വരുന്ന വേനല്‍ക്കാലത്തെ നേരിടുന്നതിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ബഹു.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകനത്തിലെ ഒരു പ്രധാന തീരുമാനമായിരുന്നു ജലസ്രോതസ്സുകളില്‍ ലഭ്യമായ ജലത്തിന്‍റെ അളവ് തിട്ടപ്പെടുത്തുകയെന്നത്. ഇതിന്‍റെ തുടക്കമെന്ന നിലയില്‍ കാട്ടാക്കടയില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ 100 കുളങ്ങളില്‍ സ്കെയിലും ബോര്‍ഡും സ്ഥാപിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. കുളങ്ങളിലെ സ്കെയിലില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകേരള മിഷന്‍ IIITMK യുമായി ചേര്‍ന്ന് ഹരിത സമൃദ്ധി എന്ന മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ഈ പ്രവര്‍ത്തനത്തിന്‍റെ ഏകോപനം ഹരിതകേരളം മിഷനാണ് നിര്‍വ്വഹിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാ കുളങ്ങളിലും ജലനിരപ്പ് നിരീക്ഷിക്കുന്നതിനുള്ള സ്കെയില്‍ സ്ഥാപിച്ച് ഹരിത സമൃദ്ധി മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായത്തോടെ വിവരശേഖരണം നടത്തി ജലത്തിന്‍റെ അളവ് തിട്ടപ്പെടുത്തി വെബ്സൈറ്റില്‍ ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ 100 കുളങ്ങളിലെ ജലത്തിന്‍റെ അളവ് തിട്ടപ്പെടുത്തുന്നതിനുള്ള സ്കെയില്‍ സ്ഥാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. കാട്ടാക്കട പഞ്ചായത്തിലെ 20 കുളങ്ങളില്‍ ഇത് പൂര്‍ത്തിയായി. മറ്റ് 5 പഞ്ചായത്തുകളില്‍ സ്കെയില്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിലൂടെ ഓരോ കുളത്തിലും ഓരോ ദിവസവും ലഭ്യമായ ജലത്തിന്‍റെ അളവ് അറിയുന്നതിന് സാധിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് കൂടി ജലത്തിന്‍റെ അളവ് മനസ്സിലാകുന്ന തരത്തില്‍ ഓരോ കുളത്തിലും എത്ര ലിറ്റര്‍ വെള്ളമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്ന രെു ബോര്‍ഡ് സ്കെയിലിനോടൊപ്പം എല്ലാ കുളത്തിലും സ്ഥാപിച്ചിട്ടുണ്ട്. ഓരോ കുളത്തിലെയും ജലത്തിന്‍റെ അളവ് ലഭിക്കുന്നതിലൂടെ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് ഏതു കുളത്തില്‍ നിന്ന് ജലമെത്തിക്കുവാന്‍ കഴിയുമെന്ന തരത്തില്‍ കൃത്യമായ ആസൂത്രണം നടത്തുന്നതിനും സാധിക്കുന്നതാണ്. കാട്ടാക്കട പഞ്ചായത്തിലെ തൂങ്ങാംപാറ വാര്‍ഡിലുള്ള വെള്ളൂര്‍ക്കോണം കുളത്തില്‍ സ്ഥാപിച്ച സ്കെയിലിലെ റീഡിംഗ് ഹരിതസമൃദ്ധി മൊബൈല്‍ ആപ്പിലൂടെ രേഖപ്പെടുത്തി ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ നിര്‍വഹിച്ചു. ശ്രീ.ഐ.ബി.സതീഷ് എം.എല്‍.എ, ഭൂവിനിയോഗ കമ്മീഷണര്‍ എ.നിസാമുദ്ദീന്‍, ഹരിതകേരളം മിഷന്‍ ടെക്നിക്കല്‍ അഡ്വൈസര്‍ എബ്രഹാം കോശി, വി.ഹരിലാല്‍, ഗ്രാമപഞ്ചായത്ത് അംഗം രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാനത്തെ എല്ലാ ജലസ്രോതസ്സുകളിലേയ്ക്കും വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ പ്രവര്‍ത്തനത്തിന്‍റെ തുടക്കമാണ് ഇന്ന് കാട്ടാക്കടയില്‍ ആരംഭിച്ചതെന്ന് ഡോ.ടി.എന്‍.സീമ പറഞ്ഞു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലസ്രോതസ്സുകളായ കുളങ്ങളിലെ ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും ഓരോ സ്ഥലത്തിന്‍റെയും സാഹചര്യത്തിനനുസരിച്ച് ലഭ്യമായ പാറക്വാറികളിലെ ജലം ഉപയോഗിച്ച് കുളങ്ങളും, തോടുകളും, കിണറുകളും റീചാര്‍ജ്ജ് ചെയ്യുന്നതിനുള്ള നടപടികള്‍ മണ്ഡലത്തില്‍ പുരോഗമിക്കുകയാണെന്നും ശ്രീ. ഐ.ബി. സതീഷ് എം.എല്‍.എ പറഞ്ഞു. ജലസ്രോതസ്സുകളിലെ ജലത്തിന്‍റെ അളവ് കൂടി ലഭ്യമാകുന്നതോടെ ജലവിനിയോഗാസൂത്രണം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.