഞ്ഞു.