കാട്ടാക്കട ജലസമൃദ്ധി പദ്ധതി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചു ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. സ്വകാര്യ ഭൂമിയിലുൾപ്പെടെ പുതിയ കുളങ്ങൾ നിർമ്മിച്ചും രണ്ടാം നിര മൂനാം നിര തോടുകളിൽ ജൈവ തടയണകൾ നിർമിച്ചും പരമാവധി മഴവെള്ളം സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പള്ളിച്ചൽ പഞ്ചായത്തിലെ നടുക്കാട് വാർഡിലെ തോടുകളിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ ശ്രീ. ഐ. ബി. സതീഷ് എം. എൽ. എ ഇന്ന് നേരിട്ട് വിലയിരുത്തി. മുല്ലോട്ടുകോണത്തു നിന്ന് ആരംഭിച്ചു കടിഞ്ഞീൽ തോടിൽ ഒഴുകിയെത്തുന്ന 700 മീറ്റർ നീളമുള്ള മുട്ടുക്കോണം കൈത്തോടിൽ 25 മുതൽ 50 മീറ്റർ ഇടവിട്ടു പ്രദേശത്ത് ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ചെറിയ മൺതടയണകൾ നിർമിച്ചിരിക്കുന്നു. കൈതോട് ശുചീകരിക്കുന്നതിനോടപ്പം മൺതടയണകൾ നിർമ്മിക്കുന്നതിലൂടെ തോടിൽ ജലം നിൽക്കുന്നതിനു സഹായിച്ചിട്ടുണ്ട്. ഈ പ്രവർത്തനത്തിലൂടെ ജലം ഒഴുകുന്നതിന്‍റെ വേഗത കുറക്കുവാനും അതിലൂടെ ജലം ഭൂമിയിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്നു. കൂടാതെ കുമ്പിടിഞ്ഞീൽ തോടിൽ കുറച്ചു കൂടി വലിയ ജൈവ തടയണകളാണ് നിർമ്മിച്ച് കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ നടുക്കാട് ബഡ്‌സ് സ്കൂളിന് സമീപത്തായി 11മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും 3 മീറ്റർ ആഴത്തിലും ഒരു പുതിയ കുളം നിർമിക്കുന്നു. ആ പ്രദേശത്തേക് ഒഴുകിവരുന്ന ജലം സംഭരിക്കാൻ കഴിയുന്ന തരത്തിലാണ് കുളം നിർമ്മിച്ചിരിക്കുന്നത്. പള്ളിച്ചൽ പഞ്ചായത്തിൽ ഈ വർഷം 70 തോടുകളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. ഐ.ബി.സതീഷ് എം.എൽ.എയ്ക്കൊപ്പം വാർഡ് അംഗം കെ. രാകേഷ്, ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണർ എ. നിസാമുദീൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ വി. ഹരിലാൽ, രാധാകൃഷ്ണൻ, എൻ. ആർ. ഇ. ജി. എസ് പള്ളിച്ചൽ അസിസ്റ്റന്റ് എഞ്ചിനീയർ സി. ഗോപി, എന്നിവർ പ്രസ്തുത സ്ഥലങ്ങൾ സന്ദർശിച്ചു.