ജലസമൃദ്ധി സംവാദ മത്സരത്തിൽ കൊല്ലം എസ്.എൻ കോളേജിന് ഒന്നാം സ്ഥാനം.

IMG_20190817_102951

Image 1 of 21

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ മത്സരത്തിൽ കൊല്ലം എസ്.എൻ കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കടയിൽ വച്ച് വിദ്യാർത്ഥി ജലപാർലമെന്റ് സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ജലസുരക്ഷ, ഭൂവിനിയോഗം, മണ്ണ് സംരക്ഷണം എന്നിവയെ അടിസ്ഥാനപ്പെടുത്തി സംവാദ മത്സരം സംഘടിപ്പിച്ചത്. സംവാദ മത്സരത്തിന്റെ ഉദ്ഘാടനം ബഹു. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് നിർവ്വഹിച്ചു. ജില്ലയ്ക്കകത്തും പുറത്തുമുള്ള ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, കോളേജ്‌ തലങ്ങളിലെ വിദ്യാര്‍ത്ഥി-വിദ്യാർത്ഥിനികള്‍ സംവാദ മത്സരത്തില്‍ പങ്കെടുത്തു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി/കോളേജ് വിഭാഗങ്ങള്‍ക്ക് പ്രത്യേകമായിട്ടാണ് സംവാദ മത്സരം സംഘടിപ്പിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ 14 സ്കൂളുകളും, ഹയർ സെക്കന്ററി വിഭാഗത്തിൽ 8 സ്കൂളുകളും, കോളേജ് വിഭാഗത്തിൽ 4 കോളേജുകളും പങ്കെടുത്തു. ഒരോ സ്ഥാപനത്തിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ വീതമുള്ള ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ട് റൗണ്ടായി നടന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ ഒരോ ടീം അംഗങ്ങൾ തമ്മിലും, രണ്ടാം റൗണ്ടിൽ ആദ്യ റൗണ്ടിൽ വിജയികളായ ടീമുകളെ ഉൾപ്പെടുത്തി പൊതു സംവാദവുമായിട്ടാണ് സംഘടിപ്പിച്ചത്. കോളേജ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ കൊല്ലം എസ്.എൻ കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയർസെക്കന്ററി വിഭാഗത്തിൽ കാട്ടാക്കട പി.ആർ.വില്ല്യം എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കുളത്തുമ്മൽ ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനവും, കണ്ടല ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനവും, പ്ലാവൂർ ഗവ.ഹൈസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രളയ ദുരന്തം നേരിടുന്ന കേരളത്തിൽ അതിജീവനത്തിന് ഉത്തമ ഭൂവിനിയോഗ മാതൃകകൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പ്രകൃതി സംരക്ഷണവും മണ്ണ് – ജലസുരക്ഷയെ പറ്റിയുമുള്ള നിരവധി ആശയങ്ങളും ചൂടേറിയ ചർച്ചകളും മത്സരത്തിന്റെ ഭാഗമായി ഉണ്ടായി. മുതിർന്നവരെക്കാൾ പക്വതയോടെയും കൃത്യതയോടെയും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കുകയും അവയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ പറ്റി വിദ്യാർത്ഥികൾക്കുള്ള വ്യക്തമായ ധാരണയും അറിവും അതിശയിപ്പിക്കുന്നതായിരുന്നു എന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. 2019 ആഗസ്റ്റ് 28 ന് കാട്ടാക്കടയിൽ വച്ച് ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന വിദ്യാർത്ഥി ജലപാർലമെന്റിന്റെ സംഘാടനവും ഏകോപനവും സംവാദ മത്സരത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളായിരിക്കും കൈകാര്യം ചെയ്യുന്നതെന്നും എം.എൽ.എ അറിയിച്ചു.