കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന വറ്റാത്ത ഉറവക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡല പരിധിയിൽ വരുന്ന8പൊതുസ്ഥാപനങ്ങളുടെ ജലവിനിയോഗ രീതി പഠനവിധേയമാക്കി തയ്യാറാക്കിയ ജല ആഡിറ്റ് റിപ്പോർട്ട് ബഹു.ജല വിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണന്‍കുട്ടി ഇന്ന് നിയമസഭാ മീഡിയ ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ഐ.ബി.സതീഷ് എം.എല്‍.എ ആദ്യക്ഷനായ പരിപാടിയില്‍ കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അനിത.എ.ബി, ഭൂവിനിയോഗ കമ്മീഷണർ എ.നിസ്സാമുദ്ദീന്‍, ജല വിഭവ വകുപ്പ് സുപ്രണ്ടിങ് എഞ്ചിനീയർ എ.ഉദയകുമാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ റോയ് മാത്യു, നെയ്യാറ്റിൻകര ജലവിഭവ വികസന വിനിയോഗ ഉപകേന്ദ്രം ഓഫീസർ ഇൻ ചാർജ് ജയിനറ്റ്.പി.ജെ, ഹരിലാൽ.വി എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തു ഓഫീസുകൾ, വിവിധ ഓഫീസുകൾ സ്ഥിതിചെയ്യുന്ന നേമം ബ്ലോക്ക് പഞ്ചായത്തു ഓഫീസ് കോംപ്ലക്സ്, മലയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആദ്യഘട്ട പഠനം നടത്തിയത്. ജല സംരക്ഷണം, ജല സംഭരണം, ജല വിനിയോഗം എന്നിവക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് വറ്റാത്ത ഉറവക്കായ് ജലസമൃദ്ധി. മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജല സാക്ഷരതാ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നതിനു കൂടിയാണ് ഇത്തരമൊരു പഠനത്തിന് തുടക്കം കുറിച്ചത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ആസ്ഥാനമായുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ നെയ്യാറ്റിൻകര ഉപകേന്ദ്രമാണ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഈ പഠനം നടത്തിയത്. 2018 ഡിസംബർ മുതൽ 2019 ഏപ്രിൽ വരെയായിരുന്നു പഠന കാലാവധി. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിൽ ജനകീയ പങ്കാളിത്തത്തോടെ ജല ആഡിറ്റിങ് നടത്തി ചെറു നീർത്തട അടിസ്ഥാനത്തിൽ ജല ബഡ്ജറ്റ് തയ്യാറാക്കുന്നത് ഓരോ സ്ഥാപനത്തിലും ലഭിക്കുന്ന ജലത്തിന്റെയും ഉപയോഗിക്കുന്ന ജലത്തിന്റെയും അളവ് തിട്ടപ്പെടുത്തുന്നതോടൊപ്പം ആ സ്ഥാപനത്തിലെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലത്തിന്റെ വിനിയോഗ ക്രമം കൂടി കണ്ടെത്തിയാണ് പഠനം നടത്തിയത്. പാഴായിപ്പോകുന്ന ജലത്തിന്റെ അളവ് കണ്ടെത്തി പരിഹരിച്ചു ജലവിനിയോഗ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. കൂടാതെ പഠന ഫലങ്ങൾ ജനങ്ങളിൽ എത്തിച്ചു ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും സംബന്ധിച്ചു ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും പഠനത്തിലൂടെ ലക്ഷ്യമിടുന്നു. American Water Works Association (AWWA) നും International Water Association (IWA) നും ചേർന്ന് വികസിപ്പിച്ച രീതിശാസ്ത്രമാണ് മണ്ഡലത്തിലെ ജല ആഡിറ്റിങ്ങിനായി തിരഞ്ഞെടുത്തത്. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ജലസമൃദ്ധി ടീമിനൊപ്പം ഓരോ സ്ഥാപനവും സന്ദർശിച്ചു അവിടത്തെ ജലഉപയോഗവും സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളും മനസ്സിലാക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി നിലവിലെ ജലസ്രോതസ്സ്, അവസ്ഥ, കഴിഞ്ഞ കുറച്ചു കാലമായി നിലനിൽക്കുന്ന ജലവിനിയോഗ രീതി, സംഭരണം, വിതരണ രീതി,പാഴാക്കുന്ന ജലം എന്നിവയെ സംബന്ധിച്ചു പ്രാഥമിക പഠനം നടത്തി. തുടർന്ന് ഓരോ ദിവസവും പമ്പ് ചെയ്യുന്ന സമയം അല്ലെങ്കിൽ പൈപ്പ് ലൈനിലൂടെ ലഭിക്കുന്ന ജലത്തിന്റെ അളവ് മീറ്ററിൽ നോക്കി രേഖപ്പെടുത്തുകയും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് ടി സ്ഥാപനത്തിലെ ചുമതലപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ നിശ്ചിത ഫോറത്തിൽ രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്.വിവരങ്ങൾ ശേഖരിക്കുന്നതിന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ നേതൃത്വം നൽകി. ഓരോ സ്ഥാപനത്തിലും20മുതൽ30ശതമാനം വരെ ജലം പാഴായിപോകുന്നതായി പഠനത്തിൽ നിന്ന് വ്യക്തമാകുന്നു. ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്നത് ടോയ്‌ലെറ്റുകളിലെ ഫ്ളഷിങ്ങിനാണ്. നിലവിലെ ഫ്‌ളഷുകൾ ഒരു തവണ13മുതൽ26ലിറ്റർ വരെ ജലമാണ് ഉപയോഗിക്കുന്നത്. പൈപ്പ് ലൈനുകളിലെ ചോർച്ച ഒഴിവാക്കുന്നതിലൂടെയും ഡബിൾ ഫ്ലഷ് സംവിധാനമുള്ള പുതിയ ഫ്‌ളഷുകൾ സ്ഥാപിക്കുന്നതിലൂടെയും സ്ഥാപനങ്ങളിലെ ജല വിനിയോഗം മെച്ചപ്പെടുത്തുവാൻ സാധിക്കു ന്നതാണ്. കൈകഴുകുന്നതിനും മറ്റും സ്ഥാപിച്ചിട്ടുള്ള വാഷ് ബേസിനുകളിലെ പൈപ്പുകളിൽWater Flow Restrictors സ്ഥാപിക്കുന്നതിലൂടെ ജലഉപയോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അളവ് ക്രമീകരിക്കുന്നതിനും സാധിക്കുന്നതാണ്. അടുത്ത ഘട്ടത്തിൽ ആറു പഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത ഓരോ വാർഡിലും, മണ്ഡലത്തിലെ മുഴുവൻ ഹയർ സെക്കണ്ടറി സ്കൂളുകളിലും, അധ്യാപകരെയും വിദ്യാർത്ഥികളെയും കുടുംബശ്രീ പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് ജലക്ലബ്ബുകളുടെയും എൻ.എസ്.എസ് വോളന്റീയർമാരുടെയും സഹകരണത്തോടെ പൂർത്തിയാക്കുന്നതാണ്. തുടർന്ന് ജനപങ്കാളിത്തം ഉറപ്പാക്കി ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ മണ്ഡലത്തിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ജല ആഡിറ്റിങ് നടത്തി ചെറുനീർത്തട അടിസ്ഥാനത്തിൽ ജല ബഡ്ജറ്റ് തയ്യാറാക്കുന്നതാണെന്നും ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു.