ആമച്ചൽ ഏലായെ കതിരണിയിക്കാനായി വിഭാവനം ചെയ്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം

കാട്ടാക്കടയിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആമച്ചൽ ഏലായെ കതിരണിയിക്കാനായി വിഭാവനം ചെയ്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ബഹു. ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ സ:വി.എസ്.അച്ച്യൂതാനന്ദൻ ഇന്ന് നിർവ്വഹിച്ചു. ഭക്ഷ്യ ഉൽപ്പാദനത്തിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കണം എന്നത് അത്യന്തിക ലക്ഷ്യമാണ്. കേരളത്തിന് വേണ്ട അരിയുടെ നാല്പതു ശതമാനം ഉത്പാദനത്തിലാണ് നമ്മൾ നിൽക്കുന്നത്. അത് വർധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതോടൊപ്പം പച്ചക്കറിയുടെ കാര്യത്തിൽ നമ്മൾ വിചാരിച്ചാൽ സമീപ കാലത്തു തന്നെ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയു. ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നത് റോഡും പാലവും കെട്ടിടങ്ങളും എന്ന തെറ്റായ ധാരണ ശക്തമാണ്… നാടിന്റെ പരിസ്ഥിതി പരിപാലനവും സംരക്ഷണവും വികസന പ്രവർത്തനം ആണോ എന്നത് വികസന സംരംഭകർക്ക്‌ തന്നെ സംശയം ആണ്. വേനൽ കാലത്തു ഒരു കുടം വെള്ളത്തിന് ഓടി നടക്കുന്നത് ഈ കാഴ്ചപ്പാടിന്റെ കെടുതിയാണ്. നമ്മുടെ വികസന പ്രവർത്തനത്തിൽ പ്രകൃതിയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമീപനം വേണം. പ്രകൃതി ചൂഷണം പരമാവധി ഇല്ലാതാക്കുന്ന പ്രവർത്തന ശൈലി ആവിഷ്‌ക്കരിക്കണം. പ്രളയത്തിന്റെയും വരൾച്ചയുടെയും തിക്താനുഭവം നമുക്കുണ്ട്. അത് മനസ്സിൽ വച്ച് ഈ മഴക്കാലത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആലോചിക്കുകയും പരിപാടികൾ വേഗത്തിൽ നടപ്പിലാക്കുകയും വേണമെന്നും വി.എസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ഭീഷണി ആകുകയാണ്. ഭീകര പ്രളയത്തിലായിരുന്ന കേരളം അതിരൂക്ഷമായ ജലക്ഷാമത്തിലേക്ക് കടക്കും എന്ന് ഭയപ്പെടേണ്ടി ഇരിക്കുന്ന സാഹചര്യമാണ്. ഫെബ്രുവരിയിൽ തന്നെ തീ പാറുന്ന ചൂടാണ്. വേനൽ ഇനിയും കടുക്കും എന്ന് കരുതണം. ഈ ദുരിതങ്ങൾക്ക് പരിഹാരം പ്രകൃതിയെ മറന്നുള്ള വികസന പ്രവർത്തനങ്ങളിൽ നിന്നുള്ള പിന്മാറ്റമാണ്‌. അതിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിൽ നടക്കുന്ന പ്രധാന വികസന പ്രവർത്തനമാണ് ജലസമൃദ്ധി. ഹരിത കേരളം മിഷന്റെയുൾപ്പടെ അനേകം വകുപ്പുകളുടെ സഹായത്തോടെയാണ് കാട്ടാക്കടയെ ജലസമൃദ്ധമാക്കുന്ന പരിപാടി നടപ്പാക്കി വരുന്നത്. കാട്ടാക്കടയിലെ ജലസമൃദ്ധി മാതൃക കേരളമാകെ വ്യാപിപ്പിക്കാൻ ഹരിത കേരള മിഷനും സർക്കാരും നടപടി എടുക്കണം എന്നും വി.എസ് അഭിപ്രായപ്പെട്ടു. ജലസ്രോതസ് ധാരാളം ഉള്ള പ്രദേശമാണ്. പക്ഷെ മണ്ണുണ്ടെങ്കിൽ അത് വരണ്ടു കിടക്കുന്ന സ്ഥിതി ആയിരുന്നു. ലഭിക്കുന്ന പ്രളയ സമാനമായ ജലം മണ്ണിൽ താഴാതെ ഒഴുകി മറയുന്നു. ഇത് നാടിന്റെ പ്രധാന പ്രശ്‌നമാണ്. ഇതിനു പരിഹാരമാണ് ജലസമൃദ്ധി. പദ്ധതിയിലൂടെ ഓരോ കൈത്തോടും സജീവമാക്കുന്നു. കാട്ടാക്കടയിൽ ജലസമൃദ്ധി സമൃദ്ധമായി മുന്നോട്ടു പോകണം. എല്ലാ ജനങ്ങളും ഇതിനു പിന്നിൽ ഉണ്ടാകണം. ഇവിടെ എക്കാലത്തും നമുക്കും വരും തലമുറയ്ക്കും വേണ്ടുവോളം ജലം കിട്ടും എന്നതാണ് അതിന്റെ ഫലം. ജലമുണ്ടെങ്കിലെ കൃഷിയുള്ളു. ജീവജലം സുലഭമായ നാടിന്റെ ചൈതന്യം വിവരണാതീതമാണ്. ആ നിലക്കുള്ള പരിപാടികളാണ് ഇവിടെ പുരോഗമിക്കുന്നത്. അത് പരിപൂർണ്ണ വിജയത്തിൽ എത്തട്ടെ എന്നും സ:വി.എസ് പറഞ്ഞു. ഉദ്ഘാടനത്തിൽ ഹരിതകേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രജ്ഞിത്ത്, കാട്ടാക്കടയുടെ പ്രീയ കവി മുരുകൻ കാട്ടാക്കട, ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉദയകുമാർ, ഭൂവിനിയോഗ കമ്മിഷണർ നിസാമുദ്ദീൻ, തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജലസമൃദ്ധി യുടെ 1000 ദിനങ്ങൾ പദ്ധതിരേഖ ഡോ.ടി.എൻ.സീമ പ്രകാശനം ചെയ്തു.