കാട്ടാക്കട ജലസമൃദ്ധി ഭൂജലം പരിപോഷിപ്പിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

FB_IMG_1562325340926

Image 1 of 5

Ground Water Estimation Committee യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തു വന്നപ്പോൾ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തിലെ നേമം ബ്ലോക്ക് ഭൂഗർഭ ജലത്തിന്റെ ലഭ്യതയിൽ സുരക്ഷിത മേഖലയിലേക്ക് (safe) മാറിയതായി സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം ജില്ലയിൽ ആകെ 11 ബ്ലോക്കുകളിൽ 5 എണ്ണവും semi critical ആയി മാറിയ സാഹചര്യത്തിലാണ് ഇതെന്നതു എടുത്തു പറയേണ്ടതാണ്. Stage of Ground Water Extraction (SOE) 100 ശതമാനത്തിനു മുകളിൽ ആയാൽ over exploited എന്നും, 90 മുതൽ 100 വരെ critical എന്നും, 70 മുതൽ 90 വരെ semi critical എന്നും 70 ൽ താഴെ safe എന്നാണ് ബ്ലോക്കുകളെ വേർതിരിക്കുന്നത്. 2013 ൽ SOE 73.41 ശതമാനമായിരുന്നത് 2017 ൽ 69.30 ശതമാനമായി കുറക്കാനായതിൽ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഇടപെടലുകൾ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെയാണ് സെമി ക്രിട്ടിക്കൽ ബ്ലോക്ക് ആയിരുന്ന നേമം ബ്ലോക്ക് സുരക്ഷിത മേഖലയിലേക്ക് മാറിയത്. 2013 ലെയും 2017 ലെയും ഭൂഗർഭ ജലലഭ്യതയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സംസ്ഥാന ഭൂജല വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. കഴിഞ്ഞ 5 വർഷം കൊണ്ട് കേരളത്തിലെ safe ബ്ലോക്കുകളുടെ എണ്ണം 131 ൽ നിന്നും 119 ആയി കുറയുകയും semi critical ബ്ലോക്കുകളുടെ എണ്ണം 18 ൽ നിന്നും 30 ലേക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ തന്നെ 11 ൽ 9 ബ്ലോക്കുകളിലും Stage of Ground Water Extraction ന്റെ ശതമാനം ഉയരുന്ന അവസരത്തിലാണ് നേമം ബ്ലോക്കിൽ മുൻ അവലോകനത്തെ അപേക്ഷിച്ചു ഇത് കുറയുന്നതായി കാണപ്പെടുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തിയ വിവിധ ജലസംരക്ഷണ മാർഗ്ഗങ്ങളിലൂടെയും ഭൂജല പരിപോഷണ മാർഗ്ഗങ്ങളിലൂടെയും ഭൂഗർഭ ജലലഭ്യത വർധിപ്പിക്കാനായത് കൊണ്ടാണ് ഇത് സാധ്യമായതെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിയോജക മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളിൽ നടപ്പാക്കിയ കൃത്രിമ ഭൂജല പോഷണവും പുതുതായി നിർമിച്ച കാർഷിക കുളങ്ങളും ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. ഒരു സ്ഥാപനത്തിലെ കൃത്രിമ ഭൂജലപോഷണ സംവിധാനത്തിലൂടെ മാത്രം ഓരോ മഴയിൽ നിന്ന് 16000 ലിറ്റർ ജലം ശേഖരിച്ചു റീചാർജ് ചെയ്യാനാകുന്നുണ്ട്. ശരാശരി 10 മീറ്റർ നീളവും 10 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുള്ള ഒരു കാർഷിക കുളത്തിൽ 300 ക്യൂബിക് മീറ്റർ വെള്ളം ഓരോ മഴയിൽ നിന്ന് സംഭരിക്കാനാകുന്നുണ്ട്. ഇതോടൊപ്പം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സഹായത്തോടെ തോടുകളിൽ നിർമിച്ച താത്കാലിക തടയണകളിലൂടെ പരമാവധി ജലം തടഞ്ഞു നിർത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിന് അവസരമുണ്ടാക്കിയിരുന്നു. ഇത്തരത്തിൽ ശാസ്ത്രീയവും ജനകീയവുമായ ഇടപെടലുകളിലൂടെ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിജയം കാണുന്നുവെന്നാണ് പഠനം സാക്ഷ്യപ്പെടുത്തുന്നത്. ജലസമൃദ്ധമായ നിയോജക മണ്ഡലം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് കൂടുതൽ ഊർജ്‌ജം പകരുന്നതാണ് പഠന റിപ്പോർട്ട്.