2019-20 ലെ ബഡ്ജറ്റില്‍ ജലസമൃദ്ധി പദ്ധതിയുടെ ശാക്തീകരണത്തിന് 2 കോടി രൂപയും നീര്‍ത്തട വികസന ഘടകത്തില്‍ 1 കോടി രൂപയും അനുവദിച്ചു

RRP_6425-856x525

ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കേവലം താല്കാലികമായി ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയല്ല. നമുക്കും വരും തലമുറയ്ക്കും ജലക്ഷമമെന്ന മഹാ വിപത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. അതില്‍ പ്രധാനം ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക എന്നത് തന്നെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിലെ ഭൂഗര്‍ഭ ജലനിരപ്പിന്റെ തോത് ഉയര്‍ന്നതായി വിവിധ പഠനങ്ങള്‍ വെളിവാക്കുന്നു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ജനുവരി മാസത്തില്‍ തന്നെ വറ്റിയിരുന്ന പല കിണറുകളിലും പദ്ധതിയുടെ പ്രവര്‍ത്തനഫലമായി വേനല്‍ കാലത്ത് പോലും ജലസമൃദ്ധമാണ് എന്ന അനുഭവസാക്ഷ്യമാണ് മണ്ഡലത്തിലെ പല സ്ഥലങ്ങളില്‍ നിന്നും ലഭിച്ചത്. ഇത് ആശാവഹമാണ്‌… നമ്മള്‍ വിചാരിച്ചാല്‍… ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍… ഈ നൂറ്റാണ്ട് നേരിടേണ്ടി വരുമെന്ന് കരുതുന്ന അതിരൂക്ഷമായ ജലക്ഷാമത്തെ ചെറുത്ത് തോല്‍പ്പിക്കാനാവുക തന്നെ ചെയ്യും എന്ന സത്യത്തിന്റെ ഉത്തമ മാതൃകയാണ് ജലസമൃദ്ധി… അതിന്റെ അംഗീകാരമാണ് കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി മണ്ഡലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഏറ്റവും മാതൃകാപരമായ നീര്‍ത്തട വികസന പരിപാടിയായി ബഹു. ധനമന്ത്രി ശ്രീ.തോമസ്‌ ഐസക്ക് ഇത്തവണത്തെ ബഡ്ജറ്റ് പ്രസംഗത്തിലും പ്രതിപാദിച്ചത്… വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പദ്ധതികളുടെയും സംയോജനം വഴി നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിക്ക് നാളിതുവരെ സ്വന്തമായി യാതൊരു വിധ ഫണ്ടും ഇല്ലായിരുന്നു. ഇത്തവണത്തെ ബഡ്ജറ്റില്‍ ജലസമൃദ്ധി പദ്ധതിയുടെ ശാക്തീകരണത്തിന് 2 കോടി രൂപയും നീര്‍ത്തട വികസന ഘടകത്തില്‍ 1 കോടി രൂപയും അനുവദിച്ചു കിട്ടിയിട്ടുണ്ട്. ഇത് ജലസമൃദ്ധിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുക തന്നെ ചെയ്യും.