ദേശീയ അംഗീകാരം നേടി ജലസമൃദ്ധി പദ്ധതി

IMG-20200111-WA0012

കാട്ടാക്കട മണ്ഡലത്തിൽ ശ്രീ.ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിക്ക് ഈ വർഷത്തെ സ്കോച്ച് അവാർഡ് (skoch award) ലഭിച്ചു. ശനിയാഴ്ച ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയർമാൻ (Chairman, Economic Advisory Council) ഡോ.ബിബേക്ക് ദെബ്രോയ് (Dr. Bibek Debroy) യിൽ നിന്നു ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ അവാർഡ് ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവിൽ സംയോജിത ജലവിഭവ പരിപാലനത്തിലൂടെ പദ്ധതി പ്രദേശത്തെ ഭൂഗർഭ ജലവിതാനം ഉയർത്താനായതും പദ്ധതി വിജയകരമായി നടപ്പാക്കാൻ അവലംബിച്ച വ്യത്യസ്തങ്ങളായ ബോധവൽകരണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ജലസമൃദ്ധി പദ്ധതി സ്കോച് പുരസ്കാരങ്ങൾക്കുള്ള ജലം വിഭാഗത്തിൽ രാജ്യത്തെ മികച്ച പദ്ധതികളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതും വെള്ളി മെഡലിന് അർഹമാക്കിയതും. ഒരു സ്വതന്ത്രസംഘടന ഇന്ത്യന്‍ പൗരന്മാര്‍ക്ക്/സ്ഥാപനങ്ങൾക്ക്/പദ്ധതികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്കാരമാണ് ഇത്. 2003 ൽ ആരംഭിച്ചത് മുതൽ ഭരണം, ധനകാര്യം, ബാങ്കിംഗ്, സാങ്കേതികവിദ്യ, കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്പ്, ജലം, സാമ്പത്തികശാസ്ത്രം, സാര്‍വത്രികമായ വളര്‍ച്ച (inclusive growth) എന്നീ തുറകളിലെ അനുകരണീയമായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരത്തിനുള്ള സ്വതന്ത്രമാനദണ്ഡമായി സ്കോച് പുരസ്കാരങ്ങൾ മാറിയിട്ടുണ്ട്. മികവു പുലര്‍ത്തുന്ന വ്യക്തികളെ ആദരിക്കുകയും ഇന്ത്യയെ മെച്ചപ്പെടുത്താന്‍ പ്രയത്നിക്കുന്ന സ്ഥാപനങ്ങളെ അഭിനന്ദിക്കുകയും ചെയത് വരുന്ന സ്വതന്ത്രസംഘടനയാണ് സ്കോച്. അഭിനന്ദനാര്‍ഹാമായ നേതൃത്വപാടവത്തിലൂടെ സമൂഹത്തിലും ഭരണസംവിധാനങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ പ്രയത്നിച്ച വ്യക്തികളുടെ/സ്ഥാപനങ്ങളുടെ/പദ്ധതികളുടെ മികവിനെയും ഇന്ത്യൻ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾക്കു കാരണമാകുന്നവയെയും ആദരിക്കുന്നതിനാണ് ദേശീയ തലത്തിൽ എല്ലാവർഷവും വിവിധ വിഭാഗങ്ങളിലായി സ്കോച് പുരസ്കാരങ്ങൾ നൽകി വരുന്നത്‌. ഈ വർഷം കേരളത്തിൽ നിന്ന് സ്കോച് അവാർഡ് ലഭിച്ച ഏക പദ്ധതിയാണ് ജലസമൃദ്ധിഓൺലൈനിലൂടെ അപേക്ഷകൾ ക്ഷണിച്ചു അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നോമിനേഷനുകൾ വിദഗ്ദ്ധരടങ്ങുന്ന സ്കോച് ജൂറിയുടെ മുന്നില്‍ ഇക്കഴിഞ്ഞ ഡിസംബറിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ പൊതുജനങ്ങളുടെ ഓൺലൈൻ വോട്ടിങ്ങിന് സൗകര്യമൊരുക്കിയിരുന്നു. അവസാന റൗണ്ടിൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച സ്കോച് സമ്മിറ്റിൽ (skoch summitt) പദ്ധതികളുടെ പ്രദർശനവും തുടർന്ന് പങ്കെടുത്ത പ്രതിനിധികളുടെ വോട്ടുകൾ കൂടി പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്.നാടിന്റെ ജലസമൃദ്ധിക്കായി പ്രവർത്തിക്കുന്ന കാട്ടാക്കട മണ്ഡലത്തിലെ എല്ലാ ജനങ്ങൾക്കും, കക്ഷി രാഷ്ട്രീയത്തിനതീതമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എല്ലാ ജനപ്രതിനിധികൾക്കും, വിവിധ വകുപ്പുകൾക്കും, ഉദ്യോഗസ്ഥർക്കും, ടീം ജലസമൃദ്ധിക്കും അവരുടെ അക്ഷീണ പ്രയത്നത്തിനുള്ള അംഗീകാരമാണിതെന്ന് ശ്രീ.ഐ.ബി.സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. ജലസമൃദ്ധി പദ്ധതിക്ക് പൊതുജനസേവന രംഗത്തെ നവീന ആവിഷ്ക്കാരത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ അവാർഡും ലഭിച്ചിരുന്നു. കൂടാതെ ദേശീയ അന്തർദേശീയ വേദികളിലും പ്രസിദ്ധീകരണങ്ങളിലും ജലസമ്രുദ്ധി പദ്ധതി സംയോജിത ജലവിഭവ പരിപാലനത്തിന്റെ മികച്ച മാതൃകയായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.