കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന എൻ.എസ്. എസ്. സപ്തദിന ക്യാമ്പുകളുടെ അവസാന ഘട്ട അവലോകന യോഗം ഐ. ബി. സതീഷ് MLA വിളിച്ചു ചേർത്തു. ഹയർ സെക്കന്ററി തലത്തിൽ 9 ക്യാമ്പുകളും കോളേജ് തലത്തിൽ 6 ക്യാമ്പുകളുമായി ആകെ 15 ജലസംരക്ഷണ ക്യാമ്പുകളാണ് കാട്ടാക്കട മണ്ഡലത്തിൽ നടക്കുന്നത്. ഈ വർഷത്തെ സപ്‌തദിന ക്യാമ്പ് കാട്ടാക്കട മണ്ഡലത്തിൽ താഴെ പറയുന്ന പ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ദിവസം ക്യാമ്പ് ഉൽഘാടനവും ജലസംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ചു ക്ലാസ്സുകളും ഉണ്ടായിരിക്കും. തുടർന്ന് 2, 3, 4 ദിവസങ്ങളിൽ ജലസ്രോതസിന്റെ വൃഷ്ടിപ്രദേശങ്ങളിലുള്ള വീടുകളിൽ 5 പേരടങ്ങുന്ന ക്യാമ്പ് അംഗങ്ങളുടെ സംഘം സന്ദർശിക്കുന്നതാണ്. സന്ദർശിക്കുന്ന വീടുകളിൽ ക്യാമ്പ് അംഗങ്ങൾ ഒരു തൈ നേടുന്നതാണ്. ശേഷം വീട്ടുകാരോട് ജലസംരക്ഷണത്തിന്റെയും ജലവിനിയോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുന്നതും ലഖുലേഖകൾ വിതരണം ചെയ്യുന്നതുമാണ്. വീട്ടുകാരോടൊപ്പം ചേർന്ന് പറമ്പിൽ വൃക്ഷങ്ങൾക്ക് തടമെടുക്കൽ, മഴക്കുഴി നിർമ്മാണം, മൺകയ്യാല നിർമ്മാണം എന്നിവയിൽ ഏതെങ്കിലും പ്രവർത്തികൾ ചെയ്യുന്നതായിരിക്കും. കിണർ റീചാർജിങ് ചെയ്യുന്നതിനായി വീട്ടുകാരോട് ആവശ്യപ്പെടുന്നതായിരിക്കും. ഗൃഹസന്ദര്ശനത്തിനൊടുവിൽ ജലസ്രോതസ്സിൽ നടപ്പാക്കുന്ന പ്രവർത്തിക്കു വീട്ടുകാരുടെ പിന്തുണ ഉറപ്പാക്കുന്നതാണ്. 5, 6 ദിവസങ്ങളിലാകും ജലസ്രോതസ്സുകളിൽ പൊതുവായ പ്രവർത്തി ജനകീയമായി ഏറ്റെടുത്തു പൂർത്തിയാക്കുന്നത്. ആറാം ദിവസം വൈകുന്നേരം ക്യാമ്പ് ചെയ്യുന്ന സ്കൂളിന്റെ സമീപമുള്ള കവലയിൽ ജലസംബന്ധവമായി വിദ്യാർത്ഥികൾ തയ്യാറാക്കുന്ന കലാപരിപാടികൾ അവതരിപ്പിക്കുന്നതാണ്. ഏഴാം ദിവസം ക്യാമ്പിന്റെ ക്രോഡീകരണവും സമാപനവും നടക്കും. ക്യാമ്പ് ജനകീയമാക്കുന്നതിന്റെ ഭാഗമായി എല്ലാ സ്ഥലങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സംഘടകസമിതികൾ 18 മുതൽ 20 വരെ തീയതികളിൽ നടക്കുന്നതായിരിക്കും. സംസ്ഥാന ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദീൻ, എൻ.എസ്. എസ്.ഹയർ സെക്കന്ററി വിഭാഗം ജില്ലാ കോഡിനേറ്റർ തോമസ് സ്റ്റീഫൻ, ജോയ് മോൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വി. ഹരിലാൽ, ബി. എസ്. രാധാകൃഷ്ണൻ , വാർഡ് അംഗം സനൽ ബോസ് എന്നിവർ പങ്കെടുത്തു. എൻ.എസ്. എസ്. പ്രവർത്തകർ കാട്ടാക്കട മണ്ഡലത്തിൽ ക്രിസ്തുമസ് അവധിക്കാല സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളുടെ പൂർണ്ണമായ പങ്കാളിത്തമുണ്ടാകണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.