ജലസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളിലെ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ വിളപ്പിൽ പഞ്ചായത്തിലെ പേയാട് സെന്റ് സേവ്യേഴ്സ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ആട്ടോമാറ്റിക്ക് കാലാവസ്ഥാ നിരീക്ഷണ സംവിധാനവും സ്കൂളിലെ കിണർ റീച്ചാർജിംഗ് സംവിധാനവും നേരിൽ കണ്ടു. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച ജൈവ കൃഷിത്തോട്ടവും സംഘം കണ്ടറിഞ്ഞു. തുടർന്ന് അലകുന്നം വാർഡിൽ 30 വർഷത്തിലധികമായി കൈയ്യേറ്റത്താൽ മൂടപ്പെട്ട് റവന്യൂ രേഖകളിൽ മാത്രമായി അവശേഷിച്ചിരുന്ന ചെറുകോട് – കുഞ്ചുകോണം തോട് വീണ്ടെടുത്തതും സംഘം കണ്ടു. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ കാരോട് പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മിനി കുടിവെള്ള പദ്ധതിയും നൂലിയോട് വാർഡിൽ ഒരു കാലത്ത് പ്രദേശത്തെ കാർഷിക അഭിവൃത്തിക്ക് കൈത്താങ്ങായിരുന്ന ഇരട്ട കുളവും കുളത്തിൽ സജ്ജമാക്കിയിട്ടുള്ള ആട്ടോമാറ്റിക്ക് വാട്ടർ ലെവൽ മോണിറ്ററിംഗ് സംവിധാനവും സംഘം സന്ദർശിച്ചു. വിളപ്പിൽശാല ഗവ.യു.പി സ്കൂളിൽ വച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം ചേർന്നു. യോഗത്തിൽ ജലസമൃദ്ധി പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംഘം സംവദിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, വൈസ് പ്രസിഡന്റ് ഷാജി, നേമം ബ്ലോക്ക് പഞ്ചായത്തംഗമായ ബിജുദാസ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം മലയിൻകീഴ് പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംഘം സംവദിച്ചു. സംവാദത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മലയിൻകീഴിലെ വിവിധ ജലസമൃദ്ധി പദ്ധതി പ്രദേശങ്ങളും സംഘം സന്ദർശിച്ചു. ഡോ.തോമസ് ഐസക്ക്, ഐ.ബി.സതീഷ് എം.എൽ.എ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ. നിസാമുദീൻ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. ഇന്ന് (09/സെപ്തംബർ/2021) മാറനല്ലൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലെ ജല സമൃദ്ധി പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിക്കും. കാർഷിക പുനരുജ്ജീവനത്തിലൂടെ പഴവർഗ്ഗ ത്തോട്ടങ്ങൾ, തേൻ കൃഷി, ഔഷധ സസ്യ കൃഷി പോലുള്ള വേറിട്ട വിളകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന്റെ സാധ്യതകൾ കൂടി പരീക്ഷിക്കാൻ കർഷകർ തയ്യാറാകണമെന്നും അതിനുള്ള പിന്തുണയും പ്രോത്സാഹനവും കൃഷി വകുപ്പും, ഗ്രാമ പഞ്ചായത്തുകളും നൽകണമെന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു. നൂതനമായ കൃഷി സാധ്യതകൾ ജൈവകൃഷി മാതൃകയിൽ പ്രായോഗികമാക്കി മണ്ണിന്റെ സ്വാഭാവിക വളക്കൂറ് വീണ്ടെടുക്കുക എന്നതും കാർഷിക സമൃദ്ധിയുടെ അഭിവാജ്യ ഘടകമാണെന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു.
150 thoughts on “കാട്ടാക്കട ജലസമൃദ്ധി: കാർഷികസമൃദ്ധിയ്ക്ക് സമഗ്രപദ്ധതി തയ്യാറാക്കും”
Comments are closed.