കാട്ടാക്കടയിൽ ജലസമൃദ്ധിയ്ക്കായ് ഒരു തോട് പുനർജനിക്കുന്നു.

IMG_20180111_102400_01

Image 1 of 7

റവന്യൂരേഖകളിൽ മാത്രം ഇപ്പോഴുമവശേഷിക്കുന്ന ചെറുകോട് കുഞ്ചുകോണം തോട് ജനപ്രതിനിധികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നിശ്ചയദാർദ്ധ്യത്തിന്റെയും ഫലമായി പുനർജനിക്കുന്നു. കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ ചെറുകോട് കുഞ്ചുക്കോണം ഏലയുടെ സമീപത്തായി 30 വർഷത്തോളം മണ്ണ് മൂടികിടന്ന ഒരു തോട് പുനരുജ്ജീവിപ്പിക്കുന്നു. വിളപ്പിൽ പഞ്ചായത്തിലെ അലക്കുന്നം വാർഡിലെ കുഞ്ചുക്കോണം തോടാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നത്. ഏകദേശം ഒന്നേകാൽ കിലോമീറ്റർ നീളത്തിലാണ് തോട് വെട്ടിത്തെളിക്കുന്നത്. നിലവക്കാട്‌ കുളത്തിൽ നിന്നും ആരംഭിച്ചു വിട്ടിയം അലകുന്നം തോടിലാണ് പുതിയ തോടിനെ ബന്ധിപ്പിക്കുന്നത്. ഈ തോടിലേക്ക് സമീപത്തുള്ള ഉറവയിൽ നിന്ന് വെള്ളം ഒഴുകി വരുന്നുണ്ട്. കുളത്തിൽ നിന്നും ഉറവയിൽ നിന്നും ജലം ലഭിക്കുമെന്നതിനാൽ ഈ തോടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടു ജലലഭ്യത ഉണ്ടാകുകയും ഈ പ്രദേശത്തെ കൃഷിക്ക് ഏറെ സഹായകരമാകുകയും ചെയ്യുന്നതാണ്. 1200 മീറ്ററാണ് തോട് നിർമ്മാണം നടത്തുവാൻ നിശ്ചയിച്ചിട്ടുള്ളത്. 4. 80 ലക്ഷം രൂപ ചിലവിൽ 29 സ്ത്രീ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമാണ് ഇത് സാധ്യമാക്കിയത്. രണ്ടു ഘട്ടങ്ങളിലായി 1120 തൊഴിൽ ദിനങ്ങളാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. തോടിന്റെ പണി പൂർത്തിയാക്കുന്നതിനൊപ്പം ചെറിയ തടയണകൾ നിർമിച്ചും വയലിലേക്ക് കൃഷി ആവശ്യത്തിന് ജലം ലഭ്യമാക്കും. സ്ത്രീശക്തിയുടെ വിജയം കൂടിയാണ് മനോഹരമായി മണ്ണ് വെട്ടിമാറ്റി വെള്ളം ഒഴുകുവാനുള്ള നിരപ്പ് ശ്രദ്ധിച്ച് നടത്തിയിട്ടുള്ള ഈ പ്രവർത്തി. ജില്ലയിലെ തൊഴിലുറപ്പ് മേഖലയിലെ മാതൃകയായി മാറാവുന്ന പ്രവർത്തിയാണിതെന്നും മനോഹരമായി ഈ ജലസംരക്ഷണ പ്രവർത്തനം നടത്തിയ തൊഴിലാളികളും ജനപ്രതിനിധിയും ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് പറഞ്ഞു. വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. വിജയരാജ്, വാർഡ് മെമ്പർ സി.എസ്. അനിൽ, ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദീൻ, തൊഴിലുറപ്പ് AE ശ്രീകല. പി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ വി. ഹരിലാൽ എന്നിവർ എം.എൽ.എയ്‌ക്കൊപ്പം നിർമ്മാണ സ്ഥലം സന്ദർശിച്ചു.