പ്രളയാനന്തര നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സംയോജിത ജലവിഭവ മാനേജ്മെന്‍റിന്‍റെ പ്ലാന്‍ തയ്യാറാക്കുന്നതിനായി സംസ്ഥാനത്ത് എത്തിയ നെതര്‍ലന്‍റ്സ് സര്‍ക്കാരിന്‍റെ ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ദ്ധ അംഗങ്ങള്‍ കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനുമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ദ്ധരായ സൈമന്‍ വാര്‍മര്‍ഡം (ടീം ലീഡര്‍), പോള്‍ വാന്‍മീല്‍, പാസ്കല്‍ വെയ്ഡെമ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി യു.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പി.ഡി.എന്‍.എ ( (Post Disaster Need Assessment) റിപ്പോര്‍ട്ടിലെ സംയോജിത ജലവിഭവ മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കിയതും ഈ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു. പള്ളിച്ചല്‍ പഞ്ചായത്തിലെ കണ്ണംകോട് വാര്‍ഡില്‍ നടപ്പിലാക്കിയ പാറക്വാറിയില്‍ നിന്നുള്ള കിണര്‍ റീചാര്‍ജ്ജിംഗ്, അണപ്പാട് മച്ചേല്‍ തോടില്‍ നിര്‍മ്മിച്ചിരിക്കുന്ന താല്‍ക്കാലിക തടയണകള്‍, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണൊലിപ്പ് തടയല്‍ എന്നിവ കാണുകയും നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഐ.ബി.സതീഷ്എം.എല്‍.എ സംഘാംഗങ്ങളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. പദ്ധതി നടത്തിപ്പിന്‍റെ വിവിധ വശങ്ങളെ സംബന്ധിച്ചും പദ്ധതി ഏറ്റെടുക്കുവാനുണ്ടായ കാരണങ്ങളെക്കുറിച്ചും പദ്ധതിയുടെ ഭാവി പരിപ്രേക്ഷ്യത്തെക്കുറിച്ചും എം.എല്‍.എയില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തിയ സംഘത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എല്‍.ശകുന്തളകുമാരി, വൈസ് പ്രസിഡന്‍റ് വിളപ്പില്‍ രാധാകൃഷ്ണന്‍, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് ഭൂവിനിയോഗ കമ്മീഷണര്‍ എ.നിസ്സാമുദ്ദീന്‍ അവതരണം നടത്തി. തുടര്‍ന്ന് കരിങ്ങല്‍ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനുമായി റോഡിന്‍റെ വശത്ത് നിര്‍മ്മിച്ചിരിക്കുന്ന സംവിധാനം കണ്ട സംഘം ഇത്തരം മാതൃകകള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഭൂഗര്‍ഭ ജലനിരപ്പ് അളക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന സ്കെയില്‍ സംവിധാനവും സംഘം നേരില്‍ കണ്ട് മനസ്സിലാക്കി. സംസ്ഥാനത്തിനകത്തും പുറത്തും അവലംബിക്കുവാന്‍ കഴിയുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മാതൃക പദ്ധതി തന്നെയാണ് കാട്ടാക്കടയില്‍ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയെന്ന് സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസ്സാമുദ്ദീന്‍, ശാസ്ത്ര സാഹിത്യ പരിഷത്തിലെ ശ്രീ.വി.ഹരിലാല്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.