കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം പ്ലാവിൻ തൈകൾ നട്ടു തുടങ്ങുന്ന പ്രവർത്തനത്തിന് തുടക്കമായി. നാടാകെ പ്ലാവ് എന്ന് പേരിട്ട പദ്ധതി മാറനല്ലൂർ കൊറ്റംപള്ളിയിൽ പ്ലാവിൻ തൈ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 110000 പ്ലാവിൻ തൈകൾ ഇതിനായി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലേക്കായി എത്തിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വീടുകളിലുമായി കുടുംബശ്രീയുടെയും കൃഷി ഭവനുകളുടെയും നേതൃത്വത്തിൽ ഇവ നട്ടുപിടിപ്പിക്കും. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ ഐ.എ.എസ് മുഖ്യാതിഥിയായി. നമ്മുടെ നാട്ടിൽ സുലഭമായ ചക്ക വേണ്ടത്ര ഉപയോഗിക്കുന്നില്ല. ഭക്ഷ്യ സുരക്ഷയിൽ നിർണായക സ്ഥാനമുള്ള ചക്കയുടെ ഔഷധഗുണം പലരും മനസ്സിലാക്കുന്നുമില്ല. ഫലപ്രദമായി വിനിയോഗിച്ചാല്‍ ധാരാളം വരുമാനം നേടിത്തരാന്‍ പ്‌ളാവിന് കഴിയും. പ്‌ളാവിന്റെ പാരിസ്ഥിതിക പ്രാധാന്യവും ചക്കയുടെ മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ വ്യാവസായിക സാധ്യതയും നാം വേണ്ടത്ര ഉപയോഗിക്കാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ പ്ലാവ് കൃഷിയുടെ സാധ്യത തേടുന്നത്. ചില പ്രത്യേക കാലയളവില്‍ മാത്രം ലഭിക്കുന്നതും സൂക്ഷിച്ചു വയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്നതിലെ തടസങ്ങള്‍. കീടനാശിനി പ്രയോഗിച്ചു അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു എത്തിക്കുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനു പകരം ശാസ്ത്രീയമായി സംസ്കരിച്ചാൽ ഭക്ഷണാവശ്യത്തിന് എന്നും ചക്ക ഉപയോഗിക്കാൻ കഴിയും. കയറ്റുമതിക്ക് കഴിയുന്ന വിധത്തിൽ സംരഭമായി വികസിപ്പിക്കാൻ സർക്കാർ സഹായങ്ങളും ലഭിക്കും.
ചക്കയിൽ നിന്ന് മൂല്യ വർദ്ധിത ഉൽപനങ്ങൾ ഉൽപാദിപ്പിക്കുന്ന സംരംഭങ്ങള്‍ ആരംഭിച്ചു വ്യാവസായികമായി ചക്ക ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നൽകും. പരമ്പരാഗത അറിവുകളും ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി ചക്കയുടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ തൊഴിൽ സംരംഭമായി ആരംഭിക്കാൻ കാട്ടാൽ ഇൻഡസ്ട്രീയൽ കൗൺസിൽ സഹായം നൽകുമെന്നും ഐ ബി സതീഷ് എം എൽ എ അറിയിച്ചു.