കാട്ടാക്കട മണ്ഡലത്തിൽ പത്ത് കുളങ്ങൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായതായി ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.ജലസേചന വകുപ്പിന്റെ ഹരിത കേരളം മിഷൻ ഘടകത്തിലുൾപ്പെടുത്തിയാണ് കുളങ്ങൾ നവീകരിക്കുന്നത്. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 76.40 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളത്. കാട്ടാക്കട പഞ്ചായത്തിലെ വെള്ളൂർക്കോണം കുളത്തിന് 12 ലക്ഷവും വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ കുളത്തിന് 12 ലക്ഷവും മലയിൻകീഴ് പഞ്ചായത്തിലെ വടവൂർക്കോണം കുളത്തിന് 15 ലക്ഷവും മാറനല്ലൂർ പഞ്ചായത്തിലെ പെരുംകുളത്തിന് 15 ലക്ഷവും വിളപ്പിൽ പഞ്ചായത്തിലെ കൂതക്കോട് കുളത്തിന് 8 ലക്ഷവും പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് കുളത്തിന് 9.50 ലക്ഷവും കാട്ടാക്കട പഞ്ചായത്തിലെ പാലയ്ക്കൽ, പാപ്പനം കുളങ്ങൾക്ക് 1.30 ലക്ഷം രൂപ വീതവും മലയിൻകീഴ് ചിറക്കുളം കുളത്തിന് 1.25 ലക്ഷവും പള്ളിച്ചൽ കട്ടച്ചൽ കുളത്തിന് 1.05 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കുളങ്ങളെ ശരിയായ വിധത്തിൽ സംരക്ഷിക്കുകയും സംരക്ഷണം ചിലവ് കുറഞ്ഞതും ലളിതവുമായ രീതിയിൽ നടത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇതിനായി മൈൻ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പണികൾ പുരോഗമിക്കുകയാണെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.