വിദ്യാർത്ഥി ജലപാർലമെന്റ്: ഐ.ബി.സതീഷ്‌ MLA യുടെ വാക്കുകളിലൂടെ…

DSC_0023

Image 1 of 29

കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥി_ജലപാർലമെന്‍റ് എന്ന ഒരു ആശയം രൂപപ്പെട്ട അന്നുമുതല്‍ മനസ്സില്‍ നിറയെ സംശയങ്ങളും സംഘര്‍ഷങ്ങളും ആയിരുന്നു… എന്തായാലും ഇറങ്ങി തിരിച്ചു ആ ആശയം നടപ്പാക്കാന്‍… പക്ഷെ അത് വിദ്യാര്‍ത്ഥി സമൂഹം എങ്ങനെ ഉള്‍ക്കൊള്ളും, എങ്ങനെ സംഘടിപ്പിക്കാനാകും എന്നൊക്കെയുള്ള സംശയങ്ങള്‍… ഒടുവില്‍ ഇന്ന് ജലപാര്‍ലമെന്‍റ് സംഘടിപ്പിക്കപ്പെട്ടു… രാവിലെ 9 മണി മുതൽ കിള്ളി രാജശ്രീ ആഡിറ്റോറിയത്തിലും സമീപത്തെ പങ്കജകസ്തുരി കോളേജിലുമായി ഒഴുകി എത്തി വിദ്യാർത്ഥി സമൂഹം… ഓണപ്പരീക്ഷയുടെ ടെൻഷന്‍റെ വക്കിലായിരുന്നിട്ട് പോലും 509 വിദ്യാർത്ഥികൾ ജലപാര്‍ലമെന്റിലും 227 വിദ്യാർത്ഥികൾ ചിത്രരചന – ഉപന്യാസ മത്സരത്തിലുമായി പങ്കെടുത്തത്…

രാവിലെ 9:30 മണി മുതല്‍ ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ജലപാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥികളും ജലസംരക്ഷണവും, വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി, ഹരിത കേരളം, വികസനവും സംയോജന സാധ്യതകളും എന്നീ വിഷയങ്ങളില്‍ ചോദ്യോത്തരവേള സംഘടിപ്പിച്ചു… ഉപചോദ്യങ്ങളുമായി വിദ്യാര്‍ത്ഥി പ്രതിനിധികളും… മറുപടികളുമായി ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചേയർപേഴ്സൺ ഡോ.റ്റി.എൻ.സീമ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ൺ lAS… തുടര്‍ന്ന് കേരളത്തിലെ ഭൂവിനിയോഗവും ജലസംരക്ഷണവും എന്ന വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍… അതിന് മറുപടികളുമായി മണ്ണ് സംരക്ഷണ – മണ്ണ് പര്യവേഷണ വകുപ്പ് ഡയറക്ടർ ജസ്റ്റിൻ മോഹൻ IFS, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് കെ.പി.സുധീർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡിംമ്പി.വി.ദിവാകരൻ, കേരള സർക്കാർ വികസന ഉപദേഷ്ടാവ് സി.എസ്.രജ്ഞിത്ത്… പിന്നെ പ്രകൃതി സംരക്ഷണവും യുവതലമുറയും എന്ന വിഷയത്തില്‍ സബ്മിഷൻ… മറുപടികളുമായി വിക്ടേഴ്സ് ചാനൽ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, സാക്ഷരതാ മിഷൻ ഡയറക്ടർ പി.എസ്.ശ്രീകല, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.അനുമേരി ഫിലിപ്പ്, റിട്ട. പ്രിൻസിപ്പൽ ഡോ.സി.പി.അരവിന്ദാക്ഷൻ… ഉച്ചയൂണിന് ശേഷമുള്ള സഭാസമ്മേളനത്തിന്‍റെ ഭാഗമായി നാം എങ്ങനെ അതിജീവിക്കും എന്ന വിഷയത്തിൽ ജി.എസ്.പ്രദീപിന്റെ പ്രത്യേക സെഷന്‍… അങ്ങനെ നിയമനിർമ്മാണ സഭയെ അനുസ്മരിപ്പിക്കും വിധം നിരവധി സഭാനടപടിക്രമങ്ങള്‍… വാച്ച് & വാർഡുകളായി SPC – NCC – NSS – Junior RedCross വിദ്യാർത്ഥികൾ… എല്ലാം വിദ്യാര്‍ത്ഥികളാൽ നിയന്ത്രിതം… കാഴ്ചക്കാരായി അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും…

കവി മുരുകന്‍ കാട്ടാക്കട “പക” യെന്ന കവിത ചൊല്ലി മനുഷ്യന്‍ പ്രകൃതിയോട് കാട്ടുന്ന അതിക്രമങ്ങള്‍ വരുത്തി വയ്ക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തി കടന്നുപൊയി… ജി.എസ്.പ്രദീപിന്‍റെ ആത്മവിശ്വാസം നിറയ്ക്കുന്ന വാക്കുകളിലൂടെ നാം എങ്ങനെ അതിജീവിക്കും എന്ന സെഷനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കിയത്… മനസ്സുകളില്‍ സൃഷ്ടിച്ചത്… ഒരു പുതിയ ആവേഗമാണ്… പ്രൗഡ ഗംഭീരമായ ജലപാർലമെന്റിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടകനും സമ്മാനദാതാവുമായി എം.പിയും എത്തി… വിശിഷ്ടാതിഥികളായി പത്മശ്രീ ഡോ.ജെ.ഹരീന്ദ്രന്‍ നായർ, ശുചിത്വമിഷൻ ഡയറക്ടർ മിർ മുഹമ്മദലി IAS, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ ശംസുദ്ദീൻ.കെ.എച്ച്, ജലസമൃദ്ധി കോർഡിനേറ്റർ റോയ് മാത്യു… ആശംസകളുമായി ത്രിതലപഞ്ചായത്ത്‌ ജനപ്രതിനിധികള്‍… ഉദ്യോഗസ്ഥര്‍… സഭാസെക്രട്ടറിയെ പോലെ ജലപാർലമെന്റിന്‍റെ അണിയറ പ്രവർത്തനങ്ങളുമായി ഭൂവിനിയോഗ ബോർഡ് കമ്മിഷണർ നിസാമുദ്ദീനും ടീം ജലസമൃദ്ധിയും… എന്തു കൊണ്ടും ഇന്ന് വൈകുന്നേരം ജലപാര്‍ലമെന്‍റ് കഴിഞ്ഞ് സമാപന യോഗവും പിരിഞ്ഞപ്പോള്‍ മനസ്സില്‍ നിറയെ നിര്‍വൃതിയാണ്… പൊതുപ്രവര്‍ത്തന കാലയളവിലെ ഏറ്റവും തിളക്കമുള്ള ഒരു ദിവസമാണ് ഇന്ന് പിന്നിട്ടത്…

നിയമനിര്‍മ്മാണ സഭകളിലെ നടപടിക്രമങ്ങള്‍ അനായാസേനയാണ് വിദ്യാര്‍ത്ഥികള്‍ സ്വായത്തം ആക്കി അവതരിപ്പിച്ചത്… അവരുടെ ഇടപെടലിലും പെരുമാറ്റത്തിലും പരിചയക്കുറവിന്‍റെ പ്രശ്നങ്ങള്‍ ഒന്നും കാണാനായില്ല…. നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച സഭാനേതാവും ക്രീയാത്മക പ്രതിപക്ഷമാകുമെന്ന് ഉറപ്പു നല്‍കി പ്രതിപക്ഷനേതാവും മുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച വിദ്യാർത്ഥികൾ എല്ലാം നിയമനിര്‍മ്മാണ സഭകളിലെ നടപടി ക്രമങ്ങളെ ഗൃഹപാഠം ചെയ്ത് മനസ്സിലാക്കി എത്തിയവരാണ്… അതോടൊപ്പം വര്‍ത്തമാനകാല പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലം എങ്ങനെയാണ് വിദ്യാര്‍ത്ഥി മനസുകളെ വേട്ടയാടുന്നത് എന്നതും അവരുടെ ചോദ്യങ്ങളില്‍ പ്രതിഭലിച്ചു… പ്രളയവും വരള്‍ച്ചയും, വരള്‍ച്ചയും പ്രളയവും മാറി മാറി വരുന്ന പ്രകൃതി പ്രതിഭാസങ്ങളില്‍ തങ്ങളുടെ ഭാവി മാത്രമല്ല പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പ്‌ തന്നെ എന്താകും എന്നുള്ള ആകുലതകള്‍ പോലും പങ്കുവയ്ക്കപ്പെട്ടു…

ജലപാര്‍ലമെന്‍റ് അനിവാര്യമായിരുന്ന ഒരു ഇടപെടലാണ്… കാട്ടാക്കട മണ്ഡലത്തിലെ എല്ലാ ഹൈസ്കൂള്‍ – ഹയര്‍ സെക്കന്ററി സ്കൂളുകളിലെയും എല്ലാ ഡിവിഷനുകളില്‍ നിന്നും ഒരോ വിദ്യാര്‍ത്ഥി വീതം പങ്കെടുത്തിരുന്നു. സംവാദ മത്സരത്തില്‍ പങ്കാളികളായി ഈ സഭയിലേക്ക് എത്തിയവരുണ്ട്… ഓണ്‍ലൈന്‍ ആപ്പ്ളിക്കേഷന്‍ സംവിധാനം വഴി അപേക്ഷിച്ച് മണ്ഡലത്തിന് അകത്തും പുറത്തും നിന്നുമുള്ള വിവിധ കോളേജുകളില്‍ നിന്ന് എത്തിയവര്‍ ഉണ്ട്… ചിത്രരചന – ഉപന്യാസ രചനാ മത്സരങ്ങളിൽ വീറോടെ പങ്കെടുത്ത കുരുന്നു കൂട്ടുകാർ ഉണ്ട്… ഞങ്ങളെക്കാൾ ഏറെ ആവേശത്തിലായിരുന്നു ജലപാർലമെന്റിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾ…

വരും തലമുറയുടെ മനസ്സില്‍ ഉണ്ടാകേണ്ട കരുതലിനെ ഓര്‍മ്മപ്പെടുത്തലും, പ്രകൃതി – മണ്ണ് – ജല സംരക്ഷണങ്ങള്‍ക്ക് ചിലതെല്ലാം നമ്മള്‍ ചെയ്യാനുണ്ട് എന്ന തിരിച്ചറിവും… അതാണ്‌ ഇന്ന് നടന്ന ജലപാര്‍ലമെന്റിന്‍റെ ബാക്കി പത്രം…

ഐ.ബി.സതീഷ്‌ എം.എല്‍.എ, കാട്ടാക്കട