കുളത്തുമ്മൽ തോട് നീർത്തട പദ്ധതി ഗുണഭോക്തൃ സെമിനാർ നടത്തി

IMG-20191228-WA0011

Image 1 of 3

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ഏകദിന പരിശീലന പരിപാടി 28.12.2019 ശനിയാഴ്ച രാവിലെ 10.30 ന് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. ബഹു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു. കാട്ടാക്കട എം.എൽ.എ. ശ്രീ ഐ.ബി.സതീഷ് നിർവഹിച്ചു. മണ്ണുസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ശ്രീമതി. അനിത സ്വാഗതം ആശംസിച്ചു. പദ്ധതിയുടെ കൺവീനർ ശ്രീ ലാസർ ജോസഫ് നാളിതുവരെ പദ്ധതി പ്രദേശത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 1250 വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചു വരുന്നതായും ഏരിയ ട്രീറ്റ്മെന്റിന്റെ ഭാഗമായുള്ള വിവിധ ഇടപെടൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 300 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച് പ്രവർത്തികൾ ഉടൻ ആരംഭിക്കുന്നതാണെന്നും അറിയിച്ചു. വൃക്ഷത്തടങ്ങൾ, റബ്ബർ തടങ്ങൾ, മൺകയ്യാല, ജൈവ വേലി എന്നീ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും അദ്ദേഹം റിപ്പോർട്ട്‌ ചെയ്തു. തുടർന്നു നടന്ന പരിശീലന ക്ലാസ്സ് ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ നയിച്ചു. തുടർന്ന് ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് ഓവർസിയർ പ്രേംകുമാർ മറുപടി നൽകി. പരിപാടിയിൽ പ്രദേശത്തെ കർഷകർ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.