കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് അന്താരാഷ്ട്ര ജല ഉപദേശക ഫെർണാൻഡാ വാൻഡെർവെൽഡ് അഭിപ്രായപ്പെട്ടു. കേരളം സന്ദർശിക്കുന്ന നെതർലാൻഡ് രാജാവിനും രാജ്ഞിക്കുമൊപ്പം കേരളത്തിലെത്തിയ അന്താരാഷ്ട്ര ജല ഉപദേശക സംഘം പ്രതിനിധികൾ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശം നേരിൽ കാണുവാനെത്തിയപ്പോഴാണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ട് വച്ചത്. ജനകീയ പങ്കാളിത്തത്തോടെയുള്ള നീർത്തടാധിഷ്ഠിത വികസനത്തിന്റെ ഉത്തമ മാതൃകയായി ജലസമൃദ്ധി പദ്ധതിയെ അന്താരാഷ്ട്ര വേദികളിൽ അവതരിപ്പിക്കുകയും മുൻപ് പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തിരുന്ന ഡച്ച് ദുരന്ത ലഘൂകരണ വിദഗ്ദ്ധരായ പോൾ വാൻ മീൽ, സൈമൺ വാർമർഡാം എന്നിവരും സംഘത്തിലുണ്ടായിരുന്നു. പദ്ധതിയെ പറ്റി കൂടുതലറിയുവാനും നെതർലാൻഡിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണയോടെ ജലസമൃദ്ധി പദ്ധതി കൂടുതൽ പ്രദേശങ്ങളിൽ വ്യാപിപ്പിക്കുന്നതിനുള്ള പഠനങ്ങളുടെ ഭാഗമായാണ് സന്ദർശനം. ഉച്ചയ്ക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിയ സംഘത്തെ ഐ.ബി.സതീഷ് എം.എൽ.എ, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തള കുമാരി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ജലസമൃദ്ധി പദ്ധതിയുടെ പ്രവർത്തന വിവരങ്ങൾ ഭൂവിനിയോഗ കമ്മിഷണർ എ.നിസാമുദ്ദീൻ സംഘത്തിന് വിശദീകരിച്ചു നൽകി. ഇത്തരമൊരു വേറിട്ട പദ്ധതി ആരംഭിക്കാനുണ്ടായ സാഹചര്യത്തെ പറ്റിയും നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഏകോപനത്തെ പറ്റിയും പൊതുജന പങ്കിളത്തം സാധ്യമാക്കിയതിനെ പറ്റിയും സംഘം എം.എൽ.എയോട് വിശദമായി ചോദിച്ചറിഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായതും ചുരുങ്ങിയ ചിലവിൽ സ്ഥായിയായ മണ്ണ് – ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ അനുയോജ്യ ഭൂവിനിയോഗ മാതൃക രൂപപ്പെടുത്തുന്ന ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നതിന് എം.എൽ.എ മുൻകൈയെടുക്കണമെന്ന് സംഘം അഭിപ്രായപ്പെട്ടു. തുടർന്ന് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച സംഘം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിച്ച കിണർ റീചാർജ്ജിംഗ്, കാർഷിക കുളങ്ങൾ, മത്സ്യ കുളങ്ങൾ, പുനരുജ്ജീവിപ്പിച്ച കുളങ്ങളും തോടുകളും, ജലസംരക്ഷണത്തിനായി നിർമ്മിച്ച തടയണകളും മറ്റും നേരിൽ കണ്ടറിഞ്ഞു. സന്ദർശന വേളയിൽ ജലസമൃദ്ധി പദ്ധതി പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന നാട്ടുകാരോടും, തൊഴിലുറപ്പ് തൊഴിലാളികളോടും, കുടുംബശ്രീ പ്രവർത്തകരോടും ജലസമൃദ്ധി അനുഭവങ്ങളും നേട്ടങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്. ജലസമൃദ്ധി മാതൃക ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കുന്നതിനുള്ള പഠനങ്ങൾക്ക് സന്ദർശനം വളരെയധികം ഉപകരിച്ചതായി സംഘത്തിലെ മുതിർന്ന അന്താരാഷ്ട്ര ജല ഉപദേശക ഫെർണാൻഡ വാൻഡെർവെൽഡ് അഭിപ്രായപ്പെട്ടു.