അനന്തമായ ഈ പ്രപഞ്ചത്തിൽ ജീവന്റെ സ്പന്ദനങ്ങളുള്ള ഒരേയൊരിടം
“നമ്മുടെ വീടായ” ഈ ഭൂമിയാണ്. ഈ ഭൂമിയിലുള്ള നൂറ് കണക്കിന് ജീവജാലങ്ങളിൽ ബുദ്ധിശക്‌തികൊണ്ടും കഴിവുകൊണ്ടും ഇവിടെ അവിചാരിതം വിഹരിക്കുന്നതും ഭൂമിയുടെ സ്വാഭാവികതക്ക് ഏറ്റവുമധികം പോറലേൽപ്പിക്കുന്നതും നമമൾ മനുഷ്യ സമൂഹം തന്നെയാണ്. എല്ലാ മേഖലയിലും മുന്നോട്ട് കുതിക്കുന്ന മനുഷ്യന്റെ ഈ പ്രയാണവും , അവന്റെ ഇടപെലുകളും ഭൂമിയുടെ നിലനിൽപ്പിന് അനുദിനം വിഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നുമാണ് ലോകത്താദ്യമായി 1970 ൽ ഭൗമദിനം ആചരിക്കുന്നത്. അന്ന് അമേരിക്കയിൽ യുനെസ്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭൗമദിനം പിന്നീട് ലോകത്താകമാനമുള്ള പരിസ്ഥിതി പ്രവർത്തകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. എല്ലാ ലോകരാജ്യങ്ങളും ഈ ദിനത്തിൽ “ദൂമിചിന്തകളുമായി” ഭൂമിക്കുവേണ്ടി ഒരുമിച്ചണിനിരക്കുന്നത് ലോകം ഏറെ പ്രതീക്ഷയേതായാണ് നോക്കിക്കാണുന്നത്. “Restore Our Earth” എന്നതാണ് ഈ വർഷത്തെ ഭൗമദിനത്തിന്റെ മുഖവാചകം.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് നമ്മുടെ ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ ഭൂമിയുടെ ഉപരിതലഊഷ്മാവ് ഏകദേശം 4 ഡിഗ്രി സെൽഷ്യസ് എങ്കിലും വർധിക്കും എന്നാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്. ഇത് ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് തന്നെ അപകടകരമായി വന്നേക്കാം. വ്യവസായ ശാലകളിൽ നിന്നും, വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന കാർബൺ വാതകങ്ങളുടെ അന്തരീക്ഷത്തിലുള്ള വർദ്ധനവും, അതിനെ ചെറുക്കുന്നതിനുള്ള പ്രകൃതിയുടെ തന്നെ സ്വാഭാവിക പ്രതിരോധവുമായ വനങ്ങളുടെയും സസ്യാവരണങ്ങളുടെയും ക്രമാതീതമായ കുറവുമാണ് ആഗോളതാപനത്തിന്റെ പ്രധാനകാരണങ്ങൾ. ഭൂമിയുടെ സ്വാഭാവികതയിൻമേലുള്ള ഈ വ്യത്യാനം അതിലധിവസിക്കുന്ന മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നാശത്തിലേക്ക് നയിക്കുവാതിരിക്കുവാനുള്ള കരുതലിന്റെ ഭാഗമായാണ് ലോകരാഷ്ട്രങ്ങൾ ഭൗമവർഷവും(2008) , ഭൗമഉച്ചകോടികളും , കാലാവസ്ഥാ വ്യത്യാനങ്ങളെ ചെറുക്കുന്നതിനുള്ള കരാറുകളിൽ ഏർപ്പെടുന്നതും ഭൗമദിനവുമൊക്കെ ആചരിക്കുന്നതും. ഹോളിവുഡ് ഇതിഹാസം ലിയനാർഡോ ഡികാപ്രിയോ മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ ഇന്ന്പ രിസ്ഥിതി പ്രവർത്തനങ്ങളിൽ തങ്ങളുടെതായ ഗൗരവതരമായ ഇടപെടലുകൾ നടത്തുന്നു.
വളരെ അഭിമാനത്തോടെ പറയട്ടെ ഭൂമിയുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിൽ നമ്മുടെ കാട്ടാക്കടയും അതിന്റെ ഭാഗധേയം നിർവഹിച്ച നാളുകളാണ് കടന്ന് പോയത്. ഭൂമിയുടെ നീരുറവകൾ കെടാതിരിക്കുവായി നമ്മളാവിഷ്കരിച്ച “ജലസമൃദ്ധി” പദ്ധതി അതിലൊന്നായിരുന്നു. ഭൂമിയുടെ നനവും, ഒഴുക്കുള്ള നീർച്ചാലുകളും നിലനിർത്തുവാനും , ഹരിതസമൃദ്ധമായ നാട്ടിൻപുറങ്ങളൊരുക്കി ചുട്ടുപൊള്ളുന്ന “ഭൂമിക്കൊരു കുട ചൂടുവാനും ” നമുക്കതിലൂടെ സാധിച്ചു. ഭൂമിക്കുവേണ്ടിയുള്ള നമ്മുടെ മറ്റൊരു കുട ചൂടലായിരുന്നു ” ലക്ഷം വൃക്ഷം ലക്ഷ്യം ” എന്ന സംരംഭവം. അനുഗ്രഹീതനടൻ ശ്രീ. ജഗതി ശ്രീകുമാറിന്റെ വീട്ടുമുറ്റത്തുനിന്നും പ്രിയ കവി ശ്രീ. മധുസൂദനൻ നായർ സർ ഒരു അത്തിമരത്തൈ നട്ടാണ് പദ്ധതി തുടങ്ങിയത്.
മാറനെല്ലൂരിലെ ജൈവ വൈവിധ്യ പാർക്ക്, ശലഭോദ്യാനം, സ്ക്കൂൾ കുട്ടികൾ ആറ്റിൻതീരത്ത് മുള തൈകൾ നട്ടുപിടിപ്പിച്ചത്..
ഇതെല്ലാം പ്രകൃതിയുടെ പച്ചപ്പ് നിലനിർത്തുന്നതിനുള്ള ചെറിയ പോരാട്ടങ്ങളായിരുന്നു.
ഒരു കാർഷിക തനിമയുള്ള നമ്മുടെ നാടിന്റെ തണ്ണീർത്തടങ്ങളും ജലാശയങ്ങളും സംരക്ഷിക്കുകയാണ് ഈ ഭൗമദിനത്തിലെ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദത്തങ്ങളിലൊന്നെന്ന് തോന്നുന്നു. പ്രാദേശികമായുണ്ടാകുന്ന കാലാവസ്ഥാഭേദങ്ങളെ ചെറുക്കാനും പ്രകൃതിയെ അതിന്റെ തനിമയോടെ നിലനിർത്തുവാനുള്ള ഇന്നിന്റെ പോരാട്ടങ്ങളിൽ എല്ലാവരും ഒപ്പമുണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ ഈ “ഭൂമിചിന്തകൾ ” ഇവിടെ ചുരുക്കട്ടെ..