അത്തപ്പൂക്കളത്തിന് നിറച്ചാർത്തേകാൻ ഇത്തവണയും കാട്ടാക്കട മണ്ഡലത്തിൽ നിന്ന് പൂക്കളെത്തും. ഓണത്തിന് മുന്നോടിയായി കാട്ടാക്കട മണ്ഡലത്തിൽ നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി ആരംഭിച്ചു. തുടക്കമെന്ന നിലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ നാലര ഏക്കറിൽ ആരംഭിച്ച പുഷ്പ കൃഷി ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത് മണ്ഡലത്തിൽ ആരംഭിച്ച നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി വിജയകരമായിരുന്നു. കാട്ടാക്കട മണ്ഡലത്തിൽ വിളയിച്ച പൂക്കൾക്ക് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരുണ്ടായിരുന്നു. കർഷകർക്കും മികച്ച വരുമാനമാണ് ഇതിൽ നിന്നും ലഭിച്ചത്. പള്ളിച്ചൽ പഞ്ചായത്തിൽ മാത്രം ഇത്തവണ 25 ഏക്കറിൽ പുഷ്പകൃഷി നടത്താനാണ് ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച്ചകളിൽ തന്നെ മറ്റു പഞ്ചായത്തുകളിലും പുഷ്പകൃഷി ആരംഭിക്കും. കുറഞ്ഞത് 50 ഏക്കറിലെങ്കിലും ഇത്തവണ പുഷ്പകൃഷി ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. ഇതിനായി കൃഷി വകുപ്പിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വിത്തുകളും തൈകളും ലഭ്യമാക്കും. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ PMKSY പദ്ധതിയിലൂടെ 50000 തൈകൾ ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, കൃഷിവകുപ്പ്, നേമം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ ഇവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജല സമൃദ്ധി മുതൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടക്കുന്ന പദ്ധതികളുടെ തുടർച്ച കൂടിയാണിതെന്നും എം.എൽ.എ അറിയിച്ചു.