കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നീര്‍ത്തട പദ്ധതിയുടെ ഉത്തമ മാതൃകയാണെന്ന് 2018-ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ ബഹു. ധനകാര്യ മന്ത്രി ശ്രീ. ടി.എം.തോമസ് ഐസക് അഭിപ്രായപ്പെട്ടു.
2016 ഡിസംബര്‍ 1 ന് മാറനല്ലൂര്‍ അരുവിക്കരയില്‍ നെയ്യാ നദിക്കുള്ളില്‍ സംഘാടക സമിതി രൂപീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്, 2017 മാര്‍ച്ച് 22 (ലോക ജലദിനം) ന് ഉദ്ഘാടനം ചെയ്യപ്പെട്ട ജലസമൃദ്ധി പദ്ധതിയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ തന്നെ ശ്രദ്ധേയമായ നിരവധി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. നിയോജകമണ്ഡലത്തിലെ 122 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ജനപ്രതിനിധികളെ യും സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥരെയും, സന്നദ്ധ പ്രവര്‍ത്തകരെയും, യുവജനങ്ങളെയും, വിദ്യാര്‍ത്ഥികളെയും അണിനിരത്തിയാണ് ശ്രീ. ഐ.ബി. സതീഷ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്‍റെ സാങ്കേതിക മേല്‍നോട്ടത്തില്‍ വിശദമായ ഫീല്‍ഡ് സര്‍വ്വെയുടെ അടിസ്ഥാനത്തിലും വിവിധ തലങ്ങളിലെ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ജലവിഭവ പരിപാലന രേഖയെ അടിസ്ഥാനമാക്കി യാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വന്നത്.
ജലക്ഷാമം രൂക്ഷമായ 5 സ്ക്കൂളുകളില്‍ ഭൂജലവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ച ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജ്ജിംഗ്, പാറക്വാറിയില്‍ നിന്നും റീചാര്‍ജ്ജിംഗ് നടത്തി പ്രദേശത്തെ കിണറുകളുടെ ജലനിരപ്പ് ഉയര്‍ത്തല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ 150 കുളങ്ങളുടെ നിര്‍മ്മാണം, ഒന്നാം നിര രണ്ടാം നിര തോടുകള്‍ നവീകരിച്ച് ജൈവ താത്കാലിക തടയണകള്‍ നിര്‍മ്മിച്ച് തോടുകളെ ജലസമൃദ്ധമാക്കല്‍, കുളങ്ങളും തോടുകളും കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കല്‍, റവന്യൂ രേഖകളില്‍ ഉണ്ടായിരിക്കുകയും കാലക്രമേണ മൂടപ്പെട്ടുപോകുകയും ചെയ്ത തോടുകള്‍ പുതുതായി നിര്‍മ്മിച്ച് നീരൊഴുക്ക് സുഗമമാക്കല്‍, തരിശ്ശായി കിടന്ന പൊതുസ്ഥലങ്ങളില്‍ കുളം നിര്‍മ്മിക്കല്‍ തുടങ്ങി നിയോജകമണ്ഡലത്തെ ജലസമൃദ്ധമാക്കുന്നതിന് നിരവധിയായ പ്രവര്‍ത്തനങ്ങളാണ് ശ്രീ. ഐ.ബി. സതീഷ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. ഇതു കൂടാതെ ലക്ഷം വൃക്ഷം ലക്ഷ്യം, വീട്ടില്‍ ഒരു മഴക്കുഴി, ജലഗുണനിലവാര പരിശോധന എന്നിവ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജനകീയമായി നടപ്പിലാക്കുവാന്‍ സാധിച്ചത് ശ്രദ്ധേയമാണ്. 2017 ക്രിസ്മസ് വേനലവധിക്കാലത്ത് നിയോജകണ്ഡലത്തിലെ സ്കൂളുകളില്‍ നടന്ന എന്‍.എസ്.എസ് ക്യാമ്പുകളിലൂടെ 9 കൈതോടുകളും 4 കുളങ്ങളും ശുചീകരിക്കുകയും നിരവധിയായ മഴക്കുഴികള്‍ നിര്‍മ്മിക്കുകയും ചെയ്തു.
എന്‍.എസ്.എസ് കൂടാതെ എസ്.പി.സി, നെഹ്രു യുവ കേന്ദ്ര, നല്ല പാഠം, സീഡ്, ഗ്രന്ഥശാലകള്‍, വിവിധ യുവജന സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലും നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. നിയോജകമണ്ഡലത്തിലെ 68 സ്കൂളുകളിലും രൂപീകരിച്ച ജലക്ലബുകള്‍, ഒരു വാര്‍ഡില്‍ നിന്നും സന്നദ്ധ സേവകരായ 5 യുവജനങ്ങളെ ചേര്‍ത്ത് രൂപീകരിച്ച ജലമിത്രങ്ങള്‍ എന്നിവയിലൂടെ യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും ജലത്തിന്‍റെ പ്രാധാന്യം എത്തിക്കുവാന്‍ കഴിഞ്ഞുവെന്നത് പദ്ധതിയുടെ നേട്ടമാണ്. 2017 നവംബറില്‍ എം.എല്‍.എ യുടെയും കളക്ടറുടെയും നേതൃത്വത്തില്‍ നടത്തിയ നീര്‍ത്തടസംരക്ഷണ യാത്രയുടെ തുടര്‍ പ്രവര്‍ത്തനമായി 6 കീലോമീറ്റര്‍ നീളത്തില്‍ തോട് നവീകരിച്ച് നാടിന് സമര്‍പ്പിക്കുവാന്‍ കഴിഞ്ഞത് പദ്ധതിയുടെ ഒരു നാഴികകല്ലാണ്. ഒരു വര്‍ഷക്കാലത്തിനുള്ളില്‍ അനവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീയാക്കുവാന്‍ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്.