ജലസമൃദ്ധിയിലൂടെ മത്സ്യസമൃദ്ധിയും…

Image 1 of 9

പണ്ടൊക്കെ കടലില്‍നിന്നോ കായലില്‍ നിന്നോ പിടിക്കുന്ന പിടയ്ക്കുന്ന മീനാണ് കിട്ടിയിരുന്നത്. എന്നാല്‍ ഇന്ന് മംഗലാപുരത്തുനിന്നോ തൂത്തുക്കുടിയില്‍ നിന്നോ വിശാഖപട്ടണത്തു നിന്നോ മീന്‍ വണ്ടി കയറി വരണം. കുന്നോളം വിലകൊടുത്ത്, രാസവസ്തുവില്‍ മുക്കിയതും കേടായതും വിഷലിപ്തമായതുമായ മത്സ്യം വാങ്ങിക്കഴിക്കേണ്ടതായ ഗതികേടിലാണ് മലയാളികള്‍. കുറെ ദശാബ്ധങ്ങള്‍ക്ക് മുമ്പ് ഉപ്പ് മാത്രമായിരുന്നു മത്സ്യം സംസ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. പിന്നീടത് ഐസിലേക്ക് മാറി. അവിടുന്ന് അമോണിയയിലേക്ക്, അതും കഴിഞ്ഞ് ശവശരീരം കേടാകാതെ സൂക്ഷിക്കാനുള്ള ഫോര്‍മാല്‍ഡിഹൈഡ് എന്ന ഫോര്‍മാലിനിലേക്ക്. ക്യാന്‍സര്‍ രോഗത്തിനു വരെ കാരണമാകാവുന്ന രാസവസ്തുവായ ഫോര്‍മാലിന്‍ മത്സ്യം സംസ്കരിക്കാനായി ഉപയോഗിക്കുന്നതിനാല്‍ മീന്‍ ചീയുന്നേയില്ല. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജലക്കൃഷിയിലൂടെ തൊഴിലും വരുമാനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മണ്ഡലത്തിലെ വിവിധ കുളങ്ങളില്‍ മത്സ്യകൃഷി ആരംഭിച്ചത്. ജലമലിനീകരണം തടയാനും ജപ്പാന്‍ ജ്വരം, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മന്ത് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകുകളെ വളരെ ഫലപ്രദമായി ഇല്ലാതാക്കാനും കഴിയും. ഭൂഗര്‍ഭജലവിതാനം നിലനിര്‍ത്താനും മത്സ്യകൃഷി ഫലപ്രദമാണ്. മത്സ്യം ഫലപ്രദമായി ലഭിക്കാനും ആദായമുണ്ടാക്കാനും ഇത് വഴിയൊരുക്കും. തദ്ദേശവാസികളുടെ യൂസര്‍ ഗ്രൂപ്പുകളെ തെരഞ്ഞെടുത്ത് അവരുടെ നേതൃത്വത്തിലാണ് മത്സ്യകൃഷി നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെ കുരുതംകോട് മാത്രക്കോണം കുളത്തില്‍ നടപ്പിലാക്കിയ ഉള്‍നാടന്‍ മത്സ്യകൃഷി വന്‍ വിജയമായിരുന്നു. 6000 കിലോയോളം മത്സ്യമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെട്ടത്. രാസവസ്തു കലരാത്ത മത്സ്യം ലഭ്യമാക്കാന്‍ തികച്ചും ജൈവരീതിയിലുള്ള മത്സ്യകൃഷി രീതിയാണ് എല്ലായിടത്തും അവലംബിച്ചിട്ടുള്ളത്. അനുയോജ്യമായ കൂടുതല്‍ ഇനങ്ങളെ ഒന്നിച്ചു വളര്‍ത്തിയാല്‍ ജലാശയത്തിലുള്ള ആഹാരപദാര്‍ത്ഥങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്തി മത്സ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തില്‍ സമ്മിശ്രമത്സ്യക്കൃഷി രീതിയാണ് ഇവിടെ അവലംബിച്ചത്. ആസാം വാള, തിലോപ്പി, കരിമീന്‍, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷിചെയ്തത്. ആസാം വാളയും, ഗ്രാസ്കാര്‍പ്പും ആയിരുന്നു മാത്രക്കോണം കുളത്തില്‍ കൃഷി ചെയ്തത്. ഇതിന്റെ തുടര്‍ച്ചയെന്നോണം കാട്ടാക്കട പഞ്ചായത്തിലെ വേലൻചിറ കുളത്തിൽ ആരംഭിച്ച സമ്മിശ്രമത്സ്യകൃഷിയും കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ ഉതകുന്നതായി. വേലൻചിറ കുളത്തിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉത്സവം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ. ചെറിയാന്‍ ഫിലിപ്പ് മുഖ്യാതിഥിയായ ചടങ്ങില്‍ കാട്ടാക്കട പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.അജിത, വൈസ് പ്രസിഡന്റ്‌, പഞ്ചായത്ത്‌ സെക്രട്ടറി തുടങ്ങിയവര്‍ സംബന്ധിച്ചു.