കേരളത്തിൽ ആദ്യമായി ഒരു മണ്ഡലത്തിലെ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് കാലാവസ്ഥാ കേന്ദ്രങ്ങൾ സജ്ജമാക്കിയത് നമ്മുടെ കാട്ടാക്കട നിയോജക മണ്ഡലത്തിലാണ്. ജലസമൃദ്ധി പദ്ധതിക്ക് പൊതുജന സേവന രംഗത്തെ നവീന ആശയങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡിനൊപ്പം ലഭിച്ച ക്യാഷ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലേയും ഓരോ സ്കൂളിൽ വീതം 2020 ൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്…
താപനില, ഈർപ്പം, മർദ്ദം, കാറ്റിന്റെ ദിശ, വേഗത, മഴ എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾക്കൊപ്പം ഒരു റെയിൻ ഗേജ്, സെൻസർ ഡാറ്റ വായിക്കുകയും ടെലിമെട്രി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കൺട്രോളർ ഹബ്, ഡാറ്റ മാനേജുമെന്റിനും ദൃശ്യവൽക്കരണത്തിനുമുള്ള ഒരു ക്ലൗഡ്/വെബ് പ്ലാറ്റ്ഫോം എന്നിവയാണ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ളത്. ഇത്തരത്തിൽ സജ്ജമാക്കിയ ആറ് സ്റ്റേഷനുകളുടെയും ഏകോപനത്തിനായി 4 ജി ബാക്ക്ഹോളിൽ പ്രവർത്തിക്കുന്നതും 20 കിലോമീറ്റർ വരെ ആകാശ ദൂരം കണക്ടിവിറ്റിയുള്ളതുമായ ഒരു ലോറവാൻ ഗേറ്റ് വേ ശാസ്താംപാറയിൽ താൽകാലികമായി സ്ഥാപിച്ചിട്ടുണ്ട്. ലോറവാൻ വഴി സെർവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഗ്രാഫിക് ഡിസ്പ്ലേ ലഭ്യമാക്കുന്ന ഒരു ഓൺലൈൻ ഡാറ്റ വിഷ്വലൈസേഷൻ വെബ്സൈറ്റും ഇതിനോടകം തയ്യാറാക്കിയിരുന്നു. ലഭ്യമായ ഡാറ്റ കാണാനും റെക്കോർഡു ചെയ്ത ഡാറ്റയുടെ വിശകലനം നടത്താനും ഓരോ 15 മിനിറ്റ് ഇടവേളകളിലും ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധ്യമാകും. ഇന്നിതാ ലോറവാൻ ഗേറ്റ് വേകൾ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിന് തീരുമാനമുണ്ടായിരിക്കുന്നു. ഒരു ജില്ലയിൽ ഒരു സ്ഥിരം ലോറവാൻ ഗേറ്റ് വേ. എല്ലാ ജില്ലകളുടെയും പ്രാദേശിക കാലാവസ്ഥ ഇനി വിരൽതുമ്പിൽ ലഭ്യമാകും. സംസ്ഥാനത്തെ ആദ്യ സ്ഥിരം ഗേറ്റ് വേ കാട്ടാക്കട മണ്ഡലത്തിൽ.വിളപ്പിൽശാല ശാസ്താംപാറയിൽ.