കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പൊതുസ്ഥാപനങ്ങളിലും കൃത്രിമ ഭൂജല പരിപോഷണം നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ 73 പൊതുസ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ഭൂജല വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായ ഫീല്‍ഡ് പഠനം നടത്തുകയും 40 സ്ഥാപനങ്ങള്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെയും ഭൂജല വകുപ്പിന്റെയും സഹായത്തോടെ നാല് ഘട്ടങ്ങളിലായി പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിലെ കൃത്രിമ ഭൂജല പരിപോഷണത്തിന് അനുയോജ്യമായ എല്ലാ പൊതുസ്ഥാപനങ്ങളിലും ഇത് പൂര്‍ത്തിയാക്കുന്നത്. ഓരോ സ്ഥാപനത്തിലും 8000 ലിറ്റര്‍ വെള്ളം ശേഖരിക്കുവാന്‍ കഴിയുന്ന രണ്ടും മൂന്നും പിറ്റുകള്‍ നിര്‍മ്മിച്ച് സ്ഥാപനത്തിന്റെ കെട്ടിടത്തിന് മുകളില്‍ പെയ്യുന്ന മഴവെള്ളം ഇതിലേക്ക് എത്തിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ സ്ഥാപനങ്ങളിലെ കിണറുകള്‍ വറ്റാതായി എന്നതിലുപരി പ്രദേശത്തെ ഭൂജല വിതാനം ഉയര്‍ത്താനായി എന്നത് ജലസമൃദ്ധി പദ്ധതിയുടെ വലിയ വിജയമാണ്. പൊതുസ്ഥാപനങ്ങളില്‍ കൃത്രിമ ഭൂജല പരിപോഷണം പൂര്‍ത്തിയാക്കിയ ആദ്യ നിയോജകമണ്ഡലമെന്ന പ്രഖ്യാപനം 2019 നവംബര്‍ 14 ന് വൈകുന്നേരം 4:00 മണിക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ വച്ച് ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു.