ചരിത്രം കുറിച്ചൊരു കിണറാണിത്…
ഉത്തരമായൊരു കിണറും…
കുളത്തുമ്മൽ ഹയർ സെക്കണ്ടറി ഹൈ സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള നോട്ടത്തിൽ സുന്ദരിയായ കിണർ…
വറ്റാത്ത ഉറവക്കായി ജലസമൃദ്ധി സ്വീകാര്യമായി തുടങ്ങിയത് ഈ കിണറ്റിൻ കരയിലാണ്…
വെള്ളം വെള്ളം എന്ന് നിലവിളിച്ചു നടക്കുന്ന എം എൽ എ എന്ന് പരിഹസിച്ചവർ തന്നെ സുസ്ഥിര വികസന മാതൃകയെന്ന് പാടി പുകഴ്ത്തി തുടങ്ങിയതുമിവിടെ വച്ചു തന്നെ…
സ്കൂളിന്റെ പുരപ്പുറത്തു പെയ്യുന്ന ഏഴ് ലക്ഷം ലിറ്റർ (വാർഷിക ശരാശരി) ഒഴുകി പാഴായി പോകാതെ പാത്തി വച്ച് ഒഴുക്കി രണ്ടു കിണറുകളുണ്ടാക്കി നിക്ഷേപിച്ചു. ഭാവി തലമുറക്കായുള്ള മൂലധനമായി…
അതുവരെ ചിത്രത്തിൽ കാണുന്ന കിണർ (അമ്മ കിണറെന്നു ഞങ്ങൾ വിളിക്കും) ജലസ്പർശമില്ലാത്ത പാറക്കല്ലുകൾ മാത്രം അടിത്തട്ടിൽ കാഴ്ചയാകുന്ന കിണറായി രുന്നു. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ് ഉത്ഘാടന വേദിയിലിരിക്കുമ്പോൾ അന്നത്തെ പ്രിൻസിപ്പൽ രാധാലക്ഷ്മി ടീച്ചർ അനുഭവം പങ്കു വച്ചു .കോഴിക്കോട്ട്കാരി ടീച്ചർ കാട്ടാക്കടയിലെ പള്ളികൂടത്തിൽ ആദ്യം കണ്ട കാഴ്ച ജലസ്പർശമില്ലാത്ത കിണറായിരുന്നു…
ഉത്ഘാടന ചടങ്ങിനു മുമ്പ് മൺചെരാത് തെളിയിക്കാൻ ആ കിണറിൻ കരയിലെത്തുമ്പോൾ…
കരയിൽ നിന്നു കൈകൾ നനക്കാവുന്ന ജലനിരപ്പുള്ള കിണർ…
തൊട്ടടുത്ത വീടുകളിലെ കിണറുകൾക്കും വറ്റി പോയ സമീപത്തെ കുളങ്ങൾക്കും പുനർജനി നൽകി ഈ അമ്മകിണർ…
അവിട് നിന്ന് തുടങ്ങി…
മണ്ഡലത്തിലെ എല്ലാ സ്കൂളുകൾ, കിണറുള്ള സർക്കാരാഫീസുകൾ, അംഗനവാടികൾ എല്ലായിടത്തും ഈ മാതൃക…
ഉപയോഗ ശൂന്യമായ പാറക്വാറികളിലെ വെള്ളം മണ്ണിലേക്കാഴ്ന്നിറങ്ങി…
ഓടുന്ന വെള്ളത്തെ നടത്തിച്ചും പിന്നെ കിടത്തിയും മണ്ണിനടിയിൽ ഉറക്കിയും ആബാലവൃദ്ധം ജനത ജലസമൃദ്ധിയെ ഏറ്റെടുത്തു ജനീവയിലെ ഐക്യരാഷ്ട്ര സഭാ പുനർ നിർമ്മാണ സെഷനിൽ കാട്ടാക്കട മാതൃക പ്രശംസിക്കപ്പെട്ടു…
നെതർലാണ്ട് സന്ദർശനത്തിനെത്തിയ ബഹു: മുഖ്യമന്ത്രിയോട് കാട്ടാക്കട ജലസമൃദ്ധി മാതൃകയെ കുറിച്ച് അന്വേഷണമുണ്ടായതിനെ കുറിച്ച് നിശാഗന്ധിയിലെ നിറഞ്ഞ സദസിൽ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു…
അപകടാവസ്ഥയിൽ നിന്ന് സുരക്ഷിത ഭൂഗർഭ ജലനിരപ്പിലേക്ക് ഒരു നാടുണർന്നതിന്റെ തുടക്കത്തെ ഓർമ്മിപ്പിച്ച് ഈ കിണർ…
ഓർമ്മകളിൽ അഭിമാനവും മനസിൽ ആത്മ സംതൃപ്തിയും നിറക്കുന്ന അമ്മക്കിണർ…