എൻ.എസ്.എസ് അധ്യാപക കോർഡിനേറ്റർമാരുടെ പരിശീലന പരിപാടി ഉത്ഘാടനം

1_resized_5

Image 1 of 1

വൃത്തി, വെള്ളം, വിളവ്‌ എന്ന സന്ദേശത്തിന്റെ അംബാസിഡർമാരായി സ്കൂൾ വിദ്യാർത്ഥികൾ മാറണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഹരിത കേരള മിഷന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി എന്ന പദ്ധതിയുടെ പ്രവർത്തനങ്ങളിൽ നേതൃത്വപരമായി ഇടപെടാൻ കഴിയുന്ന എൻ.എസ്.എസ് അധ്യാപക കോർഡിനേറ്റർമാരുടെ പരിശീലന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഈ വരുന്ന ക്രിസ്തുമസ് അവധിക്കാല എൻ.എസ്.എസ്. ക്യാമ്പുകൾ ജലസംരക്ഷണ വിഷയവുമായി ബന്ധപ്പെടുത്തി സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഒൻപത് ഹയർ സെക്കന്ററി തല ക്യാമ്പുകളും ഒട്ടേറെ കോളേജ് ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പിന്റെ ഭാഗമായി ജലസംരക്ഷണ വിഷയം കുട്ടികളിലേയ്ക്ക് പകരാൻ സഹായകമായ സെമിനാർ സെക്ഷനുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾ മണ്ഡലത്തിലെ വീടുകൾ സന്ദർശിച്ച് ജലസമൃദ്ധി സന്ദേശം കൈമാറുകയും ജലസംരക്ഷണത്തിന്റെ പ്രാധാന്യവും അനിവാര്യതയേയും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന പ്രവർത്തനവും ഏറ്റെടുക്കും. തുടർന്ന് ജനകീയ പങ്കാളിത്തത്തോടെ ഒരു ജലാശയത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. തുടർന്ന് ജലസമൃദ്ധിയുമായി ബന്ധപ്പെട്ട് വിദ്യാത്ഥികൾ എഴുതിയ കഥകളും, കവിതകളും, ലഘു നാടകങ്ങളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. പരിശീലന പരിപാടിയിൽ എൻ.എസ്.എസ്. തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ തോമസ് സ്റ്റീഫൻ, ഹരിത കേരള മിഷൻ കൺസൾട്ടന്റ് എൻ. ജഗജീവൻ, സംസ്ഥാന ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദീൻ ശുചിത്വ മിഷന്റെ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.