കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ജല ഗുണനിലവാര പരിശോധന ലാബുകള്‍ സജ്ജമാകുന്നു…

2

Image 2 of 5

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സി.സി.ഡി.യുമായി ചേര്‍ന്ന് നിയോജക മണ്ഡലത്തിലെ ആറ് സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധന ലാബുകള്‍ ആരംഭിക്കുന്നു. 6 പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (കാട്ടാക്കട), മലയിന്‍കീഴ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (മലയിന്‍കീഴ്), വിളവൂര്‍ക്കല്‍ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (വിളവൂര്‍ക്കല്‍), ഡി.വി.എന്‍.എം ഹൈസ്കൂള്‍ (മാറനല്ലൂര്‍), പേയാട് സെന്‍റ് സേവിയേഴ്സ് (വിളപ്പില്‍), നേമം വിക്ടറി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (പള്ളിച്ചല്‍) എന്നിവിടങ്ങളിലാണ് ജല ഗുണനിലവാര പരിശോധന ലാബുകള്‍ ആരംഭിക്കുന്നത്. സ്കൂളുകളില്‍ രൂപീകരിച്ചിട്ടുള്ള ജലക്ലബ്ബുകളിലെയും എന്‍.എസ്.എസ് യൂണിറ്റിലെയുംവിദ്യാര്‍ത്ഥികളാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും കിണര്‍ വെള്ളം ശേഖരിച്ച് സ്കൂളുകളില്‍ എത്തിച്ച് പരിശോധിച്ച് ജലശുദ്ധി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്. തുടര്‍ന്ന് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജലപരിശോധന നടത്തുന്നതാണ്. ജല ഗുണനിലവാര പരിശോധന നടത്തുന്നതിനാവശ്യമായ കിറ്റുകള്‍ സി.സി.ഡി.യു ലാബുകള്‍ക്ക് നല്‍കുകയും പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതാണ്. ഒരുകിറ്റ് ഉപയോഗിച്ച് 80 മുതല്‍ 100 സാമ്പിള്‍ വരെ പരിശോധിക്കുവാന്‍ കഴിയുന്നതാണ്. തെരഞ്ഞെടുത്ത സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഏകദിന പരിശീലന പരിപാടി മലയിന്‍കീഴ് ഗവ. ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് ബഹു.എം.എല്‍.എ ഐ.ബി.സതീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിന് ശേഷം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വരള്‍ച്ച അനുഭവിക്കേണ്ടി വന്ന കാലഘട്ടത്തില്‍ ജലസമൃദ്ധി പദ്ധതിയുടെ പ്രസക്തി ഏറിവരികയാണെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ജലപരിശോധന നടത്തുന്നതിനോടൊപ്പം ജലസാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും വരുന്ന നവംബര്‍ 1 ന് നിയോജകമണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളും ഹരിത വിദ്യാലയമാക്കുന്നതിനുള്ള യജ്ഞത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സി.സി.ഡി.യു ഡയറക്ടര്‍ ഡോ.സുനില്‍കുമാര്‍.ജി അദ്ധ്യക്ഷനായിരുന്നു. ഭൂവിനിയോഗ കമ്മീഷണര്‍ എ.നിസ്സാമുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ജീജ.ഐ.ആര്‍, ഹെഡ്മാസ്റ്റര്‍ രാജീവ്.എ.എസ്, ജലക്ലബ്ബ് കോര്‍ഡിനേറ്റര്‍ വേണുതോട്ടുങ്കര, സി.സി.ഡി.യു കണ്‍സള്‍റ്റന്‍റ് ജസ്ന സൈനുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പരിശീലന ക്ലാസ്സുകള്‍ക്ക് ആള്‍സെയ്ന്‍്സ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.ബീനകുമാരി, സി.സി.ഡി.യു റിസോഴ്സ് പേഴ്സണ്‍ മുകേഷ്.ബി.കെ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യംചെയ്തു. ഓരോ സ്കൂളില്‍ നിന്നും എത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമീപത്തെ കിണറുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ജലഗുണ നിലവാര പരിശോധനയുടെ പ്രായോഗിക പരിശീലനം നടത്തി.