ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നവീകരിച്ച കൊല്ലോട് – കല്ലുവരമ്പ് തോട് പുനഃസമർപ്പണം

11

Image 1 of 20

നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി, നവീകരിച്ച കടുവാകുഴി–കൊല്ലോട്–കല്ലുവരമ്പ്–അണപാട്–മച്ചേൽ തോടിൽ, ആദ്യ ആറുകിലോമീറ്റർ തോടിന്റെ പുനഃസമർപ്പണം പ്രതിഭാഹരി എം.എൽ.എ നിർവഹിച്ചു. വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണു മൂന്നു പഞ്ചായത്തുപ്രദേശത്തിലൂടെ കടന്നുപോകുന്ന തോടിന്റെ ആദ്യഭാഗ നവീകരണം. കാട് മൂടി നീരൊഴുക്ക് നിലച്ചുകിടന്ന തോടിന്റെ ഇരുവശങ്ങളും വൃത്തിയാക്കി. അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി 19 ജൈവതടയണകളും 29 സ്ഥലത്തു ചാക്ക് തടയണകളും ആറു സ്ഥലങ്ങളിൽ കല്ല് കൊണ്ടു തടയണകളും നിർമിച്ചു. ഇതിലൂടെ ജലം ഒഴുകിപ്പോകുന്നതു തടഞ്ഞു ഭൂമിയിലേക്കിറക്കി പരിസരത്തെ കിണറുകളിലെ ജലനിരപ്പ് നിലനിർത്താനായി. ഒൻപതു കൈത്തോടുകളിൽ മൂന്നെണ്ണം വൃത്തിയാക്കി കല്ലുവരമ്പ് തോടിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കി. കഴിഞ്ഞ ജനുവരി ആദ്യവാരത്തോടെ നീരൊഴുക്ക് നിലച്ചുതുടങ്ങിയ തോടായിരുന്നു. ഇന്നു ജലസമൃദ്ധമാണ്. മറ്റു തോടുകളിലും ഇതേ പ്രവർത്തനം സംഘടിപ്പിച്ചു ജലസമൃദ്ധിയെന്ന ആശയം സാക്ഷാത്കരിക്കുകയാണു ലക്ഷ്യമെന്ന് ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു. മണ്ഡലത്തിൽ പദ്ധഥിയുടെ ഭാഗമായി, ആദ്യഘട്ടത്തിൽ ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. കൊല്ലാട് ശാസ്താ നഗറിൽ തോടിന്റെ തീരത്തു ചേർന്ന സമർപ്പണ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അധ്യക്ഷയായി. വാർഡ് അംഗം വി.ജെ.സുനിത, ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ എ.നിസാമുദീൻ,അസിസ്റ്റന്റ് സോയിൽ കൺസർവേറ്ററും പദ്ധതി കോഓർഡിനേറ്ററുമായ റോയ് മാത്യു, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഹരികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.