ജലസമൃദ്ധി നിന്ന് ജൈവസമൃദ്ധി എന്ന ലക്ഷ്യവുമായി രണ്ട് വർഷം മുൻപ് ആമച്ചൽ നാഞ്ചലൂർ ഏലായിലെ 50 ഹെക്ർ പ്രദേശത്ത് നെൽകൃഷി ആരംഭിക്കുന്നതിന് തീരുമാനിച്ചപ്പോൾ കർഷകർ പങ്ക് വച്ച പ്രധാന ആശങ്ക നെൽകൃഷിക്കുള്ള ജല ലഭ്യതയില്ലായ്മയെ പറ്റിയായിരുന്നു. ഒരു കാലത്ത് നാഞ്ചല്ലൂർ ഏലായെ നനവണിയിച്ചിരുന്നത് നെയ്യാറിനടുത്തുള്ള പായിത്തല കുളമായിരുന്നു. പക്ഷേ ക്രമേണ വേനലിൽ കുളം വറ്റുന്ന സ്ഥിതിയുണ്ടായി. നാഞ്ചല്ലൂർ ഏലായിലെ നെൽകൃഷിയും അന്യമായി. നെൽകൃഷി വീണ്ടെടുക്കാനുള്ള ആലോചനകൾ. പായിത്തല കുളത്തിൽ വെള്ളം ഉറപ്പിക്കാമെങ്കിൽ കൃഷിക്ക് തയ്യാറെന്ന് കർഷകർ. അങ്ങനെ നെയ്യാറിൽ നിന്ന് ലിഫ്റ്റ് ഇറിഗേഷൻ സംവിധാനം വഴി പായിത്തല കുളത്തിൽ വെള്ളമെത്തിക്കുക എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ. കഴിഞ്ഞ വർഷം അത് യാഥാർത്ഥ്യമായി. അന്ന് ഉദ്ഘാടനത്തിനെത്തിയ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിനോട് കർഷകർ പങ്കു വച്ച മറ്റൊരു ആശങ്ക, ഒഴുകി പരക്കുന്ന നെയ്യാറിൽ വേനലിൽ ജല ലഭ്യതക്കുറവുണ്ടായാലോ എന്നതായിരുന്നു. അന്ന് മന്ത്രി അവിടെ വച്ച് തന്നെ അതിന് പരിഹാരം നിർദ്ദേശിച്ചു. നെയ്യാറിൽ ഒരു ചെക്ക്ഡാം. ഒഴുകിപരക്കുന്ന വെള്ളത്തെ തടഞ്ഞു നിർത്താം ചെക്ക്ഡാമിലൂടെ. ആ നിർദ്ദേശത്തെ കർഷകർ അന്ന് ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിച്ചത്. നിർദ്ദേശം മാത്രമല്ല ചെക്ക്ഡാം നിർമ്മിക്കുമെന്ന ഉറപ്പും നൽകിയാണ് മന്ത്രി അന്ന് മടങ്ങിയത്. ഇന്ന് ആ ചെക്ക്ഡാമിന്റെ നിർമ്മാണോദ്ഘാടനമായിരുന്നു. ലോക ജലദിനമായ മാർച്ച് 22 ന് ചെക്ക് ഡാം പൂർത്തീകരിക്കാനാകുമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ കർഷകർക്ക് ഉറപ്പു നൽകി. ഇനി നാഞ്ചല്ലൂർ ഏലായിലെ കർഷകർക്ക് ധൈര്യമായി നെൽകൃഷിയിലേക്കിറങ്ങാം. വേനലായാലും മഴക്കാലമായാലും കൃഷിക്കുള്ള ജലം ഉറപ്പ്. ജലസമൃദ്ധിയിൽ നിന്ന് ജൈവസമൃദ്ധിയിലേക്കുള്ള ഒരു ചുവട് കൂടി.