കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കൃഷി വകുപ്പിന് കീഴിലുള്ള കർഷകരുടെ കൂട്ടായ്മയായ കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ കാട്ടാൽ കുത്തരി എന്ന ബ്രാൻഡിൽ അരി വിപണിയിലെത്തുന്നു. കാട്ടാക്കട മണ്ഡലത്തിൽ ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ജൈവസമൃദ്ധി പദ്ധതിയുടെയും സുഭിക്ഷ കേരളം പദ്ധതിയുടെയും പ്രവർത്തനഫലമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനിടയായത്. ഒരു കാലത്ത് ജില്ലയിലെ മലയോര മേഖലയുടെ നെല്ലറയായിരുന്ന കാട്ടാക്കടയിൽ പിന്നീട് നെൽകൃഷിയുടെ വ്യാപ്തി അപകടകരമാം വിധം കുറഞ്ഞു വരുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ജലദൗർലഭ്യമായിരുന്നു അതിന് പ്രധാന കാരണമായിരുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതി കർഷകർക്കിടയിൽ സൃഷ്ടിച്ച ആത്മവിശ്വാസം വലുതാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ നെൽകൃഷി വീണ്ടെടുക്കുന്നതിന് സഹായകരമായി. സുഭിക്ഷ കേരളത്തിനായി സ്വയംപര്യാപ്തം എൻ്റെ കാട്ടാക്കട എന്ന പദ്ധതിയിൽ നെൽകൃഷിക്ക് മുന്തിയ പരിഗണനയാണ് നൽകിയത്. അതൊടൊപ്പം കർഷകർക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയുമായി പഞ്ചായത്തും കൃഷി വകുപ്പും ഒത്തുചേർന്നപ്പോൾ നെൽകൃഷി അന്യംനിന്ന പല ഏലാകളിലും നെൽകൃഷി സജ്ജീവമായി. കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 7.5 ഏക്കറിലധികം സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. കാട്ടാക്കട ഠൗൺ പ്രദേശത്ത് മാത്രം 1 ഏക്കറിൽ നെൽകൃഷി വീണ്ടെടുക്കാനായിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നെല്ലുൽപാദനമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അടുത്തയാഴ്ച്ച വിളവെടുക്കും. വിളവെടുക്കുന്ന നെല്ല് തദ്ദേശീയമായി തന്നെ കുത്തി അരിയാക്കി കാട്ടാൽ കുത്തരി എന്ന പേരിൽ വിപണിയിലെത്തിക്കാനാണ് പഞ്ചായത്തും കാർഷിക കർമ്മസേനയും തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ആലോചനാ യോഗം ഇന്നലെ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. ഐ.ബി.സതീഷ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. കാർഷിക കർമ്മസേന പ്രസിഡന്റ് കാട്ടാക്കട രാമു അദ്ധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, കൃഷി ഓഫീസർ ബീന എന്നിവർ സംസാരിച്ചു. കാർഷിക കർമ്മസേന അംഗങ്ങളായ ജയകുമാർ, ജനാർദ്ധനൻ നായർ, സുരേഷ് എന്നിവർ പങ്കെടുത്തു. പണി പൂർത്തിയായി വരുന്ന ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആരംഭിക്കുന്നതോടുകൂടി പഞ്ചായത്ത് പ്രദേശത്തെ 20 ഹെക്ടറോളം വരുന്ന ഏലാകളിൽ നെൽകൃഷി ആരംഭിക്കാനാകുമെന്നും മലയോര മേഖലയുടെ നെല്ലറയാക്കി കാട്ടാക്കടയെ മാറ്റാനാകുമെന്നും ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.