കാലാവസ്ഥാ പ്രവചനങ്ങൾ ശരിയാകുകയാണെങ്കിൽ ഇനി വരാൻ പോകുന്ന കുറച്ചു ദിനങ്ങൾ മഴയുടെതാണ്. ഇടിയോട് കൂടിയ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. പിന്നിടുമ്പോൾ വരാൻ പോകുന്നത് വേനൽ ചൂട് വർദ്ധിക്കുന്ന ദിവസങ്ങളാണ്. കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനായി ലോക്ക്ഡൗൺ കാലത്തു വീട്ടിലിരിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾ ജലസംരക്ഷണത്തിനു കൂടി സമയം കണ്ടെത്തണമെന്ന് ശ്രീ. ഐ. ബി. സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു. അവിചാരിതമായി വീണു കിട്ടുന്ന വേനൽമഴയെ സ്വീകരിക്കുന്നതിന് വീട്ടുവളപ്പിൽ മഴക്കുഴികൾ, തെങ്ങിൻ തടങ്ങൾ തുറക്കൽ, ചെറു തടയണകൾ, കുറഞ്ഞ ചെരിവുള്ള പ്രദേശങ്ങളിൽ ചെറു വരമ്പുകൾ എന്നിവ നിർമ്മിച്ച് പരമാവധി ജലം ശേഖരിക്കുന്നതിന് സമയം കണ്ടത്തെണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾ ഒരുമിച്ചു ഈ പ്രവർത്തനങ്ങളിൽ അണിചേരണമെന്നും വിദ്യാർത്ഥികളിലും യുവജനങ്ങളിലും ജലസംരക്ഷണത്തിന്റെ പ്രാധാന്യം പകർന്നു നൽകുന്നതിന് ഈ അവധിക്കാലം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജലസമൃദ്ധി പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പാക്കിയ ലക്ഷം വൃക്ഷം ലക്ഷ്യം, വീട്ടിൽ ഒരു മഴക്കുഴി തുടങ്ങിയ ജനകീയ ജലസംരക്ഷണ പ്രവർത്തികളുടെ തുടർച്ചയായിട്ടാണ് ഈ പ്രവർത്തനങ്ങൾക്കു നിർദ്ദേശങ്ങൾ നൽകിയത്. തൊഴിലുറപ്പു പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ തോടുകളിൽ നിർമ്മിച്ച തടയണകൾ ശക്തിപ്പെടുത്തിയും ഇതിനോടകം നിർമ്മിച്ച 350 ലധികം കാർഷിക കുളങ്ങൾ വൃത്തിയാക്കി പരമാവധി ജലശേഖരണത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 122 വാർഡുകളിലായി ജലസമൃദ്ധിയിലൂടെ പരിചയപ്പെടുത്തിയ ജനകീയ മാതൃകയുണ്ട്. വരൾച്ചാ കാലത്തെ മറികടക്കാൻ മഴക്കാലത്തിനെ ഫലപ്രദമായി, പ്രായോഗികമായി പരിഗണിക്കുക എന്നതാണത്. വീടിന്റെ പറമ്പിൽ ഒരു മഴക്കുഴി. പറമ്പിലെ തെങ്ങിൻ തടങ്ങൾ തുറക്കുക, ചരിവുളള പ്രദേശങ്ങളിൽ ചെറു ബണ്ടുകൾ നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക, ലഭിക്കുന്ന മഴവെള്ളം തൽസ്ഥലത്തു തന്നെ ഭൂമിയിലേക്ക് നൽകുക തുടങ്ങിയ ജനകീയ ഇടപെടലുകൾ നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, ഗ്രന്ഥശാലകൾ എന്നിവരിലൂടെ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടാതെ നവമാധ്യമങ്ങളി ലൂടെയും ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതാണ്. കിണറുള്ള വീടുകളുടെ പുരപ്പുറത്തു പെയ്യുന്ന ഒരോ തുള്ളി വെള്ളവും നമ്മുടെ അതിർത്തി കടക്കില്ലെന്നൊരു നിശ്ചയദാർഡ്യം. ഇതിനായി കിണർ റീചാർജിംഗ്, മഴവെള്ള ശേഖരണം, കൃതിമ ഭൂജലപോഷണം എന്നിവ അവലംബിക്കാവുന്നതാണ്. ജലസമൃദ്ധിയിൽ എല്ലായിടത്തുമെപ്പോഴും മന്ത്രം പോലെ പറയുന്ന “ഓടുന്ന വെള്ളത്തെ നടത്തിക്കുക, നടക്കുന്ന വെള്ളത്തെ ഇരുത്തുക., ഇരിക്കുന്ന വെള്ളത്തെ കിടത്തുക, കിടക്കുന്ന വെള്ളത്തെ ഭൂമിക്കടിയിൽ ഉറക്കി സൂക്ഷിക്കുക” എന്നതിന് സഹായകമാകുന്ന പ്രവർത്തനങ്ങളാണ് ഈ സമയത്തു നടപ്പാക്കുന്നത്. ഓരോ ചെറിയ നീക്കവും പൊള്ളുന്ന വേനലിലെ ജലക്ഷാമത്തിന് മാത്രമല്ല അപകടകരമായി താഴ്ന്നു കൊണ്ടിരിക്കുന്ന ഭൂഗർഭ ജലനിരപ്പ് എന്ന വിപത്തിനെ നേരിടാനുള്ള ശ്രമവുമാകും ഇത്തരം പ്രവർത്തനങ്ങളെന്നും എം.എൽ.എ. അറിയിച്ചു.