കാട്ടാക്കടയിൽ 150 പുതിയ കുളങ്ങൾ

2 PM (18)

Image 1 of 1

കാട്ടാക്കടയിൽ 150 പുതിയ കുളങ്ങൾ നിർമ്മിക്കും. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ഉദ്യോഗസ്ഥതല യോഗത്തിന്റേതാണ് തീരുമാനം. ജലസമൃദ്ധി പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് വിളിച്ചുചേർത്തതാണ് യോഗം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളിലായി 150 പുതിയ കുളങ്ങൾ നിർമ്മിയ്ക്കും. ഇതിൽ 57 കുളങ്ങൾ ഇതിനകം പൂർത്തിയായി. ഡിസംബർ മാസ അവസാനത്തോടെ ലക്ഷ്യം കൈവരിയ്ക്കും. ഒരു വാർഡിൽ 100 വീതം കിണറുകൾ റീ ചാർജ്ജ് പൂർത്തിയാക്കും. കുളം നവീകരണം, തോടുകളുടെ നവീകരണം, കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു വരുന്നു. കുളങ്ങളുടെ നവീകരണം മധ്യവേനലവധിയ്ക്ക് മുൻപ് പൂർത്തിയാക്കും. മെയ് മാസത്തോടെ രണ്ടര ലക്ഷം തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറികൾ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തനക്ഷമമാകും. സ്വന്തമായി കിണറും കെട്ടിടവുമുള്ള അംഗൻവാടികളിലെ കിണറുകൾ റീചാർജ്ജ് ചെയ്യും. സ്വന്തമായി സ്ഥലമുള്ള അംഗൻവാടികളിൽ കിണറുകൾ നിർമ്മിയ്ക്കും. യോഗത്തിൽ സംസ്ഥാന ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദ്ദീൻ, തെഴിലുറപ്പ് പദ്ധതി ജില്ലാപ്രോഗ്രാം കോഡിനേറ്റർ ചന്ദ്രശേഖരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള കുമാരി, വെള്ളനാട്, നേമം ബി.ഡി.ഒമാർ – അനില കുമാർ, അജികുമാർ, ജോയിന്റ് ബി.ഡി.ഒ. മാർ, ഷറഫുദീൻ, ഡി. സുരേഷ്, ജലസമൃദ്ധി പ്രോഗ്രാം കോഡിനേറ്റർ റോയ് മാത്യു എന്നിവർ പങ്കെടുത്തു.