കാട്ടാക്കട ജലസമൃദ്ധി രണ്ടാംഘട്ടത്തിലേക്ക്: ലക്ഷ്യം കാർഷിക സ്വയം പര്യാപ്തത.

WhatsApp-Image-2021-09-07-at-5.29.00-PM-3

Image 1 of 12

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ജലസമൃദ്ധി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 5 വർഷക്കാലം ജലസംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്ത് നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത് ജലസമൃദ്ധിയിലൂടെ കാർഷിക പുനരുജ്ജീവനമാണ്. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ വിദ്ധഗ്ധ സംഘം മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലേയും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി സംവദിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒരു ദിവസം രണ്ട് പഞ്ചായത്തുകൾ എന്ന നിലയിൽ 3 ദിവസം കൊണ്ട് മണ്ഡലത്തിലെ പ്രധാന പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ച് ജനപ്രതിനിധികളുമായി സംവദിക്കും. ഇതിന്റെ ഭാഗമായി കാട്ടാക്കട, വിളവൂർക്കൽ പഞ്ചായത്തുകളിൽ സംഘം ഇന്നലെ (07/സെപ്തംബർ/2021) സന്ദർശനം നടത്തി. രാവിലെ കാട്ടാക്കട മണ്ഡലത്തിലെ കൊല്ലോട് തോടും അനുബന്ധമായി നിർമ്മിച്ചിട്ടുള്ള തടയണകളും സംഘം സന്ദർശിച്ചു. തുടർന്ന് കാട്ടാക്കട മണ്ഡലത്തെ തിരുവനന്തപുരം ജില്ലയുടെ നെല്ലറയാക്കുക എന്ന ലക്ഷ്യവുമായി വീണ്ടെക്കാനിരിക്കുന്ന നാഞ്ചല്ലൂർ ഏലായും, ഏലായ്ക്ക് ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി വിഭാവനം ചെയ്ത ആമച്ചൽ ലീഫ്റ്റ് ഇറിഗേഷൻ പദ്ധതിയും സംഘം സന്ദർശിച്ചു. തുടർന്ന് കാട്ടാക്കട പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംവദിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെബർ രാധിക ടീച്ചർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ, സുനിത.വി.ജെ, സരള, ശ്രീക്കുട്ടി, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദിൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം വിളവൂർക്കൽ പഞ്ചായത്തിലെ മലയം തോടും അനുബന്ധമായി നിർമ്മിച്ച തടയണകളും സംഘം സന്ദർശിച്ചു. തുടർന്ന് വിളവൂർക്കൽ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരുമായി സംവദിച്ചു. ഐ.ബി.സതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലാലി മുരളി, നേമം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിന കുമാർ, ബിജുദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇന്ന് വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളിൽ സംഘം സന്ദർശനം നടത്തും. സന്ദർശനം നടത്തിയ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് മനസ്സിലാക്കിയ ആവശ്യകതകൾ ഉൾപ്പെടുത്തി വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുമെന്നും അതിന്റെയടിസ്ഥാനത്തിൽ ഇവിടങ്ങളിലെ നീർത്തടാധിഷ്ഠിത കാർഷിക മേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കുന്നതിനുള്ള തുടർപദ്ധതികൾ ആവിഷ്കരിക്കുമെന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു. ഈ 5 വർഷക്കാലയളവിനുള്ളിൽ കാർഷിക സ്വയം പര്യാപ്തത അതിന്റെ പൂർണ്ണ അർത്ഥത്തിൽ കൈവരിക്കുക എന്ന ലക്ഷ്യമാണ് ജലസമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അതിന് മുൻകാലങ്ങളിലെ പോലെ കക്ഷി – രാഷ്ട്രീയ ഭേദമന്യേ മണ്ഡലത്തിലെ ആബാലവൃത്തം ജനങ്ങളും ഒരുമിച്ചിറങ്ങണമെന്നും ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.