ഭാവി തലമുറയ്ക്ക് അന്നവും ദാഹജലവും നഷ്ടപ്പെടാതിരിക്കാൻ ദീർഘവീക്ഷണത്തോട് കൂടി നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നീർത്തട സംരക്ഷണ യാത്ര സംഘടിപ്പിച്ചു. നാളെയുടെ തലമുറയ്ക്കായ് തോടുകളും, അരുവികളും, കനാലുകളും സംരക്ഷിക്കാൻ ജില്ലാ കളക്ടർ ഡോ.കെ.വാസുകി ഐ.എ.എസ്സിന്റെ നേതൃത്വത്തിൽ ജില്ലാതല ഉദ്യേഗസ്ഥർ, ജനപ്രതിനിധികള്‍ ഉൾപ്പെടെ വലിയൊരു സംഘം കാട്ടാക്കട പഞ്ചായത്തിലെ കടുവാക്കുഴി മുതൽ മലയിൻകീഴ് പഞ്ചായത്തിലെ കല്ലുവരമ്പ് വരെ നീർത്തട സംരക്ഷണ യാത്രയിൽ അണി ചേർന്നു. രാവിലെ 8 മണിക്ക് ആരംഭിച്ച യാത്രയ്ക്ക് നിരവധി സ്ഥലങ്ങളിൽ വലിയ വരവേൽപ്പ് ലഭിച്ചു. ഓരോ പ്രദേശത്തും നാട്ടുകാരോടൊപ്പം സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, നെഹ്രു യുവകേന്ദ്ര, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജലമിത്രങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി യാത്രയിൽ പങ്കു ചേർന്നു. ഈ തോട്ടിലേക്കെത്തിയിരുന്ന പല കൈതോടുകളും ഇന്ന് നീർ ചാലല്ലാതായിരിക്കുന്നു. ഓരോ കൈതോടിനു സമീപവും ഒത്തുചേർന്ന നാട്ടുകാരോട് കൈതോട്ടകളുടെ നീരൊഴുക്ക് നിലച്ചതിന്റെ പരിണത ഫലം ചൂണ്ടിക്കാട്ടി. ഈ തോടിന്റെ സംരക്ഷണത്തിനായി വിവിധ വകുപ്പുകൾക്ക് ചെയ്യാനാകുന്നത് സംബന്ധിച്ച രൂപരേഖ വകുപ്പുദ്യോഗസ്ഥർ അടുത്ത അവലോകന യോഗത്തിൽ അവതരിപ്പിക്കും.