കാട്ടാക്കടയിൽ നെൽകൃഷിയുമായി എൻ.ജി.ഒ യൂണിയനും.

240393495_386772796348826_6418860984967708470_n

Image 1 of 3

കാർഷിക സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യം പേറുന്ന മണ്ണാണ് കാട്ടാക്കടയിലേത്. ഇടയ്ക്കെപ്പഴോ അന്യംനിന്നുപോയ ആ കാർഷികസംസ്കാരം വീണ്ടെടുക്കുന്നതിനായുള്ള ഇടപെടലുകളുടെ ഭാഗമായി മണ്ഡലത്തിൽ കാട്ടാക്കട പഞ്ചായത്തിൽ ഇപ്പോൾ തന്നെ ഏഴരഏക്കറിൽ നെൽകൃഷി നടക്കുന്നുണ്ട്. ഇവിടെ ഉദ്പാദിപ്പിക്കുന്ന നെല്ല് കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച് അരിയാക്കി “കാട്ടാൽ കുത്തരി” എന്നപേരിൽ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഈ നാളുകളിൽ.

മണ്ഡലത്തിലെ നെൽകൃഷിയുടെ അളവ് എങ്ങനെ വർധിപ്പിക്കാം എന്ന അന്വേഷണത്തിലൊടുവിലാണ് കാട്ടാക്കട പഞ്ചായത്തിൽ തന്നെ മുൻപ് നെൽകൃഷി ഉണ്ടായിരുന്ന നാഞ്ചല്ലൂർ ഏലായിൽ 50 ഹെക്ടർ സ്ഥലം തരിശുഭൂമിയായി കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഈ വിഷയം കർഷകരുമായി സംസാരിച്ചു. ജലലഭ്യത ഉറപ്പാക്കിയാൽ നെൽകൃഷി പുനരാരംഭിക്കാം എന്നവർ സമ്മതിച്ചു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപ ചിലവഴിച്ച് സമീപത്തുള്ള പായ്ത്തലക്കൽ കുളത്തിൽ വെള്ളമെത്തിച്ച് അവിടെ നിന്ന് കൃഷിസ്ഥലത്തേക്കുള്ള ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതി ഉടൻ പ്രവർത്തിപഥത്തിലെത്തും.ഇത് യാഥാർത്ഥ്യമാകുന്നതോടുകൂടി കാട്ടാക്കട പഞ്ചായത്തിൽ 50 ഹെക്ടർ സ്ഥലത്ത് കൂടി നെൽകൃഷി ആരംഭിക്കുവാൻ കഴിയും.

ഞങ്ങൾക്കൊരു സ്വപ്നമുണ്ട്. മണ്ഡലത്തെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് എത്തിക്കണം. ഒപ്പം തിരുവനന്തപുരം ജില്ലയുടെ നെല്ലറയായി മണ്ഡലത്തെ മാറ്റണം. ആ സ്വപ്നത്തിലേക്കുള്ള ദൂരം കുറക്കുന്നതാണ് കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാവൂരിൽ ആരംഭിച്ച “ഹരിതഗാഥ” എന്ന നെൽകൃഷി പദ്ധതി.