ലക്ഷം വൃക്ഷം ലക്ഷ്യം

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധിയുടെ ഭാഗമാണ് ലക്ഷം വൃക്ഷം ലക്ഷ്യം എന്ന പദ്ധതി. ഇതിനായി കാർഷിക വർഷാരംഭ ദിനമായ ഏപ്രിൽ 14 ന് നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമ പഞ്ചായത്തുകളിൽ ജലസമൃദ്ധിയ്ക്കായ് ഒരു പുതുനാമ്പ് എന്ന പേരിൽ ഫല വൃക്ഷ വിത്തുകൾ പാകുന്ന പ്രവർത്തനത്തിന് തുടക്കമിട്ടിരുന്നു. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഒരു ലക്ഷം ഫലവൃക്ഷ തൈകൾ നടുക എന്നതായിരുന്നു. വാർഡ് അടിസ്ഥാനത്തിൽ നടന്ന പ്രവർത്തനത്തിന്റെ ഭാഗമായി 75,000 വൃക്ഷതൈകൾ മുളപ്പിച്ചെടുത്തിട്ടുണ്ട്. സോഷ്യൽ ഫോറസ്ട്രിയുടെ സഹായത്തോടെ 25,000 വൃക്ഷതൈകൾ ഗ്രാമപഞ്ചായത്തുകൾക്ക് നൽകി. ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കാട്ടാക്കട വാർഡിലെ കഞ്ചിയൂർക്കോണത്ത് നടന്ന ചടങ്ങിൽ ഫല വൃക്ഷത്തൈ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ. പദ്ധതി പ്രഖ്യാപനം നടത്തി. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ്. അജിത, വാർഡ് അംഗം റ്റി.എസ്.ശ്രീരേഖ, കെ.ആർ.എ പ്രസിഡന്റ് ശ്രീ.ബി.സുരേന്ദ്രൻ, കസ്തൂർബാ ഗ്രന്ഥശാല രക്ഷാധികാരി ശ്രീ. കമലാലയം കൃഷ്ണൻ നായർ, ചർച്ചാ വേദി പ്രസിഡന്റ് ശ്രീ.രാമചന്ദ്രൻ നായർ, കുടുംബ ശ്രീ എ.ഡി.എം.സി ശ്രീമതി സിന്ധു.എസ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ദീപ്തി എന്നിവർ വൃക്ഷത്തൈകൾ നട്ടു.