കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി വിവരങ്ങൾ ഇനി വെബ്സൈറ്റിലും

web1

Image 1 of 5

കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റ് ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ച്‌ ഉദ്ഘാടനം ചെയ്തു. ഐ.ബി.സതീഷ് എം.എൽ.എ, ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ, ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദീൻ, ജലസമൃദ്ധി കോഡിനേറ്റർ റോയ് മാത്യു, ശുചിത്വ മിഷനിലെ ഹരികൃഷ്ണൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വി. ഹരിലാൽ എന്നിവർ പങ്കെടുത്തു. കാട്ടാക്കട മണ്ഡലത്തിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2016 നവംബർ ഒന്നിന് സ്കൂളുകളിൽ തുടക്കമിട്ട ജലക്ലബ് രൂപീകരണം മുതൽ കഴിഞ്ഞ ഒരു വർഷം സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും റിപ്പോർട്ടുകളുമടകമാണ് വെബ് സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ജലസമൃദ്ധി പദ്ധതിയുടെ നിർവ്വഹണ രീതി, മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും തോടുകൾ, കുളങ്ങൾ, കനാലുകൾ, പൊതു കിണറുകൾ, എന്നിവയെ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങളോടൊപ്പം പ്രസ്തുത ജലാശയങ്ങളിൽ ജല ലഭ്യത വർദ്ധിപ്പിക്കുന്നതിനാവശ്യമായ ശാസ്ത്രീയ നിർദ്ദേശങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. ഓരോ ഗ്രാമ പഞ്ചായത്തിലേയും വാർഡ് അടിസ്ഥാനത്തിൽ വിശദ വിവരങ്ങൾ ലഭ്യമാക്കുന്നത് പദ്ധതി ആസൂത്രണത്തിന് ഏറെ സഹായകമാകും. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ “കർമ്മപഥത്തിൽ” എന്ന ലിങ്കിലും, കാട്ടാക്കട മണ്ഡലത്തിലെ ജലവിഭവങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഉപഗ്രഹ ഭൂപടത്തിൽ ഉൾക്കൊള്ളിച്ച് “ഭൂപടങ്ങൾ” എന്ന ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് സ്വന്തം ചുറ്റുപാടുകളിൽ സ്വീകരിക്കേണ്ട ജല സംരക്ഷണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുവാനുള്ള അവസരവും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹേഷ് എ.ആർ ആണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നാളെയുടെ തലമുറയ്ക്കായ് ജീവജലം കരുതി വയ്ക്കുവാൻ നടത്തുന്ന മനുഷ്യ സാധ്യമായ പ്രവർത്തനങ്ങൾക്കൊപ്പം നാട് ഉണ്ടാകണമെന്ന് ഐ.ബി. സതീഷ് എം.എൽ. എ. അഭ്യർത്ഥിച്ചു.