ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ്

FB_IMG_1532683625367

Image 10 of 15

കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നവീകരിച്ച കാട്ടാക്കട പഞ്ചായത്തിലെ കുരുതംകോട് മാത്രക്കോണം കുളത്തില്‍ നടപ്പിലാക്കിയ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് നിർവ്വഹിച്ചു. ഏകദേശം 1 ഏക്കര്‍ വിസ്തൃതിയുളള ഈ കുളത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ സബ്സിഡിയോടെ 12,000 ആസാം വാളയും, 2000 ഗ്രാസ്കാര്‍പ്പും ആണ് നിക്ഷേപിച്ച് വളര്‍ത്തിയത്. തദ്ദേശവാസികളുടെ ഒരു യൂസര്‍ ഗ്രൂപ്പാണ് മത്സ്യകൃഷി നടത്തി വരുന്നത്. ഉഷസ് കര്‍ഷക ഗ്രൂപ്പ് എന്ന നാമധേയത്തില്‍ 2 സ്ത്രീകളും 4 പുരുഷൻമാരും അടങ്ങുന്ന 6 പേരാണ് മത്സ്യക്യഷി നടത്തിയത്. ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ചെലവാകുന്ന തുക 4 ലക്ഷം രൂപയും കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്സിഡി 2 ലക്ഷം രൂപയുമാണ്. ഈ വിളവെടുപ്പിൽ നിന്ന് 6500 കിലോയോളം മത്സ്യം വിളവെടുക്കാമെന്ന് പ്രതീക്ഷിക്കുന്നു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ഈ സംരംഭം അടുത്ത വര്‍ഷം കാട്ടാക്കട പഞ്ചായത്തിലെ 4 കുളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ഉദ്ഘാടന യോഗത്തിൽ ഫിഷറീസ് ഡയറക്ടർ എസ്.വെങ്കടേസപതി.ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ ഐ.എ.എസ് തുടർ കൃഷിക്കായുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നിർവ്വഹിച്ചു. ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, ജലസമൃദ്ധി കോർഡിനേറ്റർ റോയ് മാത്യു, കവി മുരുകൻ കാട്ടാക്കട, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ, കുരുതംകോട് വാർഡ് മെമ്പർ ബാബു, മറ്റു വാർഡ് മെമ്പർമാർ എന്നിവർ ആശംസ അറിയിച്ചു. #ജലസമൃദ്ധി പദ്ധതിക്കും #ജൈവസമൃദ്ധി പദ്ധതിക്കുമൊപ്പം വൈവിധ്യമാര്‍ന്ന ജലാശയങ്ങളാല്‍ സമ്പന്നമാക്കപ്പെടുന്ന കാട്ടാക്കട മണ്ഡലത്തിൽ മത്സ്യകൃഷിയുടെ സാധ്യതകളും സവിശേഷതകളും പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തി ഉള്‍നാടന്‍ മത്സ്യോദ്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.