ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായാനുള്ള പഠനങ്ങളുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ.രാമചന്ദ്രന്‍, ചീഫ് (അഗ്രികള്‍ച്ചര്‍) എസ്.എസ്.നാഗേഷ് ഉള്‍പ്പെടെയുള്ള സംഘത്തെ ഐ.ബി.സതീഷ് എം.എല്‍.എ, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസ്സാമുദീൻ, പദ്ധതി പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന വിവിധ മണ്ണ്‍ – ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘം കണ്ടറിഞ്ഞു. രാവിലെ വിളപ്പില്‍ പഞ്ചായത്തിലെ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ എത്തിയ സംഘം സ്കൂളില്‍ സ്ഥാപിച്ച കിണര്‍ സംപോഷണ പദ്ധതിയും കിണറുകളിലെ ജല നിരപ്പ് രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച അളവ് കോല്‍ സംവിധാനവും, ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്കൂളില്‍ നടപ്പിലാക്കിയിട്ടുള്ള മറ്റ് മണ്ണ് – ജല – ശുചിത്വ സംരക്ഷണ പ്രവര്‍ത്തനങ്ങളും, ജൈവകൃഷി മാതൃകയും കണ്ടു മനസിലാക്കി. തുടര്‍ന്ന് കാട്ടാക്കട പഞ്ചായത്തില്‍ താല്‍കാലിക തടയണകള്‍ കെട്ടി ജലസംരക്ഷണം ഉറപ്പ് വരുത്തിയ കടുവാക്കുഴി – കൊല്ലോട് – അന്തിയൂര്‍ക്കോണം തോടും, കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിച്ചിട്ടുള്ള ചിറക്കുഴി കുളവും, പ്ലാവൂരില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള കാര്‍ഷിക കുളങ്ങളും, മത്സ്യകൃഷി നടത്തുന്ന മാത്രക്കോണം കുളവും സംഘം സന്ദര്‍ശിച്ചു. മാറനല്ലൂര്‍ പഞ്ചായത്തിൽ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ച പെരുംകുളവും, പുന്നാവൂര്‍ റോഡിന്‍റെ വശങ്ങളിലെ ഓടകളില്‍ തങ്ങി നിന്ന് വെള്ളകെട്ട് ഉണ്ടാക്കുന്ന മഴവെള്ളം ശേഖരിച്ചു മണ്ണിലേക്കിറക്കി റോഡിലെ വെള്ളകെട്ട് ഒഴിവാക്കി ജലം സംരക്ഷിക്കുന്ന വേറിട്ട മാതൃകയും സംഘം നേരില്‍ കണ്ടു. അതോടൊപ്പം ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കാട്ടാക്കട പഞ്ചായത്തിലെ വിവിധ കുളങ്ങളില്‍ സ്ഥാപിച്ച ജലനിരപ്പ് മനസിലാക്കുവാനുള്ള സംവിധാനത്തിന്റെ പ്രവര്‍ത്തനവും സംഘം മനസിലാക്കി. ജലസമൃദ്ധി പദ്ധതിയിലൂടെ ഹരിത കേരളം മിഷന്‍ വിഭാവനം ചെയ്യുന്ന വെള്ളം, വൃത്തി, വിളവ് എന്ന ആശയത്തെ പൂര്‍ണ്ണമായും സാക്ഷാത്കരിക്കുന്ന ഒരുത്തമ മണ്ണ് – ജല സംരക്ഷണ മാതൃകയാണ് കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയെന്നും പദ്ധതി പ്രദേശം നേരില്‍ കാണാനും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും കഴിഞ്ഞതില്‍ സംതൃപ്തരാണെന്നും ഡോ. വി.കെ.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജലസമൃദ്ധി പദ്ധതി മുന്നോട്ട് വയ്ക്കുന്ന അനുയോജ്യ ഭൂവിനിയോഗ മാതൃക നടപ്പിലാക്കുക വഴി പ്രളയാനന്തര കേരളത്തെ വീണ്ടെടുക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഇത്തരം വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.