വിദ്യാർത്ഥികളും യുവജനങ്ങളും ഹരിത കേരളത്തിനായി അണിചേരണം – ഡോ.ടി.എൻ.സീമ.

IMG-20180719-WA0039

Image 1 of 4

ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തു നടപ്പാക്കുന്ന ശുചിത്വം, ജലസംരക്ഷണം, കാർഷിക വികസനം എന്നീ മേഖലകളിലെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും യുവജനങ്ങളും അണിചേരണമെന്നും ഹരിത കേരളം സാക്ഷാത്കരിക്കുന്നതിന് എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ അഭ്യർത്ഥിച്ചു. #കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് #ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനുമായി സഹകരിച്ചു ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ നേതൃത്വത്തിൽ കടുവാക്കുഴി അന്തിയൂർക്കോണം തോടിൽ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ റിപ്പോർട്ട്‌ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി നിരവധി മാതൃകകൾ നാടിനു സമർപ്പിച്ചു സംസ്ഥാനത്തിന് അകത്തും പുറത്തും അംഗീകാരം ലഭിച്ചു വരികയാണെന്നും സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തിയുള്ള ഈ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അവർ അഭിപ്രായയപ്പെട്ടു. സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 23 വിദ്യാർത്ഥികൾ ഒരാഴ്ചക്കാലം നടത്തിയ ഈ പ്രവർത്തനം മാതൃകാപരമാണെന്നും വിദ്യാർത്ഥികളുടെ പ്രൊഫഷണലിസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കുമുള്ള ഉദാഹരണമാണെന്നും അവർ അഭിപ്രായപ്പെട്ടു. തോടിന്റെ കൃത്യമായ അളവുകൾ ലഭ്യമായതിനൊപ്പം ജലസംഭരണ ശേഷി വർധിപ്പിക്കുവാൻ കഴിയുന്ന ഇടപെടൽ നിർദ്ദേശങ്ങൾ കൂടി അടങ്ങിയതാണ് റിപ്പോർട്ട്‌. ഹരിത കേരളം മിഷനിലെ സാങ്കേതിക വിദഗ്ദ്ധരാണ് സർവ്വേ ടീമിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത്. ഓരോ 50 മീറ്റർ ഇടവേളകളിലും തോടിന്റെ വിവിധ അളവുകൾ രേഖപ്പെടുത്തിയാണ് പഠനം പൂർത്തിയാക്കിയത്. നരുവാമൂട് ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടന്ന ചടങ്ങിൽ ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദീൻ മുഖ്യപ്രഭാഷണം നടത്തി. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വിവിധ പ്രവർത്തങ്ങൾ നടത്തി തോടിന്റെ ജലസംഭരണ ശേഷി വർധിപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. അരുൺ സുരേന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ, അഡ്വൈസർമാരായ ഫാദർ പോപ്സൺ കുര്യാക്കോസ്, ഡോ. കെ. സി. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു. സർവേയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.